പുളിക്കീഴ്

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലാണ് പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്. കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തിന് 68.66 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് മാടപ്പള്ളി ബ്ളോക്കും, കിഴക്കുഭാഗത്ത് മല്ലപ്പള്ളി, കോയിപ്രം ബ്ളോക്കുകളും, തിരുവല്ല, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റികളും, തെക്കുഭാഗത്ത് ചെങ്ങന്നൂര്‍, ഹരിപ്പാട് ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് ഹരിപ്പാട്, ചമ്പക്കുളം, വെളിയനാട് ബ്ളോക്കുകളുമാണ് പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് ആലപ്പുഴ ജില്ലയോട് ചേര്‍ന്ന് പുളിക്കീഴ് ബ്ളോക്ക് സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി അനുസരിച്ച്, പുളിക്കീഴ് ബ്ളോക്കുപ്രദേശത്തെ, പടിഞ്ഞാറന്‍ തീരസമതലം, ഇടനാട് എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. അപ്പര്‍ കുട്ടനാടായ നിരണം പഞ്ചായത്തും, കടപ്ര, പെരിങ്ങര എന്നീ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന തീരസമതലപ്രദേശങ്ങളില്‍ പശിമരാശി മണ്ണാണ് കാണപ്പെടുന്നത്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഇടനാട് മേഖലയില്‍ ഉള്‍പ്പെടുന്നു. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 90 ശതമാനത്തോളം തീരസമതലപ്രദേശമായതിനാല്‍ നെല്ല്, തെങ്ങ്, കരിമ്പ്, മരച്ചീനി, വാഴ, പച്ചക്കറികള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷിയിനങ്ങള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടംപുളി ഉല്പാദിപ്പിയ്ക്കപ്പെടുന്നത് ഈ പ്രദേശത്താണ്. എന്നാല്‍ അത് വേണ്ട രീതിയില്‍ സംസ്കരിച്ചെടുക്കുന്നതിനുളള സംവിധാനങ്ങള്‍ പരിമിതമാണ്. തിരുവനന്തപുരം മംഗലാപുരം റെയില്‍ പാതയും എം.സി.റോഡും ബ്ളോക്കിലെ കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂടി കടന്നു പോകുന്നു. മണിമലയാറിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചിരുന്ന കടത്തുകടവുകള്‍ പണ്ടുകാലത്ത് പുളിങ്കീഴ് കടവുകള്‍ എന്നറിയപ്പെട്ടിരുന്നു. പുളിങ്കീഴ് കടവില്‍ നിന്നാണ് പുളിക്കീഴ് എന്ന പേര് ഈ പ്രദേശത്തിന് ലഭ്യമായത്. പമ്പയാറിന്റെ ഒരു ഭാഗവും, മണിമലയാറും ചുറ്റിയിട്ടുള്ള ഈ പ്രദേശം എക്കല്‍ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമാണ്. കേരവൃക്ഷങ്ങളും, വയലേലകളും കൊണ്ട് സുന്ദരമായ ഈ നദീതട പ്രദേശത്ത് ഉന്നതമായൊരു പ്രാചീന സംസ്കാരം നിലനിന്നിരുന്നു. 1955 ഡിസംബര്‍ 23-നാണ് കമ്മ്യൂണിറ്റി പ്രോജക്ട് അപ്രോച്ച് പദ്ധതിയില്‍പ്പെടുത്തിക്കൊണ്ട് പുളിക്കീഴ് ബ്ളോക്ക് നിലവില്‍ വന്നത്. 1995-ല്‍ തെരഞ്ഞെടുപ്പ് നടന്നതിനെ തുടര്‍ന്ന്, സാം ജോസഫ് പ്രസിഡന്റായി ആദ്യ ബ്ളോക്ക് പഞ്ചായത്തുസമിതി നിലവില്‍ വരികയുണ്ടായി.