പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

കേരളത്തിലെ തീരസമതലത്തില്‍പ്പെടുന്ന ഒരു ഭൂപ്രദേശമാണ് പുന്നപ്ര.കോസ്റ്റല്‍ സാന്‍ഡിസോണ്‍ എന്നറിയപ്പെടുന്ന കാര്‍ഷിക കാലാവസ്ഥയാണ് ഈ മേഖലയുടേത്. ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ ഭൂവിസ്തൃതി 12.17 ചതുരശ്ര കിലോമീറ്ററാണ്. പ്രധാന കാര്‍ഷിക വിളകള്‍ നെല്ല്, തെങ്ങ് എന്നിവയാണ്. കശുമാവ്, നാടന്‍മാവ്, പ്ളാവ്, വാഴ, കവുങ്ങ്, മരച്ചീനി, പയറുവര്‍ഗങ്ങള്‍ എന്നിവയും നാമമാത്രമായി കുരുമുളകും കൃഷി ചെയ്തുവരുന്നു. പുന്നപ്ര ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണത്തെ രണ്ടു മേഖലകളായി തന്നെ കാണേണ്ടിയിരിക്കുന്നു. പഞ്ചായത്തിലെ കുറച്ച് വാര്‍ഡുകള്‍ ദേശീയ പാതയ്ക്കു പടിഞ്ഞാറുഭാഗത്തും കുറച്ച് വാര്‍ഡുകള്‍ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്നു. ഹൈവേയ്ക്ക് പടിഞ്ഞാറുഭാഗത്തെ ജനങ്ങള്‍ പ്രധാനമായും കടല്‍മല്‍സ്യബന്ധനത്തെയും മറ്റ് ഉപതൊഴിലുകളെയും ആശ്രയിക്കുമ്പോള്‍ കിഴക്കുഭാഗത്തുള്ളവര്‍ കൂടുതലായി കാര്‍ഷികവൃത്തിയിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഈ മേഖലകള്‍ക്ക് പ്രകടമായ വ്യത്യാസങ്ങളുണ്ട്. സ്വാഭാവികമായും ഈര്‍പ്പം കൂടുതലുള്ള വയലുകളും ജലാശയങ്ങളുമുള്ള കിഴക്കന്‍ മേഖലയിലാണ് കന്നുകാലിവളര്‍ത്തല്‍ കൂടുതലായി കണ്ടുവരുന്നത്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തില്‍ അധികം ദീര്‍ഘമുള്ളതല്ലാത്ത ഒരു കടലോരമുണ്ട്. ഉദ്ദേശം 40% ആളുകള്‍ മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്ത് ജീവിക്കുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ആണ്. ഈ പഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗവും മത്സ്യബന്ധന മേഖലയാണ്.

വ്യവസായം

പുന്നപ്ര പഞ്ചായത്തിലെ വ്യവസായ മേഖലയെ ആധുനിക വ്യവസായമെന്നും പരമ്പരാഗത വ്യവസായമെന്നും പൊതുവെ രണ്ടായി തിരിക്കാം. പരമ്പരാഗത വ്യവസായങ്ങളുടെ കൂട്ടത്തില്‍ മല്‍സ്യം, കയര്‍ , കൈത്തറി, തെങ്ങുചെത്ത്, ബീഡി എന്നിവയും കുടില്‍ വ്യവസായങ്ങളുടെ പട്ടികയില്‍ മെഴുകുതിരി, തീപ്പെട്ടി, മരച്ചക്കില്‍ എണ്ണയാട്ട്, തുണിനെയ്ത്ത്, വലക്കെട്ട്, സോപ്പു നിര്‍മ്മാണം എന്നിവയും ഉള്‍പ്പെടുന്നു. തടിമില്ലുകള്‍ , കൊല്ലന്റെ ആലകള്‍ , ഐസ് പ്ളാന്റുകള്‍ , പീലിങ്ങ് ഷെഡ്ഡുകള്‍ , നെല്ലുകുത്തു മില്ലുകള്‍ , ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ എന്നിവയാണ് പ്രദേശത്തെ ചെറുകിട വ്യവസായ സംരംഭങ്ങള്‍. പുന്നപ്ര ഗ്രാമത്തിലെ ഏറ്റവും പുരാതനമായ വ്യവസായം മല്‍സ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. ഇതിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഉദ്ദേശം 60% ആളുകള്‍ മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്ത് ജീവിക്കുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ആണ്. ഈ പഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗവും മത്സ്യബന്ധന മേഖലയാണ്. കടല്‍ത്തീരത്ത് ഓലകൊണ്ടു നിര്‍മ്മിച്ച വലിയ കൂടങ്ങളില്‍ (ഷെഡ്ഡുകള്‍ ) വിസ്തൃതമായ പാത്രങ്ങളില്‍ (ഇതിന് ചെമ്പുകള്‍ എന്നു പറഞ്ഞിരുന്നു) ചെമ്മീന്‍ പുഴുങ്ങി ഉണക്കി തല്ലി പരിപ്പാക്കി ബര്‍മ്മ (ഇന്നത്തെ മ്യാന്‍മാര്‍ ) സിലോണ്‍ (ശ്രീലങ്ക) തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏജന്റുമാര്‍ മുഖേന കയറ്റുമതി ചെയ്തിരുന്നു. അതുപോലെ നെത്തോലി തുടങ്ങിയ മല്‍സ്യങ്ങള്‍ ഉപ്പിട്ടുണക്കി ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്ള മാര്‍ക്കറ്റുകളില്‍ എത്തിക്കാറുണ്ടായിരുന്നു. നൂലും ചണവും ഉപയോഗിച്ചുള്ള വലക്കെട്ട് തീരപ്രദേശത്തെ മുന്‍കാലങ്ങളിലെ ഒരു പ്രധാന കുടില്‍ വ്യവസായമായിരുന്നു. തിരിക്കോട് എന്നറിയപ്പെട്ടിരുന്ന ഒരു ഉപകരണം ഉപയോഗിച്ച് നൂല്‍മുറുക്കി (ബലപ്പെടുത്തി) ആണ് വലകള്‍ നിര്‍മ്മിച്ചിരുന്നത്. ബീഡി വ്യവസായവും പുന്നപ്രയിലെ ഒരു പരമ്പരാഗത വ്യവസായമായിരുന്നു. 1930-കള്‍ക്കു മുമ്പുതന്നെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ചെറുകിട കയര്‍ ഫാക്ടറികള്‍ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചിരുന്നു. കടപ്പുറംതടുക്ക് എന്ന പേരിലറിയപ്പെടുന്ന ചുറ്റുതടുക്ക്, ഓവല്‍തടുക്ക് എന്നിവയായിരുന്നു പ്രധാന ഉല്‍പ്പന്നങ്ങള്‍.

അടിസ്ഥാനമേഖലകള്‍

പഞ്ചായത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയാണ് ഇവിടെ ആദ്യമായി നിര്‍മ്മിക്കപ്പെട്ട റോഡ് എന്ന് പറയാവുന്നതാണ്.റോഡുകള്‍ നിലവില്‍ വരുന്നതിനുമുമ്പ് ചരക്കുഗതാഗതം ഈരേത്തോട്, കൂമ്പളത്താക്കല്‍തോട് എന്നിവ വഴിയായിരുന്നു. ഏതാണ്ട് 1980 വരെ കുമ്പളത്താക്കല്‍ തോടുവഴിയുള്ള ചരക്കുഗതാഗതം സജീവമായിരുന്നു. പുന്നപ്ര റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത് പതിനഞ്ചാം വാര്‍ഡിലാണ്. ദേശീയപാത പഞ്ചായത്തിനെ നെടുകേ രണ്ടായി പിളര്‍ക്കുന്നു. പുന്നപ്രയിലെ ആദ്യമാര്‍ക്കറ്റ് പുന്നപ്ര പബ്ളിക്ക് മാര്‍ക്കറ്റാണ്. പായിക്കാരന്‍ ആദംകുട്ടി എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഈ മാര്‍ക്കറ്റ് അദ്ദേഹം 1964-ല്‍ പഞ്ചായത്തുസമിതിക്ക് കൈമാറുകയായിരുന്നു. പുന്നപ്ര പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങള്‍ എല്ലാം തന്നെ സ്വകാര്യ സ്കൂളുകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയില്‍ അമ്പലങ്ങള്‍ , കാവുകള്‍ , പള്ളികള്‍ എന്നിവയോടു ചേര്‍ന്ന് സ്ക്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലത്തെഴുത്ത് ആശാന്‍ പള്ളിക്കൂടങ്ങളും, കളരികളും മഠങ്ങളും നിലവില്‍ ഉണ്ടായിരുന്നു. പറവൂര്‍ അറയ്ക്കല്‍ മാളികയുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എലിമെന്ററി സ്കൂളാണ് പനയക്കുളങ്ങര സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ഒരു ചക്രം പ്രതിഫലം നല്‍കി സര്‍ സി.പി രാമസ്വാമി അയ്യരുടെ ഈ സ്ഥാപനം സര്‍ക്കാരിലേക്ക് ഏറ്റെടുത്തു. പിന്നീട് യു.പി.സ്കൂളായും 1982-ല്‍ ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 13-ാം വാര്‍ഡിലുള്ള ഗവ.ജെ.ബി സ്കൂള്‍ പഴക്കം ചെന്ന ഒരു പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്കൂളാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാര്‍മല്‍ പോളിടെക്നിക് പുന്നപ്ര പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ ആകെ ജനസംഖ്യയില്‍ 43% പേരും കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റിക്ക് പുന്നപ്രയിലും കപ്പക്കടയിലുമായി രണ്ട് പമ്പു ഹൌസുകളുണ്ട്. അറവുകാട് ഹരിജന്‍ കോളനി, കനകാശേരി ഹരിജന്‍ കോളനി, അറയ്ക്കല്‍ത്തറ ഹരിജന്‍ കോളനി എന്നിവയാണ് പഞ്ചായത്തിലെ പട്ടികജാതി കോളനികള്‍.

സംസ്ക്കാരം

മണ്ണില്‍ പണിയെടുക്കുന്നവന്റെ ജീവിതഗന്ധിയായ നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും ഇവിടെ സജീവമായിരുന്നു. ഞാറ്റുവേലപ്പാട്ട്, കൊയ്ത്തുപാട്ട്, പൊലിപ്പാട്ട്, സര്‍പ്പപ്പാട്ട്, തിരുവാതിരക്കളി, കോല്‍ക്കളി, കൈകൊട്ടിക്കളി, ഊഞ്ഞാല്‍ ആട്ടം, തുമ്പിതുള്ളല്‍ , വില്ലടിച്ചാന്‍ പാട്ട് തുടങ്ങിയ കലാരൂപങ്ങളും പകിടികളി, തലപ്പന്തുകളി, ഗോലികളി, കിളിത്തട്ടുകളി, ചീട്ടുകളി, അണ്ടികളി, ഏഴാമത്തുകളി, കൊടുംപൂജുകളി, ചതുരംഗകളി, പഞ്ചീസുകളി, കുട്ടിയും കോലും കളി, മഞ്ചാടി കൊണ്ടുള്ള ഒറ്റയും വെട്ടയും കളി, വള്ളംകളി തുടങ്ങിയ വിനോദങ്ങളും ഒരുകാലത്ത് ഈ ഗ്രാമത്തില്‍ സജീവമായി നിറഞ്ഞുനിന്നിരുന്നു. 1093-ല്‍ സ്ഥാപിക്കപ്പെട്ട ആത്മവിദ്യാ സംഘവും കൊ.വ.1105-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എസ് എന്‍ ഡി പി ശാഖകളും അതിനുമുമ്പ് ജാതിവ്യവസ്ഥയ്ക്കെതിരെ ഈഴവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുഗ്ധസംബോധിനി സംഘത്തിന്റെ തുടര്‍ച്ചകളാണ്. 1093-ല്‍ ആത്മീയ നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ അയിത്തത്തിനും അനാചാരത്തിനുമെതിരായ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമം സാക്ഷ്യം വഹിച്ചു. പറവൂര്‍ പബ്ളിക് ലൈബ്രറി, വിജ്ഞാനപ്രദായിനി ഗ്രന്ഥശാല എന്നിവയ്ക്കു പുറമെ പുന്നപ്ര പബ്ളിക് ലൈബ്രറി, അറവുകാട് ഗ്രന്ഥശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ലൈബ്രറികള്‍. ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറവുകാട് ശ്രീദേവി ക്ഷേത്രമാണ്. 1892-ല്‍ സ്ഥാപിക്കപ്പെട്ട പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് പള്ളിയാണ് ഗ്രാമത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി. ജോണ്‍ മരിയ നയാനി പള്ളി, സെന്റ് ജോസഫ് പള്ളി, സെന്റ് ലൂര്‍ദ് പള്ളി എന്നിവയാണ് ആറ് പ്രധാന പള്ളികള്‍. വളരെ പഴക്കമുള്ള പുന്നപ്ര വണ്ടാനം ഷറഫൂല്‍ ഇസ്ളാം മസ്ജിദും പുന്നപ്ര പറവൂര്‍ മുഹ്യദ്ദീന്‍ മസ്ജിദ്ദും പുന്നപ്രയിലെ പ്രസിദ്ദമായ മുസ്ളിം പള്ളികളാണ്.