പെരുമ്പടപ്പ്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, പെരുമ്പടപ്പ് ബ്ളോക്കിലാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരുമ്പടപ്പ് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനു 14.92 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നന്നംമുക്ക് പഞ്ചായത്തും, തൃശ്ശൂര്‍ ജില്ലയിലെ കാട്ടകാമ്പാല്‍ പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം, കാട്ടകാമ്പാല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. 1954-55 കാലത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ അയിരൂര്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. പിന്നീട് പെരുമ്പടപ്പ് പഞ്ചായത്തു ബോര്‍ഡ് രൂപീകരിച്ചു. 1968-ല്‍ ഈ പഞ്ചായത്ത് വീണ്ടും വിഭജിച്ച്, പെരുമ്പടപ്പ്, എരമംഗലം എന്നീ പഞ്ചായത്തുകള്‍ രൂപംകൊണ്ടു. മനം കവരുന്ന പ്രകൃതിഭംഗി നിറഞ്ഞൊഴുകുന്ന കിഴക്കന്‍ കായലോരം, അങ്ങിങ്ങായി കാണുന്ന കൊച്ചുകുന്നുകള്‍, അതിമനോഹരവും ഇടതിങ്ങിയതുമായ തെങ്ങിന്‍തോട്ടം, കനോലികനാല്‍, പച്ച വിരിച്ച നെല്‍പ്പാടങ്ങള്‍, മനോഹരമായ അറബിക്കടലോരം എന്നിവയെല്ലാമുള്‍പ്പട്ടതാണ് പെരുമ്പടപ്പ് ഗ്രാമത്തിന്റെ പ്രകൃതി. ഐതീഹ്യപ്രസിദ്ധവും പുരാതനവുമായ വന്നേരിനാടിന്റെ ഹൃദയഭാഗമാണ് ഇന്നത്തെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്. വന്നേരിയിലുള്ള ചിത്രകൂടമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യത്തെ തലസ്ഥാനം എന്നാണ് ചരിത്രം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ജന്മഭൂമിയായിരുന്നു ചിത്രകൂടം ഉള്‍പ്പെടുന്ന വന്നരി എന്ന സ്ഥലം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ മേല്‍ക്കോയ്മാസ്ഥാനവും കൊച്ചിരാജാക്കന്‍മാരുടെ പട്ടാഭിഷേകവും നടന്നുവന്നിരുന്നത് ഇന്നത്തെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍പെട്ട വന്നേരിയില്‍ വെച്ചായിരുന്നു. ചേരമാന്‍ പെരുമാക്കളുടെ മരുമക്കളായ അഞ്ച് പേരില്‍ ഇളയ പെണ്‍കുട്ടിയ്ക്കല്ലാതെ മറ്റു നാലുപേര്‍ക്കും ആണ്‍മക്കളുണ്ടായിരുന്നില്ല. പ്രസ്തുത അഞ്ച് താവഴികളെ പെരുമ്പടപ്പ് സ്വരൂപം എന്ന് പറയുന്നു. ഉണ്ണിയാടിചരിതം, കോകിലസന്ദേശം എന്നീ ഗ്രന്ഥങ്ങളില്‍ പെരുമ്പടപ്പ് വന്നേരിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്.