ചരിത്രം
സാമൂഹിക-സാംസ്കാരിക ചരിത്രം
പോരിന്റേയും വീറിന്റേയും ചരിത്രം ആവോളം പറയാനുള്ള നാടാണ് പോരുവഴി. പോരിനായി രണശൂരന്മാരായ രാജാക്കന്മാരുടെ കാലാള്‍പ്പടയും കുതിരപ്പടയും പടനിലങ്ങളിലേക്ക് കുതിച്ചത് ഈ നാടിന്റെ വഴിത്താരകളിലൂടെയാണെന്ന് പറയപ്പെടുന്നു. വീരശൂരപരാക്രമികളായ കടമ്പ രാജാവും ശൂര രാജാവും തമ്മില്‍ ഏറ്റുമുട്ടിയത് ചക്കുവള്ളി എന്ന പടനിലത്തു വച്ചാണ് (കടമ്പരാജാവിന്റെ നാട് പില്ക്കാലത്ത് കടമ്പനാടെന്നും ശൂരന്റെ നാട് ശൂരനാടെന്നും വിളിക്കപ്പെട്ടു). ചക്കുവള്ളി പടനിലം എന്ന സ്ഥലം ഇന്നും ആ പുരാതനയുദ്ധചരിത്രത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. ദ്രാവിഡപ്പഴമയുടെ ശക്തിയും സ്വാധീനവും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. പോരുവഴി കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും കൂടി നാടാണ്. പോരുവഴിയുടെ പരിസ്ഥിതിസന്തുലനത്തില്‍ ഈ കാവുകളും കുളങ്ങളും വഹിക്കുന്ന പങ്ക് പ്രത്യേകം ശ്രദ്ധേയമാണ്. പള്ളിക്കലാറിന്റെ സാന്നിധ്യം നല്കുന്ന ഫലഭൂയിഷ്ഠതയും സ്വച്ഛതയും ഈ നാടിന്റെ സംസ്കാരത്തെ വാര്‍ത്തെടുക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത നിരവധി പേര് ഈ നാട്ടിലുണ്ട്. മുളമൂട്ടില്‍ കിഴക്കതില്‍ കുഞ്ചുകുറുപ്പ്, തുണ്ടില്‍ പടിഞ്ഞാറ്റതില്‍ പൊടികുഞ്ഞ്, മരൂര്‍ ഗോപാലപിള്ള, ടി.എം.മൈതീന്‍കുഞ്ഞ്, കൊയിപ്പുറത്ത് നാണു തുടങ്ങിയവര്‍ അര്പ്പിതമനസ്ക്കരായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു വേണ്ടി പൊരുതിയ പോരുവഴിക്കാരായിരുന്നു. കഥകളിരംഗത്ത് ഒട്ടേറെ പ്രഗല്ഭമതികളെ സംഭാവന ചെയ്ത നാടാണ് പോരുവഴി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗം നടുവിലേമുറി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. 60 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കഥകളിയോഗം പോരുവഴി ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നാടകത്തിനും പുകഴ്പെറ്റ നാടാണ് പോരുവഴി. പോരുവഴി ജ്ഞാനസംവര്ദ്ധിനി ആര്‍ട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 1940-കളില്‍ മലയാളത്തില്‍ പ്രസിദ്ധമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ മിക്ക നാടകങ്ങളും വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി. നാടന്‍കലകളുടേയും, നാടന്‍കളികളുടേയും കാര്യത്തില്‍ പോരുവഴി സമ്പന്നമായിരുന്നു. കാക്കാരിശ്ശിനാടകവും, തിരുവാതിരക്കളിയും, ഒപ്പനയുമൊക്കെ ഗ്രാമീണ അരങ്ങുകളില്‍ സൌന്ദര്യവും സാമര്‍ത്ഥ്യവും ഒത്തിണങ്ങിയ കലാരൂപങ്ങളായി നിറഞ്ഞുനിന്നിരുന്നു. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള പോരുവഴി ഗവ: ഹൈസ്ക്കൂളാണ് ഈ പ്രദേശത്തെ ആദ്യവിദ്യാലയം. സാംസ്കാരികനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുഗ്രന്ഥശാല ഉള്‍പ്പെടെ 5 ഗ്രന്ഥശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 25-ലധികം കലാ-കായിക സമിതികളും പോരുവഴിയുടെ സാംസ്കാരികരംഗം ഊഷ്മളമാക്കുന്നു. പോരുവഴിയില്‍ അമച്വര്നാടകസമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്.