പഞ്ചായത്തിലൂടെ

പോരൂര്‍  - 2010 

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് പോരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955 ഡിസംബര്‍ 30-ാം തീയതി രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം  34.86 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വണ്ടൂര്‍, തിരുവാലി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് വണ്ടൂര്‍, കാളികാവ് ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. പോരൂര്‍ ഗ്രാമപഞ്ചായത്തിലെ മൊത്തം ജനസംഖ്യ 25631 ആണ്. ഇതില്‍ 12406 പേര്‍ സ്ത്രീകളും 13225 പേര്‍ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാനിരക്ക് 88.26 ശതമാനമാണ്.ഭൂപ്രകൃതി അനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് പോരൂര്‍. കുന്നിന്‍പ്രദേശങ്ങളും താഴ്വരകളും നെല്‍വയലുകളും ചേര്‍ന്ന ഭൂപ്രകൃതിയോടു കൂടിയ  ഇവിടെ കൃഷി ചെയ്യുന്ന  പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കവുങ്ങ് എന്നിവയാണ്. ഉപരിതല ജലസ്രോതസ്സായ 14 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. കൊലേടിയന്‍ കുന്ന്, കല്ലുമല എന്നിവ പഞ്ചായത്തിന്റെ പ്രധാന കുന്നുകളാണ്. പഞ്ചായത്തില്‍ സ്വകാര്യ കിണറുകളെ കൂടാതെ 303 പൊതുകിണറുകളും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിലെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാര യോഗ്യമാക്കുന്നതിനായി 388 തെരുവുവിളക്കുകള്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. കല്ലുമല പഞ്ചായത്തിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്.കരിപ്പൂര്‍ വിമാനത്താവളമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. തൊടികപ്പുലം, വാണിയമ്പലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള തുറമുഖം. വണ്ടൂര്‍ ബസ് സ്റ്റാന്റ്, പാണ്ടിക്കാട് ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍. പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് ഊട്ടി-നിലമ്പൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാത.പോരൂര്‍ പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍  8 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്.ചെറുകോടാണ് പഞ്ചായത്തിലെ വ്യാപാര കേന്ദ്രം.വിവിധ മതക്കാരുടേതായി നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. രവിമംഗലം മഹാവിഷ്ണുക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, പോരൂര്‍ ശിവ ക്ഷേത്രം  എന്നിവ പഞ്ചായത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. എടപ്പുലം ജുമാമസ്ജിദ്, തൊടികപ്പുലം ജുമാ അത്ത് പള്ളി, എരഞ്ഞിക്കുന്ന് ജുമാമസ്ജിദ്, കോട്ടക്കുന്ന് ജുമാമസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട മുസ്ളിം പള്ളികള്‍. ചാത്തങ്ങോട്ടുപുറം താലപ്പൊലി ഉത്സവം പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആഘോഷമാണ്.മമ്മുമൌലവി (ഉപ്പുസത്യാഗ്രഹം), പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പി.കെ.ശങ്കരവാര്യര്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളായിരുന്നു. സ്വാതന്ത്ര്യസമരസേനാനി പി.എന്‍.നമ്പീശന്‍, ചെണ്ടവാദ്യ വിദഗ്ദന്‍ പോരൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്.ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ ഒരു  പ്രാഥമിക ആരോഗ്യകേന്ദ്രം പോരൂരില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി ആശുപത്രികളും പഞ്ചായത്തില്‍ ഉണ്ട്. വണ്ടൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ ആംബൂലന്‍സ്  സേവനം പഞ്ചായത്തിലും ലഭ്യമാണ്.മൃഗാശുപത്രി വകുപ്പിനു കീഴില്‍ ഒരു മൃഗാശുപത്രി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി 13 സ്കൂളുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി അംഗന്‍വാടികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മാനുമുസ്ളിയാര്‍ സ്മാരക അനാഥ അഗതി മന്ദിരം (യത്തീംഖാന) പഞ്ചായത്തിലെ ഒരു പ്രധാന സാമൂഹ്യസ്ഥാപനമാണ്.പോരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും, എസ്.എം.ജി.ബാങ്കും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ബാങ്കിംഗ് സ്ഥാപനങ്ങളാണ്.ചെറുകോട് കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി സ്മാരക വായനശാല, പോരൂര്‍ ജനകീയ വായനശാല, പൂത്രക്കോവ് കേശവന്‍ സ്മാരക വായനശാല, അയനിക്കോട് ജ്ഞാനോദയം  വായനശാല, ചേരിപ്പറമ്പ് പ്രിയദര്‍ശിനി വായനശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വായനശാലകള്‍.പാണ്ടിക്കാട്, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ കൃഷിഭവന്‍ അയനിക്കോടും വില്ലേജ് ഓഫീസ് ചെറുക്കോടും സ്ഥിതി ചെയ്യുന്നു. ചാത്തങ്ങോട്ടുപുറം, പോരൂര്‍ എന്നിവിടങ്ങളിലായി രണ്ട് തപാല്‍ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍. വണ്ടൂര്‍ പോലീസ് സ്റ്റേഷനാണ് പഞ്ചായത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്‍.