പെരിഞ്ഞനം ISO 9001: 2015 CERTIFIED PANCHAYATH

panchayath

panchayath

തൃശ്ശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂര്‍താലൂക്കില്‍ മതിലകംബ്ളോക്കിലാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പെരിഞ്ഞനം വില്ലേജ് പരിധിയില്‍ വരുന്ന പെരിഞ്ഞനംഗ്രാമപഞ്ചായത്തായത്തിന് 9.3 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 15 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൈപ്പമംഗലം പഞ്ചായത്തും, തെക്കുഭാഗത്ത് മതിലകം പഞ്ചായത്തും, കിഴക്കുഭാഗത്ത് കനോലികനാലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. കൊടുങ്ങല്ലൂര്‍ അസംബ്ളിമണ്ഡലത്തിന്റെ വടക്കേയറ്റത്താണ് ഇതിന്റെ സ്ഥാനം. പഴയ മലബാറിലെ പൊന്നാനി താലൂക്കില്‍പ്പെട്ട കയ്പമംഗലം അംശത്തില്‍ പെരിഞ്ഞനം ദേശമാണ് ഇപ്പോഴത്തെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. ജ്ഞാനികളായ പെരിയ ജൈനര്‍ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്ന പേര് സിദ്ധിച്ചതെന്ന് പറയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ കായലിനെയും ചേറ്റുവ അഴിമുഖത്തെയും ബന്ധിപ്പിക്കുന്ന കനോലി കനാല്‍ 4.5 കിലോമീറ്റര്‍ ദൂരം പഞ്ചായത്തിന്റെ കിഴക്കേ അതിരിലൂടെ ഒഴുകുന്നു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ബ്രീട്ടിഷുകാരുടെ ഭരണകാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ആദ്യകാലങ്ങളില്‍ ചരക്കുഗതാഗതത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതിനെയായിരുന്നു. പഞ്ചായത്ത് മുഴുവനായും തീരസമതലവിഭാഗത്തില്‍ പെടുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 7.5 മീറ്ററില്‍ താഴെയാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍മണ്ണാണ് ഇവിടെ പൊതുവെ കാണപ്പെടുന്നത്. പഞ്ചായത്ത് ഭരണസമതി നിലവില്‍ വരുന്നതിനുമുമ്പ് ബ്രീട്ടിഷ് സര്‍ക്കാരിന്റെ അംഗീകാരത്തോടുകൂടി പഞ്ചായത്തുകോടതി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുണ്ടായിരുന്നത് ജന്മിക്കരം ഉള്ളവര്‍ക്ക് മാത്രമായിരുന്നു. കൈപൊക്കിയുള്ള തെരഞ്ഞെടുപ്പുസംവിധാനമാണ് നിലവിലുണ്ടായിരുന്നത്.പഞ്ചായത്തുകോടതിയുടെ ആദ്യത്തെ പ്രസിഡന്റ് പടിഞ്ഞാറെ കുറ്റ് അച്ചൂട്ടിഅരയനായിരുന്നു.1962-ലാണ് പഞ്ചായത്ത് രൂപീകൃതമാവുന്നത്. 1964-ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യഭരണസമിതിയുടെ പ്രസിഡന്റ് വി.പി.നായരായിരുന്നു.