പുളിക്കല്‍

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍, കൊണ്ടോട്ടി ബ്ളോക്കിലാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുളിക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന പുളിക്കല്‍ ഗ്രാമപഞ്ചായത്തിനു 27.95 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് കൊണ്ടോട്ടി, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളും, വടക്കുഭാഗത്ത് വാഴക്കാട്, വാഴയൂര്‍, ചീക്കോട് പഞ്ചായത്തുകളും, പടിഞ്ഞാറു ഭാഗത്ത് ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ പഞ്ചായത്തുകളും, തെക്കു ഭാഗത്ത് പള്ളിക്കല്‍, കൊണ്ടോട്ടി പഞ്ചായത്തുകളുമാണ്. സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രപശ്ചാത്തലമാണ് പുളിക്കല്‍ പഞ്ചായത്തിനുള്ളത്. ചരിത്ര പ്രസിദ്ധമായ പടയോട്ടങ്ങള്‍ കടന്നുപോയ, പ്രാചീന കടുങ്ങപുരം നാടിന്റെ ആസ്ഥാനം ഇവിടെയായിരുന്നു. പണ്ടുമുതല്‍ തന്നെ തെങ്ങിന്‍തോപ്പുകളും പാടശേഖരങ്ങളും നിറഞ്ഞു നിന്ന നാടായിരുന്നു ഇതെങ്കിലും, പുരാതനമായ കോഴിക്കോട്-പാലക്കാട് രാജവീഥിയില്‍ ഉണ്ടായിരുന്ന സമൃദ്ധമായ പുളിമരങ്ങളുടെ സാന്നിധ്യം കൊണ്ടാവാം ഈ പ്രദേശത്തിനു പുളിക്കല്‍ എന്ന സ്ഥലനാമം കൈവന്നത്. ഉയര്‍ന്നും താഴ്ന്നും നിരപ്പായതുമായ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. ചെങ്കല്‍പ്രദേശങ്ങളും, കരിങ്കല്‍ പാറകളും, കശുവണ്ടി തോട്ടങ്ങളും, കരിമ്പാറക്കെട്ടുകളും, തെങ്ങ്, കവുങ്ങ് എന്നിവ സമൃദ്ധമായി വളരുന്ന പ്രദേശങ്ങളും, വയലേലകളും കൊണ്ട് സമ്പുഷ്ടമാണീ ഗ്രാമം. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് മലകളും ചെറുകുന്നുകളും ചെരിവുകളും പാടശേഖരങ്ങളുമാണ് കൂടുതല്‍ കാണുന്നതെങ്കില്‍, കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ ചെറുകുന്നുകളും പറമ്പുകളും വയലുകളുമാണ് കൂടുതല്‍ കാണപ്പെടുന്നത്. മുഴങ്ങല്ലൂര്‍, കൊട്ടപ്പുറം, നൂഞ്ഞല്ലൂര്‍, വലിയപറമ്പ്, ചെറുമുറ്റം, ഉണ്ണ്യത്തിപ്പറമ്പ്, ആലുങ്ങല്‍, ആന്തിയൂര്‍കുന്ന്, ചെവിട്ടാണിക്കുന്ന്, മായക്കര, അരൂര്‍, തമ്പാരപ്പറമ്പ്, പുതിയോടത്ത് പറമ്പ്, പനിച്ചികപ്പള്ളിയാളി, മങ്ങാട്ടുമുറി, തോണിക്കല്ല്പാറ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങള്‍. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലം, ചെറിയ ചെരിവ്, കുന്നിന്‍ പ്രദേശം, ഉയര്‍ന്ന പ്രദേശം, കുത്തനെ ചെരിവ്, താഴ്വര എന്നിങ്ങനെ ആറായി തരം തിരിക്കാം.