ചരിത്രം

സാമൂഹ്യചരിത്രം

 കുന്നുകളും, മലകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പുളിക്കല്‍ പഞ്ചായത്തിനുള്ളത്. ഒളവട്ടൂരില്‍ ഇരുമ്പയിരു ഖനനവുമായി ബന്ധപ്പെട്ട് കൊമ്പ്രമലയില്‍ ഇപ്പോഴും കാണപ്പെടുന്ന ഭൂഗര്‍ഭ അറകളും, പൂവത്തിക്കോട്ട, പൊകോതിക്കുന്ന് എന്നിവിടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളും, വിവിധഭാഗങ്ങളില്‍ കാണപ്പെടുന്ന ഗുഹകളും പ്രാചീനകാലത്ത് ഇവിടെയേതോ ആദിഗോത്രസമൂഹം വസിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. വലിയപറമ്പിലെ ഇളകിമറിയുന്ന വെള്ളക്കുഴിയുടെ പരിസരങ്ങള്‍ അവരുടെ പ്രധാന വാസകേന്ദ്രങ്ങളായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രപശ്ചാത്തലമാണ് പുളിക്കല്‍ പഞ്ചായത്തിനുള്ളത്. ചരിത്രപ്രസിദ്ധമായ പടയോട്ടങ്ങള്‍ കടന്നുപോയ, പ്രാചീന കടുങ്ങപുരംനാടിന്റെ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നതും ഇവിടെയായിരുന്നു. പണ്ടുമുതല്‍ തന്നെ തെങ്ങിന്‍തോപ്പുകളും പാടശേഖരങ്ങളും നിറഞ്ഞു നിന്ന നാടായിരുന്നു ഇതെങ്കിലും, പുരാതനമായ കോഴിക്കോട്-പാലക്കാട് രാജവീഥിയില്‍ ഉണ്ടായിരുന്ന സമൃദ്ധമായ പുളിമരങ്ങളുടെ സാന്നിധ്യം കൊണ്ടാവാം ഈ പ്രദേശത്തിനു പുളിക്കല്‍ എന്ന സ്ഥലനാമം കൈവന്നത്. ഈ വീഥിയുടെ നിര്‍മ്മാണചരിത്രം ടിപ്പുസുല്‍ത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജന്മികുടിയാന്‍ വ്യവസ്ഥിതി നിലവിലിരുന്ന ആ കാലഘട്ടത്തില്‍ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവനും നിലമ്പൂര്‍, തലയൂര്‍, സാമൂതിരി കോവിലകങ്ങളുടെ ജന്മാവകാശത്തിലായിരുന്നു. ക്രമേണ കാണമായും പാട്ടമായും കര്‍ഷകര്‍ ഭൂമി സ്വന്തമാക്കുകയും, ഭൂപരിഷ്കരണത്തോടുകൂടി ഭൂരിഭാഗം കര്‍ഷകര്‍ക്കും കൃഷിഭൂമികളില്‍ ഉടമസ്ഥാവകാശം പതിച്ചുകിട്ടുകയും ചെയ്തു. ജന്മികുടിയാന്‍ വ്യവസ്ഥിതിയുടെ എല്ലാ ദൂഷ്യതകളും ഇവിടുത്തെ സമൂഹജീവിതത്തില്‍ നടമാടിയിരുന്നു. “വെച്ചുകാണല്‍” എന്നാരു സമ്പ്രദായപ്രകാരം വിശേഷാല്‍ ദിവസങ്ങളില്‍ കുടിയാന്മാര്‍ ജന്മിക്ക്, കാര്‍ഷികവിഭവങ്ങള്‍ കാഴ്ച വയ്ക്കണമെന്നാരു ഏര്‍പ്പാട് പഴയ കാലത്ത് അടിച്ചേല്‍പിക്കപ്പെട്ടിരുന്നു. നെല്ല്, ഇഞ്ചി, വാഴ, മരച്ചീനി തുടങ്ങിയ ഭക്ഷ്യവിളകളും, തേങ്ങ, കുരുമുളക്, അടയ്ക്ക എന്നീ നാണ്യവിളകളുമായിരുന്നു മുഖ്യമായും പാരമ്പര്യമായി കൃഷിചെയ്തിരുന്നത്. എള്ള്, ചാമ, ചൊളാണ്ടി എന്നീ ഭക്ഷ്യധാന്യങ്ങളും ഇവിടെ സമൃദ്ധമായി കൃഷിചെയ്തിരുന്നു. നാണ്യവിളകളും മറ്റും വിപണിയിലെത്തിക്കുന്നതിനായി പുളിക്കല്‍ വഴി കാളവണ്ടിയിലും, ചാലിയാര്‍ പുഴയിലെ ജലഗതാഗതം ഉപയോഗിച്ചും കര്‍ഷകര്‍ കോഴിക്കോടുമായി ബന്ധപ്പെട്ടിരുന്നു. ഭക്ഷ്യധാന്യങ്ങളും, നാണയങ്ങളുമായിരുന്നു അതിനു കൂലിയായി നല്‍കിയിരുന്നത്. ബാര്‍ട്ടര്‍ സമ്പ്രദായവും നിലനിന്നുപോന്നു. സമൂഹത്തില്‍ ഒടിയന്‍, പുലാപ്പേടി, മണ്ണാപ്പേടി, ദുര്‍മന്ത്രവാദം തുടങ്ങി പല തരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. സവര്‍ണ്ണജാതി മേല്‍ക്കോയ്മ നിലനിന്നിരുന്ന ആ കാലങ്ങളില്‍ ഹരിജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കീഴാളസ്ത്രീകള്‍ കല്ലുമാല ധരിച്ചിരിക്കണമെന്നാരു നിര്‍ബന്ധസമ്പ്രദായം സവര്‍ണ്ണര്‍ അടിച്ചേല്‍പിച്ചിരുന്നു. കൂടാതെ പിന്നോക്കസ്ത്രീകളെ മാറു മറയ്ക്കാനും ജാതിക്കോമരങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ കല്ലുമാല ഉപേക്ഷിക്കല്‍, കുപ്പായമിടീക്കല്‍ തുടങ്ങിയ പരിഷ്കരണ-നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യപ്രസ്ഥാനങ്ങളും ഗ്രന്ഥശാലാസംഘങ്ങളും രംഗത്തിറങ്ങി. ഹരിജന വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനു വിവിധ ഘട്ടങ്ങളിലായി ബോധവല്‍ക്കരണവും നടത്തപ്പെട്ടു. സാമൂഹ്യാസമത്വങ്ങള്‍ക്കനുസൃതമായി തൊഴില്‍പരമായ ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. ആശുപത്രികളും മറ്റ് ചികിത്സാകേന്ദ്രങ്ങളും നിലവിലില്ലാതിരുന്ന പഴയകാലത്ത് പാരമ്പര്യ വൈദ്യന്‍മാരുടെ സേവനമായിരുന്നു ഏക ആശ്രയം. മണ്ണാറക്കല്‍ ചാത്തുണ്ണിവൈദ്യര്‍, വേലന്‍വൈദ്യര്‍, രാമന്‍കുട്ടി വൈദ്യര്‍, പീടികക്കണ്ടി മുഹമ്മദ് മുസ്ള്യാര്‍ എന്നിവരൊക്കെ അക്കാലത്തെ പ്രഗത്ഭരും പ്രശസ്തരുമായ പാരമ്പര്യചികിത്സകരായിരുന്നു. പഞ്ചായത്തുഭരണസമിതികള്‍ നിലവില്‍ വരുന്നതിനു മുമ്പ് നികുതിപിരിവും, ഭരണവും, നീതിന്യായനിര്‍വ്വഹണവും, മറ്റധികാരങ്ങളും നിക്ഷിപ്തമായിരുന്നത് അധികാരിമാരിലായിരുന്നു. ഒളവട്ടൂര്‍, ആന്തിയൂര്‍കുന്ന് എന്നീ ദേശങ്ങളുടെ ഭരണച്ചുമതല രണ്ട് അധികാരിമാര്‍ക്കായി വീതിച്ചു നല്‍കിയിരുന്നു. ഒരു കാലത്ത് വനനിബിഡമായ മേഖലകളായിരുന്നു പഞ്ചായത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍. വ്യാപകമായ രീതിയില്‍ നായാട്ട് നടന്നിരുന്ന പ്രദേശങ്ങള്‍ കൂടിയായിരുന്നു ഇവിടം. കൃഷിയോഗ്യമായ പ്രദേശങ്ങള്‍ ഭൂരിഭാഗവും സമതലപ്രദേശങ്ങളിലാണ്. ഇവിടെ നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ്, വാഴ, പച്ചക്കറികള്‍, കുരുമുളക്, വെറ്റില, തോട്ടവിളകള്‍ തുടങ്ങിയവ കൃഷിചെയ്തുവരുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവസ്ഥയിലാണ് ഏറ്റവുമധികം വര്‍ഷപാതം ലഭിക്കുന്നത്. പുളിക്കല്‍ ഗ്രാമം പണ്ടുമുതല്‍ തന്നെ കാര്‍ഷികപ്രധാനമായ ഗ്രാമമാണ്. പഞ്ചായത്തിലെ പ്രധാന വിള തെങ്ങാണ്. പഴയ മലബാറില്‍, ഏറനാടിന്റെ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം, പണ്ട് സാമൂതിരിപ്പാടിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു. രാജഭരണത്തിനും തുടര്‍ന്നുവന്ന ബ്രിട്ടീഷ് വാഴ്ചക്കുമെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളില്‍ ഈ ഗ്രാമവും സജീവമായി പങ്കെടുത്തിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് കോണ്‍ഗ്രസ്സ് ഖിലാഫത്ത് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളിലൊന്ന് പുളിക്കല്‍ അങ്ങാടിയില്‍ വെച്ചായിരുന്നു. കര്‍ഷക ജനതയുള്‍പ്പെടുന്ന വമ്പിച്ച ജനാവലിയായിരുന്നു അന്നവിടെ തടിച്ചുകൂടിയത്. രാജഭരണത്തിനും ബ്രിട്ടീഷ് തേര്‍വാഴ്ചക്കുമെതിരെ പടവാളുയര്‍ത്തിയ ധീരദേശാഭിമാനികളില്‍ പ്രമുഖനായിരുന്നു, ദേശീയവാദിയും ചരിത്രകാരനും ഗ്രന്ഥകാരനുമായ കെ.സി.കോമുക്കൂട്ടി മൌലവി. മൊയ്തുമൌലവിയുടെയും എ.വി.കുട്ടിമാളു അമ്മയുടെയും ഒപ്പം തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനവും. 20-ാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ ദേശീയപ്രസ്ഥാനത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയ സ്വാതന്ത്ര്യസമര സേനാനികളുടെയും, മറ്റ് സാമൂഹ്യ സാംസ്കാരിക സാമുദായിക വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും കര്‍മ്മമണ്ഡലമായിരുന്നു പുളിക്കല്‍, ഒളവട്ടൂര്‍ പ്രദേശങ്ങള്‍. ദേശീയ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.മാധവന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്ള്യാര്‍, ഇ.മൊയ്തുമൌലവി, ഒളവട്ടൂര്‍ കെ.സി.കോമുക്കുട്ടി മൌലവി, കെ.എം.മൌലവി തുടങ്ങി പല നേതാക്കന്മാരുടെയും പ്രമുഖ പ്രവര്‍ത്തനകേന്ദ്രമായിരുന്നു പുളിക്കല്‍. ഡോ.പട്ടാഭിസീതാരാമയ്യ, ഡോ.സെയ്തുമുഹമ്മദ് തുടങ്ങിയ ദേശീയ നേതാക്കന്‍മാര്‍ക്കും പുളിക്കല്‍ വേദിയൊരുക്കിയിട്ടുണ്ട്. ഖാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവമായി നടന്നിരുന്നു. 1921-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മലബാര്‍ സമരത്തില്‍ വെള്ളക്കാരന്റെ തോക്കിലും ബയണറ്റിലും കോര്‍ക്കപ്പെട്ട മനുഷ്യജീവനുകളുടെ കണക്കിലേക്ക് ഈ പ്രദേശത്തു നിന്നുമാത്രം 60 ഓളം പേര്‍ വരും. പഴയ ഓര്‍മ്മകളുടെ സൂക്ഷിപ്പുകാരായുള്ള കാരണവന്‍മാരുടെ സാക്ഷിമൊഴികളില്‍, മലപ്പുറത്തെ തുക്ക്ടി സായ്പ്പിനെ സഹായിക്കാന്‍ കോഴിക്കോട്ടു നിന്നും ക്യാപ്റ്റന്‍ മെക്കന്‍ റോയിയുടെ നേതൃത്വത്തില്‍ വന്ന 200-ഓളം പട്ടാളക്കാര്‍ അന്നത്തെ മാര്‍ഷല്‍ ലോ ഉത്തരവിന്‍പ്രകാരമുള്ള നടപടികള്‍ക്കു പ്രാരംഭം കുറിച്ചത് ഈ പ്രദേശത്തുനിന്നാണെന്ന് കാണുന്നു. സൈന്യത്തിന് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതിന്റെ പേരില്‍ നടന്ന പട്ടാള നടപടിയില്‍, കുടുക്കില്‍ ചമ്മന്‍ തൊടി വീട്ടില്‍ നിന്നു മാത്രം സ്ത്രീകളും കുട്ടികളുമടക്കം 23 പേര്‍ വെടിയേറ്റുമരിച്ചു. അന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച പ്രമുഖരില്‍, മലബാര്‍ പ്രദേശ് കോണ്‍ഗ്രസ്സ്-ഖിലാഫത്ത് കമ്മറ്റി നേതാവായ കുടുക്കില്‍ പട്ടര്‍തൊടു ബീരാന്‍ ഹാജിയുമുണ്ടായിരുന്നു. അക്കാലത്തുപോലും യാതൊരു വര്‍ഗ്ഗീയ ലഹളയും ഈ പ്രദേശത്ത് ഉണ്ടായിട്ടില്ല എന്നുള്ളത് ഇവിടുത്തെ മതസൌഹാര്‍ദ്ദത്തിന്റെ ഉദാത്തപാരമ്പര്യം വിളിച്ചോതുന്നു.

വിദ്യാഭ്യാസചരിത്രം

മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് 1921-ലെ കലാപത്തിന്റെ മൂലകാരണമെന്ന കണ്ടെത്തലുകള്‍, ഈ പ്രദേശങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അധികാരികളെ ബോധ്യപ്പെടുത്തി. 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ കൊട്ടപ്പുറത്ത് ഒരു പ്രൈമറിവിദ്യാലയം സ്ഥാപിച്ചെങ്കിലും നിലനില്‍ക്കുകയുണ്ടായില്ല. പിന്നീട്, 1900-ല്‍ കൊട്ടപ്പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എല്‍.പി.സ്കൂള്‍ ആയി അറിയപ്പെടുന്നത്. അതേ കാലയളവില്‍ തന്നെ മൌലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ മദ്രസ്സാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പുളിക്കലില്‍ കവാക്കി ബുനയ്യിറ സംഘം രൂപം കൊള്ളുകയും, പുളിക്കല്‍ അല്‍ മദ്രസത്തുല്‍ മുനവ്വറ എലിമെന്റി സ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. 1920-കളില്‍ മുട്ടയൂര്‍, വലിയപറമ്പ് എന്നിവിടങ്ങളില്‍ ബേസിക് സ്കൂളുകളും, 1930-കളില്‍ ഒളവട്ടൂര്‍ മലക്കംപാറയിലും അരൂരിലും ഓരോ ഏകാധ്യാപ സ്കൂളുകളും സ്ഥാപിതമായി. പൂളക്കല്‍ തറവാട്ടിലെ കുട്ടികളുടെ പഠനത്തിനായി തുടങ്ങിവച്ച സ്ഥാപനമാണ് പില്‍ക്കാലത്ത് അരൂര്‍ യു.പി.സ്കൂളായിത്തീര്‍ന്നത്. തുടര്‍ന്ന് പുളിക്കല്‍, ഒളവട്ടൂര്‍, തടത്തില്‍ പറമ്പ്, കൊട്ടപ്പുറം എന്നിവിടങ്ങളില്‍ ഹൈസ്കൂളുകള്‍ സ്ഥാപിതമായി. മതപഠന രംഗത്ത്, 1948-ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലും അറബികോളേജും, ശേഷം ഒളവട്ടൂര്‍ എന്‍.ഐ.എ.കോളേജും സ്ഥാപിതമായി. ഇന്ന് മൂന്ന് ഹൈസ്കൂളുകളും അഞ്ച് യു.പി.സ്കൂളുകളും, പതിനൊന്ന് എല്‍.പി.സ്കൂളുകളും, രണ്ട് അറബിക് കോളേജുകളും ഒരു അനാഥാലയവും ഈ പഞ്ചായത്തിലുണ്ട്.

സാംസ്കാരികചരിത്രം

പഴയകാലത്ത് ഒടിയന്‍, പുലാപ്പേടി, മണ്ണാപ്പേടി, ദുര്‍മന്ത്രവാദം തുടങ്ങി പല തരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്ന സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. പഞ്ചായത്തിന്റെ മൊത്തം സാംസ്കാരികവളര്‍ച്ചയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അന്‍പതുകളില്‍ പുളിക്കല്‍ ആസാദ് വായനശാല, യുവജനവായനശാല, കൊട്ടപുറം അബ്ദുറഹിമാന്‍ സാഹിബ് സ്മാരക വായനശാല, ഒളവട്ടൂര്‍ യുവജനഗ്രന്ഥാലയം തുടങ്ങിയവയുടെ പ്രവര്‍ത്തനം, വായനശാലകളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കയ്യെഴുത്തുമാസികകള്‍ എന്നിവയെല്ലാം ജനങ്ങളുടെ ദേശീയബോധവും സാംസ്കാരിക നിലവാരവും ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുകയുണ്ടായി. സവര്‍ണ്ണജാതി മേല്‍ക്കോയ്മ നിലനിന്നിരുന്ന ആ കാലങ്ങളില്‍ ഹരിജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കീഴാളസ്ത്രീകള്‍ കല്ലുമാല ധരിച്ചിരിക്കണമെന്നാരു നിര്‍ബന്ധസമ്പ്രദായം സവര്‍ണ്ണര്‍ അടിച്ചേല്‍പിച്ചിരുന്നു. കൂടാതെ പിന്നോക്കസ്ത്രീകളെ മാറു മറയ്ക്കാനും ജാതിക്കോമരങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ കല്ലുമാല ഉപേക്ഷിക്കല്‍, കുപ്പായമിടീക്കല്‍ തുടങ്ങിയ പരിഷ്കരണ-നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യ പ്രസ്ഥാനങ്ങളും ഗ്രന്ഥശാലാസംഘങ്ങളും രംഗത്തിറങ്ങി. ഹരിജനവിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനു വിവിധ ഘട്ടങ്ങളിലായി ബോധവല്‍ക്കരണവും നടത്തപ്പെട്ടു. സാമൂഹ്യാസമത്വങ്ങള്‍ക്കനുസൃതമായി തൊഴില്‍പരമായ ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. പായ, കുട്ട, മണ്‍കലം, തൊപ്പിക്കുട തുടങ്ങിയ കുടില്‍ വ്യവസായങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു. ശില്‍പചാരുതയിലും കൊത്തുപണികളിലും പാടവം തെളിയിച്ച തച്ചുശാസ്ത്ര നിപുണരും ഇവിടെ കുറവായിരുന്നില്ല. കലകളുടെ ഒരു ആദി സംസ്കാരചരിത്രം ഇവിടങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. നാടന്‍പാട്ടുകള്‍, തെയ്യം, ചവിട്ടുകളി, കുഞ്ഞിക്കുതിര, നാട്ടിപ്പാട്ട്, കുറത്തിപ്പാട്ട്, പൂതംകളി, പൂതപ്പാട്ട്, ഒപ്പന, കോല്‍കളി, ദഫ്മുട്ട്, അറവനമുട്ട്, ചെണ്ടകൊട്ട് എന്നീ നാടന്‍കലകളുടെയും കാളപൂട്ട്, നായാട്ട് തുടങ്ങിയ കാര്‍ഷികവിനോദങ്ങളുടെയും വിളഭൂമിയായിരുന്നു ഇവിടം. സാംസ്കാരിക സ്ഥാപനങ്ങളും ക്ളബ്ബുകളും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. സമകാലീന മത രാഷ്ട്രീയ പ്രശ്നങ്ങള്‍ സമീപപ്രദേശങ്ങളിലൊക്കെ സംഘര്‍ഷഭരിതമായ അവസ്ഥകള്‍ സൃഷ്ടിച്ചപ്പോഴും സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കാത്ത നാടാണിത്. ഭൂരിഭാഗം വരുന്ന മുസ്ളീങ്ങളും, പിന്നോക്കഹിന്ദു സമുദായക്കാരുമടങ്ങുന്ന ഒരു പഞ്ചായത്താണിത്. ക്രിസ്ത്യാനികളോ മറ്റു മതസ്ഥരോ ഇവിടെ ഉണ്ടായിരുന്നില്ല. കാവുകളും, പള്ളികളും ഈ നാടിന്റെ മുഖമുദ്രയാണ്. ഉത്സവങ്ങളും ആചാരങ്ങളും പരസ്പരസഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമാതൃകകളാണ്. മുസ്ളീം സമുദായമാണ് ജനസംഖ്യയില്‍ ഭൂരിഭാഗമെങ്കിലും ഹൈന്ദവമതസ്ഥരും ഏറെയുണ്ട്. ഓരോ കുടുംബത്തിനും ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട ആണ്ടുത്സവങ്ങളുണ്ട്. ഉത്സവങ്ങളില്‍ സര്‍വ്വമതസ്ഥരുടെയും പൂര്‍ണ്ണ പങ്കാളിത്തവുമുണ്ട്. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, നിരക്ഷരതാനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മഹനീയ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തും നടന്നിട്ടുണ്ട്. സാക്ഷരതാപ്രസ്ഥാനം കടന്നുവരുന്നതുവരെ ഒളവട്ടൂരിലും മറ്റും നിലനിന്നിരുന്ന വയോജനവിദ്യാഭ്യാസ പരിപാടി ഇതിന് ദൃഷ്ടാന്തമാണ്.