പൂവാര്‍

കേരളത്തിന്റെ തെക്കേയറ്റത്ത് നെയ്യാറ്റിന്‍കര താലൂക്കില്‍ തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നു സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പൂവ്വാര്‍. തെക്ക് അറബിക്കടലും, വടക്കു വയലേലകളും തെങ്ങിന്‍തോപ്പുകളും, കിഴക്കു നെയ്യാറും, പടിഞ്ഞാറ് ചരിവിന്‍പ്രദേശങ്ങളുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി സുന്ദരമായ 7.34 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളളതാണ് പൂവ്വാര്‍ പഞ്ചായത്ത്. പഴയകാലത്ത് പോക്കുമൂസാപുരം എന്നറിയപ്പെട്ടിരുന്ന പൂവ്വാര്‍, പഴയ തെക്കന്‍തിരുവിതാംകൂറിന്റെ രാഷ്ട്രീയഭരണ ചരിത്രത്തിലെ ഗതിവിഗതികള്‍ക്ക് സാക്ഷ്യം വഹിച്ചതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. അക്കാലത്തെ രാഷ്ട്രീയ സാഹചര്യവുമായി പൂവ്വാര്‍ എത്രത്തോളം ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നറിയാന്‍ രണ്ടര നൂറ്റാണ്ട് പിന്നിലേക്ക് പോകണം. എട്ടുവീട്ടില്‍ പിളളമാരില്‍ നിന്നും മാടമ്പിമാരില്‍ നിന്നും പ്രാണ രക്ഷാര്‍ത്ഥം മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഓടിനടക്കുന്ന കാലം. ജീവന്‍ ഭയന്ന് പലായനം ചെയ്ത് നെയ്യാറിന്റെ തെക്കേയറ്റമായ പോക്കുമൂസാപുരത്തെത്തി. ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗി മഹാരാജാവിനെ ആകര്‍ഷിച്ചു. പ്രത്യേകിച്ച് ആറ്റിന്‍തീരത്ത് നിരനിരയായുണ്ടായിരുന്ന കോവള മരത്തിലെ ചുവന്ന മനോഹരമായ പൂക്കള്‍. ഈ പൂക്കള്‍ ആറ്റിലാകെ വീണ് ആറിന് ഒരു ചുവന്ന ജലഛായ നല്‍കിയിരുന്നു. ഇത് കണ്ട രാജാവ് “പൂ ആറാണല്ലോ” എന്നു പറഞ്ഞുപോയി എന്നും ഈ വിശേഷണമാണ് പില്‍ക്കാലത്ത് ഈ പ്രദേശത്തിന് പുവാറെന്ന് പേരു വീഴാന്‍ കാരണമായതെന്നുമാണ് സ്ഥലനാമ ചരിത്രം. 25.9.1969-ല്‍ പൂവ്വാര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1969-ന് മുന്‍പ് പൂവ്വാര്‍ പഞ്ചായത്ത് തിരുപുറം പഞ്ചായത്തിന്റെ ഭാഗമായിരുന്നു. തിരുപുറം പഞ്ചായത്തില്‍ നിന്നും ചിലപ്രദേശങ്ങള്‍ വേര്‍പെടുത്തിയാണ് പൂവ്വാര്‍ പഞ്ചായത്ത് രൂപീകരിച്ചത്. തിരുപുറം വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. മത്സ്യത്തൊഴിലാളികള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് പൂവ്വാര്‍ പഞ്ചായത്ത്.