ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

പഴയ കൊച്ചിരാജ്യത്ത് മാതൃകാപഞ്ചായത്തുകള്‍ സ്ഥാപിതമായ സമയത്ത് നിലവില്‍ വന്ന പഞ്ചായത്താണ് പൊറത്തിശ്ശേരി പഞ്ചായത്ത്. ഭൂനികുതി നല്‍കുവാന്‍ ശേഷിയുള്ളവര്‍ക്കുമാത്രമേ അന്ന് വോട്ടവകാശം ഉണ്ടായിരുന്നുള്ളു. അങ്ങിനെയുള്ളവര്‍ വോട്ടു ചെയ്താണ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തിരുന്നത്. തിരു-കൊച്ചി പഞ്ചായത്തുനിയമം നിലവില്‍ വന്ന 1953 മുതല്‍ക്കാണ് പുതിയ പഞ്ചായത്തുകള്‍ രൂപീകൃതമായത്. പി.കെ.ചാത്തന്‍ മാസ്റ്ററാണ് ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ്. 1952-ല്‍ ഏഴു വാര്‍ഡുകളുണ്ടായിരുന്നത് 1979-ല്‍ 11 വാര്‍ഡുകളായും 1985-ലെ വിഭജനത്തില്‍ 12 വാര്‍ഡുകളായും വര്‍ദ്ധിച്ചു. ആരംഭകാലത്ത് സ്വകാര്യവ്യക്തിയുടെ വസതിയില്‍ പ്രവര്‍ത്തിച്ചുവന്ന പഞ്ചായത്ത് ആസ്ഥാനം അറയ്ക്കല്‍ ലോനപ്പന്‍ പ്രസിഡന്റായതിനെ തുടര്‍ന്നു കരുവനൂര്‍ മുസാവരി ബംഗ്ളാവിലെ കുശിനി പ്രവര്‍ത്തിച്ചിരുന്ന മുറിയിലേക്ക് മാറ്റി പ്രവര്‍ത്തനം തുടര്‍ന്നു. കൊച്ചിരാജഭരണകാലത്ത് ഈ മുസാവരി ബംഗ്ളാവ് ഒരു പ്രധാനകേന്ദ്രമായിരുന്നു. അന്ന് എറണാകുളത്തുനിന്നും ജലമാര്‍ഗ്ഗം കായലിലൂടെയും, കനോലി കനാലിലൂടെയും കരുവന്നൂര്‍ പുഴ വഴിയും ഇവിടെയുള്ള ബംഗ്ളാവിലെത്തിയിരുന്ന രാജകുടംബാംഗങ്ങളും ദിവാന്‍ പേഷ്ക്കാരും മറ്റു അധികാരികളും ഇവിടെ ഇറങ്ങി ഔദ്യോഗികകൃത്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം കുതിരസവാരിയായി തൃശ്ശിവപേരൂര്‍ക്ക് പോവുകയും ചെയ്തിരുന്നു. 1964-ല്‍ അന്നത്തെ ഭരണസമിതി കുശിനി പൊളിച്ചുമാറ്റി ഇന്നുകാണുന്ന പഞ്ചായത്തുകെട്ടിടം നിര്‍മ്മിച്ചു. കാര്‍ഷികപ്രധാനമായ പൊറത്തിശ്ശേരിയുടെ മുഖ്യകൃഷി ഒരുകാലത്ത് നെല്ലായിരുന്നു. എന്നാല്‍ നെല്‍കൃഷി ലാഭകരമല്ലാത്തതിനാല്‍ 1940-കളില്‍ തന്നെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നെല്‍കൃഷിയുടെ സ്ഥാനത്ത് നാണ്യവിളകള്‍ കൃഷിചെയ്യാനാരംഭിച്ചിരുന്നു. കൃഷി മുഖ്യതൊഴിലായ ഒരു ജനസമൂഹമുള്ള സ്ഥലമായതിനാല്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഒരു സാംസ്ക്കാരികാന്തരീക്ഷമാണ് പൊറത്തിശ്ശേരിക്കുള്ളത്. നാടന്‍പാട്ടുകള്‍, ഞാറ്റുപാട്ടുകള്‍, തേക്കുപാട്ടുകള്‍ എന്നിവകൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്ന ഒരു ഗതകാലം ഈ നാടിനുണ്ടായിരുന്നു. ഫ്യൂഡല്‍കാലഘട്ടസ്മരണകളുണര്‍ത്തുന്ന തുയിലുണര്‍ത്തുപാട്ട്, കുറത്തിപാട്ട്, നന്തുണിപാട്ട്, തോറ്റംപാട്ട്, ഭഗവതിപാട്ട്, കളംപാട്ട് എന്നിവയും ഇവിടെ സജീവമായി നിലനിന്നിരുന്നു. തുയിലുണര്‍ത്ത്, കുറത്തിപാട്ട് എന്നിവ പാണര്‍സമുദായക്കാരും നന്തുണിപാട്ട്, തോറ്റംപാട്ട്, ഭഗവതിപാട്ട് എന്നിവ വേല(മണ്ണാര്‍)സമുദായക്കാരുമാണ് നടത്തിയിരുന്നത്. ഭഗവതിക്ഷേത്രത്തിലെ വേലകളുടെ ഭാഗമായി ദാരികന്‍കളി, കുതിരകളി എന്നിവയൊക്കെ അനുഷ്ഠാനമെന്ന നിലയില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. വേട്ടുകുന്നത്തുകാവ് ഭഗവതിക്ഷേത്രത്തിന് ഏകദേശം ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. മൂര്‍ക്കനാട്ട് ശിവക്ഷേത്രത്തിലെ രണ്ടു ശിവന്മാരുടെ പ്രതിഷ്ഠ വളരെ സവിശേഷതയാര്‍ന്നതാണ്. തളിയക്കോണം ശ്രീകൃഷ്ണക്ഷേത്രമാകട്ടെ മഹാവിഷ്ണു, മഹാദേവന്‍ എന്നീ പ്രതിഷ്ഠകളുള്ള അതിപുരാതനമായ ക്ഷേത്രമാണ്. വിത്തിരട്ടി പാട്ടത്തിന് 1400 പറ നെല്ല് പാട്ടം ലഭിച്ചിരുന്ന പള്ളിയാണിത്. എ.ഡി 932-ല്‍ സ്ഥാപിതമായ മാപ്രാണം പള്ളി ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ദേവാലയമാണ്. പുഞ്ചപാടത്തിനു നടുവിലായി പ്രശാന്തമായ പ്രകൃതിരമണീയതയില്‍ സ്ഥിതി ചെയ്യുന്ന നമ്പ്യേന്‍കാവ് ശിവക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യമുണ്ട്. ചുറ്റും വെള്ളം കയറിയാലും ഈ ക്ഷേത്രത്തിലേക്ക് വെള്ളം കയറുകയില്ലെന്നാണ് വിശ്വാസം. കാട്ടുങ്ങചിറയില്‍ കൂട്ടമായി താമസമാക്കിയ റാവുത്തര്‍ സമുദായത്തിന്റെ പുരാതനമായ ദേവാലയമാണ് കാട്ടുങ്ങചിറ ജുമാ അത്ത് പള്ളി. ഈ പഞ്ചായത്തിലെ റോഡുകളുടെ വികസനപ്രവര്‍ത്തനം ആരംഭിച്ചത് 1840-നും 1848-നും ഇടക്കായിരുന്നു. ഈ പരിഷ്ക്കാരത്തിന്റെ അനന്തരഫലമാണ് തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുട വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന റോഡ്. പൊറത്തിശ്ശേരി പഞ്ചായത്തിന്റെ ഹൃദയധമനിയായാണ് ഈ റോഡ് നിലകൊള്ളുന്നത്. 1905-ല്‍ പൊറത്തിശ്ശേരി പഞ്ചായത്തിലെ മാപ്രാണം പള്ളി കെട്ടിടത്തില്‍ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം സ്ഥാപിതമായി. പള്ളിയുടെ സാമ്പത്തികനില അധ:പതിച്ചതിനാല്‍ കെട്ടിടം കരുവന്നൂര്‍ ഫ്രാന്‍സിസ്ക്കന്‍ ക്ളാരമഠക്കാര്‍ക്ക് വില്‍ക്കേണ്ടിവന്നു. 1938 മേയ് 30-ന് ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളാക്കി മാറ്റി. ഈ പഞ്ചായത്തിലെ പ്രഥമഹൈസ്കൂള്‍ അനുവദിച്ചത് മൂര്‍ക്കനാടാണ്. 1924 ആരംഭിച്ച സെന്റ് ആന്റണീസ് എല്‍.പി.സ്കൂള്‍ 1938-ല്‍ യു.പി ആക്കി അപ്ഗ്രേഡ് ചെയ്യുകയും തുടര്‍ന്ന് 1946-ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂള്‍ മാടായിക്കോണത്ത് സ്ഥിതി ചെയ്യുന്നു. 1951-ല്‍ ജൂനിയല്‍ ബോയ്സ് സ്കൂളായി ആരംഭിക്കുകയും പിന്നീട് 1967-ല്‍ ഗവണ്‍മെന്റ് യു.പി.സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ പേര് തദ്ദേശവാസിയും സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനും പൊറത്തിശ്ശേരി പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റും, മുന്‍മന്ത്രിയുമായിരുന്ന പി.കെ.ചാത്തന്‍മാസ്റ്ററുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുകയുണ്ടായി. പാരമ്പര്യവൈദ്യന്‍മാരേയും മന്ത്രവാദികളേയും രോഗശമനത്തിന് വേണ്ടി സമീപിച്ചിരുന്ന മറ്റേതു കേരളീയ ഗ്രാമങ്ങള്‍ക്കും ഉള്ളതുപോലുള്ള ഒരു ഭൂതകാലമാണ് പൊറത്തിശ്ശേരിക്ക് ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുടയിലെ സര്‍ക്കാര്‍ ആശുപത്രിയാണ് ഒരു ആധുനിക ചികിത്സ കേന്ദ്രമായി ഏറ്റവും അടുത്തുണ്ടായിരുന്നത്. 1971-ല്‍ പൊറത്തിശ്ശേരി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു മുറി ഒഴിവാക്കി ഒരു സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ആരംഭിച്ചു. അതായിരുന്നു ആദ്യത്തെ ആരോഗ്യകേന്ദ്രം. 1932-കളില്‍ പ്രവര്‍ത്തനമാരംഭിച്ച കരുവന്നൂര്‍ ഗ്രാമീണവായനശാല, മൂര്‍ക്കനാട് ഗ്രാമീണവായനശാല, തളിയക്കോണം ഗ്രാമീണവായനശാല, മാടായിക്കോണം ഗ്രാമീണ വായനശാല, നവോദയ വായനശാല എന്നിവ വളരെ പഴക്കമുള്ള ഗ്രന്ഥാലയങ്ങളാണ്.