പൂക്കോട്ടൂര്‍

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 1956 ഒക്ടോബര്‍ 11-ാം തിയതി രൂപീകൃതമായി. 20.63 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കു ഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, ആനക്കയം പഞ്ചായത്തും, പടിഞ്ഞാറ് മൊറയൂര്‍ പഞ്ചായത്തും, വടക്ക് പുല്പ്പറ്റ, മൊറയൂര്‍ പഞ്ചായത്തുകളും, തെക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുമാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 31754 ആണ്. 90% ആണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച രക്തസാക്ഷി സ്മാരകം പഞ്ചായത്തിന്റെ എടുത്തു പറയാവുന്ന ഒരു പ്രധാന ആകര്‍ഷണമാണ്. തട്ടപ്പറമ്പ് മല, മേമാട് മല, മാണിക്യംപാറ, മൈലാടി കുന്ന്  തുടങ്ങി കുന്നുകളും മലകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍പ്പെടുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി എന്നിവയൊക്കെയാണ് പ്രധാന കൃഷിവിളകള്‍. പഞ്ചായത്തിലെ എട്ടോളം വരുന്ന കുളങ്ങളാണ് പ്രധാന ജലസ്രോതസ്സുകള്‍. നാഷണല്‍ ഹൈവേ 213, മഞ്ചേരി-നിലമ്പൂര്‍ സംസ്ഥാന പാത എന്നിവ പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി ബസ് സ്റ്റാന്റുകളെ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും നടക്കുന്നത്. പഞ്ചായത്ത് നിവാസികള്‍ റെയില്‍യാത്രയ്ക്കായി തിരൂര്‍ റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വിദേശയാത്രയ്ക്കായി പഞ്ചായത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് പഞ്ചായത്തില്‍നിന്ന് 15 കി.മീ അകലെയുള്ള കരിപ്പൂര്‍ വിമാനത്താവളമാണ്. ബേപ്പൂരാണ് പഞ്ചായത്തിന് അടുത്തുള്ള തുറമുഖം. ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈ പഞ്ചായത്തിലുണ്ട്. നാനാമത വിഭാഗക്കാരുടെ ഇരുപത്തിയഞ്ചിലധികം വരുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളിലെ പെരുന്നാളുകള്‍, നേര്‍ച്ചകള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും നാനാജാതി മതവിഭാഗക്കാരുടെ സഹായസഹകരണങ്ങളോടെ നടത്തപ്പെടുന്നു. രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളില്‍ സജീവമായിരുന്ന കാരാട്ട് മുഹമ്മദ് ഹാജി, വേലുക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളായിരുന്നു. ആശ്രയമില്ലാത്തവരെ സംരക്ഷിക്കാനായി മുസ്ലിയാര്‍ പീടിക, ഇല്യോംപറമ്പ് എന്നിവിടങ്ങളില്‍ അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. വൈദ്യുതബോര്‍ഡ് ഓഫീസും, ടെലഫോണ്‍ എക്സ് ചേഞ്ചും വെള്ളുവമ്പ്രത്താണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെ വില്ലേജ് ഓഫീസ് പുല്ലാരയില്‍ സ്ഥിതിചെയ്യുന്നു. അറവങ്കരയാണ് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. പൂക്കോട്ടൂര്‍, വെള്ളുവമ്പ്രം, വെള്ളൂര്‍ എന്നിവിടങ്ങളിലായി പോസ്റ്റോഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പൂക്കോട്ടൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്നത്.