ചരിത്രം

കൂട്ടുകുടുംബ വ്യവസ്ഥയിലാണ് ജനങ്ങള്‍ അധിവസിച്ചിരുന്നത്. ചിലപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനവാസമുണ്ടായിരുന്നത്. മുഖ്യ ഭക്ഷണം അരിയും അരിയുല്‍പ്പന്നങ്ങളുമായിരുന്നു. കര്‍ഷകകുടുംബങ്ങളില്‍ വിഷുപുലരി മുതല്‍ കര്‍ക്കിടകം അവസാനം വരെ ഒരു നേരം ചോറും രണ്ട് നേരം കഞ്ഞിയുമായിരുന്നു ഭക്ഷണം. ബാക്കി കാലങ്ങളില്‍ രണ്ട് നേരം ചോറും ഒരു നേരം കഞ്ഞിയും. ജന്മികുടുംബങ്ങളില്‍ ഇത് ബാധകമല്ല. ബാക്കിജനവിഭാഗങ്ങള്‍ അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലുമായിരുന്നു. പഞ്ഞമാസങ്ങളില്‍ താള്, തകര, ഈര്‍മ്പനപ്പൊടി, കുടപ്പനപ്പൊടി, മുളങ്കട്ട, കാട്ടുകിഴങ്ങൂകള്‍ ഇവ ഭക്ഷിച്ചിരുന്നു. ഭക്ഷ്യാവശ്യത്തിനുള്ള വസ്തുക്കളുടെ കളവ് സാര്‍വത്രികമായിരുന്നു. ജന്മിത്വത്തിന്റെ ഭാഗമായി വസ്ത്രധാരണരീതിയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ചായ അപൂര്‍വ്വപാനീയമായിരുന്നു. വാഴയുടെ തണ്ട്, ഇല ഇവ ഉണക്കികരിച്ചത് അലക്കാനും, ഉറിയഞ്ചിക്കായ, ചീനിയ്കാ, നെന്മേനി, വാകതൊലി, ഈഞ്ച, വെള്ളിയില, തിരുതാളി, കുറുന്തോട്ടി, തുടങ്ങിയവയും തേക്കാനും, കുളിക്കാനും ഉപയോഗിച്ചിരുന്നു. പൊതു ആഘോഷങ്ങളും ആവശ്യങ്ങളും സമുദായകൂട്ടായ്മയിലാണ് നിറവേറ്റപ്പെട്ടിരുന്നത്. പൊതുപ്രവര്‍ത്തനങ്ങളില്‍ തീര്‍പ്പുണ്ടാക്കിയിരുന്നത് സ്ഥലത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നായിരുന്നു. കൃഷിക്കാരായിരുന്നു പ്രമുഖര്‍. ഗ്രാമതലത്തിലെ ഭരണാധിപന്‍ അധികാരിയായിരന്നു. അധികാരി ധനിക കര്‍ഷകനായിരുന്നു. അധികാരിയുടെ ആസ്ഥാനം കച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് ആത്മരക്ഷയ്ക്ക് ഒളിച്ചിരിക്കാന്‍ ഉണ്ടാക്കിയ ഗുഹ കല്ലുവഴിയില്‍ ബംഗ്ളാവ് കുന്നില്‍ ഉണ്ട്. ബ്രട്ടീഷ് ഭരണകാലത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന കോയമംഗലം തറവാടിന് അഭിമുഖമായാണ് ഇത്. മാപ്പിള ലഹളയുടെ അലകള്‍ ഈ പ്രദേശത്തുമുണ്ടായിട്ടുണ്ട്. കര്‍ക്കിടക സംക്രമത്തിന് ചേട്ടയെ കളയല്‍ ഒരു ആചാരമായിരുന്നു. ചേട്ടാ ഭഗവതി പുറത്ത് ശ്രീ ഭഗവതി അകത്ത് എന്ന് സ്ത്രീകളും കുട്ടികളും ആലപിച്ച് ചേട്ടയെ ആട്ടി അകറ്റിയിരുന്നു. കര്‍ക്കിടകം ഒന്ന് പുലര്‍ച്ചെ വെളിയും വേരും കുത്തുന്ന ചടങ്ങുണ്ടായിരുന്നു. കര്‍ക്കിടക വാവ് കഴിഞ്ഞ് ആദ്യ ഞായറാഴ്ച നിറ, പുത്തരി എന്നിവ ആചരിച്ചിരുന്നു. ഇല്ലം നിറ, വല്ലം നിറ, വട്ടി നിറ, കുട്ട നിറ, പത്തായം നിറ എന്നാലപിച്ച് നെല്‍ക്കതിരുകളും ഇലകളും മറ്റും കട്ടിള, പത്തായം എന്നിവയിന്‍ മേല്‍ ചാണകമുപയോഗിച്ച് പതിപ്പിച്ചിരുന്നു. അരിമാവ്കൊണ്ട് അണിയുകയും ചെയ്തിരുന്നു. നൂറ്റാണ്ടിന്റെ ആദ്യം തന്ന ഈ പ്രദേശത്ത് സ്കൂളുകള്‍ നിലവില്‍ വന്നിട്ടുണ്ട്. 1902-ല്‍ കുളങ്ങര മാധവന്‍ നായര്‍ എലമെന്റെറി സ്കൂളായി തുടങ്ങിയതാണ് ഇപ്പോഴത്തെ മുന്നൂര്‍കോട് എല്‍.പി.സ്കൂള്‍. ഇദ്ദേഹത്തിന്റെ മരുമകന്‍ ഗോപാലന്‍നായര്‍ മുന്നൂര്‍കോട്ട് പഞ്ചമ സ്കൂള്‍ തുടങ്ങി. ഇതില്‍ അധ:കൃതരെ പ്രത്യേകം ക്ഷണിച്ച് വരുത്തി അഭ്യസിപ്പിച്ചിരുന്നു. സവര്‍ണ്ണരും പഠിച്ചിരുന്നു. കാലാന്തരത്തില്‍ പഞ്ചമ സ്കൂള്‍ എലമെന്ററി സ്കൂളില്‍ ലയിച്ചു. ഗോപാലന്‍ എഴുത്തച്ഛന്‍ ഏകദേശം ഇക്കാലത്ത് തുടങ്ങിയതാണ് കല്ലുവഴി സ്കൂള്‍. ഈ കാലഘട്ടത്തില്‍ തന്നയാണ് കിണാശ്ശേരി സ്കൂള്‍, പൂക്കോട്ടകാവ്, പുഞ്ചപ്പാടം സ്കൂളുകളും തുടങ്ങിയത്. പിന്നീട് താനിക്കുന്ന് സ്കൂളും, കാട്ടുകുളം സ്കൂളും, മുന്നൂര്‍ക്കോട് സര്‍ക്കാര്‍ സ്കൂളും തുടങ്ങി. കാട്ടുകുളം ഹൈസ്കൂള്‍ രൂപപ്പെടുന്നതില്‍ കെ.വി ഈശ്വരവാര്യരുടേയും, കെ.കെ കാനൂരിന്റെയും പങ്ക് സ്മരണീയമാണ്. 47-48 കാലത്ത് ശിവമഠത്തില്‍ ഹയര്‍ എലമെന്ററി സ്കൂള്‍ തുടങ്ങാന്‍ കിട്ടിയ അനുമതി ഉപയോഗിച്ച് കെ.വി, കാനൂര്‍ എന്നിവരുടെ പ്രവര്‍ത്തന ഫലമാണ് ഇന്നത്തെ കാട്ടുകുളം ഹൈസ്കൂള്‍ 81-ല്‍ സര്‍ക്കാര്‍ യു.പി സ്കൂള്‍ ഉയര്‍ത്തിയതാണ് മുന്നൂര്‍കോട്ടെ ഗവ.ഹൈസ്കൂള്‍. ഈ പ്രദേശത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡന്റ് പി.ടി ഭാസ്ക്കരപണിക്കരുടെ പങ്ക് സ്മരണീയമാണ്.ഒറ്റപ്പാലം കരിമ്പ് റോഡ് 100-ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യൂ ഉദ്യോഗസ്ഥനായിരുന്ന നോട്ടന്‍ എന്ന ട്രോട്ടന്‍ സായിപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടന്നത്. ആദ്യ സര്‍വ്വേ കടമ്പൂര്‍, താനിക്കുന്ന് മംഗലം വഴിയാണ് നടന്നത്.കിഴക്കേപ്പാട്ടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ബന്ധൂഗൃഹം കല്ലുവഴിയിലായിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ സ്വാധീനത്തലാണ് ആ റോഡ് കല്ലുവഴിയായത്. 1940-ല്‍ കല്‍ക്കരി ഇന്ധനമായുള്ള കരിമ്പുഴ-ഒറ്റപ്പാലം സര്‍വ്വീസ് തുടങ്ങി. 1957 ഓഗസ്റ് 15-ന് ഡീസല്‍ ഇന്ധനമായുള്ള ബസ്സ് ഭഗവതി മോട്ടോര്‍ സര്‍വ്വീസ് കമ്പനി വക കോങ്ങാട്-ഷൊര്‍ണ്ണൂര്‍ സര്‍വ്വീസ് തുടങ്ങി. മുതിയില്‍ ഗോവിന്ദന്‍ നായര്‍ താമ്രപത്രം ലഭിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ക്വിറ്റ്ഇന്ത്യാസമരം, ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം, ഹരിജനോദ്ധാരണം തുടങ്ങിയ രംഗങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച സാഹിത്യകാരന്‍ കൂടിയായ കെ.വി ഈശ്വരവാര്യര്‍ ഇന്നും സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ്. സുമാര്‍ 100 കൊല്ലം മുമ്പ് ചുല്ലൊള്ളി ശ്രീദേവിഅമ്മ മൂന്നൂര്‍ക്കോട് എലമെന്ററി സ്കൂളില്‍ അധ്യാപികയായിരുന്നതും കയ്പഞ്ചരി കുഞ്ഞുമാളു അമ്മ കഥകളി അഭ്യസിച്ച് ചെണ്ടകൊട്ടിയാടിയതും അക്കാലത്ത് സ്ത്രീകള്‍ കലയിലും വിദ്യാഭ്യാസത്തിലും തല്‍പ്പരരായിരുന്നു എന്ന് കാണിക്കുന്നു. കുയില്‍തൊടി ഇട്ടിരാരിശ്ശന്‍ നായര്‍ എന്ന ഇട്ടിരാരിശ്ശമേനോന്‍, തീക്കുളത്തില്‍ ശങ്കുനായര്‍, കുലപ്പറമ്പില്‍ കൃഷ്ണന്‍ നായര്‍, എന്നിവരുടെ കഥകളിയിലെ കല്ലുവഴി ചിട്ടയിലെ പങ്ക് നിര്‍ണ്ണായകമാണ്. വള്ളൂര്‍ മന, ഒളപ്പമണ്ണ മന ഇവയുടെ കലയിലെ പങ്കും മപ്പാട്ട് നായരുടെ കലാ സാംസ്കാരിക സാമൂഹ്യ പരിഷ്കരണ രംഗങ്ങളിലെ പങ്കും എടുത്ത് പറയാവുന്നതാണ്. മപ്പാട്ട് മനക്കല്‍ ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ നേത്യത്വത്തില്‍ മനോമോഹന നടനസഭ(1911) അക്കാലത്തെ പേരെടുത്ത കലാസമിതിയായിരുന്നു. സഭക്ക് സ്വന്തമായുണ്ടായിരുന്ന നാടകകോപ്പുകള്‍ കാലാന്തരത്തില്‍ കാഞ്ഞൂര്‍ മന വഴി പി.എസ്.വി നാട്യ സംഘത്തിലെത്തി. മപ്പാട്ട് മന ചെറിയപരമേശ്വരന്‍ നമ്പൂതിരിപ്പാട് (എം.സി.പി) മുപ്പതുകളില്‍ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിലും സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനത്തിലും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു.കീഴ്യേപ്പാട്ട് നാരായണന്‍ നായര്‍, കുറവന്‍തൊടി നാരായണന്‍ നായര്‍, എന്നിവര്‍ ഐ.എന്‍.എ യില്‍ സേവനം നടത്തിയവരും തുടര്‍ന്ന് സ്വാതന്ത്യ്ര സമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചവരുമാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ച അഞ്ച്പേര്‍ ഈ പഞ്ചായത്തിലുണ്ട്. കേരളാ ഗവര്‍ണ്ണറായിരുന്ന വി. വിശ്വനാഥന്‍ മുന്നൂര്‍ക്കോട് എല്‍.പി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.

സാംസ്ക്കാരിക ചരിത്രം

ഒരു വള്ളുവനാടന്‍ ഗ്രാമമാണ് പൂക്കോട്ട് കാവ് പഞ്ചായത്ത് പ്രദേശം. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതവിശ്വാസികളാണ് ജനങ്ങള്‍. ജാത്യാചാരങ്ങള്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റേതൊരു പ്രദേശത്തേയും പോലെ രൂക്ഷമായിരുന്നു. 5 പ്രമുഖ മനകളായിരുന്നു സര്‍വ്വാധികാരികള്‍. ജനങ്ങള്‍ അവരുടെ ആശ്രിതരായിരുന്നു. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തൊട്ടടുത്ത കാലത്ത് വന്ന് താമസം തുടങ്ങിയവരാണ്. തമിഴ് വംശജരായ കുറച്ച് തുണിനെയ്ത്ത് (മുസ്ളീം റാവുത്തര്‍) കുടുംബങ്ങളുണ്ടായിരുന്നു. പരിയാനംപറ്റ, കാളീകാവ് ക്ഷേത്രങ്ങള്‍ താരതമ്യേന പുരാതനമാണ്. ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തിയിരുന്നു (ആട്,കോഴി). സ്വാതന്ത്ര്യ സമരകാലത്ത് നിര്‍ത്തിയതാണ് ഇത്. അയിത്തം കൊടികുത്തി വാണിരുന്നു. നമ്പൂതിരിപ്പാട് മുതല്‍ ഏറ്റവും താണ സമുദായക്കാരന്‍ വരെ തലങ്ങളിലായി വ്യത്യസ്ത അളവില്‍ വഴിനടക്കാന്‍, കുളിക്കാന്‍, വസ്ത്രം ധരിക്കാന്‍, ഭക്ഷണം കഴിക്കാന്‍ എല്ലാം ഈ വിലക്കുകള്‍ നിലനിന്നിരുന്നു. തൊട്ടുകല്യണം, തെരണ്ട്കല്യാണം തുടങ്ങിയ ആചാരങ്ങളുണ്ടായിരുന്നു. വിവാഹചടങ്ങുകള്‍ രാത്രിയിലായിരുന്നു. കുടുംബാചാരങ്ങളും, ഘോഷങ്ങളും പുരമേച്ചില്‍ തുടങ്ങിയ കാര്യങ്ങളും പരസ്പര സഹായരീതിയിലാണ് നടന്നത്. സ്വത്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ തക്ക രീതിയിലായിരുന്നു വിവാഹബന്ധങ്ങള്‍. നമ്പൂതിരി സമുദായങ്ങളില്‍ സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മൂത്തയാള്‍ക്ക് മാത്രമായിരുന്നു സമുദായ വിവാഹം.