പുന്നപ്ര വടക്ക്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ളോക്കിലാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 12.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ 17 വാര്‍ഡുകളാണുള്ളത്. 2001-ലാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 2001-ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് പുന്നപ്ര പഞ്ചായത്ത് വിഭജിച്ച് പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് എന്നിങ്ങനെ രണ്ട് പഞ്ചായത്തുകള്‍ രൂപീകരിക്കുന്നത്. അവിഭക്ത പുന്നപ്ര പഞ്ചായത്തില്‍ 1985 വരെയും പുന്നപ്ര വില്ലേജ് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ പുന്നപ്ര, പറവൂര്‍ എന്നിങ്ങനെ രണ്ട് വില്ലേജുകള്‍ പഞ്ചായത്തു പ്രദേശത്തുണ്ട്. പ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടന്ന നാടാണിത്. പുന്നപ്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. പഞ്ചായത്തിന്റെ പ്രാരംഭ രൂപമായിരുന്ന പുന്നപ്ര വില്ലേജു യൂണിയന്‍ 17-02-1949-ല്‍ നിലവില്‍ വന്നു. കൊ.വ.1116-ലെ വില്ലേജു യൂണിയന്‍ ആക്ട് അനുസരിച്ച് നോമിമേറ്റ് ചെയ്യപ്പെട്ട ഭരണസമിതിയായിരുന്നു. 1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്ട് അനുസരിച്ച് പഞ്ചായത്തിന്റെ പത്തു വാര്‍ഡുകളിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പ് 1953 ജൂണ്‍ മാസം 25-ാം തീയതി നടന്നു. 29-07-1953-ല്‍ ഭരണസമിതി ചാര്‍ജ്ജെടുത്തു. വി.കെ.കരുണാകരന്‍ ആദ്യപ്രസിഡന്റായി ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. 1960 വരെയും കളര്‍കോട് ക്ഷേത്രത്തിന് പടിഞ്ഞാറുനിന്നും വണ്ടാനം മുറിമാവ് വരെയുള്ള പ്രദേശം പുന്നപ്രയുടെ തെക്കുവടക്ക് അതിര്‍ത്തിയായിരുന്നു. ഇപ്പോഴത്തെ അതിര്‍ത്തിയായി, പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആര്യാട് പഞ്ചായത്തും, ആലപ്പുഴ മുനിസിപ്പാലിറ്റിയും, അറബിക്കടലും, കിഴക്കുഭാഗത്ത് കൈനകരി, നെടുമുടി എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുന്നപ്ര തെക്ക് പഞ്ചായത്തും, വടക്കുഭാഗത്ത് മണ്ണഞ്ചേരി, കുമരകം എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു.