പഞ്ചായത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കിലാണ്‌‍   പ്രമാടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 37.1 ചതുരശ്രകിലോമീറ്ററാണ്. പുരാതനകാലം മുതല്‍ ഇവിടെ മേല്‍ജാതികുടുംബങ്ങള്‍ താമസിച്ചിരുന്നു. അതിലെവിടെയോ ഉണ്ണി പിറന്ന മഠം, പിറമഠമെന്നും ക്രമേണ പ്രമാടമെന്നും വിളിക്കപ്പെട്ടതാണ് പില്‍ക്കാലത്ത് സ്ഥലനാമമായതെന്ന് നാട്ടുമൊഴി. പഞ്ചായത്തിലെ കുലശേഖരപ്പേട്ട എന്ന സ്ഥലം പണ്ട് രാജസ്ഥാനമായിരുന്നു. കുലശേഖരപതിയുടെ മല്ലന്മാര്‍ താമസിച്ചിരുന്നയിടം മല്ലശ്ശേരിയായി. ശിവന്‍ ഇളകൊണ്ടിരുന്നിടം ഇളകൊള്ളൂര്‍ ആയി എന്നും പറയപ്പെടുന്നു. കൊളോണിയല്‍ ഭരണത്തില്‍ നിന്നും നാട് മോചിതമാകുന്നതിനു മുമ്പുതന്നെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ് ഈ പഞ്ചായത്തിലെ നിവാസികളില്‍ ഭൂരിഭാഗവും. ഇന്നത്തെപ്പോലെ വിദ്യാഭ്യാസവും അതുവഴി സംസ്കാരികപുരോഗതിയും കൈവരിച്ചവരായിരുന്നില്ല അന്നിവിടെ കുടിയേറിപ്പാര്‍ത്തവര്‍. പഞ്ചായത്തിന്റെ 20%-ത്തോളം വരുന്ന സമതലപ്രദേശങ്ങളില്‍ മാത്രമാണ് 1925-ന് മുമ്പുവരെ ജനവാസം ഉണ്ടായിരുന്നത്. 1930-കള്‍ വരെ ഈ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തരിശായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും വന്ന ആളുകള്‍ ഭൂമി കൈവശപ്പെടുത്തി, പട്ടയം നേടി കൃഷി ചെയ്യുകയായിരുന്നു. മലകളും കുന്നുകളും ഉയര്‍ന്ന പാറക്കെട്ടുകളും നിമ്നോന്നതങ്ങളായ ഭൂപ്രദേശങ്ങളും കൊണ്ടു നിറഞ്ഞ പ്രമാടം പഞ്ചായത്ത് പ്രസിദ്ധമായ അച്ചന്‍കോവിലാറിന്റെ തെക്കും കിഴക്കുമായി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയെ 12 കിലോമീറ്റര്‍ ചുറ്റി നദി ഒഴുകുന്നു. പഞ്ചായത്തിന്റെ പൊതുവായ കിടപ്പ് കിഴക്കു നിന്ന് പടിഞ്ഞാറോട്ടാണെന്നു പറയാം.