ചരിത്രം

ക്ഷേത്രപരിസരങ്ങളില്‍ ദേവപൂജയ്ക്കാവശ്യമായ ദര്‍ഭപ്പുല്ല് സമൃദ്ധമായി വളര്‍ന്നു വന്നിരുന്നുവെന്നും  അങ്ങനെയാണ് പുല്ലിന്റെ ഊര് (നാട്) എന്നര്‍ത്ഥം വരുന്ന പുല്ലൂര് എന്ന നാമം നാടിന് ലഭിച്ചതെന്നും പറയപ്പെടുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നൂല്‍നൂല്‍പ്പും ഖദര്‍ വസ്ത്രധാരണവും ഇവിടത്തുകാര്‍  തങ്ങളൂടെ ജീവിതത്തില്‍ പകര്‍ത്തി. പത്തായങ്ങള്‍ നിറയെ നെല്ല് പൂഴ്ത്തിവച്ചിരുന്ന ജന്മികള്‍ക്കെതിരായി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന നെല്ലെടുപ്പ് സമരത്തിന് ഈ പഞ്ചായത്തിലെ ബ്രാഹ്മണ ജന്മികള്‍ ഇരയായി. നാടിന്റെ സാമൂഹ്യ-സാംസ്കാരിക മണ്ഡലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒട്ടേറെ ചിരപുരാതന ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. വിഷ്ണുക്ഷേത്രങ്ങളാണ് അവയിലേറെയും. പരശുരാമന്‍ വിഷ്ണു ബിംബം പ്രതിഷ്ഠിച്ച് വിഷ്ണുമംഗലം എന്ന് നാമകരണം ചെയ്ത് ബ്രാഹ്മണ സമൂഹത്തിന് ദാനം ചെയ്ത വിഷ്ണുമംഗലം ക്ഷേത്രമാണ് ഇവയില്‍ ഏറ്റവും  പൌരാണികം. മക്കാക്കോട്ട് ഭഗവതി ദേവസ്ഥാനം, കല്ല്യോട്ട് ഭഗവതിക്ഷേത്രം, ഈഴവ തറവാടുകളിലെ വയനാട്ട് കുലവന്‍ ദേവസഥാനങ്ങള്‍, പുക്കളത്ത് മാടക്കൊട്ടി ദേവാലയം, പെരിയ തറവാട് ദേവാലയം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും ഈ പഞ്ചായത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ക്രിസ്ത്യാനികളുടെ കുടിയേറ്റ പ്രദേശമായ കാഞ്ഞിരടുക്കത്തെ സെന്റ് ജോര്‍ജ്ജ് പള്ളിയും, മുസ്ളീം നിവാസ സ്ഥലങ്ങളിലെ മുസ്ളീം പള്ളികളും, അതാത് മതവിഭാഗങ്ങളുടേതായി ഇവിടെയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, പാറപ്പള്ളി മഖാം(ദര്‍ഗ്ഗ) എന്ന് അറിയപ്പെടുന്നതുമായ മുസ്ളീം ആരാധനാലയം മതമൈത്രിയുടെ ഉത്തമ പ്രതീകമായി  ഇവിടെ നിലകൊള്ളുന്നു. മുസ്ളീം കുടുംബങ്ങള്‍ ധാരാളം താമസിക്കുന്ന പെരിയയിലും മൂന്നാംകടവിലും ചാലിങ്കാലിലും കുണിയ താഴെയും നിസ്കാര പള്ളികളുമുണ്ട്. തിരുവിതാംകൂര്‍  ഭാഗത്തു നിന്നും കുടിയേറിപ്പാര്‍ത്ത ധാരാളം ക്രിസ്ത്യന്‍ കുടുംബങ്ങളെ ഈ പഞ്ചായത്തിന്റെ കിഴക്ക് ഭാഗം കാഞ്ഞിരടുക്കം പ്രദേശത്ത് കാണാം. അവിടെ സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ്ജ് പള്ളി ഒരു പ്രധാനപ്പെട്ട ആരാധനാലയമാണ്. ഇവിടെ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുന്നാള്‍ മഹോത്സവം ആര്‍ഭാടപൂര്‍വ്വം ആഘോഷിച്ചുവരുന്നു. കോല്‍ക്കളി, പൂരക്കളി, എരുതുകളി, തുടികൊട്ടിക്കളി മുതലായ നാടന്‍ കലാരൂപങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ എല്ലാവിഭാഗം ജനങ്ങളേയും ആകര്‍ഷിക്കുന്നവയായിരുന്നു. ഇവയില്‍ കോല്‍ക്കളിയും പൂരക്കളിയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് പുലര്‍ന്നു വന്നത്. ഇവിടുത്തെ ഗ്രാമവാസികളുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന രണ്ടാചാരങ്ങളാണ് നിറയും, അസുരക്രിയയും.