പഞ്ചായത്തിലൂടെ

പുളിക്കല്‍  - 2010

1962 ലാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓദ്യോഗികമായി നിലവില്‍ വന്നത്. 27.95 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിനെ കിഴക്കുഭാഗത്ത് കൊണ്ടോട്ടി, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളും, വടക്കുഭാഗത്ത് വാഴക്കാട്, വാഴയൂര്‍, ചീക്കോട് പഞ്ചായത്തുകളും, പടിഞ്ഞാറു ഭാഗത്ത് ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ പഞ്ചായത്തുകളും, തെക്കു ഭാഗത്ത് പള്ളിക്കല്‍, കൊണ്ടോട്ടി പഞ്ചായത്തുകളും അതിരിടുന്നു. ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുള്ള പത്ത് ശതമാനവും വനപ്രദേശമാണ്. 39442 വരുന്ന ജനസംഖ്യയില്‍ 18884 സ്ത്രീകളും, 20558 പുരുഷന്‍ മാരും ഉള്‍ പ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച നാടാണിത്. 241 കുളങ്ങളും, 46 പൊതുകിണറുകളുമാണിവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. 700 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തിലുണ്ട്. 300 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലം, ചെറിയചെരിവ്, കുന്നിന്‍മണ്ട, ഉയര്‍ന്ന പ്രദേശം, കുത്തനെ ചെരിവ്, താഴ്വര എന്നിങ്ങനെ ആറായി തരംതിരിക്കാം. പഞ്ചായത്തിലെ പ്രധാനവിള തെങ്ങാണ്. 1390 ഹെക്ടര്‍ സ്ഥാലത്താണ് തെങ്ങു കൃഷി നടക്കുന്നത്. 225 ഹെക്ടര്‍ ഭൂമിയില്‍   നെല്ലും , 200 ഹെക്ടര്‍ സ്ഥലങ്ങളില്‍ കവുങ്ങും, കശുമാവും, 143 ഹെക്ടറില്‍ വാഴയും കൃഷി ചെയ്തുപോരുന്നു. ഇതര കൃഷികള്‍ 119.33 ഹെക്ടറില്‍ നടക്കുന്നു.വടക്കന്‍ മല, പാമ്പൂര്യം പാറ, പരപ്പാറ, നെല്ലിക്കുന്ന്, പൂളക്കോട് മല, വിള്ളിക്കാട് മല, തമ്പാറ കുന്ന് എന്നീ മലകളാലും കുന്നുകളാലും നിബിഡമായ മനോഹര ഭൂപ്രദേശമാണ് പുളിക്കല്‍ പഞ്ചായത്ത്. ഇതിലെ വടക്കന്‍മലയും, പാമ്പൂര്യം പാറയും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം, റെയില്‍ വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കോഴിക്കോട് വിമാനത്താവളം, ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍, ബേപ്പൂര്‍ തുറമുഖം തുടങ്ങിയവയാണ്. കൊണ്ടോട്ടി, രാമനാട്ടുകര എന്നീ ബസ് സ്റ്റാന്റുകളില്‍  പ്രധാനമായും റോഡുഗതാഗതം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ചാലിയാര്‍ ജലഗതാഗതത്തിന്‍ പ്രസിദ്ധമാണ്. ദേശീയപാത 217 ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഗതാഗതയോഗ്യമായ നിരവധി റോഡുകള്‍ പഞ്ചായത്തിലുണ്ട്. കൊട്ടപ്പുറം-കാക്കാഞ്ചേരി റോഡ്, കൊട്ടപ്പുറം-ആല്‍പ്പറമ്പ് റോഡ്, ചോലക്കര-അമ്പായതൊടി റോഡ് എന്നിവ അവയില്‍ ചിലതുമാത്രം.എടുത്തുപറയത്തക്ക വന്‍കിടവ്യവസായങ്ങളൊന്നും ഈ പഞ്ചായത്തിലില്ലെങ്കിലും കുടുംബശ്രീയുടെ ചെറുകിടവ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊടിക്കുത്തിപ്പറമ്പില്‍ ഒരു വ്യവസായ കേന്ദ്രവുമുണ്ട്.പഞ്ചായത്തിന്റെ പൊതുവിതരണ രംഗത്ത് 7 റേഷന്‍കടകളും, ഒരു മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നു. പുളിക്കല്‍ ടൌണിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ പഞ്ചായത്തില്‍ വ്യാപാരം നടക്കുന്നത്. ഇവിടെ രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകളുമുണ്ട്. പുളിക്കല്‍, കൊട്ടപ്പുറം എന്നീ മാര്‍ക്കറ്റുകളും പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്.മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ പുളിക്കല്‍ പഞ്ചായത്തില്‍ വസിക്കുന്നു. വിവിധ മതവിഭാഗങ്ങളുടെ 42 ആരാധനാലയങ്ങള്‍ ഇവിടുണ്ട്. ഈ ആരാധനാലയങ്ങളോടനുബന്ധിച്ചു നടക്കുന്ന ഉത്സവങ്ങളും, ആഘോഷങ്ങളും, ഇന്നാട്ടുക്കാര്‍ക്ക് സാംസ്കാരിക ഒത്തുചേരലിന്റെ വേദിയാണ്. ക്ഷേത്രോത്സവങ്ങളും, ആണ്ടുനേര്‍ച്ചകളും, പള്ളിപ്പെരുന്നാളുമെല്ലാം ജാതിമതഭേദമന്യേ എല്ലാവരും ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. പ്രമുഖ ദേശീയവാദിയും ചരിത്രകാരനും ഗ്രന്ഥകാരനുമായിരുന്ന കെ.സി കോമുട്ടിമൌലവി, സാമൂഹിക പ്രവര്‍ത്തകന്‍ മൊയ്തീന്‍ കുട്ടി ഹാജി, പത്രാധിപര്‍ റഹിം മെച്ചേരി തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പുളിക്കല്‍ പഞ്ചായത്തിന്റെ ചരിത്രത്തോടൊപ്പം തന്നെ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ളതാണ്. ഒന്നാംഘട്ട സാക്ഷരതാ പ്രസ്ഥാനം ആവേശപൂര്‍വ്വമാണ് ഈ പഞ്ചായത്തിലെത്തിയത്. കൊണ്ടോട്ടി പ്രോജക്ടിലും, മലപ്പുറം ജില്ലയിലും ഏറ്റവും നല്ല പഞ്ചായത്ത് എന്ന ബഹുമതിയും പുളിക്കല്‍ പഞ്ചായത്തിന് ലഭിക്കുകയുണ്ടായി. ഇത് നേടികൊടുത്തതില്‍ കോ-ഓഡിനേറ്റര്‍മാരായ കെ.കെ ഹൈദര്‍ മാസ്റ്റര്‍, പി.എം ആറ്റക്കോയതങ്ങള്‍ എന്നിവരുടേയും, പഞ്ചായത്ത് പ്രസിഡന്റ് പി.മൊയ്യൂട്ടി മൌലവിയുടെയും സേവനം വിസ്മരിക്കാവുന്നതല്ല. സാഹിത്യ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലകൃഷ്ണന്‍ ഒളുവട്ടൂരും, രാജേഷ് മരുതും കുഴിയും ഈ നാടിന്റെ സന്തതികളാണ്. പീപ്പിള്‍സ് കള്‍ച്ചറല്‍ സെന്റര്‍, കൊണ്ടോട്ടി കള്‍ച്ചറല്‍ യൂണിയന്‍, കലാ-കായിക സംഘം, ഫുഡ് ബോള്‍ ക്ലബ്ബ് തുടങ്ങി മുപ്പതോളം സംഘടനകള്‍ കലാ-കായിക-സാംസ്കാരിക മേഖലയില്‍ ഇന്നും പ്രോത്സാഹനമായി നിലകൊള്ളുന്നവയാണ്. പഞ്ചായത്തു നിവാസികളുടെ സാംസ്കാരിക പുരോഗതിക്കായി 5 വായനശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ആരോഗ്യപരിപാലനരംഗത്ത് സജീവപ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ പുളിക്കല്‍ പഞ്ചായത്തിലുണ്ട്. പുതിയടത്തു പറമ്പില്‍ സര്‍ക്കാര്‍വക ഒരു ആയുര്‍ വേദ ആശുപത്രി പ്രവര്‍ ത്തിക്കുന്നു. പ്രാഥമിക ചികിത്സ ലഭ്യമാക്കുന്ന ഒരു പി.എച്ച്.സിയും അതിന്റെ നാല് സബ് സെന്ററുകളും പഞ്ചായത്തിലുണ്ട്. മൂന്നല്ലൂര്‍, വലിയപറമ്പ്, മങ്ങട്ടൂര്‍, മായക്കര എന്നിവിടങ്ങളിലാണ് സബ് സെന്ററുകള്‍ ഉള്ളത്. സ്വകാര്യമേഖലയിലെ 4 അലോപ്പതി ആശുപത്രികളും പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ ഉള്‍ പ്പെടുന്നു. റിലീഫ് ഹോസ്പിറ്റല്‍ പഞ്ചായത്തിനുള്ളില്‍ ആംബുലന്‍സ് സൌകര്യവും ലഭ്യമാക്കുന്നുണ്ട്. മൃഗസംരക്ഷണത്തിനായി പാണ്ടിയാട്ടുപുറത്ത് ഒരു വെറ്റിനറി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നു. വലിയ പറമ്പിലാണ് ഇതിന്റെ ഉപകേന്ദ്രം സ്ഥിതിചെയ്യുന്നത്.പുളിക്കല്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെട്ടതാണ്. വിജ്ഞാന തല്‍പരരായ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ആയിരത്തിതൊള്ളായിരത്തി ഇരുപതുകളില്‍ ഗ്രാമത്തിന്റെ പലയിടങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇന്ന് സര്‍ക്കാര്‍ - സര്‍ക്കാരേതര 22 സ്ക്കൂളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 60 അംഗന്‍വാടികളും പഞ്ചായത്തിലുണ്ട്.വിവിധമേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. പുളിക്കല്‍ സര്‍വ്വീസ് ബാങ്കും, പുതിയടത്തുപറമ്പ് സര്‍വ്വീസ് ബാങ്കും, ആലുങ്ങല്‍ വനിതാബാങ്കും ഉള്‍പ്പെടുന്നതാണ് പുളിക്കല്‍ പഞ്ചായത്തിന്റെ സാമ്പത്തിക മേഖല. ആന്തിയൂര്‍ കുന്ന്, ഒളുവട്ടൂര്‍, വലിയപറമ്പ് എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നു. കൃഷിഭവന്‍ വലിയപറമ്പിലാണ്. പുളിക്കല്‍ ഒരു വില്ലേജ് ഓഫീസും, ആലുങ്ങല്‍ വൈദ്യുതിബോര്‍ഡും പ്രവര്‍ത്തിന്നുണ്ട്.