പുല്ലൂര്‍ പെരിയ

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ളോക്കില്‍  പുല്ലൂര്‍, പെരിയ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്. 63.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബേഡഡുക്ക, പള്ളിക്കര പഞ്ചായത്തുകളും, തെക്ക് അജാനൂര്‍, മടിക്കൈ പഞ്ചായത്തുകളും, കിഴക്ക് കോടോം ബേളൂര്‍, മടിക്കൈ പഞ്ചായത്തുകളും, പടിഞ്ഞാറ് അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളുമാണ്. പുല്ലൂര്‍, പെരിയ വില്ലേജുകള്‍ 1962-ല്‍ സംയോജിപ്പിച്ചാണ് ഇന്നത്തെ പുല്ലൂര്‍ പെരിയ പഞ്ചായത്തിന് രൂപം നല്‍കിയത്. മുന്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ തെക്കന്‍ കര്‍ണ്ണാടക ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന ഇന്നത്തെ ഹോസ്ദുര്‍ഗ് താലൂക്കിന്റെ വടക്കുഭാഗത്താണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയോരമോ കടലോരമോ ഇല്ലാത്ത ഇടനാടാണ് പഞ്ചായത്ത്. ബ്രാഹ്മണരുടെ ആവാസസ്ഥാനമായതു കൊണ്ട് തന്നെ ക്ഷേത്രങ്ങളുടേയും നാടാണ് പുല്ലൂര്‍. വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളാണ് വിഷ്ണുമംഗലം, ഇരിവില്‍, ആയമ്പാറ കുടാനം, മീങ്ങോത്ത്, കൊടവലം, കേളോത്ത്, മാക്കരം കോട്, പുല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. ഇവയില്‍ വിഷ്ണുമംഗലവും ഇരിവില്‍ ക്ഷേത്രവും ഏറ്റവും പഴക്കമുള്ളവയാണെന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും വിഷ്ണുക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ച് കഥകളി, കോല്‍ക്കളി, പൂരക്കളി, അക്ഷരശ്ളോകം ചൊല്ലല്‍ തുടങ്ങിയ കലാപരിപാടികളും സദ്യയും സര്‍വ്വാണി സമ്പ്രദായവും അന്നും ഇന്നും നിലവിലുണ്ട്. തെയ്യങ്ങളെ കുടിയിരുത്തി പള്ളിയറകളിലും സ്ഥാനങ്ങളിലും സമുദായാംഗങ്ങളെല്ലാം സഹകരിച്ച് ആണ്ടുതോറും നടത്തിവരുന്ന തെയ്യം കെട്ട് മഹോത്സവങ്ങള്‍ ആര്‍ഭാടപൂര്‍വ്വം നടന്നുവരുന്നു.