ചരിത്രം
സാമൂഹ്യ സാംസ്കാരിക ചരിത്രം
ടിപ്പുവിന്റെ പടയോട്ടത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെ വീറുറ്റ പ്രവര്‍ത്തനങ്ങളുടേയും ചരിത്രസ്മരണകള്‍ ഏറെ പറയാനുള്ള ഗ്രാമമാണ് പെരുമണ്ണക്ളാരി. ബ്രിട്ടീഷ് ഭരണകാലത്ത് പെരുമണ്ണക്ളാരി പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്നു. ഫ്യൂഡല്ജന്മിത്തത്തിന്റേയും സവര്ണ്ണപീഡനത്തിന്റേയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും കയ്പുനീര് കുടിച്ചവരാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍. നാടുവാഴി പ്രഭുക്കളുടെ അധീശാധികാരത്തെ ചെറുത്തുനിന്ന കഥകളും ഈ ഗ്രാമത്തിനു പറയാനുണ്ട്. വിദേശവസ്ത്ര ബഹിഷ്കരണവുമായി ബന്ധപ്പെട്ട് ആദ്യമായി നടന്ന പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചത് ക്ളാരിപുത്തൂര് വലിയ മാളിയേക്കല്‍ സെയ്യിദ് കുഞ്ഞിക്കോയ തങ്ങളായിരുന്നു. ഇദ്ദേഹം ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയ്ക്കെതിരെ ഇന്നാട്ടുകാര് സധൈര്യം പോരാടിയ ചരിത്രം പുതിയ തലമുറയെ ഇന്നും ആവേശം കൊള്ളിക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ്, കോഴിച്ചെനയില്‍ മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ് സ്ഥാപിക്കപ്പെടുന്നത്. ഇതാണ് ഇന്നത്തെ ദ്രുതകര്‍മ്മ സേനയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. മലബാര്‍ കലാപം കൊടുമ്പിരിക്കൊണ്ടപ്പോള്‍ വെള്ളക്കാര്‍ക്കെതിരെ അരയും തലയും മുറുക്കി കയ്യില്‍ കിട്ടിയതെന്തും ആയുധമാക്കി അടരാടി വീരചരമമടഞ്ഞ നാല്‍പ്പതോളം പേരുടെ സ്മരണകള്‍, പെരുമണ്ണ ഗ്രാമത്തിലെ പുത്തൂര്‍ പള്ളിക്കും സമീപപ്രദേശത്തിനും അയവിറക്കാനുണ്ട്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ ജനങ്ങള്‍ അകമഴിഞ്ഞു സഹകരിച്ചിരുന്നു. മലബാര്‍ കലാപം അടിച്ചമര്‍ത്തുന്നതിനും കലാപകാരികളെ പിടികൂടി പീഡിപ്പിക്കുന്നതിനും സ്ഥാപിച്ചതായിരുന്നു കോഴിച്ചെന മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യാമ്പ്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട സമയത്ത് ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളം വന്ന് പെരുമണ്ണകിഴക്കിനിയകത്ത് മനയുടെ തെക്കുഭാഗത്തു വച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴു പേരെ വെടിവച്ച് കൊല്ലുകയുണ്ടായി. ദേശസ്നേഹികളായ ആ പോരാളികള്‍ വെടിയേറ്റു വീണ സ്ഥലവും അവരുടെ ജഡം മറവുചെയ്ത സ്ഥലവും ഇന്നും ദു:ഖസ്മരണകളുണര്ത്തിക്കൊണ്ട് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. തെന്നല, പൊന്മുണ്ടം പഞ്ചായത്ത് പരിധിയിലുള്ള കറുത്താല്‍ പ്രദേശം മറ്റൊരു ഭീതിജനകമായ ചരിത്രസ്മരണയാണ് ഗ്രാമത്തിനു നല്‍കുന്നത്. പഴയകാലത്ത് പൊന്മുണ്ടം, തെന്നല പ്രദേശങ്ങളിലെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന അമ്മിക്കോടന്‍ കുണ്ട് കറുത്താലിനു അടുത്തായി സ്ഥിതി ചെയ്യുന്നു. കുറ്റം ചെയ്താല്‍ “എന്നെ അന്തമാനിലേക്ക് നാടുകടത്തിയാലും അമ്മിക്കോടന്‍ കുണ്ടിലേക്ക് നാടുകടത്തരുതേ” എന്ന പഴഞ്ചാല്ല് ഇന്നും ഇവിടെയാരും മറന്നിട്ടില്ല. പാറമ്മല്‍ പരിസരത്ത് പ്രാചീനചരിത്രാവശിഷ്ടമായ കുടക്കല്ല് എന്ന പേരിലറിയപ്പെടുന്ന പാറകൊണ്ട് നിര്‍മ്മിച്ച ഒരഭയകേന്ദ്രം കാണാം. ഇത് പ്രചീനകാലത്ത് ഇവിടെയുണ്ടായിരുന്ന ആദിമനിവാസികളുടെ ആവാസകേന്ദ്രമായിരുന്നിരിക്കാം. വൈലത്തൂരിലെ പാണ്ട്യാല പഴയകാലത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. ചുറ്റും കെട്ടിടങ്ങളും വിശാലമായ നടുമുറ്റവും ഈ കേന്ദ്രത്തിനുണ്ടായിരുന്നു. ഇവിടെ ചാരുകസേരയിലിരുന്നുകൊണ്ടാണ് ബ്രിട്ടീഷുദ്യോഗസ്ഥര്‍ കപ്പം (കരം) പിരിച്ചിരുന്നതെന്ന് പറയപ്പെടുന്നു.