പഞ്ചായത്തിലൂടെ….

പെരുവള്ളൂര്‍ - 2010

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര്‍ 2-ന് രൂപീകൃതമായ പഞ്ചായത്തിന് 18.91 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 90% സാക്ഷരത കൈവരിച്ചിട്ടുള്ള ഈ പഞ്ചായത്തിന്റെ ആകെ ജനസംഖ്യ, 16752 സ്ത്രീകളും 16180 പുരുഷന്മാരുമടക്കം 32,932 ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന കൃഷി നെല്ല്, തെങ്ങ്, മരച്ചീനി എന്നിവയാണ്. 35 കുളങ്ങളും 40 പൊതുകിണറുകളും പലവിധ ജലസ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നു. 39 പൊതു കുടിവെള്ള ടാപ്പുകള്‍ മുഖേനയാണ് വിവിധ വാര്‍ഡുകളില്‍ ശുദ്ധജലമെത്തിക്കുന്നത്. ഈ പഞ്ചായത്തിലെ നിരത്തുകളെ രാത്രി കാലങ്ങളില്‍ സഞ്ചാര യോഗ്യമാക്കുന്നതിന് 125 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, പരപ്പനങ്ങാടിയും, ബേപ്പൂരുമാണ്. ചെമ്മാടും കൊണ്ടോട്ടിയുമാണ് പരിസരപ്രദേശങ്ങളിലുള്ള പ്രധാന ബസ്സ്റ്റാന്‍ഡുകള്‍. വരപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി അച്ചാര്‍ കമ്പനിയാണ് പഞ്ചായത്തിലെ പ്രധാന വ്യാവസായിക സംരംഭം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പാണ് പ്രദേശത്ത് ഇന്ധന വിതരണം നടത്തുന്നത്. 7 റേഷന്‍കടകളും ഒരു മാവേലി സ്റ്റോറുമടക്കം 8 പൊതുവിതരണ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. മുസ്ളീംപള്ളികളും, ക്ഷേത്രങ്ങളുമാണ് പഞ്ചായത്തിലെ ആരാധനാലയങ്ങളെല്ലാം. ചിത്രത്തൊടി ജുമാമസ്ജിദ്, പറമ്പില്‍ പീടിക ജുമാമസ്ജിദ്, കരുവാരന്‍ കല്ല് ജുമാമസ്ജിദ്, കാടപ്പടി ജുമാമസ്ജിദ്, ചിത്രത്തൊടി ശ്രീ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങള്‍.  സ്വാതന്ത്ര്യസമരസേനാനികളായ ആലി മുസ്ളിയാര്‍, കുഞ്ഞോക്കു ഹാജി, ചെമ്പന്‍ മുഹമ്മദ്, ചൊക്ളി ബീരാന്‍കുട്ടി, ചൊക്ളി മൊയ്തു, കോഴിത്തൊടി മൊയ്തീന്‍ എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞ പ്രശസ്തരായ വ്യക്തികളാണ്. ഉദയ ആര്‍ട്സ് ക്ളബ്ബ്, ഇരുമ്പിന്‍ കുടുക്ക് വായനശാല, ഡയമണ്ട് കള്‍ച്ചറല്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, മഹാത്മ ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, ഫന്റാസ്റ്റിക് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രദേശത്തെ കലാ-കായിക സാംസ്കാരിക തട്ടകങ്ങള്‍. ആരോഗ്യമേഖലയില്‍, തേഞ്ഞിപ്പാലം പ്രാഥമിക ആരോഗ്യ കേന്ദ്രവും പറമ്പില്‍പീടിക എ.ആര്‍. ആശുപത്രിയുമാണ് പഞ്ചായത്തില്‍ അലോപ്പതി ചികിത്സാസൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വട്ടപറമ്പിലും പറമ്പില്‍ പീടികയിലും ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് പറമ്പില്‍ പീടികയിലാണ്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. എ.കെ.എച്ച്.എസ്.എസ് ചിത്രത്തൊടി, പെരുവള്ളൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, നവഭാരത് ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ് തുടങ്ങി 10-ഓളം സ്കൂളുകള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ‘ശേഷി’ എന്ന പേരില്‍ ഒരു പ്രത്യേക സ്കൂള്‍ പെരുവള്ളൂരില്‍ നിലവിലുണ്ട്. പൊതുമേഖല ബാങ്കായ കാനറാബാങ്കും, സഹകരണ മേഖല ബാങ്കായ പറമ്പില്‍ പീടിക സര്‍വ്വീസ് സഹകരണ ബാങ്കുമാണ് പഞ്ചായത്തിലെ പ്രധാന ബാങ്കിംഗ് സ്ഥാപനങ്ങള്‍. വാര്‍ത്താവിനിമയ കേന്ദ്രങ്ങളായ ടെലിഫോണ്‍ എക്സ്ചേഞ്ച്, തപാല്‍ ഓഫീസ് എന്നിവയും പഞ്ചായത്തിലെ വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് മുതലായവയും സ്ഥിതി ചെയ്യുന്നത് പറമ്പില്‍ പീടികയിലാണ്. ഇരുമ്പില്‍ കുടുക്കിലാണ് കൃഷിഭവന്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തില്‍ 129 കുടുംബശ്രീ യൂണിറ്റുകളും ഒരു അക്ഷയകേന്ദ്രവും പ്രവര്‍ത്തിച്ചു വരുന്നു. സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമത്തിനുള്ള, കേന്ദ്ര സര്‍ക്കാരിന്റെ 2009-ലെ നിര്‍മ്മല്‍ പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്താണ് പെരുവള്ളൂര്‍