പഞ്ചായത്തിലൂടെ

പെരുമ്പടപ്പ്   - 2010
 
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പ് ബ്ളോക്കിലാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1968-ല്‍ രൂപീകൃതമായ പഞ്ചായത്തിന് 14.92 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്. 14905 സ്ത്രീകളും 13303 പുരുഷന്‍മാരുമടങ്ങുന്ന 28208-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 88.37 ശതമാനം ആണ്. ഭൂപ്രകൃതിയനുസരിച്ച്  തീരദേശമേഖലയില്‍ പെടുന്ന പഞ്ചായത്തിന്റെ പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, രാമച്ചം, വാഴ എന്നിവയാണ്. പ്രദേശത്തിന്റെ പലവിധ ജലസ്രോതസ്സുകളില്‍ 4 കുളങ്ങളും 27 പൊതുകിണറുകളും ഉള്‍പ്പെടുന്നു. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിന് 192 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല വിതരണത്തിനുമായി 60 പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ പ്രാപ്യമായ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, കുറ്റിപ്പുറവും, ബേപ്പൂരുമാണ്. പൊന്നാനിയാണ് പ്രധാന ജലഗതാഗത കേന്ദ്രം. ദേശീയ പാത - 17- ആണ് പഞ്ചായത്തിനെ സമീപ പ്രദേശങ്ങളുമായി ബന്ധിച്ചു നിര്‍ത്തുന്നത്. പപ്പട നിര്‍മ്മാണം, രാമച്ചമെത്ത നിര്‍മ്മാണം, വിശറി നിര്‍മ്മാണം തുടങ്ങിയുള്ള പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ പഞ്ചായത്തില്‍ നിലനിന്നു വരുന്നു. 5 റേഷന്‍ കടകളും ഒരു മാവേലി സ്റ്റോറുമടക്കം 6 പൊതുവിതരണ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പാലപ്പെട്ടി, പുത്തന്‍പള്ളി എന്നിവയുടെ സമീപമാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പുത്തന്‍പള്ളി ആണ്ടു നേര്‍ച്ച പ്രദേശത്തെ പ്രധാന ഉത്സവാഘോഷങ്ങളാണ്.ആരോഗ്യ മേഖലയില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളില്‍ പഞ്ചായത്തില്‍ ചികിത്സാസൌകര്യം ലഭ്യമാണ്. കെ. വി. എം. ആശുപത്രി, പി. കെ. എം. എം. ആശുപത്രി എന്നിവ അലോപ്പതി ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍പെടുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയാണ് പ്രധാന ആയുര്‍വ്വേദ ചികിത്സാകേന്ദ്രം. പാലപ്പെട്ടിയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ചെറുവല്ലൂരില്‍ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടാതെ ഒരു ഹോമിയോപ്പതി ആരോഗ്യകേന്ദ്രവും പഞ്ചായത്തില്‍ നിലവിലുണ്ട്.സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പാലപ്പെട്ടി സര്‍ക്കാര്‍ എച്ച്. എസ്. എസ്, സര്‍ക്കാര്‍ ഫിഷറീസ് യു. പി. എസ്, വന്നരി ഹൈസ്ക്കൂള്‍, പെരുമ്പടപ്പ് എ. യു. പി. എസ് തുടങ്ങി 13-ഓളം സ്കൂളുകള്‍ പ്രദേശത്ത് നിലവിലുണ്ട്.ബാങ്കിംഗ് മേഖലയില്‍ ദേശസാല്‍കൃത ബാങ്കുകളായ എസ്. ബി. റ്റി. യും കാനറാ ബാങ്കുമുള്‍പ്പെടെ 4 ബാങ്കുകള്‍ പഞ്ചായത്തിലുണ്ട്.വിവാഹച്ചടങ്ങുകള്‍ നടത്തുന്നതിന് പ്രദേശ വാസികള്‍ ആശ്രയിക്കുന്നത് പ്ളീസന്റ് പാലസ്, റോയല്‍ എന്നീ ആഡിറ്റോറിയങ്ങളെയാണ്.പഞ്ചായത്തിലെ കൃഷിഭവന്‍, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, തപാല്‍ ഓഫീസ് എന്നിവ പെരുമ്പടപ്പിലാണ് സ്ഥിതി ചെയ്യുന്നത്. ടെലിഫോണ്‍ എക്സ്ചേഞ്ച് മാറാഞ്ചേരിയിലും വൈദ്യൂതി ബോര്‍ഡ് ഓഫീസ് പുന്നയൂര്‍കുളത്തുമാണ് സ്ഥാപിതമായിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരനായ കാട്ടുമാടം നാരായണന്‍, മതപണ്ഡിതനായ ശൈഖ് കുഞ്ഞു മുഹമ്മദ് മുസ്ളിയാര്‍, നാടക നടന്‍ എന്‍. വി. അബുബക്കര്‍ എന്നിവര്‍ ഈ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികളാണ്.