ചരിത്രം

സാമൂഹ്യചരിത്രം

ഐതീഹ്യപ്രസിദ്ധവും പുരാതനവുമായ വന്നേരിനാടിന്റെ ഹൃദയഭാഗമാണ് ഇന്നത്തെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്. വന്നേരിയിലുള്ള ചിത്രകൂടമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യത്തെ തലസ്ഥാനം എന്നാണ് ചരിത്രം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ജന്മഭൂമിയായിരുന്നു ചിത്രകൂടം ഉള്‍പ്പെടുന്ന വന്നേരി എന്ന സ്ഥലം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ മേല്‍ക്കോയ്മാസ്ഥാനവും കൊച്ചിരാജാക്കന്‍മാരുടെ പട്ടാഭിഷേകവും നടന്നുവന്നിരുന്നത് ഇന്നത്തെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍പെട്ട വന്നേരിയില്‍ വെച്ചായിരുന്നു. ചേരമാന്‍ പെരുമാക്കളുടെ മരുമക്കളായ അഞ്ച് പേരില്‍ ഇളയ പെണ്‍കുട്ടിയ്ക്കല്ലാതെ മറ്റു നാലുപേര്‍ക്കും ആണ്‍മക്കളുണ്ടായിരുന്നില്ല. പ്രസ്തുത അഞ്ച് താവഴികളെ പെരുമ്പടപ്പ് സ്വരൂപം എന്ന് പറയുന്നു. ഉണ്ണിയാടിചരിതം, കോകിലസന്ദേശം എന്നീ ഗ്രന്ഥങ്ങളില്‍ പെരുമ്പടപ്പ് വന്നേരിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അയിരൂര്‍കോവിലകം, കൊരട്ടിക്കരമന, ചേരിയത്ത് ചേന്നമംഗലത്ത് മന, കൊച്ചിന്‍രാജാക്കന്‍മാരുടെ ആസ്ഥാന അമ്പലമായ കൊയപ്പുള്ളി ക്ഷേത്രം, ചാലുകുളങ്ങര ക്ഷേത്രം, കോടത്തൂര്‍ കൊയ്പാമഠം ക്ഷേത്രം, പട്ടാളേശ്വരംക്ഷേത്രം, മന്ത്രവാദത്തില്‍ പേരുകേട്ട കാട്ടുമാഠം മന, അവരുടെ കുലദൈവക്ഷേത്രമായ മണക്കാട്ട് മുത്തശ്ശിയമ്മക്ഷേത്രം, കോഴിക്കോട് സാമൂതിരി കോവിലകം വകയായ പാലപ്പെട്ടി ക്ഷേത്രം എന്നിവയെല്ലാം രാജഭരണകാലവുമായും, രാജപരമ്പരകളുമായും ബന്ധപ്പെട്ട ചരിത്രശേഷിപ്പുകളാണ്. ഒരുകാലത്ത് ചേരിയത്ത് ചേന്നമംഗലത്ത് മന നിലനിന്നിരുന്ന വന്നേരി എന്ന സ്ഥലത്താണ് ഇന്ന് വന്നേരി ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. അവിടെയാവാം “വന്നേരി ചിത്രകൂടം” സ്ഥിതി ചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. അതുപോലെ ഇന്നത്തെ പഞ്ചായത്തോഫീസും, ബ്ളോക്കോഫീസും, കൃഷിഭവനും, വില്ലേജാഫീസും മറ്റും സ്ഥിതിചെയ്യുന്ന വലിയപറമ്പ് എന്ന സ്ഥലത്തായിരുന്നു കൊച്ചിരാജാക്കന്‍മാരുടെ കൊട്ടാരമുണ്ടായിരുന്നത്. രാജകൊട്ടാരത്തിന്റെ അന്ത:പുരത്തില്‍ സ്ഥിതിചെയ്തിരുന്ന വലിയകിണര്‍ ഇന്നുമുണ്ട്. പതിയറ യുപിസ്കൂളിന്റെ വടക്കുഭാഗത്തായി, രാജകുടുംബം ഉപയോഗിച്ചിരുന്ന കുളവും സ്ഥിതി ചെയ്യുന്നുണ്ട്. കിടങ്ങുകളുണ്ടായിരുന്ന സ്ഥലങ്ങള്‍ ഇന്ന് പഞ്ചായത്തുറോഡുകളായി മാറിയിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ പറമ്പുകള്‍ക്കും കുന്നുകള്‍ക്കുമുള്ള പേരുകളും പഴയ കൊട്ടാരഭരണത്തിന്റെ പ്രത്യേകതകളെ ഓര്‍മ്മിപ്പിക്കുന്നവയാണ്. തൂപ്പില്‍ പറമ്പ്, കോണിപ്പറമ്പ്, കച്ചേരിക്കാട്, അടിയാര്‍കുളം, തവളക്കുന്ന് (താവളക്കുന്ന്), പട്ടേരിക്കുന്ന് (പടയേറിക്കുന്ന്) തുടങ്ങിയവ ഉദാഹരണം. കര്‍മ്മശാസ്ത്രം, വ്യാകരണം(അറബിക്), തര്‍ക്കശാസ്ത്രം, വാനശാസ്ത്രം എന്നിവകളില്‍ അപാരപാണ്ഡിത്യമുണ്ടായിരുന്ന ഒരുപാട് പ്രഗത്ഭമതികള്‍ പെരുമ്പടപ്പ് ഗ്രാമത്തിലുണ്ടായിരുന്നു. ഇതില്‍ മണലില്‍ സൈനുദ്ദീന്‍ മുസ്ളിയാര്‍ അവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ച്, പിന്നീട് പുത്തന്‍പള്ളിയില്‍ സ്ഥിരതാമസമാക്കി, ഭക്തിമാര്‍ഗ്ഗം സ്വീകരിച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു പുത്തന്‍പള്ളി മൂപ്പര്‍. അദ്ദേഹം, മുസ്ളീങ്ങള്‍ക്കു കൂടി ഭൌതിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി, പുത്തന്‍പള്ളിയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ അമ്മു മുസ്ള്യാര്‍ എന്നാരാളെ വെച്ച്, ആരംഭം കുറിച്ച പള്ളിക്കൂടം കാലാന്തരത്തില്‍ വികസിച്ചുവലുതായി വന്നതാണ് ഇന്നത്തെ പാറ എല്‍.പി.സ്കൂള്‍. പ്രസ്തുത സ്ക്കൂളാണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ വിദ്യാലയം. 1930-40 കാലഘട്ടത്തിലാണ്, സ്വാതന്ത്ര്യസമരപ്രസ്ഥാനവും, അതോടൊപ്പം ഇടതുപക്ഷപ്രസ്ഥാനവും ഇവിടെ സജീവമാകുന്നത്. ഒരു കുഗ്രാമമായിരുന്ന ഈ പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ തുടക്കം 1940-കളിലാണ്. പെരുമ്പടപ്പ് പഞ്ചായത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവില്‍ വന്നത് 1940-കളില്‍ പാറ എന്ന സ്ഥലത്താണ്. 1957-ലെ ഭൂപരിഷ്കരണ നിയമത്തോടെയാണ് ഇവിടുത്തെ പാട്ടക്കുടിയാന്മാരും വാരകൃഷിക്കാരും ഭൂമിയ്ക്കു ഉടമകളായത്. അതിനു മുമ്പ് ഈ പ്രദേശത്തെ ഭൂസ്വത്തുക്കള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്, മുകളില്‍ സൂചിപ്പിച്ച രാജകുടുംബങ്ങളും കോവിലകങ്ങളും മറ്റ് ദേവസ്വംമനകളുമായിരുന്നു.

സാംസ്കാരികചരിത്രം

ഈ ഗ്രാമത്തിലെ പുരാതനമായ മുളക്കാംപറമ്പ് കളരി, അക്കാലത്തെ ഭരണാധികാരികള്‍ക്കു വേണ്ടി മിടുമിടുക്കന്മാരായ സേനാനായകരെയും പടയാളികളേയും സൃഷ്ടിച്ചെടുത്തിരുന്നതാണ്. പ്രസ്തുത കളരിയോടൊപ്പം പരദേവതയായ ഭദ്രകാളിയുടെ ക്ഷേത്രവുമുണ്ട്. പെരുമ്പടപ്പ് സ്വരൂപത്തില്‍ നിന്ന് രാജകീയ സ്ഥാനമാനങ്ങളും സേനാനായകത്വവും മറ്റ് അതുല്യപദവികളും മുളക്കാംപറമ്പത്ത് കളരിക്ക്, കല്‍പിച്ചു കിട്ടിയിരുന്നു. സേനകളെ പരിശീലിപ്പിച്ചെടുത്തിരുന്ന കളരിയും ക്ഷേത്രവും ഇന്നും നാശനഷ്ടങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നുണ്ട്. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ചിറവെല്ലുന്ന ഊരായ ചെറുവല്ലൂരില്‍ മുമ്പുണ്ടായിരുന്ന അമ്പലമാണ് ചെറുവള്ളൂര്‍ നരസിംഹക്ഷേത്രം. ഇന്നുള്ള തൃക്കേക്കടവ് പാലത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്നതാണ് പ്രസ്തുത ക്ഷേത്രം. അതിനു തെക്കുകിഴക്കുഭാഗത്തായുണ്ടായിരുന്ന മണലിയാര്‍കാവും കിഴക്കുഭാഗത്തെ ശിവക്ഷേത്രവും ഇന്നുമുണ്ട്. പ്രസിദ്ധമായ പാലപ്പെട്ടി കടപ്പുറം ജുമാഅത്ത് പള്ളിക്ക് നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രമുണ്ട്. 150-ലധികം വര്‍ഷത്തെ പഴക്കമുള്ള പ്രസ്തുത പള്ളി 1943-ല്‍ പുതുക്കി പണിതു. അയിരൂര്‍ ജുമാഅത്ത് പള്ളി, നൂണക്കടവ് പള്ളി, പ്രസിദ്ധമായ പുത്തന്‍പള്ളി എന്നിവകളും ഇവിടുത്തെ പുരാതന മുസ്ളീംദേവാലയങ്ങളാണ്. കര്‍മ്മശാസ്ത്രം, വ്യാകരണം(അറബിക്), തര്‍ക്കശാസ്ത്രം, വാനശാസ്ത്രം എന്നിവകളില്‍ അപാരപാണ്ഡിത്യമുണ്ടായിരുന്ന ഒരുപാട് പ്രഗത്ഭമതികള്‍ പെരുമ്പടപ്പ് ഗ്രാമത്തിലുണ്ടായിരുന്നു. ഇതില്‍ മണലില്‍ സൈനുദ്ദീന്‍ മുസ്ളിയാര്‍ അവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ച്, പിന്നീട് പുത്തന്‍പള്ളിയില്‍ സ്ഥിരതാമസമാക്കി, ഭക്തിമാര്‍ഗ്ഗം സ്വീകരിച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു പുത്തന്‍പള്ളി മൂപ്പര്‍. അദ്ദേഹം, മുസ്ളീങ്ങള്‍ക്കു കൂടി ഭൌതിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി, പുത്തന്‍പള്ളിയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ അമ്മു മുസ്ള്യാര്‍ എന്നാരാളെ വെച്ച്, ആരംഭം കുറിച്ച പള്ളിക്കൂടം കാലാന്തരത്തില്‍ വികസിച്ചുവലുതായി വന്നതാണ് ഇന്നത്തെ പാറ എല്‍.പി.സ്കൂള്‍. പ്രസ്തുത സ്ക്കൂളാണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ വിദ്യാലയം. സി.പി.രാമപ്പണിക്കര്‍ (രാമുട്ടിപ്പണിക്കര്‍) എന്ന വ്യക്തിയുടെ മുന്‍കൈയ്യാലാണ് അശ്രഫുല്‍ ഉലും എന്ന പെരുമ്പടപ്പിലെ ആദ്യത്തെ മദ്രസ സ്ഥാപിതമാവുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും മറ്റും നിര്‍മ്മിക്കുന്നതിനാവശ്യമായ സാമ്പത്തികസഹായം നല്‍കിയതും അദ്ദേഹമാണ്. കലാസാംസ്കാരിക രംഗത്ത് പെരുമ്പടപ്പ് പഞ്ചായത്തിന്റെ പങ്ക് വളരെ പ്രശംസാര്‍ഹമാണ്. 1950-നും 1960-നുമിടയില്‍ അനേകം കലാസമിതികളും വായനശാലകളും, സ്പോര്‍ട്സ് ക്ളബ്ബുകളും പഞ്ചായത്തിലുണ്ടായിരുന്നതായി മനസിലാക്കാം. ഇന്ന് ടാഗോര്‍ വായനശാല ഒഴികെ മറ്റുള്ളവയെല്ലാം നാമാവശേഷമാവുകയോ ഭാഗികമായി പ്രവര്‍ത്തനം നിലച്ചുപോകുകയോ ചെയ്തിട്ടുണ്ട്. നാടകരംഗത്ത് പ്രശസ്തരായ ധാരാളം അഭിനേതാക്കള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. കാട്ടുമാടം നാരായണന്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന നാടകനിരൂപകനും സാഹിത്യകാരനുമാണ്. മേലഴി കുട്ടികൃഷ്ണമേനോന്‍ മാതൃഭൂമി വാരികയില്‍ “പെരുമ്പടപ്പ്” എന്ന പേരില്‍ സ്ഥിരമായി എഴുതിയിരുന്നു. ചതുരംഗം, പകിടകളി എന്നിവ ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരം സിദ്ധിച്ച വിനോദങ്ങളായിരുന്നു. തിയ്യത്തുകാരുടെ കൃഷിസ്ഥലത്തുള്ള തൊളിക്കണ്ടത്തിലും, നെല്ലിക്കപ്പറമ്പില്‍ പാടത്തും, ചെരുവല്ലൂരും അതിഗംഭീരമായി കാളപ്പൂട്ടുമത്സരം നടന്നുവന്നിരുന്നു. പാലപ്പെട്ടിക്ഷേത്രത്തിലെ മീനഭരണിയും അതിനോടനുബന്ധിച്ച് നടത്തിവരുന്ന പാവക്കൂത്തും സവിശഷ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. തിയ്യത്തെ കുംഭഭരണി, കാട്ടുമാഠം ഭഗവതിക്ഷേത്രത്തിലെ, മീനം 15-ാം തിയതിയിലെ ഭഗവതിപ്പാട്ട് എന്നിവ ഏറെ പ്രശസ്തിയുള്ളതാണ്. ഈ പഞ്ചായത്തില്‍ ഇന്നുവരെ വര്‍ഗ്ഗീയമായ ചേരിതിരിവോ തര്‍ക്കങ്ങളോ സംഘട്ടനങ്ങളോ നടന്നിട്ടില്ല. പരിസരങ്ങളിലൊക്കെ ചില്ലറ അസ്വസ്ഥതകളും വഴക്കുകളും നടക്കുമ്പോഴും ഇവിടെ മതസൌഹാര്‍ദ്ദത്തിന് യാതൊരു പോറലുമേറ്റിട്ടില്ല. സാമൂഹ്യമായ കൂടിചേരലുകള്‍ക്ക് ജാതിയോ മതമോ ഇവിടെ തടസ്സമാകാറില്ല.