പുലിയൂര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍, പുലിയൂര്‍ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പുലിയൂര്‍. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 11.92 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പാണ്ടനാട് പഞ്ചായത്ത്, കിഴക്കുഭാഗത്ത് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, തെക്കുഭാഗത്ത് അച്ചന്‍കോവിലാറും ചെറിയനാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ബുധനൂര്‍ പഞ്ചായത്ത് എന്നിങ്ങനെയാണ്. ഈ പ്രദേശം പണ്ട് ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നുവെന്നും പാലി ഭാഷയില്‍ ഊര് എന്ന് പറയുന്നുണ്ടെന്നും ചില പണ്ഡിതര്‍ വാദിക്കുന്നു. മതേതരത്വത്തിന്റെ മകുടോദാഹരണമാണ് ഈ ഗ്രാമം. വളരെ മുമ്പുതന്നെ മറ്റു ദേശങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലത്തു തന്നെ ഒരു അഹിന്ദു (ക്രൈസ്തവനായ ആറ്റിപ്പറമ്പില്‍ തോമസ് ഇടിക്കുള) പുലിയൂര്‍ ക്ഷേത്രത്തിന്റെ ഭരണാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ തൃപ്പുലിയൂര്‍ ക്ഷേത്രം ഏതാണ്ട് ക്രിസ്തുവര്‍ഷം 6-ാം നൂറ്റാണ്ടിനു മുമ്പുതന്നെ സ്ഥാപിതമായതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈഷ്ണവ ഭക്തരുടെ ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രമാണ് പുലിയൂര്‍. പഴയ യുദ്ധരംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വേലകളി പുലിയൂരിന്റെ സംഭാവനയാണ്. മധ്യതിരുവിതാംകൂറില്‍ പുലിയൂരില്‍ മാത്രമാണ് ഇന്ന് വേലകളി നിലവിലുള്ളത്. പുലിയൂരെന്ന പേര് ഉത്ഭവിച്ചത് വ്യാഘ്രപാദ മഹര്‍ഷി തപസ്സു ചെയ്തിരുന്ന സ്ഥലമായിരുന്നതു കൊണ്ടാണെന്നാണ് ഐതിഹ്യം. പുലിയെ കണ്ട ഊര് അഥവാ നാട് എന്ന പദത്തില്‍ നിന്നാണ് പുലിയൂര്‍ ഉണ്ടായതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.