ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

കേരളത്തിലെ അതിപ്രശസ്തവും പ്രാചീനവുമായ പതിനെട്ടര കാവുകളിലൊന്നാണ് ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കുറുമാലികാവ്.പ്രാചീനകാലത്ത് പുഴയോരങ്ങളില്‍ ശിവക്ഷേത്രങ്ങളും, ഭഗവതികാവുകളും ധാരാളമായി ഉയര്‍ന്നു വരികയുണ്ടായി. ഇവയില്‍ ചെങ്ങാലൂര്‍ മഹാദേവക്ഷേത്രം, വിളപ്പാടിശിവക്ഷേത്രം എന്നിവകള്‍ക്ക് വളരെ പഴക്കമുണ്ട്. ഈശാനിമംഗലം ശിവക്ഷേത്രം, തൊടുകുളങ്ങര വിഷ്ണുക്ഷേത്രം, ആലഞ്ചേരി നരസിംഹക്ഷേത്രം, ഒഴലൂര്‍ കാര്‍ത്ത്യായനിക്ഷേത്രം, വള്ളിക്കുന്ന് വിഷ്ണു-ഭഗവതിക്ഷേത്രം, എടത്തൂട്ട് ശിവക്ഷേത്രം, നരിമറ്റ ശിവക്ഷേത്രം, സൂര്യഗ്രാമത്തിലെ കുടുംബഭഗവതി ക്ഷേത്രം എന്നിവ ഏറെ പഴക്കമുള്ള ക്ഷേത്രങ്ങളാണ്.കുറുമാലിക്കാവ്ക്ഷേത്രനാമത്തില്‍ നിന്നായിരിക്കണം ഈ പ്രദേശത്തിന് കുറുമാലി എന്ന പേര് കിട്ടിയിട്ടുള്ളത്. പട്ടികജാതിക്കാര്‍ക്ക് പ്രത്യേകിച്ച് മറ്റു ആരാധനാലയങ്ങള്‍ ഇല്ലെങ്കിലും കുറുമാലിക്കാവ് ഭരണിഉത്സവത്തോടനുബന്ധിച്ച് അവരുടെ തനതുകലകളായ ദാരികനൃത്തം,കാളിക്കളി തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. പഞ്ചായത്തിലെ ആദ്യകാലക്രിസ്ത്യാനികള്‍ പറപ്പൂക്കര സെന്റ് ജോണ്‍സ് ദേവാലയത്തെയാണ് ആരാധനയ്ക്കായി ബന്ധപ്പെട്ടിരുന്നത്. ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടാകുകയും തദനുസാരമായി ശവം അടക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അധികരിക്കുകയും ചെയ്തപ്പോള്‍ കൊച്ചിരാജാവിനുമുന്നില്‍ സങ്കടമുണര്‍ത്തിച്ച ക്രിസ്ത്യാനികള്‍ക്ക് ആരാധനാലയമുണ്ടാക്കാന്‍ തുറവുകുന്നിനും ചീനിക്കുന്നിനുമിടയ്ക്കുള്ള നിരന്ന കാട്ടുപ്രേദശത്ത് രാജാവ് കരമൊഴിവാക്കി രണ്ട് ഏക്കര്‍ സ്ഥലംപതിച്ചുകൊടുത്തു. കാട് വെട്ടിത്തെളിച്ച് 1764 ഫെബ്രുവരി 12-ന് ഇന്നത്തെ സെന്റ് ആന്റണീസ് പള്ളി നിര്‍മ്മിച്ചു.അങ്ങനെ ഉണ്ടായ പുതിയകാട്ടുപള്ളി എന്നത് ലോപിച്ച് കാലാന്തരത്തില്‍ പുതുക്കാട് പള്ളിയായി.പള്ളിനാമത്തില്‍നിന്നാണ് പുതുക്കാട് എന്ന സ്ഥലനാമമുണ്ടായതെന്നാണ് ഐതിഹ്യം. പണ്ടുകാലത്ത് വനനിബിഡമായിരുന്ന ഇവിടെ പകല്‍സമയങ്ങളില്‍ പോലും പുലിയിറങ്ങുമായിരുന്നു. പിന്നീട് ചെങ്ങാലൂര്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയം, സ്നേഹപുരം സെന്റ് ജോസഫ്സ് പള്ളി, തെക്കെ തൊറവ് സെന്റ് ആന്റണീസ് പള്ളി എന്നിവ നിര്‍മ്മിതമായി. കേരളത്തിലെ സാംസ്കാരികനവോത്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച പടനായകന്‍ ശ്രീനാരായണ ഗുരുസ്വാമികള്‍, പുതുക്കാട്ടിലൂടെ നടന്നുവന്ന് മറവഞ്ചേരി കോമത്തുകാട്ടില്‍ വീട്ടില്‍ താമസിച്ചിട്ടുണ്ട്. സ്വാതന്ത്യസമര കാലഘട്ടത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ വിനോബാഭാവെ, പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ കൂടിയ സമ്മേളനത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. പുതുക്കാട് പഞ്ചായത്ത് രുപൂകരിക്കുന്നത് വരെ ഈ പ്രദേശം പറപ്പൂക്കര പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പട്ടയവോട്ട് നിലവിലുണ്ടായിരുന്ന അക്കാലത്ത് പുളിക്കാന്‍ ചാക്കോരുവും, പിന്നീട് ചെങ്ങാലൂരിലെ ചെതലന്‍ ഫ്രാന്‍സിസ് മാസ്റ്ററും, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു. തുടര്‍ന്ന് സി.ജെ.പൌലോസ്(ജോബായി) പറപ്പൂക്കര പഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആയിരുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചെങ്ങാലൂര്‍ തൊറവ് വില്ലേജുകള്‍ കൂട്ടിചേര്‍ത്ത് 1.1.1962-ല്‍ പുതുക്കാട് പഞ്ചായത്ത് രൂപികരിക്കപ്പെട്ടു. 1964 ജനുവരി മാസം ഒന്നാം തീയതി പുതുക്കാട് പഞ്ചായത്തിലെ ആദ്യത്തെ ജനകീയസമിതി അധികാരത്തില്‍ വന്നു. പ്രസ്തുത ഭരണ സമിതിയുടെ പ്രസിഡന്റ് ടി.കൃഷ്ണന്‍കുട്ടി നായരായിരുന്നു.