പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര്‍ 2-ന് രൂപീകൃതമായ 18.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകളും, തെക്ക് മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളും, കിഴക്ക് തേഞ്ഞിപ്പലം, പള്ളിക്കല്‍ പഞ്ചായത്തുകളും, പടിഞ്ഞാറ് വള്ളിക്കുന്ന് പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിലെ പ്രധാന കൃഷി നെല്ല്, തെങ്ങ്, മരച്ചീനി എന്നിവയാണ്. 35 കുളങ്ങള്‍ ശുദ്ധജലത്തിനായി സംരക്ഷിക്കുന്നത് ഇന്നാട്ടുകാര്‍ക്ക് അനുഗ്രഹമാണ്. കുടിവെള്ള ടാപ്പുകള്‍ മുഖേനയാണ് വിവിധ വാര്‍ഡുകളില്‍ ശുദ്ധജലമെത്തിക്കുന്നത്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, പരപ്പനങ്ങാടിയും, ബേപ്പൂരുമാണ്. ചെമ്മാടും കൊണ്ടോട്ടിയുമാണ് സമീപ പ്രദേശങ്ങളിലുള്ള പ്രധാന ബസ്സ്റ്റാന്റുകള്. മുസ്ളീംപള്ളികളും, ക്ഷേത്രങ്ങളുമാണ് പഞ്ചായത്തിലെ ആരാധനാലയങ്ങള്‍. ചിത്രത്തൊടി ജുമാമസ്ജിദ്, പറമ്പില്‍ പീടിക ജുമാമസ്ജിദ്, കരുവാരന് കല്ല് ജുമാമസ്ജിദ്, കാടപ്പടി ജുമാമസ്ജിദ്, ചിത്രത്തൊടി ശ്രീഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. സ്വാതന്ത്ര്യസമരസേനാനികളായ ആലി മുസ്ളിയാര്‍, കുഞ്ഞോക്കു ഹാജി, ചെമ്പന്‍ മുഹമ്മദ്, ചൊക്ളി ബീരാന്‍കുട്ടി, ചൊക്ളി മൊയ്തു, കോഴിത്തൊടി മൊയ്തീന് എന്നിവര്‍ പഞ്ചായത്തിലെ മണ്മറഞ്ഞ പ്രശസ്തരായ വ്യക്തികളാണ്. ഉദയ ആര്‍ട്സ് ക്ളബ്ബ്, ഇരുമ്പിന് കുടുക്ക് വായനശാല, ഡയമണ്ട് കള്‍ച്ചറല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, ഫെന്റാസ്റ്റിക് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രദേശത്തെ കലാ-കായിക സാംസ്കാരിക തട്ടകങ്ങള്‍. ആരോഗ്യമേഖലയില്‍, തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രവും പറമ്പില്‍ പീടിക എ.ആര്.ആശുപത്രിയുമാണ് പഞ്ചായത്തില്‍ അലോപ്പതി ചികിത്സാസൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വട്ടപറമ്പിലും പറമ്പില്‍ പീടികയിലും ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത് പറമ്പില്‍ പീടികയിലാണ്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. എ.കെ.എച്ച്.എസ്.എസ് ചിത്രത്തൊടി, പെരുവള്ളൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, നവഭാരത് ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ് തുടങ്ങി 10-ഓളം സ്കൂളുകള്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ശേഷി എന്ന പേരില്‍ ഒരു പ്രത്യേക സ്കൂള്‍ പെരുവള്ളൂരില് നിലവിലുണ്ട്. പൊതുമേഖല ബാങ്കായ കാനറാബാങ്കും, സഹകരണ മേഖലയിലെ ബാങ്കായ പറമ്പില്‍ പീടിക സര്‍വ്വീസ് സഹകരണ ബാങ്കുമാണ് പഞ്ചായത്തിലെ പ്രധാന ബാങ്കിംഗ് സ്ഥാപനങ്ങള്‍. വാര്‍ത്താവിനിമയ കേന്ദ്രങ്ങളായ ടെലിഫോണ്‍ എക്സ്ചേഞ്ച്, തപാല്‍ ഓഫീസ് എന്നിവയും പഞ്ചായത്തിലെ വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നത് പറമ്പില്‍ പീടികയിലാണ്. ഇരുമ്പില്‍ കുടുക്കിലാണ് കൃഷിഭവന് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തില്‍ 129 കുടുംബശ്രീ യൂണിറ്റുകളും ഒരു അക്ഷയകേന്ദ്രവും പ്രവര്‍ത്തിച്ചു വരുന്നു. സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമത്തിനുള്ള, കേന്ദ്ര സര്‍ക്കാരിന്റെ 2009-ലെ നിര്‍മ്മല്‍ പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്താണ് പെരുവള്ളൂര്‍.