ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പെരുവള്ളൂര്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടിക്കു ഉന്നതസ്ഥാനമാണുള്ളത്. 1836 മുതല്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷുകാരുടെ തെറ്റായ നയത്തിനെതിരെയും, ബ്രിട്ടീഷ് ഭരണാധികാരികളുടെ പാദസേവകരായിരുന്ന ഭൂപ്രഭുക്കന്മാര്ക്കെതിരെയും നടന്ന മാപ്പിള ലഹളകളില്‍ ചിലതിന് ഈ ചരിത്ര ഭൂമിയുമായി ഗാഢമായ ബന്ധമുണ്ട്. ടിപ്പുവിന്റെയും, സാമൂതിരിയുടെയും കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന റോഡുകളും, കോട്ടക്കിടങ്ങുകളും, പുരാതന ആരാധനാലയങ്ങളും ഈ ഗ്രാമത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. സാമൂതിരിയുടെ ഭരണകാലത്ത് അറേബ്യയിലെ ഹളര്മൌത്തില് നിന്നും കോഴിക്കോട്ടെത്തി സാമൂതിരി രാജാവിന്റെ ആതിഥ്യം സ്വീകരിച്ച പ്രസിദ്ധ ഇസ്ളാംമത പണ്ഡിതന്മാരായ സയ്യിദ് ശൈഖ് ജിഫ്രി, സയ്യിദ് ഹസ്സന് ജിഫ്രി എന്നിവര്‍ക്ക് തിരൂരങ്ങാടിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അക്കാലത്തെ തിരൂരങ്ങാടി ഖാസിയായിരുന്ന ജമാലുദ്ദീന്‍ മഖ്ദൂമായിരുന്നു ഹസ്സന് ജിഫ്രിയെ തിരൂരങ്ങാടിയിലേക്ക് കൊണ്ടുവന്നത്. ഹസ്സന് ജിഫ്രിയുടെ അനന്തരവനായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍. മമ്പുറം തങ്ങള്‍ ഒരു കടുത്ത ബ്രിട്ടീഷു വിരോധിയായിരുന്നുവെന്നത് സുവിദിതമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം രചിച്ച സൈഫുല്ബത്വാര് എന്ന ഗ്രന്ഥം സ്വാതന്ത്ര്യപോരാളികള്‍ക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നു. മമ്പുറം തങ്ങള്‍ക്കു മുമ്പ് തിരൂരങ്ങാടിയിലെത്തി ബ്രിട്ടീഷ് വിരുദ്ധസമരങ്ങള്‍ക്ക് നേതൃത്വം നല്കിയ അറബി തങ്ങള്‍ തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ നടുവില്‍ ജുമാഅത്ത് പള്ളിയങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 1857-നു ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായ മറ്റൊരധ്യായം സൃഷ്ടിച്ചതു മലബാര്‍ കലാപമാണ്. 1921-ല്‍ നടന്ന മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നു തിരൂരങ്ങാടി. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് മലബാറിലെ സമര്‍ഖന്ത് എന്നറിയപ്പെട്ടിരുന്ന നെല്ലിക്കുത്തു സ്വദേശി എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസ്ള്യാരായിരുന്നു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി പരിസരത്തു നടന്ന ഘോരയുദ്ധത്തിനു ശേഷം മാത്രമാണ് മുസ്ള്യാരെയും അനുയായികളെയും ബ്രിട്ടീഷ് പട്ടാളത്തിന് കീഴടക്കാനായത്. പ്രസ്തുത പോരാട്ടത്തിനിടയ്ക്കാണ് മുസ്ള്യാരുടെ വിശ്വസ്ത അനുയായിയായ കാരാട മൊയ്തീന് സാഹിബ് രക്തസാക്ഷിത്വം വരിച്ചത്. ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യകാല നേതാവും, കേരളത്തിലെ മുസ്ളീം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച വ്യക്തിയുമായ കെ.എം.മൌലവി സാഹിബിനെ ബ്രിട്ടീഷ് പട്ടാളം തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു. നൂറ്റാണ്ടുകളുടെ രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യമുള്ള തിരൂരങ്ങാടി, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസകേന്ദ്രവും കൂടിയാണ്. 1906-ല്‍ തിരൂരങ്ങാടിയില്‍ ആരംഭിച്ച ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂളാണ് ഈ പ്രദേശത്ത് പ്രൈമറി വിദ്യാഭ്യാസത്തിനു വിത്ത് പാകിയത്. 1921-ലെ മലബാര്‍ കലാപത്തിനുശേഷമാണ് പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയത്. മലബാറിലെ മദ്രസ്സാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഈ മണ്ണ് നല്കിയ സംഭാവന വാക്കുകളിലോ, കണക്കുകളിലോ ഒതുക്കാവുന്നതല്ല. മലബാറിലെ ആദ്യത്തെ അറബി അച്ചുകൂടം 1883-ല്‍ തിരൂരങ്ങാടിയിലാണ് സ്ഥാപിക്കപ്പെട്ടത്. 1967-ല്‍ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വാളക്കുളത്ത് തറക്കല്ലിടുകയും പിന്നീട് തിരൂരങ്ങാടിയിലേക്ക് മാറ്റുകയും ചെയ്ത പോക്കര് സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ്, ഇന്ന് കേരളത്തിലെ ഉന്നത കലാലയങ്ങളിലൊന്നായി വളര്‍ന്നുകഴിഞ്ഞു. യത്തീംഖാനയുടെ സ്ഥാപനങ്ങളിലൊന്നാണ് 1955-ലാരംഭിച്ച ഓറിയന്റല്‍ അറബിക് ഹൈസ്കൂള്‍. തിരൂരങ്ങാടിയിലെ പള്ളികള്‍ പ്രസിദ്ധ മതപഠന കേന്ദ്രങ്ങളും കൂടിയായിരുന്നു. 1937-ല്‍ ചിനക്കല്‍ പള്ളിയില്‍ ആരംഭിച്ച ദര്‍സ്, നടുവില്‍ ജുമാഅത്ത് പള്ളി, ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി, ആലി മുസ്ള്യാര് ദര്‍സ് നടത്തിയിരുന്ന കിഴക്കേപള്ളി എന്നിവ പ്രസിദ്ധ മതപണ്ഡിതന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ആദ്യമായി ദര്‍സ് നടത്തിയത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവായ ചാലിലകത്ത് ഇബ്രാഹിം എന്ന കുഞ്ഞായി ഹാജിയായിരുന്നു. തിരൂരങ്ങാടി ഗ്രാമത്തിലെ അതിപുരാതനമായ തൃക്കുളം ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ചരിത്രപണ്ഡിതര്‍ക്കു കൂടി കഴിഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രത്തിനു ആയിരത്തോളം വര്‍ഷം പഴക്കം കണക്കാക്കാം. തൃക്കുളം ശിവക്ഷേത്രത്തിന്റെ ഭരണച്ചുമതല സാമൂതിരി രാജവംശത്തിനാണ്. കക്കാട്ടു ത്രിപുരാന്തക ക്ഷേത്രം, ശ്രീവല്ല്യാളക്കല് ഭഗവതി ക്ഷേത്രം, നാലുകണ്ടം ഭഗവതിക്ഷേത്രം എന്നിവയും പൌരാണികത ഏറെയുള്ള ആരാധനാലയങ്ങളാണ്. സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ പിന്തുടര്ച്ചക്കാരുടെ നാടെന്ന സവിശേഷത തിരൂരങ്ങാടിക്കുണ്ട്. കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര് തിരൂരങ്ങാടിയിലുണ്ട്. മാപ്പിള കലകളില്‍ പ്രഗത്ഭരും, പ്രശസ്തരുമായിരുന്നവരുടെ ഒരു നിര തന്നെ തിരൂരങ്ങാടിയുടെ സാംസ്കാരികമണ്ഡലത്തിലുണ്ട്.