പെരുമണ്ണ ക്ലാരി

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കിലെ താനൂര്‍ ബ്ളോക്കിലാണ് പെരുമണ്ണക്ളാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് ഈ പഞ്ചായത്ത് നിലവില്‍ വന്നത്. 11.84 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തെന്നല, എടരിക്കോട്  പഞ്ചായത്തുകളും, തെക്ക് പൊന്മുണ്ടം പഞ്ചായത്തും, കിഴക്ക് എടരിക്കോട് പഞ്ചായത്തും, പടിഞ്ഞാറ് ഒഴൂര്‍, തെന്നല പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ നെല്ല്, കവുങ്ങ്, തെങ്ങ്, വെറ്റില, കുരുമുളക് എന്നിവ മുഖ്യമായും കൃഷിചെയ്തു പോരുന്നു. പതിനൊന്ന് കുളങ്ങളും, 2 പൊതുകിണറുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. കുണ്ടോത്തി കനാല്‍ വഴിയാണ് കൃഷിക്കാവശ്യമായ ജലസേചന സൌകര്യം ലഭ്യമാക്കുന്നത്. പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന  വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂര്‍ വിമാനത്താവളം, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബേപ്പൂര്‍ തുറമുഖം തുടങ്ങിയവയാണ്. കോട്ടക്കല്‍, തിരൂര്‍ എന്നീ ബസ്സ്റ്റാന്റുകളിലാണ് പ്രധാനമായും റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. ദേശീയപാത-17 ഉം, നിലമ്പൂര്‍-തിരൂര്‍ സംസ്ഥാനപാതയും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പാലച്ചിറമാട്ട് പാലം ഇവിടുത്തെ ഗതാഗത വികസനത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. എടുത്തുപറയത്തക്ക വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പെരുമണ്ണക്ളാരി പഞ്ചായത്തിലില്ല ഏങ്കിലും നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിച്ചെന, കുറ്റിപ്പാല എന്നീ സ്ഥലങ്ങളാണിവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. കോഴിച്ചെന, കുറ്റിപ്പാല, താഴെക്കോഴിച്ചെന, വെട്ടിയാന്‍ കിണര്‍, കവുങ്ങില്‍പ്പടി, മൂച്ചിക്കന്‍ എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകളുമുണ്ട്. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും മുസ്ളീങ്ങളാണ്. ഹിന്ദുക്കളും ഇവിടെ വസിക്കുന്നുണ്ട്. ഈ മതവിഭാഗങ്ങളുടെ 60 ഓളം ആരാധനാലയങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നത് കാണാം. പുത്തന്‍ പുരയ്ക്കല്‍ കലങ്കരി, കിഴക്കേതല കലങ്കരി എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. ഇവിടുത്തെ ഉത്സവങ്ങളും, ആഘോഷങ്ങളും പഞ്ചായത്തുനിവാസികള്‍ക്ക് സാംസ്കാരിക ഒത്തുചേരലിനുള്ള വേദിയാണ്. ആണ്ടുനേര്‍ച്ചകളിലും, ക്ഷേത്രോത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലുമെല്ലാം ജാതിമതഭേദമെന്യേ എല്ലാ മതവിശ്വാസികളും പങ്കുകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകരായ എന്‍.ബാപ്പുഹാജി, സി.പോക്കര്‍ഹാജി, വിശ്വനാഥ മേനോന്‍, പി.എംമൌലവി, വി.റ്റി.അബ്ദുള്ള കോയ തങ്ങള്‍, കഴുങ്ങില്‍ ആലി മാസ്റ്റര്‍, മുഹമ്മദ് ക്ളാരി, തേഞ്ചേരി കുമാരന്‍ മൂസത് എന്നിവരുടെ നാമങ്ങള്‍ പഞ്ചായത്തിന്റെ ചരിത്രത്തിനോടപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യന്‍ റെയില്‍വേ ടീമിലെ ചെമ്മിളി സിറാജ്, സാഹിത്യകാരന്‍ റ്റി.എം.കൂട്ടിക്ളാരി, സാമൂഹികപ്രവര്‍ത്തകന്‍ മണ്ണിങ്ങല്‍ ഷാഫിഹാജി എന്നിവരും പഞ്ചായത്തിലെ എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ പെരുമണ്ണക്ളാരി പഞ്ചായത്തിലുണ്ട്. അലോപ്പതി ചികിത്സ ലഭ്യമാക്കുന്ന മുണ്ടശ്ശേരി ആശുപത്രി, ഗവ.ഹോമിയോ ഡിസ്പെന്‍സറി, എടരിക്കോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്തിലെ ആരോഗ്യമേഖല. പി.എച്ച്.സിയുടെ ഉപകേന്ദ്രങ്ങള്‍ പെരുമണ്ണ, കുറ്റിപ്പാല, കവുങ്ങില്‍പടി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. പെരുമണ്ണയില്‍ ഒരു വെറ്റിനറി ആശുപത്രിയും അതിന്റെ രണ്ട് ഉപകേന്ദ്രങ്ങും പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സര്‍ക്കാര്‍ സര്‍ക്കാരേതര 12 വിദ്യാലയങ്ങളാണ് ഇന്ന് പെരുമണ്ണക്ളാരി പഞ്ചായത്തിലുള്ളത്. ഇതില്‍ 8 എല്‍.പി.സ്കൂളുകളും, 2 ഹയര്‍ സെക്കന്ററി സ്കൂളുകളും ഓരോ യു.പി., വി.എച്ച്എസ്.സി സ്കൂളുകളും ഉള്‍പ്പെടുന്നു. കൃഷിഭവന്‍ ചെട്ടിയാന്‍ കിണറിലാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റിപ്പാലയിലാണ് വില്ലേജ് ഓഫീസ്  സ്ഥിതിചെയ്യുന്നത്.