പഞ്ചായത്തിലൂടെ

പൂക്കോട്ടുകാവ് - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്നപ്രദേശമാണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്. കുന്നിന്‍പ്രദേശങ്ങള്‍, പാറകെട്ടുകള്‍ നിറഞ്ഞും ഇടക്കിടെ മണ്ണുള്ളതുമാണ്. ചരിവുകള്‍, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വെട്ടുകല്‍ പ്രദേശമാണ്. കുളക്കാടന്‍മല, പാട്ടിമല, ചെറുമല, മഞ്ഞക്കാടന്‍മല എന്നിവയാണ് കുന്നിന്‍ പ്രദേശങ്ങള്‍. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സമതലങ്ങളിലെ വിളകളില്‍ പ്രധാന കൃഷി നെല്ലാണ്. വാഴ, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നു. മഴയെയാണ് കൃഷിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. 86 കുളങ്ങളുളള പൂക്കാട്ടുകാവ് പഞ്ചായത്തില്‍ കുളങ്ങളും കൃഷി ആവശ്യത്തിനായി ഉപയോഗിച്ചു വരുന്നു. കാഞ്ഞിരപ്പുഴ കനാലും ജലസേചനത്തിനായി ഉപയോഗിക്കുന്നു. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ 1987 സെപ്റ്റംബര്‍ 1 മുതല്‍ കൃഷിഭവന്‍ പൂക്കോട്ടുകാവില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മൃഗസംരക്ഷണവകുപ്പിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി 1977 ല്‍ പഞ്ചായത്തില്‍ ആരംഭിച്ച ഒരു മൃഗാശുപത്രി കല്ലുവഴിയില്‍ പ്രവര്‍ത്തിക്കുന്നു. 1977ലാണ് പൂക്കോട്ടുകാവ് പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 22.01 ച.കി. മീറ്റര്‍ വിസ്തൃതിയാണ് പഞ്ചായത്തിനുള്ളത്. 18054 വരുന്നജനസംഖ്യയില്‍ 9347 പേര്‍ സ്ത്രീകളും, 8707 പേര്‍ പുരുഷന്‍മാരുമാണ്. ഉയര്‍ന്നസാക്ഷരതാ നിരക്കാണ് പഞ്ചായത്തിലുള്ളത്, 93.23%. വലുതും ചെറുതുമായ കുളങ്ങളാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. കൂടാതെ കിണറുകളും തോടുകളുമുണ്ട്. ജലവിതരണത്തിനായി 56 പൊതുകിണറുകളും 35 പൊതുകുടിവെള്ള ടാപ്പുകളും ഇവിടെയുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ അ ഞ്ച് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലിസ്റ്റോറും ഉണ്ട്. പഞ്ചായത്തിലെ റോഡുകളില്‍ 569 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരം  കാട്ടുകുളം എന്നിവിടങ്ങളില്‍ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നു. 4 തപാല്‍ ഓഫീസുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ഉടമസ്ഥതയില്‍ രണ്ട് കല്ല്യാണമണ്ഡപങ്ങള്‍ പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലുണ്ട്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ മൂന്നു വില്ലേജുകള്‍ ചേര്‍ന്നാണ് പൂക്കോട്ടുകാവ് പഞ്ചായത്ത് രൂപീകരിച്ചത്. പൂളക്ക പറമ്പ്, നല്ലൂര്‍തൊടി കോളനി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കായി പാര്‍ക്കുകള്‍ ഉണ്ട്. തലമുറകളായി കൈമാറിവന്നപരിജ്ഞാനത്തിലൂടെ വ്യവസായം ജീവനോപാധിയാക്കിയവര്‍ ഈ ഗ്രാമപഞ്ചായത്തിലുണ്ട്. ചെരുപ്പ്, ബീഡി, പായ, മുറം, കൊട്ട, വട്ടി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ നടത്തുന്നചില കുടുംബങ്ങള്‍ ഇവിടെയുണ്ട്. നെല്ലുകുത്തുമില്‍, ഈര്‍ച്ചമില്‍ തുടങ്ങിയവ ഈ പഞ്ചായത്തിലുണ്ട്. കല്ലുവഴിയിലുള്ള സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്റ് നിര്‍മ്മാണ യൂണിറ്റ് ചെറുകിടവ്യവസായരംഗത്തെ സ്ഥാപനമാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും, ബാങ്കിംഗ് സ്ഥാപനങ്ങളുടെയും സഹായത്തോടെ സഹകരണാടിസ്ഥാനത്തില്‍ ഒട്ടനവധി വ്യവസായങ്ങള്‍ ഈ പഞ്ചായത്തില്‍ നടത്താനാകും. 20ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ പഞ്ചായത്തില്‍ സ്കൂളുകള്‍ നിലവില്‍ വന്നിരുന്നു. 1902 ല്‍ കുളങ്ങര മാധവന്‍ നായര്‍ എലമെന്ററി സ്കൂള്‍ ആയി തുടങ്ങിയതാണ് ഇപ്പോഴത്തെ മുന്നൂര്‍ക്കോട് എ. എല്‍. പി. സ്കൂള്‍. 1956-57 കാലത്ത് കാട്ടുകുളം ഹൈസ്കൂള്‍ നിലവില്‍ വന്നതോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി. ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ മൂന്നൂര്‍ക്കോട് ഹയര്‍സെക്കന്ററി സ്കൂളും, താനിക്കുന്ന് എ. എല്‍. പി സ്കൂളും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി അണ്‍ എയ്ഡഡ് മേഖലയില്‍ 3 എല്‍. പി. സ്കൂളുകളും, 2 യു. പി. സ്കൂളുകളും കാട്ടുകുളത്ത് ഒരു ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു. കാനറാബാങ്കിന്റെ ഒരു ശാഖ കല്ലുവഴിയില്‍ പ്രവര്‍ത്തിക്കുന്നു. പൂക്കോട്ടുകാവ് സഹകരണബാങ്ക്, ഉല്‍പാദന സംഭരണ വിപണന സഹകരണ സംഘം എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ്. പഞ്ചായത്തിലൂടെ പോകുന്നപ്രധാനപ്പെട്ട റോഡാണ് ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡ്. ചെര്‍പ്പുളശ്ശേരി-പാലക്കാട് റോഡാണ് മറ്റൊരു പ്രധാന ഗതാഗത മാര്‍ഗ്ഗം. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനാണ്. കരിപ്പൂര്‍ വിമാനത്താവളത്തെയാണ് വ്യോമഗതാഗതത്തിനായി ആശ്രയിക്കുന്നത്. കൊച്ചിതുറമുഖമാണ് ഏറ്റവും അടുത്ത തുറമുഖം. ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. കോങ്ങാട്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, അമ്പലപ്പാറ, വാണിയംകുളം തുടങ്ങിയ ചന്തകളിലാണ് മുമ്പ് കച്ചവടക്കാര്‍ വിപണനം നടത്തിയിരുന്നത്. പൂക്കോട്ടുകാവില്‍ കാളിമാതാഷോപ്പിംഗ് കോംപ്ളക്സ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ചെറിയ പീടികകളും പ്രവര്‍ത്തിച്ചുവരുന്നു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 8 ക്ഷേത്രങ്ങള്‍ പൂക്കോട്ടുകാവ് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. പരിയാനം പറ്റ ക്ഷേത്രം, ശ്രീകാളികാവ് ക്ഷേത്രം, കല്ലുവടി അയ്യപ്പന്‍കാവ് എന്നിവയാണ് ചില പ്രമുഖ ക്ഷേത്രങ്ങള്‍. കൂടാതെ മുസ്ളീംപള്ളികളും ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തിലുണ്ട്. പൂക്കോട്ടുകാളികാവ് പൂരം, പരിയാനം പറ്റകാവ് പൂരം, എന്നിവ പ്രശസ്തമായ ഉല്‍സവങ്ങളാണ്. സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ച അഞ്ചുപേര്‍ ഈ പഞ്ചായത്തിലുണ്ട്. മുതിയില്‍ ഗോവിന്ദന്‍നായര്‍, സാഹിത്യകാരനായ കെ. വി. ഈശ്വരവാരിയര്‍, കീഴ്പ്പാട്ട് നാരായണന്‍ നായര്‍, കുറവന്‍തൊടി നാരായണന്‍ നായര്‍ എന്നിവരാണ് പഞ്ചായത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികള്‍. കേരളഗവര്‍ണര്‍ ആയിരുന്ന വി. വിശ്വനാഥന്‍ മൂന്നൂര്‍ക്കോട് എന്‍. വി സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. കഥകളിരംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങളാണ് കയ്പഞ്ചേരി കുഞ്ഞിമാളു അമ്മ, ഇട്ടിരാരിശ്ശമേനോന്‍ എന്നിവര്‍. അറ്റോമിക് സയന്‍സ് രംഗത്തെ വെങ്കടകൃഷ്ണന്‍, കവിയായ കെ. ആര്‍. ചെന്നല്ലൂര്‍ എന്നിവരും പൂക്കോട്ടുകാവിന്റെ സന്തതികളാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം. സി. പി. നമ്പൂതിരിപ്പാട് സ്വാതന്ത്യസമരത്തിലും സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളിലും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പുഞ്ചപ്പാടം, കാട്ടുകുളം, കല്ലുവഴി, മൂന്നൂര്‍ക്കോട്, പൂക്കോട്ടുകാവ് എന്നിവിടങ്ങളില്‍ വായനശാല പ്രവര്‍ത്തിക്കുന്നു. 1981 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പൂക്കോട്ടുകാവ് പി. എച്ച് സെന്ററും, 1994 ല്‍ സ്ഥാപിച്ച കാട്ടുകുളം ആയുര്‍വേദ ആശുപത്രിയുമാണ് പ്രധാന വൈദ്യശുശ്രൂഷാകേന്ദ്രങ്ങള്‍. കല്ലുവഴി, മൂന്നൂര്‍ക്കോട് എ ന്നിവിടങ്ങളില്‍ ഓരോ കുടുംബക്ഷേമ കേന്ദ്രങ്ങള്‍ ഉണ്ട്. കല്ലുവഴിയില്‍ ഒരു ഐ. പി. പി. സെന്ററും, ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.