പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കിലുള്ള ഒരു പഞ്ചായത്താണ് പോരുവഴി. ശാസ്താംകോട്ട ഠൌണില്‍ നിന്നും ഏകദേശം 4 കി.മീ. വടക്കുമാറിയാണ് പോരുവഴി സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 19.35 ചി.കി.മീ ആണ്. പോരുവഴി പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന പള്ളിക്കല്‍ പഞ്ചായത്തും, കിഴക്കേ അതിര്‍ത്തിയില്‍ പത്തനംതിട്ട ജില്ലയിലെ തന്നെ കടമ്പനാട് പഞ്ചായത്തും, തെക്ക് കിഴക്ക് കുന്നത്തൂര്‍ പഞ്ചായത്തും, തെക്ക് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറ് ഭാഗത്ത് ശൂരനാട് വടക്കും തെക്കും പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. വിസ്തൃതിയേറിയ കുന്നിന്‍ചരിവുകളും വിശാലമായ താഴ്വരകളും ഉയര്‍ന്ന കുന്നിന്‍പുറങ്ങളും ഇടകലര്‍ന്ന് കാണപ്പെടുന്നതാണ് പോരുവഴിയുടെ ഭൂപ്രകൃതി. പോരുവഴി പഞ്ചായത്ത് തികച്ചും ഒരു കര്‍ഷകഗ്രാമമാണ്. വിശാലമായ വയലേലകളും 47-ഓളം കുളങ്ങളും അനേകം തോടുകളുമുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് പോരുവഴി. ഭൂമി ഭൂരിഭാഗവും സമതലപ്രദേശമാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ കാണുന്ന കോയിക്കല്‍ മലയും മലനടക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന്‍ പ്രദേശങ്ങളും ഒഴിച്ചാല്‍ മറ്റെല്ലാ സ്ഥലങ്ങളും സമതലപ്രദേശങ്ങള്‍ ആണ്. സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററിനും 40 മീറ്ററിനും മധ്യേ ഉയരമുള്ള ഭാഗങ്ങളാണ് ഭൂരിഭാഗവും. 20 മീറ്ററില്‍ താഴെയുള്ള ഭാഗങ്ങള്‍ പഞ്ചായത്തില്‍ മധ്യഭാഗത്തും, വടക്കും, കിഴക്കും ഭാഗങ്ങളിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ചെങ്കല്ലാണ് ഇവിടുത്തെ പ്രധാനശിലാരൂപം. ആനപോട്ടുമലയില്‍ മാത്രമാണ് പഞ്ചായത്തില്‍ ഭൂമിക്ക് മുകളില്‍ പാറകള്‍ കാണപ്പെടുന്നത്. ഭൂഗര്‍ഭ ശാസ്ത്രത്തില്‍ നൈസ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഇത് പലയിനം ധാതുക്കള്‍ അടങ്ങിയിട്ടുള്ള കറുപ്പ് നിറത്തിലുള്ള കല്ലാണ്. മറ്റൊരു പ്രധാനപ്പെട്ട ധാതു അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റാണ്. വടക്കേമുറി വാര്‍ഡിലെ കോയിക്കലേത്ത് മുകള്‍ ഭാഗത്താണ് ബോക്സൈറ്റ് ധാരാളമായി കാണപ്പെടുന്നത്. മഴയെ ആശ്രയിച്ചും കല്ലട ജലസേചന പദ്ധതിയുടെ കനാലിനെ ഒരു പരിധിവരെ ആശ്രയിച്ചും കൃഷികള്‍ നടത്തിവരുന്ന പഞ്ചായത്താണ് പോരുവഴി. വളരെയധികം കുളങ്ങളും പള്ളിക്കലാറും അതിലേക്കു വന്നുചേരുന്ന തോടുകളും കല്ലട ജലസേചനപദ്ധതിയുടെ കനാലുകളും നിറഞ്ഞതാണ് പോരുവഴിയുടെ ജലസമ്പത്ത്. പഞ്ചായത്തില്‍ മൊത്തമായി 47 കുളങ്ങളാണുള്ളത്. വടക്കേ അതിര്‍ത്തിയില്‍കൂടി 3.25 കിലോമീറ്റര്‍ നീളത്തില്‍ പള്ളിക്കലാറ് ഒഴുകുന്നു. പ്രധാനപ്പെട്ട തോടുകളെല്ലാം തന്നെ പള്ളിക്കല്‍ ആറിന്റെ പോഷകതോടുകളാണ്. പഞ്ചായത്തിലെ മൊത്തം കനാലിന്റെ നീളം 23.20 കിലോമീറ്ററാണ്. എല്ലാ വാര്‍ഡുകളിലും കല്ലട ജലസേചനപദ്ധതിയുടെ കനാലുകള്‍ എത്തിയിട്ടുണ്ട്.

അടിസ്ഥാനമേഖലകള്‍

25 സെന്റിനും 50 സെന്റിനും താഴെയുള്ള ഭൂഉടമകളാണ് ഏറെയും. മുന്‍കാലത്ത് ഈ പഞ്ചായത്തില്‍ തെങ്ങുകൃഷിയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. പഞ്ചായത്തിലെ കര്‍ഷകരുടെ പ്രധാന മാര്‍ഗ്ഗവും ഇതു തന്നെയായിരുന്നു. ഈ പഞ്ചായത്തില്‍ 751 ഹെക്ടര്‍ സ്ഥലം നിലമായി കിടക്കുന്നു. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും കശുമാവുകൃഷിയുണ്ട്. പഞ്ചായത്തിലെ പ്രധാനപ്പെട്ട കൃഷിയിനങ്ങളിലൊന്നാണ് വാഴ. കാലിവളര്‍ത്തല്‍ ഒരു ഉപതൊഴിലായിട്ടാണ് സ്വീകരിച്ചിട്ടുള്ളത്. 1996 ആഗസ്റ്റ് ഒന്നാം തിയതിയാണ് പഞ്ചായത്തില്‍ മൃഗാശുപത്രി സ്ഥാപിതമായത്. പഞ്ചായത്തില്‍ അമ്പലത്തും ഭാഗത്തും ഇടയ്ക്കാട്ടിലും ഓരോ ഐ.സി.ഡി.പി. സബ്സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു. പോരുവഴി പഞ്ചായത്ത് മത്സ്യബന്ധനവുമായി ബന്ധമുള്ള സ്ഥലമല്ല. പഞ്ചായത്തില്‍ ആകെയുള്ള ജലാശയങ്ങള്‍ 19.36 ഏക്കറാണ്. ഈ ജലാശയങ്ങള്‍ പഞ്ചായത്തിലെ പതിനൊന്നു വാര്‍ഡുകളിലായി ചെറിയ കുളങ്ങളായും ഒരു ചിറയായും കിടക്കുന്നു. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, ഈറ്റ, തഴപ്പായ് നിര്‍മ്മാണം, കളിമണ്‍പാത്ര നിര്‍മ്മാണം എന്നിവയാണ് ഈ പഞ്ചായത്തില്‍ നിലവിലുള്ള വ്യവസായങ്ങള്‍. ചെറുകിട വ്യവസായ യൂണിറ്റുകളായി 50-ല്‍പ്പരം വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 150 ഓളം കുടുംബങ്ങള്‍ പഞ്ചായത്തിന്റെ വിവിധ മേഖലയിലായി മത്സ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രധാന വ്യവസായമായ കശുവണ്ടി മേഖലയിലാണ് സ്ത്രീപങ്കാളിത്തം കൂടുതലായി കാണുന്നത്. കൊല്ലം ജില്ലയില്‍പ്പെട്ട കുന്നത്തൂര്‍ താലൂക്കിന്റെ  വടക്കു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പോരുവഴി പഞ്ചായത്ത് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിന്റെ സാമീപ്യം കൊണ്ട് അനുഗ്രഹീതമാണ്. ഇന്ന് ഹൈസ്ക്കൂളായി പ്രവര്‍ത്തിക്കുന്ന പോരുവഴി ഗവ:ഹൈസ്ക്കൂള്‍ ഉല്പതിഷ്ണുവും വിദ്യാഭ്യാസ തത്പരനുമായിരുന്ന വാഴപ്പളളില്‍ ഗോവിന്ദപിള്ള എന്ന വ്യക്തി സ്വന്തം വീട്ടില്‍ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചതാണ്. 1976-ലാണ് ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. 1953-ല്‍ പോരുവഴി പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ അടൂര്‍-ചവറ റോഡും, ഭരണിക്കാവ്-മാവേലിക്കര റോഡും ഭാഗികമായി ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നവയായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണകാലത്തു തന്നെ പോരുവഴി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ജനപങ്കാളിത്തത്തോടെ റോഡുകള്‍ നിര്‍മ്മിച്ചിരുന്നു എന്നതിന് തെളിവായി ശംഖുമുദ്രപതിച്ച സര്‍വ്വേകല്ലുകള്‍ ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാണാവുന്നതാണ്. മൂന്ന് ബസ് ടെര്‍മിനലുകളും രണ്ട് ആട്ടോസ്റ്റാന്റുകളും ഈ പഞ്ചായത്തിലുണ്ട്. ചക്കുവള്ളി മലനട വഴിയുള്ള കടമ്പനാട് റൂട്ടിലും, ചക്കുവളളി തെങ്ങമം റൂട്ടിലും, മലനട കമ്പലടി വഴി ശാസ്താംനട റൂട്ടിലും നിരവധി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നു. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് പോരുവഴി പഞ്ചായത്തില്‍ വൈദ്യുതി ലഭ്യമായി. ശാസ്താംകോട്ട, അടൂര്‍ എന്നീ സബ്സ്റ്റേഷനുകളല്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി ലഭിക്കുന്നത്. 1960-ല്‍ അമ്പലത്തുംഭാഗത്ത് പ്രവര്‍ത്തനമാരംഭിച്ച കുന്നത്തൂര്‍ റൂറല്‍ കോ-ഓപ്പറേറ്റീവ് ഹൌസിംഗ് സൊസൈറ്റിയാണ് ഭവനനിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം. പഞ്ചായത്തിലാകെ 27 പട്ടികജാതി കോളനികളുണ്ട്. പോരുവഴി പഞ്ചായത്തില്‍ നിലവിലുള്ള ഏക ഹരിജന്‍ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്തിലെ മുഴുവന്‍ ഹരിജനങ്ങളുടെയും സമഗ്രവികസനം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നു. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള പോരുവഴി ഗവ:ഹൈസ്ക്കൂളാണ് ഈ പ്രദേശത്തെ ആദ്യവിദ്യാലയം. ഒരു പ്രൈമറി ഹെല്‍ത്തുസെന്ററും ഒരു ആയൂര്‍വേദ ആശുപത്രിയും ഒരു മാതൃ-ശിശുകുടംബക്ഷേമകേന്ദ്രവും പ്രവര്‍ത്തിക്കുന്ന ഇവിടെ 4 ഓളം ചെറുകിട സ്വകാര്യ ആശുപത്രികളുമുണ്ട്. റോഡുഗതാഗതമാണ് പോരുവഴിയിലുള്ളത്.

സാംസ്കാരികരംഗം

1925-ല്‍ സ്ഥാപിച്ച വടക്കേമുറി ജ്ഞാനസംവര്‍ദ്ധിനി ഗ്രന്ഥശാലയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. ഇന്ന് പഞ്ചായത്തിലാകെ ആറു ഗ്രന്ഥശാലകളും അവയോടു ചേര്‍ന്നുള്ള വായനശാലകളും പ്രവര്‍ത്തിച്ചുവരുന്നു. 25-ഓളം കലാ-കായിക സമിതികള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്നു. ഇവിടുത്തെ പ്രധാനമായ ഉത്സവങ്ങള്‍ മലനടമലക്കുടമഹോത്സവവും മയ്യത്തുംകര ചന്ദനക്കുടമഹോത്സവവുമാണ്. വമ്പിച്ച കരക്കെട്ടുത്സവമാണ് ഇവിടുത്തെ പ്രത്യേകത. ഒരു വിളവെടുപ്പുത്സവത്തിന്റെ കെട്ടും മട്ടും ഇതിനുണ്ട്. കാളയേയും കുതിരയേയും കെട്ടിയുണ്ടാക്കി ആര്‍പ്പുവിളികളോടെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. പിന്നെ കുത്തനെയുള്ള മലകയറി ക്ഷേത്രത്തെ വലം വെയ്ക്കുന്നു. മതനിരപേക്ഷമായ ഒരു ആരാധനാരീതിയാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്. മയ്യത്തുംകര ചന്ദനക്കുടവും വളരെയേറെ പ്രസിദ്ധമാണ്. ചന്ദനമരങ്ങള്‍ വളരുന്ന ദേവാലയാങ്കണമാണ് മയ്യത്തുംകരയില്‍ കാണാന്‍ കഴിയുക. കൊച്ചു തെരുവ് ക്രിസ്ത്യന്‍ പള്ളിയിലെ ഉത്സവവും ശ്രദ്ധേയമാണ്.