പുലാമന്തോള്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, മങ്കട ബ്ളോക്കിലാണ് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുലാമന്തോള്‍, കുരുവമ്പലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിനു 32.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂര്‍ക്കനാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത്  പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍, വിളയൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂര്‍ക്കനാട് പഞ്ചായത്തുമാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ വടക്കേ തീരത്ത്, സ്ഥിതിചെയ്യുന്ന പുലാമന്തോള്‍, സമതലങ്ങളും ചെറിയ മലനിരകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള പഞ്ചായത്താണ്. ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും സമ്പന്നമായ ഈ നദീതീരഗ്രാമത്തിന്, പുരാതന മനുഷ്യ സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ കൂടിയായിരുന്നുവെന്നതിന്റെ ചരിത്രമേറെ പറയാനുണ്ട്. തെക്കേമലബാറിലെ പ്രബലനായിരുന്ന പഴയ നാട്ടുരാജാവായ വള്ളുവക്കോനാതിരിയുടെ വെള്ളാട്ടിരി അഥവാ ആദിവള്ളുവനാട്ടിലും, പിന്നീട് മൈസൂര്‍ അധിനിവേശത്തിലും ഉള്‍പ്പെട്ട 26 അംശങ്ങളില്‍ കുരുവമ്പലവും, പുലാമന്തോളും ഉള്‍പ്പെട്ടിരുന്നു. പഴയ തിരുകൊച്ചി പ്രദേശത്തുനിന്നു മലബാറിലേക്കുണ്ടായ കര്‍ഷകകുടിയേറ്റം, പുലാമന്തോള്‍ പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും, വിശിഷ്യാ കാര്‍ഷികരംഗത്ത് വമ്പിച്ച സ്വാധീനം ചെലുത്തുകയുണ്ടായി. 1950-കളില്‍ ഈ പഞ്ചായത്തിന്റെ മലമ്പ്രദേശങ്ങളില്‍ അധിവാസമാരംഭിച്ച അധ്വാനികളായ കുടിയേറ്റക്കാര്‍ ഇവിടുത്തെ സംസ്കാരത്തിനു തന്നെ പുതിയ രൂപഭാവങ്ങള്‍ നല്‍കി. പുലാമന്തോള്‍ പഞ്ചായത്ത് 1961 നവംബര്‍ 20-നാണ് നിലവില്‍ വന്നത്. 1964 ജനുവരി ഒന്നിനാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണസമിതി നിലവില്‍ വരുന്നത്. പുലാമന്തോള്‍ പഞ്ചായത്തിന്റെ വടക്കുഭാഗത്തിന്റെ കിഴക്കു മുതല്‍ പടിഞ്ഞാറു വരെ മാലാപ്പറമ്പ്, ചീരാട്ടാമല തുടങ്ങിയ നീണ്ടുകിടക്കുന്ന കുന്നിന്‍പ്രദേശങ്ങളാണ്. വടക്കു സ്ഥിതിചെയ്യുന്ന കുന്നിന്‍പ്രദേശം പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ തന്നെ പകുതിയോളം വരും. ചെറുകാട്ട് കുന്ന്, കിളിക്കുന്ന്, ചേലാര്‍കുന്ന്, കക്കുന്ന്, കട്ടുപാറയിലെ കിളിയന്‍പാറ, കുന്നത്ത് പറമ്പ് തുടങ്ങിയവയാണ് മറ്റു ഉയര്‍ന്ന പ്രദേശങ്ങള്‍. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെയാണ് ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴ ഒഴുകുന്നത്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന മേഖല, കുത്തനെയുള്ള ചെരിവ്, ചെറുചെരിവ്, താഴ്വര, സമതലം, തോടുകള്‍, പുഴ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. ഇവിടങ്ങളില്‍ കടുപ്പമുള്ള പാറകള്‍, കടുപ്പമുള്ള വെട്ടുകല്ല്, ലാറ്ററൈറ്റ്, വെട്ടുകല്‍ മണ്ണ്, മണല്‍ കലര്‍ന്ന കളിമണ്ണ്, കളിമണ്ണ്, മണല്‍ എന്നിങ്ങനെ മണ്ണിനങ്ങളേയും തരം തിരിക്കാം. പാടശേഖരങ്ങളിലേയും മറ്റു കൃഷിഭൂമികളിലേയും മണ്ണില്‍ അമ്ളാംശം കൂടുതലാണ്.