പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നിന്‍പ്രദേശം, താഴ്വാരം, ചെറിയ ചരിവ്, സമതലം, തട്ടുപ്രദേശം, തീരസമതലം എന്നിങ്ങനെ 6 ഭാഗങ്ങളായി തിരിക്കാം. ഗ്രാമത്തിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍പ്രദേശമാണ് നൂറ്റവന്‍പാറ. തെങ്ങ്, റബ്ബര്‍ , മരച്ചീനി, നെല്ല്, വാഴ എന്നിവയും മറ്റ് ഇടവിളകളുമാണ് പ്രധാന കൃഷികളായുള്ളത്. മഴക്കാലത്ത് മണ്ണൊലിപ്പ് രൂക്ഷമാണ്. താഴ്വരയില്‍ പശിമരാശി മണ്ണാണ്. ജലക്ഷാമം അനുഭവപ്പെടാറുണ്ട്. ചെറിയ ചെരിവുള്ള ഭാഗത്ത് ഭൂമിയുടെ ഉപരിതലം ഗ്രാവല്‍മണ്ണും വെട്ടുകല്ലുമായി കാണുന്നു. റബ്ബര്‍ , തെങ്ങ്, വാഴ, മരച്ചീനി, ചേന, കാച്ചില്‍ , ചേമ്പ് മുതലായവ കൃഷി ചെയ്യുന്നുണ്ട്. ജലലഭ്യത കുറവാണ്. സമതലപ്രദേശം കൃഷിയോഗ്യമായ ചെളിമണ്ണാണ്. സമതലപ്രദേശത്ത് നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, ഇടവിളകള്‍ എന്നിവ കൃഷി ചെയ്യുന്നു. നെല്‍കൃഷിയാണ് തീരസമതല പ്രദേശങ്ങളിലെ പ്രധാനവിള. ചില ഭാഗങ്ങളില്‍ പച്ചക്കറി കൃഷിയുമുണ്ട്. വയലുകളുടെ കരഭാഗങ്ങളില്‍ തെങ്ങ്, ഇടവിളകള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയും ഉല്‍പാദനവും ഏറ്റവും കൂടുതലുള്ള പ്രദേശം തോന്നയ്ക്കാടും പൂഴിച്ചിറയുമാണ്. പൊതുവേ ഭൂമിക്ക് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചെരിവു കാണുന്നു. കൂടാതെ പുരയിടങ്ങള്‍ , തകിടി, താഴ്ന്ന നെല്‍പ്പാടങ്ങള്‍ , ഇരൂപ്പൂ കൃഷിയിടങ്ങള്‍ , പുഞ്ചപ്പാടങ്ങള്‍ എന്നിങ്ങനെ 5 തട്ടുകളായി ഭൂപ്രദേശം കിടക്കുന്നു. പുഞ്ചപ്പാടങ്ങളില്‍ മഴക്കാലത്ത് വെള്ളം കയറി മുങ്ങുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും, വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒക്ടോബര്‍ , നവംബര്‍ മാസങ്ങളിലുമാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ വര്‍ഷപാതത്തിന്റെ സ്ഥിതി തീരെ കുറവാണ്. മുന്ന് കുന്നിന്‍പ്രദേശങ്ങളും അവയുടെ താഴ്വാരങ്ങളിലുള്ള നെല്‍വയലുകളും, പ്രധാന നീരൊഴുക്കു തോടുകളും, ചാലുകളും, കുളങ്ങളും, അച്ചന്‍കോവിലാറിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളും അടങ്ങിയതാണ് പുലിയൂര്‍ ഗ്രാമപഞ്ചായത്തു പ്രദേശം. ഭൂരിപക്ഷം ജനങ്ങളുടെയും മുഖ്യതൊഴില്‍ കൃഷിയാണ്.

അടിസ്ഥാന മേഖലകള്‍

ഇവിടുത്തെ ജനങ്ങള്‍ നെയ്ത്തു വ്യവസായത്തിന് ആദ്യകാലത്ത് വളരെ പ്രധാന്യം കൊടുത്തിരുന്നു. ആദ്യകാലത്ത് നെല്ലുകുത്ത് അനേകം ജനങ്ങള്‍ക്ക് തൊഴിലവസരം നല്‍കിയിരുന്നു. പരമ്പരാഗത വ്യവസായം എന്ന നിലയില്‍ ഈറ, പനമ്പ്, കുട്ട, മുറം മറ്റ് ഉല്പന്നങ്ങള്‍ എന്നിവ ഉപയോഗിച്ച് ചുരുക്കം ചില കുടുംബങ്ങള്‍ മാത്രം കുടില്‍ വ്യവസായമായി ചെയ്തുവരുന്നു. നാളികേരം ശേഖരിച്ച് കൊപ്രാ വ്യവസായവും, കരിമ്പുകൃഷി ഉണ്ടായിരുന്ന ഘട്ടത്തില്‍ നാടന്‍ ചക്ക് ഉപയോഗിച്ച് കരിമ്പാട്ടി ശര്‍ക്കരയും ഉണ്ട ശര്‍ക്കരയും തയ്യാറാക്കുന്ന വ്യവസായം നിലനിന്നിരുന്നു. പൊതുവെ സഞ്ചാര സൌകര്യമുള്ള ഒരു ഗ്രാമമാണ്. റോഡ് ഗതാഗതമാണ് പ്രധാന സഞ്ചാര മാര്‍ഗ്ഗം. മുന്‍കാലത്ത് ആ ഗ്രാമത്തിലെ ഇലഞ്ഞിമേല്‍ ലങ്ക എന്ന പ്രദേശവും തോനയ്ക്കാട്, ചാത്തമേല്‍ , കുറ്റി, പേരിശ്ശേരി, അമ്പിത്തറ എന്നിവയും ഒറ്റപ്പെട്ട ദ്വീപു പ്രദേശങ്ങളായിരുന്നു. ഈ പ്രദേശങ്ങളെല്ലാം ഇന്ന് സഞ്ചാരയോഗ്യമായ റോഡുകളായി കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഈ പഞ്ചായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായിരുന്നു. പേരിശ്ശേരി ഗവ. യു.പി. സ്ക്കൂളാണ് ഈ പഞ്ചായത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം. തിരുവിതാംകൂര്‍ മഹാരാജാവ് 42 പ്രവൃത്തി പള്ളിക്കൂടം സ്ഥാപിച്ചതില്‍ ഒന്നാണ് ഈ സ്കൂള്‍. സ്കൂളിന് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഈ സ്കൂള്‍ നേരത്തെ അറിയപ്പെട്ടിരുന്നത് ചക്കാലയില്‍ പള്ളിക്കൂടം എന്നാണ്. 1099 ലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന തടി ഉപയോഗിച്ചാണ് ഇപ്പോള്‍ കാണുന്ന പ്രധാന കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുലിയൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത് മൂന്നാം വാര്‍ഡിലാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട മറ്റൊരു യു.പി സ്ക്കൂളാണ് ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന തോന്നയ്ക്കാട് ജെ.ബി സ്കൂള്‍. പഞ്ചായത്തില്‍ 1959-ല്‍ തുടങ്ങിയ ആയൂര്‍വേദ ഗവ. ഡിസ്പെന്‍സറിയാണ് ആദ്യത്തെ ആരോഗ്യ സംരക്ഷണ കേന്ദ്രം. സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ധാരാളം ക്ളബുകള്‍ , വായനശാലകള്‍ , ഗ്രന്ഥശാലകള്‍ , സാംസ്കാരിക കേന്ദ്രങ്ങള്‍ , പളളികള്‍ , കാവുകള്‍ തുടങ്ങിയവ പഞ്ചായത്തിന്റെ സംസ്കാരത്തിന് കരുത്തു നല്‍കുന്നു.