പോരൂര്‍

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍, വണ്ടൂര്‍ ബ്ളോക്കിലാണ് പോരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പോരൂര്‍ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന പോരൂര്‍ ഗ്രാമപഞ്ചായത്തിനു 34.86 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വണ്ടൂര്‍, തിരുവാലി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് വണ്ടൂര്‍, കാളികാവ് ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കൊച്ചു കൊച്ചു മലകളും കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. നെല്ല്, തെങ്ങ്, കമുക്, കശുമാവ്, റബ്ബര്‍, കപ്പ, ഏത്തവാഴ എന്നിവയാണ് ഇവിടുത്തെ മുഖ്യ കാര്‍ഷികവിളകള്‍. 1992-93 കാലഘട്ടത്തില്‍ ഈ പഞ്ചായത്ത് സ്വാശ്രയ ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1955 ഡിസംബര്‍ 30-ന് പോരൂര്‍ പഞ്ചായത്ത് നിലവില്‍ വന്നങ്കിലും, 1961-ലെ വില്ലേജുപുന:സംഘടനയെ തുടര്‍ന്ന്, പോരൂരും ചാത്തങ്ങോട്ടുപുറവും സംയോജിപ്പിക്കുകയും, ചാത്തങ്ങോട്ടുപുറം പോരൂര്‍ പഞ്ചായത്തിന്റെ ഭാഗമാവുകയും ചെയ്തു. 1961-ലാണ് ഇന്നത്തെ രൂപത്തിലുള്ള പോരൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. 1921-ലെ മലബാര്‍ ലഹളയ്ക്കു മുന്‍പ്, പയ്യനാട് വില്ലേജിന്റെ രണ്ട് ദേശങ്ങളായിരുന്നു പോരൂരും ചാത്തങ്ങോട്ടു പുറവും. ഈ ഗ്രാമത്തെ രണ്ടായി മുറിച്ചുകൊണ്ടാണ് നിലമ്പൂര്‍ - പെരിന്തല്‍മണ്ണ റോഡ് കടന്നുപോകുന്നത്. ജലസ്രോതസ്സുകളായി ചെറുതും വലുതുമായ 67 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. അമ്പതു ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാണ്.