ചരിത്രം

സാമൂഹ്യചരിത്രം

പോരൂര്‍ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ പോരൂര്‍ പഞ്ചായത്ത്. പോരൂര്‍ ശിവക്ഷേത്രത്തിന്റെ ഉല്‍പത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരില്‍ നിന്നും കൈമാറിവന്ന ഐതീഹ്യം. കാടു വെട്ടിത്തെളിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരന്റെ ആയുധം തട്ടി കല്ലില്‍ നിന്നും ക്രമാതീതമായി പുക ഉയര്‍ന്നു എന്നും അങ്ങിനെ പുകയൂരായെന്നും, അത് ലോപിച്ച് പോരൂരായെന്നുമാണ് പ്രചരിക്കപ്പെട്ടിരിക്കുന്ന വിശ്വാസം. ഒരുകാലത്ത് കാടായികിടന്നിരുന്ന കേരളത്തില്‍ ക്ഷേത്രസ്ഥാപനത്തിനായി കാടുവെട്ടിത്തെളിക്കുന്ന ആവശ്യത്തിലേക്കാവാം, ഇതേ ഐതിഹ്യകഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. രാവണസഹോദരനും മഹാശിവഭക്തനുമായിരുന്ന “ഖരന്‍” പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയെന്നും ഐതീഹ്യമുണ്ട്. ചാത്തങ്ങോട്ടുപുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും പ്രസിദ്ധവുമാണ്. വളരെ പുരാതന കാലം മുതലേയുള്ള രണ്ടു മുസ്ളീം ആരാധനാലയങ്ങളാണ് എടപ്പുലം, തൊടികപ്പുലം പള്ളികള്‍. എടപ്പുലം പള്ളിക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണറിവ്. പ്രസിദ്ധമതപണ്ഡിതനും, ആദരണീയനുമായ പൊറ്റയില്‍ മാനുമുസ്ള്യാര്‍ ഇവിടുത്ത ഖാസി(പുരോഹിതന്‍) ആയിരുന്നു. ദേശീയ പ്രസ്ഥാനത്തിന് ഈ ഗ്രാമം അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാമനാട്ടുകരക്കാരനായ കൃഷ്ണ മേനോനാണ് ഇവിടെ ദേശീയ പ്രസ്ഥാനത്തിന്റെ വിത്തു പാകിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അക്കാലത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. 1921-ലെ മലബാര്‍ ലഹളയോടെ പൊട്ടിത്തെറിച്ച ജന്മി കുടിയാന്‍ ബന്ധത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ് 1929-ലെ മലബാര്‍ കുടിയായ്മ നിയമം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഭൂവുടമാ സമ്പ്രദായത്തിലെ സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്കും നാന്ദി കുറിച്ചത് മലബാര്‍ ലഹളയായിരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അധികാര ദുര്‍വിനിയോഗത്തിനും, അഴിമതിക്കും, താന്തോന്നിത്തത്തിനുമെതിരെ ജനങ്ങള്‍ അക്കാലത്തു തന്നെ ശക്തിയായി പ്രതികരിച്ചതിന് മറ്റു ധാരാളം തെളിവുകളുമുണ്ട്. 1963-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തുബോര്‍ഡ് അധികാരത്തില്‍ വന്നത്. പാരമ്പര്യചികിത്സാരംഗത്തും ജ്യോതിഷരംഗത്തും ചാത്തങ്ങോട്ടുപുറം പുറംനാടുകളിലും അറിയപ്പെടുന്ന പ്രദേശമാണ്. ഉണ്ണിക്കുട്ടി വൈദ്യര്‍ പഴയ കാലത്ത് ഈ പ്രദേശത്തെ പ്രധാന ആയുര്‍വദ വൈദ്യനായിരുന്നു. ആ വൈദ്യ പാരമ്പര്യം പ്രസ്തുതകുടുംബം ഇന്നും നിലനിര്‍ത്തുന്നു. പ്രസിദ്ധ വേദപണ്ഡിതനായിരുന്ന കാഞ്ഞിരത്ത് മണ്ണഴി കേശവന്‍ നമ്പൂതിരി കേള്‍വികേട്ട, പേപ്പട്ടിവിഷ ചികിത്സകന്‍ കൂടിയായിരുന്നു. പോരൂര്‍ഭാഗത്ത് നാട്ടുചികിത്സാരംഗത്ത് പേരെടുത്ത വൈദ്യന്മാരായിരുന്നു മൊടപ്പിലാശ്ശേരി കുഞ്ഞന്‍വൈദ്യര്‍, പോരൂര്‍ അയ്യപ്പന്‍ വൈദ്യര്‍ എന്നിവര്‍. പരിശുദ്ധ ഖുര്‍-ആന്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ആദരണീയ വ്യക്തിയായ അമാനത്ത് മുഹമ്മദ് അമാനി മൌലവി ഈ നാട്ടുകാരനാണ്.

സാംസ്കാരികചരിത്രം

പോരൂര്‍ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ പോരൂര്‍ പഞ്ചായത്ത്. പോരൂര്‍ ശിവക്ഷേത്രത്തിന്റെ ഉല്‍പത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര്‍ വന്നതെന്നാണ് പഴമക്കാരില്‍ നിന്നും കൈമാറിവന്ന ഐതീഹ്യം. കാടു വെട്ടിത്തെളിയിച്ചുകൊണ്ടിരുന്ന ഒരു പണിക്കാരന്റെ ആയുധം തട്ടി കല്ലില്‍ നിന്നും ക്രമാതീതമായി പുക ഉയര്‍ന്നു എന്നും അങ്ങിനെ പുകയൂരായെന്നും, അത് ലോപിച്ച് പോരൂരായെന്നുമാണ് പ്രചരിക്കപ്പെട്ടിരിക്കുന്ന വിശ്വാസം. ഒരുകാലത്ത് കാടായികിടന്നിരുന്ന കേരളത്തില്‍ ക്ഷേത്രസ്ഥാപനത്തിനായി കാടുവെട്ടിത്തെളിക്കുന്ന ആവശ്യത്തിലേക്കാവാം, ഇതേ ഐതിഹ്യകഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. രാവണസഹോദരനും മഹാശിവഭക്തനുമായിരുന്ന “ഖരന്‍” പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവപ്രതിഷ്ഠയെന്നും ഐതീഹ്യമുണ്ട്. ചാത്തങ്ങോട്ടുപുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും പ്രസിദ്ധവുമാണ്. പുരാതനമായ അച്ചത്ത് നായര്‍ തറവാട്ടിലെ ഒരു കാരണവര്‍ (പൈക്കാട്ട് നായരാണെന്നും പറയുന്നുണ്ട്) അങ്ങാടിപ്പുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പതിവുദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യത്താല്‍ തനിക്കിനി ഇവിടെ വന്ന് ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്ന് ദേവിയോട് മനമുരുകി പറഞ്ഞു തിരിച്ചു പോരുമ്പോള്‍ തിരുമാന്ധാംകുന്ന് ഭഗവതി അദ്ദേഹത്തിന്റെ ഓലക്കുടപ്പുറത്തു കയറി കൂടെ വന്നുവെന്നും അന്ന് ശാസ്താക്ഷേത്രമായിരുന്ന ഇപ്പോഴത്തെ ക്ഷേത്രത്തില്‍ കുടിയിരിക്കുകയും ശാസ്താവിനെ അപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് പ്രസ്തുതക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം. ശാസ്താവിനെ അങ്ങോട്ടു പുറത്തേക്ക് മാറ്റി കുടിയിരുത്തിയതിനാല്‍ “ശാസ്താവങ്ങോട്ടുപുറം” എന്ന പേരു വരുകയും, പിന്നീടതു ലോപിച്ച് “ചാത്തങ്ങോട്ടുപുറം” ആയിത്തീര്‍ന്നുവെന്നുമാണ് നാട്ടറിവ്. ഭഗവതി കുടയുടെ പുറത്തു കയറി എഴുന്നള്ളിയതിന്റെ അടയാളമായി ക്ഷേത്രത്തിലെ ഉത്സവദിവസങ്ങളില്‍ പ്രധാന ചടങ്ങായി “കുടയെഴുന്നള്ളിപ്പ്” ഇന്നും നടന്നുവരുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറു മാറി രവിമംഗലം എന്ന ഒരു ഗ്രാമമുണ്ട്. ഇവിടെയുള്ള സുപ്രസിദ്ധമായ വിഷ്ണുക്ഷേത്രത്തില്‍ രവിയുടെ (സൂര്യന്‍) അംശമുള്ള വിഷ്ണുവായതിനാല്‍ രവിമംഗലം എന്ന പേര് വന്നു എന്നൂഹിക്കപ്പെടുന്നു. കുംഭമാസത്തിലെ പുണര്‍തം നാള്‍ തുടങ്ങി ചിത്ര ആറാട്ടോടുകൂടി 8 ദിവസത്തെ ഉത്സവം വിവിധ പരിപാടികളോടെ പോരൂര്‍ ശിവക്ഷേത്രത്തില്‍ നടത്തിവരുന്നു. പഴയ പോരൂര്‍ അംശത്തിന്റെ ദേശീയോത്സവമായി ഇതിനെ കണക്കാക്കിയിരുന്നു. പോരൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രംവിളക്ക് ആഘോഷം പ്രൌഢഗംഭീരമാണ്. ചാത്തങ്ങോട്ടുപുറം താലപ്പൊലി പ്രധാനമായും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. താലപ്പൊലിക്കു ശേഷമാണ് പുതുവര്‍ഷത്തെ കൃഷിപ്പണിയും, കാലി മേയല്‍ പോലും അതിനു ശേഷം മാത്രമാണ് തുടങ്ങുന്നത്. താലപ്പൊലിയൊടനുബന്ധിച്ച് കാളക്കണ്ടത്തില്‍ വെച്ചുനടക്കുന്ന തല്ല് പ്രസിദ്ധമാണ്. പാരമ്പര്യാനുഷ്ഠാനമായ ഈ ചടങ്ങില്‍ പരാതിയോ പോലീസ് ഇടപെടലൊ ഉണ്ടാകാറില്ല. മദ്യനിരോധനനിയമം ഉണ്ടായിരുന്ന കാലത്തുപോലും താലപ്പൊലി ദിവസം ഇവര്‍ക്ക് മദ്യപിക്കാമായിരുന്നു. മതമൈത്രയുടെ പ്രകടമായ ഒരടയാളവും താലപ്പൊലിയോടനുബന്ധിച്ച് ഉണ്ടായിരുന്നു. എഴുന്നള്ളത്തിന്റെ മുന്നില്‍ ഒരു തലേക്കെട്ടുകാരന്‍ (മുസ്ളീം) നടക്കണം. മുണ്ടയില്‍ തറവാട്ടുകാരാണ് ഇതുചെയ്തിരുന്നത്. വളരെ പുരാതന കാലം മുതലേയുള്ള രണ്ടു മുസ്ളീം ആരാധനാലയങ്ങളാണ് എടപ്പുലം, തൊടികപ്പുലം പള്ളികള്‍. എടപ്പുലം പള്ളിക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണറിവ്. പ്രസിദ്ധമതപണ്ഡിതനും, ആദരണീയനുമായ പൊറ്റയില്‍ മാനുമുസ്ള്യാര്‍ ഇവിടുത്ത ഖാസി(പുരോഹിതന്‍) ആയിരുന്നു.