പോരുവഴി
1953 ആഗസ്റ്റ് 15-നാണ് അവിഭക്ത പോരുവഴി പഞ്ചായത്ത് നിലവില്‍ വന്നത്. ഇന്നത്തെ ശാസ്താംകോട്ട പഞ്ചായത്തുപ്രദേശം അന്ന് പോരുവഴിയുടെ ഭാഗമായിരുന്നു. അന്ന് 11 വാര്‍ഡുകളായിരുന്നു. കൊച്ചുതുണ്ടില്‍ കെ.ഗോപാലപിള്ളയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1963-ല്‍ വില്ലേജടിസ്ഥാനത്തില്‍ പോരുവഴി പഞ്ചായത്ത് വിഭജിക്കുകയും ഇന്നത്തെ പോരുവഴി പഞ്ചായത്തും ശാസ്താംകോട്ട പഞ്ചായത്തും നിലവില്‍ വരികയും ചെയ്തു. 21-12-1963-ല്‍ പുതിയ പോരുവഴി പഞ്ചായത്ത് നിലവില്‍ വന്നു. താഴത്തുവീട്ടില്‍ എന്‍.രാമചന്ദ്രന് ഉണ്ണിത്താന് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കിലുള്ള ഒരു കൊച്ചു ഗ്രാമപഞ്ചായത്താണ് പോരുവഴി. പോരുവഴി എന്ന ഒരു വില്ലേജ് മാത്രമടങ്ങുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ വടക്കുപടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന പോരുവഴി പഞ്ചായത്ത് ശാസ്താംകോട്ട പട്ടണത്തില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്നു. ശാസ്താംനട എന്ന സ്ഥലത്താണ് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നത്. 19.35 ചതുരശ്രകിലോമീറ്ററാണ് പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം. വടക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനംതിട്ട ജില്ലയിലെതന്നെ കടമ്പനാട് പഞ്ചായത്തും, തെക്കുകിഴക്കുഭാഗത്ത് കുന്നത്തൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ശൂരനാട് വടക്കും, തെക്കും പഞ്ചായത്തുകളുമാണ് പോരുവഴി പഞ്ചായത്തുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങള്‍. വിസ്തൃതിയേറിയ കുന്നിന്‍ചരിവുകളും വിശാലമായ താഴ്വരകളും ഉയര്‍ന്ന കുന്നിന്‍പുറങ്ങളും എല്ലാം ഇടകലര്‍ന്ന മനോഹരമായ ഭൂപ്രകൃതിയാണ് പോരുവഴിയുടേത്. പോരുവഴിക്ക് പോരിന്റേയും വീറിന്റേയും പാരമ്പര്യമുണ്ട്. വീരശൂര പരാക്രമികളായ കടമ്പ രാജാവും ശൂര രാജാവും തമ്മില്‍ ഏറ്റുമുട്ടിയ ചക്കുവള്ളി പടനിലം എന്ന സ്ഥലം ഇന്നും ആ പുരാതനയുദ്ധചരിത്രത്തിന്റെ നിത്യസ്മാരകമാണ്. കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും നാടാണ് പോരുവഴി. പള്ളിക്കലാറ് പോരുവഴിയുടെ വടക്കേ അതിരായൊഴുകുന്നു.