പഞ്ചായത്തിലൂടെ

ഭൂപ്രകൃതി, കൃഷി

തെങ്ങ്, നെല്ല്, വാഴ, മരച്ചീനി, വെറ്റിലക്കൊടി, പച്ചക്കറികള്‍ തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ പ്രധാന കൃഷിയിനങ്ങള്‍. വെളളത്തിന്റെ അഭാവം കാരണം പല കൃഷിഭൂമികളും തരിശു ഭൂമിയായി കിടക്കുന്നു. നിലവിലുളള ജലസ്രോതസ്സുകളില്‍ നിന്നും വെളളം കൃഷി സ്ഥലങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ എല്ലായിനം കൃഷികളും നടത്താന്‍ അനുയോജ്യമാണ് ഈ പ്രദേശത്തെ മണ്ണ്. തീരദേശം ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും തെങ്ങ് ധാരാളമായി കൃഷി ചെയ്തുവരുന്നു. തെങ്ങുകൃഷിയില്ലാത്ത വീടുകള്‍ ഒന്നുംതന്നെ ഈ പഞ്ചായത്തിലില്ല. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കാരണം കൃഷി ചെയ്യാനാവാതെ ഈ പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും നെല്‍കൃഷി കുറഞ്ഞു വരുന്നു. കേരളത്തേയും തമിഴ്നാടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൂവ്വാര്‍ പാലവും, കോവളത്തും, കന്യാകുമാരിയിലും വന്നുചേരുന്ന വിദേശികളെ ആകര്‍ഷിക്കുന്ന നെയ്യാറും, അറബിക്കടലും ഒത്തുചേരുന്ന പൊഴിക്കരയും ഈ പഞ്ചായത്തിലാണ്. 15 വാര്‍ഡുകളുളള പൂവാര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും ചെറുകിട കര്‍ഷകരുമാണ് കൂടുതല്‍. കൃഷിയ്ക്കും കന്നുകാലി വളര്‍ത്തലിനും യോജിച്ച ഭൂപ്രകൃതിയും ജലസേചന സൌകര്യവും ഇവിടെയുണ്ട്. ഈ പഞ്ചായത്തിലെ മൃഗാശുപത്രിയും ഐ.സി.ഡി.പി സബ് സെന്ററും അരുമാനൂരിലാണ് പ്രവര്‍ത്തിക്കുന്നത്. പൂവ്വാര്‍ ഗ്രാമപഞ്ചായത്തില്‍ തീരദേശ പ്രദേശങ്ങളിലെ രണ്ടു വാര്‍ഡുകളിലായാണ് മത്സ്യതൊഴിലാളികള്‍ അധിവസിക്കുന്നത്. യന്ത്രവല്‍ക്കൃത ബോട്ടുകളുടെ വരവോടുകൂടി പരമ്പരാഗത മത്സ്യബന്ധന മേഖല തകര്‍ന്നു കൊണ്ടിരിക്കുന്നു. പരമ്പരാഗത മത്സ്യബന്ധന രീതി ഇന്ന് അപൂര്‍വ്വമായി മാത്രമേ കാണുന്നുളളൂ. യമഹ, സുസൂക്കി തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടുകൂടി നടത്തുന്ന മത്സ്യബന്ധനവും ആശ്വാസകരമല്ല. കൃത്രിമപാര് നിര്‍മ്മിച്ച് കടലില്‍ കരയോടടുത്ത സ്ഥലത്ത് നിക്ഷേപിച്ച് മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് തുച്ഛമായ മുടക്കുമുതല്‍ കൊണ്ടുളള ഒരു പദ്ധതി ചിലയിടങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. കൃത്രിമമായി നിര്‍മ്മിക്കുന്ന ഇത്തരം പാരുകള്‍ ഒരു പരിധിവരെ മത്സ്യക്കുഞ്ഞുങ്ങളെയും മുട്ടകളെയും അത്യുഗ്രമായ ഒഴുക്കില്‍ നിന്നുംപോലും രക്ഷപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. മാത്രമല്ല വലിയ മത്സ്യങ്ങള്‍ ഈ പാരിന് സമീപമായി കൂട്ടംകൂടുകയും ചെയ്യും. കരയ്ക്ക് വളരെ അടുത്ത് ആയതുകാരണം സുഗമമായ മത്സ്യബന്ധനത്തിന് ഇത്തരം പാരുകള്‍ സഹായകമാകുന്നു.

അടിസ്ഥാന മേഖലകള്‍

കേരള സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വന്നിട്ടുളള മാറ്റങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പൂവ്വാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നിലാണ്. 1956-ല്‍ പൂവ്വാര്‍ കേന്ദ്രമാക്കി ആരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രമാണ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനം. കൂടാതെ 1983-ല്‍ ആരംഭിച്ച ഹോമിയോ ആശുപത്രിയും, മാത്യശിശു ആരോഗ്യ കേന്ദ്രങ്ങളും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1990 മാര്‍ച്ചില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഇതിനെ അപ്ഗ്രേഡു ചെയ്തു. ഈ പഞ്ചായത്തു പ്രദേശം നീരുറവകളും കുളങ്ങളും തോടുകളും കൊണ്ട് സമ്പുഷ്ടമാണെങ്കിലും അവയില്‍ പലതും വ്യക്തികള്‍ ബോധപൂര്‍വ്വം നികത്തുകയോ തോടുകെട്ടി വീതി കുറച്ചു അടയ്ക്കുകയോ ചെയ്യുന്ന പ്രവണത നിലനില്ക്കുന്നു. വ്യവസായികമായി പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്താണ് പൂവ്വാര്‍. തീപ്പെട്ടി വ്യവസായം, മരം അറുപ്പ് വ്യവസായം എന്നിവയില്‍ പരിമിതമായ ആളുകള്‍മാത്രം ഏര്‍പ്പെട്ടിരിക്കുന്നു. പൂവ്വാര്‍ പഞ്ചായത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ സര്‍വ്വീസു നടത്തുന്നുളളൂ. 24-2-1984-ലാണ് പൂവ്വാര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തിന്റെ മുഖ്യവരുമാനം കെട്ടിട നികുതി, തൊഴില്‍നികുതി, വിനോദ നികുതി, ലൈസന്‍സ്ഫീസ്, മണല്‍ലേലം (ഒന്നിടവിട്ടവര്‍ഷം) പഞ്ചായത്ത് വസ്തുക്കളില്‍ നിന്നുമുളള വരുമാനം എന്നിവയാണ്. ഇവിടെ വന്‍കിട വ്യവസായങ്ങളോ, ചെറുകിട വ്യവസായങ്ങളോ ഒന്നുമില്ല. ചരിത്ര പ്രസിദ്ധമായ പൂവ്വാറിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ രമണീയതയാണ് പൊഴിക്കരയും, പരിസര പ്രദേശങ്ങളും. കോവളത്തിനും കന്യാകുമാരിക്കും ഇടയ്ക്കായി സുന്ദരമായ ഒരു ഭൂപ്രദേശം ഉള്ള വിവരം അടുത്തകാലത്താണ് പുറം ലോകം അറിഞ്ഞുതുടങ്ങിയത്. പൂവ്വാര്‍ ജംഗ്ഷനില്‍ നിന്നും തീരദേശ പാതയിലൂടെ അരകിലോമീറ്റര്‍ കടക്കുമ്പോള്‍ തന്നെ അറബിക്കടലിന്റെ മനോഹാരിത നമുക്ക് കാണുവാന്‍ സാധിക്കും. അറബിക്കടലിന് സമാന്തരമായി ഒഴുകുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍, ഒരു വശത്ത് വിജനവും വിശാലവുമായ മണല്‍പ്പരപ്പ്. മറുവശത്ത് ദ്വീപസമൂഹങ്ങളെ ഓര്‍മ്മിപ്പിക്കുമാറ് മനോഹരമായ തുരുത്തുകളും തെങ്ങിന്‍തോപ്പുകളും. അറബിക്കടലിനും മണല്‍പ്പരപ്പിനും തീരദേശ പാതയ്ക്കും അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാലിനും തെങ്ങിന്‍തോപ്പുകള്‍ക്കും സമാന്തരമായി ഒഴുകുന്ന നെയ്യാര്‍, നെയ്യാറിനപ്പുറം മനോഹരമായ വെളളമണല്‍ക്കൂനകളും, അതിനെക്കാള്‍ ഉയര്‍ന്ന പൊറ്റകളും നെയ്യാറില്‍ അവിടവിടെയായി തല ഉയര്‍ത്തി നില്ക്കുന്ന കരിമ്പാറക്കൂട്ടങ്ങള്‍ ഇവയെല്ലാം തീര്‍ക്കുന്ന മനോഹരമായ പൂവ്വാറിന്റെ പ്രകൃതിഭംഗി വര്‍ണ്ണനാതീതമാണ്.