ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഈ പഞ്ചായത്തുപ്രദേശം പഴയ നാടുവാഴിഭരണസമ്പ്രദായത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന പ്രദേശമാണ്. പുന്നത്തൂര്‍ രാജവംശം, വലിയതമ്പുരാട്ടിവംശം, ഇളയരാജസ്ഥാനം, നടുവക്കാട്ട് മന, കൊണ്ണോര്‍പുള്ളി മന, നെന്മിനി മന, ഗുരുവായൂര്‍, ആലുക്കല്‍ എന്നീ ദേവസ്വങ്ങള്‍ എന്നിവരുടെ അധീനതയിലായിരുന്നു പഞ്ചായത്തിലെ ഭൂമിയില്‍ ഏറിയ പങ്കും. അപൂര്‍വ്വം ചില വ്യക്തികള്‍ക്കു മാത്രമേ അക്കാലത്ത് സ്വന്തമായി ഭൂമിയുണ്ടായിരുന്നുള്ളൂ. പുന്നത്തൂര്‍ രാജാക്കന്മാരുടെ ഉത്സവമായ തുലാമാസത്തിലെ കറുത്ത വാവ് ഉത്സവം പേരുകേട്ടതാണ്. പഴയകാലത്ത് ക്രൂരമായ ജാതിവ്യവസ്ഥ നടമാടിയ ദേശമാണിത്. പുളിച്ചെഴുത്ത്, മിച്ചവാരം, പാട്ടം, വെറുംപാട്ടം, വാരം തുടങ്ങിയ അക്കാലത്തെ പാട്ട-ഭൂവ്യവസ്ഥകളില്‍ നെല്ല്, വാഴക്കുല, പണം, നാളികേരം മുതലായവയൊക്കെ ജന്മിമാര്‍ക്ക് പാട്ടമായി നല്‍കണമായിരുന്നു. ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയോ ധിക്കരിക്കുകയോ അയിത്തത്തിനെതിരായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ തൊഴില്‍ഭ്രഷ്ട്, കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കിരാത ശിക്ഷാനടപടികള്‍ക്ക് കുടിയാന്മാരെ വിധേയരാക്കുമായിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടമാണ് ഈ പഞ്ചായത്തുപ്രദേശത്തുണ്ടായിട്ടുള്ള സുപ്രധാനമായ ഒരു ചരിത്രസംഭവം. അതിനുശേഷം ഈ പ്രദേശം ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. ഇന്നത്തെ പൂക്കോട് പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം ദീര്‍ഘകാലം രാജഭരണത്തിന്‍കീഴില്‍ കഴിഞ്ഞിട്ടുണ്ട്. രാജവംശങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവകളോടനുബന്ധിച്ചായിരുന്നു കലയും സംസ്കാരവും ഈ പ്രദേശത്ത് വളര്‍ന്നുവന്നത്. പുന്നത്തൂര്‍ രാജവംശം കലകളെ പ്രോത്സാഹിപ്പിച്ചിരുന്നു. പുന്നത്തൂര്‍ കോട്ടയില്‍ നടന്നുവന്നിരുന്ന കഥകളി പഠനം ഇതാണ് തെളിയിക്കുന്നത്. കലയുടെ സമഗ്രമായ വികസനത്തിന് അയിത്താചാരം തടസ്സം നിന്നിരുന്നങ്കിലും സവര്‍ണ്ണരുടെ ക്ഷേത്രങ്ങളില്‍ കൃഷ്ണനാട്ടം, കൂത്ത്, കൂടിയാട്ടം, കഥകളി എന്നിവ നടന്നിരുന്നപ്പോള്‍ അവര്‍ണ്ണക്ഷേത്രങ്ങളില്‍ തിറ, പൂതം, കരിങ്കാളി, കരിമ്പൂതം എന്നീ കലാരൂപങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. തിയ്യസമുദായത്തിന്റെ കലാരൂപമായ ഐവര്‍കളി ഈ പ്രദേശത്ത് ശക്തിപ്രാപിച്ചിരുന്നു. ക്രിസ്ത്യന്‍സമുദായത്തിന്റെ മാര്‍ഗ്ഗംകളിയും, മുസ്ളീംസമുദായത്തിന്റെ അര്‍വനമുട്ട്, പരിചമുട്ട് എന്നീ കലാരൂപങ്ങളും വേണ്ടത്ര പ്രചരിച്ചിരുന്നു. ആദ്യകാലത്തൊക്കെ വിവരങ്ങള്‍ ഓലയില്‍ എഴുതിസൂക്ഷിക്കുന്ന പതിവുണ്ടായിരുന്നുവങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആരംഭത്തോടെ എഴുത്തോലകള്‍ പുസ്തകങ്ങള്‍ക്ക് വഴിമാറികൊടുത്തു. കോട്ടപ്പടി അങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീദേവി വിലാസം പഞ്ചമസ്കൂളാണ് പിന്നീട് കോട്ടപ്പടി ബഥനി കോണ്‍വെന്റായി രൂപാന്തരപ്പെട്ടത്. സ്വാതന്ത്യ്രസമരകാലഘട്ടത്തില്‍ പഞ്ചായത്തില്‍ അധികം വായനശാലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പഞ്ചായത്തുലൈബ്രറി, വിജ്ഞാനകൈരളിഗ്രന്ഥശാല എന്നിവ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 1950-നുശേഷം മണലാട് ഗ്രാമീണ വായനശാല, കോട്ടപ്പടി യുവജനസമാജം വായനശാല, ഇരിങ്ങപ്രം ഗ്രാമീണവായനശാല തുടങ്ങിയവ സ്ഥാപിക്കപ്പെട്ടു. ഗ്രാമീണജനതയുടെ വായനാശീലത്തോടൊപ്പം കായികാഭിരുചിയേയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മേല്‍പ്പറഞ്ഞ വായനശാലകളൊക്കെ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. പണ്ടുകാലത്ത് സജീവമായി നിലനിന്നിരുന്ന കാറകളി, തലപന്തുകളി, ഓണകാലത്ത് നടക്കുന്ന തുമ്പകളി, തിരുവാതിരകളി, ഊഞ്ഞാലാട്ടം എന്നിവയൊക്കെ ഇന്ന് അന്യംനിന്നുപോയിരിക്കുന്നു. വസന്തകാലത്തിന്റെ അടയാളമായ തുയിലുണര്‍ത്തുപാട്ടുമായി വീടുകള്‍ തോറും കയറിയിറങ്ങുന്ന പാണന്‍പാട്ട് ഈ പഞ്ചായത്തിന്റെ സവിശേഷതകളിലൊന്നായിരുന്നു.ദാരിദ്ര്യത്തിന്റെ പടിയകറ്റി സമൃദ്ധിയുടെ ലക്ഷ്മീദേവിയെ വരവേല്‍ക്കുന്ന പാണന്‍പാട്ട് ഗ്രാമീണസംസ്കാരത്തിന്റെ നഷ്ടസ്മൃതികളില്‍ മറഞ്ഞുകഴിഞ്ഞു. പുള്ളുവന്‍പാട്ട്, നന്തുണിപ്പാട്ട് എന്നിവയും പോയകാലത്ത് ഈ പഞ്ചായത്തുപ്രദേശത്ത് ഉണ്ടായിരുന്നു. വാദ്യമേളങ്ങള്‍ കൊണ്ട് സമൃദ്ധമായ ഉത്സവങ്ങള്‍ ഈ പ്രദേശത്ത് ധാരാളമായി നടക്കാറുണ്ടായിരുന്നു. മദ്ദളം, ചെണ്ട, പഞ്ചവാദ്യം, നാദസ്വരം എന്നീ വാദ്യമേളങ്ങളും അമ്പലങ്ങളിലെ കാളകളി, കളരിപ്പയറ്റ്, എന്നിവയുമൊക്കെ ഇവിടെ ഏറെ പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു. ഈ പഞ്ചായത്തുപ്രദേശത്ത് കൊണ്ടാടിയിരുന്ന ആലുക്കല്‍ വാവുവേല പഴയ മലബാര്‍ പ്രദേശത്തെ തന്നെ പ്രധാന ഉത്സവമായിരുന്നു. പുന്നത്തൂര്‍കോട്ടയിലെ കഥകളിയോഗവും ചരിത്രപ്രസിദ്ധമാണ്. പുന്നത്തൂര്‍കോട്ട ഒരു ചരിത്രസ്മാരകം കൂടിയാണ്. കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ ഗുരു മാമ്പുഴ മാധവപണിക്കര്‍, ബകല്‍ എന്നറിയപ്പെട്ടിരുന്ന കരുമത്തില്‍ രാമന്‍നായര്‍ എന്നിവര്‍ ഈ കഥകളിയോഗത്തിലെ പ്രാധാനികളായിരുന്നു. നെല്ല്, തെങ്ങ് എന്നിവയാണ് പ്രധാനകൃഷി. ഇപ്പോള്‍ നെല്‍കൃഷി വളരെ കുറഞ്ഞിരിക്കുന്നു. ധാന്യവിളകൃഷിയുടെ സ്ഥാനം സമീപകാലത്ത് നാണ്യവിളകള്‍ കയ്യടക്കിയിരിക്കുന്നു. മുന്‍കാലത്ത് ഗതാഗതയോഗ്യമായ റോഡുകള്‍ ഉണ്ടായിരുന്നില്ല. 1954-ലാണ് കോട്ടപ്പടി-കുണ്ടുകടവ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. 1960-ല്‍ ബസ്സ് ഗതാഗതം ആരംഭിച്ചു. ഇപ്പോള്‍ പഞ്ചായത്തിലെ നിരവധി റോഡുകള്‍ ടാര്‍ ചെയ്തതാണ്. മുമ്പ് ഈ പഞ്ചായത്തില്‍ രണ്ട് ഹയര്‍ എലിമെന്ററി സ്കൂളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്നാകട്ടെ ഒരു എയിഡഡ് ഹൈസ്ക്കൂളും, ഒരു അംഗീകൃത ഹൈസ്ക്കുളും കൂടി നിലവില്‍ വന്നിരിക്കുന്നു. അവ കൂടാതെ, 11 ലോവര്‍ പ്രൈമറി സ്ക്കൂളുകളും, 4 യു.പി.സ്ക്കൂളുകളും 28 അങ്കണവാടികളും ഇന്ന് ഈ പഞ്ചായത്തിലുണ്ട്. തെക്കുമറ മേനോന്‍ നടത്തിയിരുന്ന എഴുത്തുപള്ളി പണ്ടത്തെ ഒരു പ്രധാന അക്ഷരകേന്ദ്രമായിരുന്നു. ഇത് എഴുത്തച്ഛന്‍ സ്ഥാപിച്ചതാണെന്നാരു ഐതീഹ്യവുമുണ്ട്. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പഞ്ചായത്തില്‍ നിന്നും, 1937-ല്‍ മദാരാശിയിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ സി.ജെ.വര്‍ക്കി അംഗമായിരുന്നു. ഇദ്ദേഹം കോട്ടപ്പടി അങ്ങാടിയിലെ താമസക്കാരനായിരുന്നു. പ്രസിദ്ധ ആയുര്‍വേദ വൈദ്യന്മാരായിരുന്ന വെങ്കളത്ത് ശങ്കരന്‍ വൈദ്യര്‍, മുനശ്ശേരി ശങ്കുണ്ണിനായര്‍, കുന്നങ്കോട്ട് ശങ്കരന്‍ നായര്‍, ബാലചികിത്സാവിദഗ്ദ്ധനായ മണ്ണുംപാടത്ത് ശങ്കരന്‍, പാലക്കാട്ട് കൃഷ്ണമേനോന്‍ എന്നിവരൊക്കെ ഈ പഞ്ചായത്തു നിവാസികളായിരുന്നു. പൊന്നാനി താലൂക്കില്‍ ഏറ്റവും ആദ്യം ആരംഭിച്ച സഹകരണമേഖലയിലെ ഐക്യനാണയസംഘം പ്രവര്‍ത്തനമാരംഭിച്ചത് പൂക്കോട് പഞ്ചായത്തിലായിരുന്നു. പുരാതനമായ നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പാലേമാവ് പള്ളി, കോട്ടപ്പടി പള്ളി, ആലുക്കല്‍ ക്ഷേത്രം എന്നിവയൊക്കെ പൌരാണികദേവാലയങ്ങളാണ്. ക്രിസ്തുമത വിശ്വാസികളില്‍ ഒരു പ്രത്യേക വിഭാഗമായ സ്വതന്ത്രസുറിയാനിസഭയുടെ ആസ്ഥാന ഭദ്രാസന പള്ളി പൂക്കോട് പഞ്ചായത്തിലെ തൊഴിയൂരാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിനെ കുന്ദംകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത-17-ന്റെ ഏകദേശം 3 കിലോമീറ്ററോളം ഭാഗം പൂക്കോട് പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്.

കാര്‍ഷികചരിത്രം

കാട്ടുപാടം, പള്ളിക്കാട് പാടം, പാലേമാക്കല്‍ പാടം, തൊഴൂര്‍ പാടം, കുട്ടാടന്‍ പാടം, പുന്നത്തൂര്‍ പാടം, താമരയൂര്‍ പാടം, വെളക്കത്രപാടം, മല്ലാട് പാടം, പാണ്ടിനിലങ്ങള്‍ ഇവയായിരുന്നു മുന്‍കാലത്തെ പ്രധാന നെല്‍പ്പാടങ്ങള്‍. ഈ പാടങ്ങളില്‍ ഇരുപ്പുകൃഷിയാണ് ചെയ്തുവന്നിരുന്നത്. മേടമാസത്തിലെ മഴയ്ക്ക് വിത്തുപാകി പൊന്നിന്‍ ചിങ്ങമാസത്തില്‍ കൊയ്യുകയായിരുന്നു പതിവ്. മകരത്തില്‍ കൊയ്യുന്ന നിലങ്ങളിലാകട്ടെ എള്ളുകൃഷി, പച്ചക്കറികൃഷി എന്നിവ ഇടവിളയായി കൃഷി ചെയ്യാറുണ്ടായിരുന്നു. പ്രധാന നെല്‍കൃഷിയിടം കാട്ടുപാടമായിരുന്നു. അവിടത്തെ കൃഷി കൊയ്യാനും മെതിക്കാനും എടക്കഴിയൂര്‍, കുരഞ്ഞിയൂര്‍, അവിയൂര്‍, വാഴപ്പള്ളി, പേരകം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകതൊഴിലാളികള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇന്നത്തെ കോട്ടപ്പടി ജംഗ്ഷനില്‍ പുലര്‍ച്ചെ എത്തിയിരുന്നു. ഉഴുവാനുള്ള പോത്തുകളും ഇക്കൂട്ടത്തിലുണ്ടാകും. ചാണകമായിരുന്നു പ്രധാന വളമെങ്കിലും വെണ്ണീറും പച്ചിലകളും കൂടെ ഉപയോഗിച്ചിരുന്നു. വട്ടന്‍, ചീര, ചിറ്റ്യേനി എന്നീ വിത്തുകള്‍ മേടമാസത്തിലും, കൊടിയന്‍, ചിറ്റ്യേനി, കുട്ടിവിത്ത് എന്നിവ മകരമാസത്തിലും ഉപയോഗിച്ചിരുന്നു. തവളക്കണ്ണന്‍, കഴുങ്ങംപുത്താട വിത്തുകള്‍ മേടമാസത്തിലെ കൃഷിയ്ക്കുപയോഗിച്ചിരുന്നു. കുട്ടാടന്‍ പാടത്തെ കൃഷിക്കാലം വ്യത്യസ്തമായിരുന്നു. കുട്ടാടന്‍, കൊടിയന്‍, വെള്ളകോലി എന്നീ വിത്തുകള്‍ മകരമാസത്തിലേ കൊയ്യാറുള്ളൂ. അന്നത്തെ ഓണക്കാലത്തിനു മുമ്പ് ഇല്ലംനിറ, പുത്തിരി മുതലായ ആചാരങ്ങള്‍ നിലനിന്നിരുന്നു. ദാരിദ്ര്യം കൊടികുത്തിവാണിരുന്ന അക്കാലത്ത് കൊയ്ത്തുകാലം വരാന്‍ ജനങ്ങള്‍ കാത്തിരിക്കുമായിരുന്നു. കുട്ടാടന്‍പാടം ഒഴികെ ബാക്കി എല്ലാ പാടങ്ങളിലും മേല്‍പറഞ്ഞതരത്തിലായിരുന്നു നെല്‍കൃഷി നടന്നിരുന്നത്. കുട്ടാടന്‍ പാടത്ത് ചളിയും, കാട്ടുപാടത്ത് മണലും, ഇടപാടങ്ങളില്‍ ചളിയും മണലുമായിരുന്നു മുഖ്യമണ്‍തരങ്ങളായി കാണപ്പെട്ടിരുന്നത്. തെങ്ങുകള്‍ നന്നായി വളരുന്ന തരം മണ്ണാണ് പറമ്പുകളില്‍ കാണപ്പെടുന്നത്. പറമ്പുകളില്‍ മാവ്, പ്ളാവ്, കവുങ്ങ്, നേന്ത്രവാഴ, പയര്‍ കൂര്‍ക്ക, ചേമ്പ്, കിഴങ്ങുകള്‍, മരച്ചീനി എന്നിവ കൃഷി ചെയ്തിരുന്നു. സ്ഥലങ്ങള്‍ ജന്മിമാരുടേതായാലും അവര്‍ കൃഷി ചെയ്യാന്‍ അനുവദിച്ചിരുന്നു. വളങ്ങളായി ജൈവവളങ്ങളും വെണ്ണീറ്, ആട്ടിന്‍കാഷ്ഠം, ചാണകം എന്നിവ ഉപയോഗിച്ചിരുന്നു. വന്‍മരങ്ങളും, കാവുകളും പറമ്പുകളില്‍ ധാരാളമുണ്ടായിരുന്നു. പക്ഷികളുടെ സങ്കേതത്തിന് കാവുകള്‍ അനുയോജ്യമായ പരിസ്ഥിതി ഒരുക്കിയിരുന്നു. കൃഷിക്ക് കീടനാശിനിപ്രയോഗം വിരളമായിരുന്നു. കീടങ്ങളും കുറവായിരുന്നു. പൊതുവെ നെല്‍കൃഷിയില്‍ നിന്ന് 6 മേനി മുതല്‍ 10 മേനി വരെ വിളവു കിട്ടിയിരുന്നു. തേങ്ങയുടെ വിളവ് ഇന്നത്തെ പോലെ ഉണ്ടായിരുന്നില്ല. കാര്‍ഷികജോലിക്ക് അന്ന് യഥേഷ്ടം തൊഴിലാളികളെ ലഭിച്ചിരുന്നു. അവരുടെ ജീവിതനിലവാരം വളരെ താഴ്ന്ന നിലയിലായിരുന്നു. കൃഷിക്കാര്‍ പാട്ടത്തിന് വിധേയരായിരുന്നു. കാര്‍ഷികഭൂപരിഷ്കരണനിയമം കേരളത്തില്‍ നടപ്പിലായതോടെ ഭൂവ്യവസ്ഥകളില്‍ വന്ന മാറ്റം ജന്മി-കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കുകയും സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയും ചെയ്തു. കൃഷിഭൂമി കൃഷിക്കാര്‍ക്ക് എന്ന അവസ്ഥ സംജാതമായതോടുകുടി കര്‍ഷക തൊഴിലാളികള്‍ സംഘടിക്കുകയും ക്രമേണ ട്രേഡുയൂണിയന്‍ രംഗം കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. കര്‍ഷക തൊഴിലാളി സംഘടനകളുടെ വളര്‍ച്ചയോടെ കര്‍ഷകരില്‍ ഭൂരിഭാഗവും ജന്മിമാരുടെ പിടിയില്‍ നിന്നും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് പുറത്തുവന്നു. സ്വതന്ത്രരായതോടെ പലരും കൃഷിയില്‍ നിന്നും പിന്‍മാറിതുടങ്ങി. കൃഷിക്കാര്‍ പിന്മാറിയ സ്ഥാനത്ത് സ്വയം കൃഷിക്കാരായിമാറാന്‍, നാളതുവരെ അധ്വാനിക്കാതെ ഭക്ഷിച്ചിരുന്ന ആഢ്യജാതിക്കാര്‍ തയ്യാറായതുമില്ല. തുടര്‍ന്ന് കാര്‍ഷികമേഖലയിലുള്ള തൊഴില്‍സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാന്‍ തുടങ്ങുകയും, ഗള്‍ഫുമേഖലയിലുള്ള തൊഴില്‍ സാധ്യതയറിയുകയും ചെയ്തതോടെ കര്‍ഷകില്‍ അമ്പതുശതമാനത്തോളം ഗള്‍ഫിലേക്ക് നീങ്ങി. തുടര്‍ന്ന് വന്ന തലമുറയാകട്ടെ ഗള്‍ഫുപണത്തിന്റെ സ്വാധീനത്തില്‍പ്പെട്ടതോടുകൂടി കൃഷിപ്പണികള്‍ പരിചയിക്കാനോ ജോലിയിലേര്‍പ്പെടാനോ തയ്യാറാകാതെ ഉന്നതജോലികളില്‍ കണ്ണുംനട്ടിരുന്നു. ഗള്‍ഫിലുള്ളവരുടെ നിക്ഷേപം നാട്ടിലെത്തിയതോടുകൂടി ചില പ്രത്യോക ഭൂവില്‍പനസംഘക്കാരുടെ സ്വാധീനത്തില്‍പ്പെട്ട് പലരും തങ്ങളുടെ കൃഷിയിടങ്ങളും താമസസ്ഥലങ്ങളും വിറ്റുതീര്‍ക്കാനും തുടങ്ങി. കൃഷിഭൂമി വാങ്ങിക്കൂട്ടിയവരെല്ലാം തന്നെ ഏരികള്‍ കൂട്ടി തെങ്ങുകള്‍ വച്ചുപിടിപ്പിച്ചു. അങ്ങിനെ കൃഷിഭുമി പറമ്പും, പാടവുമല്ലാത്ത ഒരു സ്ഥിതിയിലായി. മഴക്കാലമാകുമ്പോള്‍ ഏരികള്‍ക്കിടയില്‍ വെള്ളം കെട്ടിനില്‍ക്കുകയും വച്ചുപിടിപ്പിച്ച തെങ്ങിന്റെ വേരുകള്‍ ചീയാനും ആരംഭിച്ചു. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് മഴ കഴിഞ്ഞ് വീണ്ടും തെങ്ങിനെ സംരക്ഷിക്കുമ്പോഴേക്കും വീണ്ടും അടുത്ത മഴയെത്തും. ഇത്തരം കൃഷിസ്ഥലങ്ങള്‍ തെങ്ങിന്റെ വിളവിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ പണം കൂടുതല്‍ കൈവശമുള്ളവര്‍ പാടങ്ങള്‍ മുഴുവനും നികത്തി തെങ്ങിന്‍ തോപ്പുകളാക്കി. ഇത്തരക്കാര്‍ വെറും 5% മാത്രമാണെന്നോര്‍ക്കണം. ഈ ഗള്‍ഫുസ്ഥിതി സംജാതമായതോടെ പഞ്ചായത്തിലെ ജീവിതനിലവാരസൂചികയും ഉയര്‍ന്നുവന്നു. അതനുസരിച്ച് കൃഷിപ്പണിയിലേര്‍പ്പെടുന്നവര്‍ക്ക് അമിതകൂലി നല്‍കേണ്ടിയും വന്നു. കൂടാതെ വരള്‍ച്ച, കൃഷിനാശം, കീടനാശിനികളുടേയും വളത്തിന്റെയും വിലവര്‍ദ്ധനവ് ഇവയെല്ലാം നാട്ടിലുള്ള കൃഷിക്കാരെകൂടി ആ രംഗത്തുനിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചു. അങ്ങിനെ കൃഷിരംഗത്ത് അവശേഷിക്കുന്നവര്‍കൂടി തങ്ങളുടെ സ്ഥലം തെങ്ങിന്‍തോപ്പുകളാക്കാനാരംഭിച്ചു. തെങ്ങിന്‍ തോപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചു. കൃഷി ഭൂമി കുറഞ്ഞുവന്നു.