ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിനെയും തൃക്കണാമതിലകത്തിനേയും തൊട്ടുരുമ്മി കിടക്കുന്ന അതിപുരാതനമായ സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഗ്രാമമാണ് പെരിഞ്ഞനം. പഴയ മലബാറിലെ പൊന്നാനി താലൂക്കില്‍പ്പെട്ട കയ്പമംഗലം അംശത്തിലെ പെരിഞ്ഞനം ദേശമാണ് ഇപ്പോഴത്തെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. പെരിഞ്ഞനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ആധികാരിക രേഖകള്‍ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനര്‍ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്ന പേര് സിദ്ധിച്ചത് എന്ന് പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലും ജന്മികുടിയാന്‍ വ്യവസ്ഥിതിയും ഉച്ചനീചത്വവും ഇവിടെ നിലനിന്നിരുന്നു. അമ്പതുകളുടെ അവസാനം വരെ ഭൂമിയെല്ലാം കൊടുങ്ങല്ലൂര്‍ കോവിലകം, പള്ളിയില്‍ ദേവസ്വം, ഒളവനാട്ട് തറവാട്, മറ്റ് ഏതാനും ചെറുകിട ജന്മിമാര്‍ തുടങ്ങിയവര്‍ കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. കൃഷിക്കാര്‍ ഏതാണ്ട് പൂര്‍ണ്ണമായും പാട്ടക്കാരോ, കാണക്കാരോ ആയിരുന്നു. അക്കാലത്ത് നെല്ലായിരുന്നു പ്രധാനകാര്‍ഷികവിള. വാണിജ്യവിളകളും പ്രചാരത്തിലുണ്ടായിരുന്നു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഭൂമിയുടെ ഉടമകളായി മാറി. ഇത് കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിച്ചു. പണ്ടുമുതലെ വഞ്ചിയാണ് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ ഉപയോഗിച്ചിരുന്നത്. 4 കള്ളികള്‍ക്ക് 36 വണ്ണവും 12.5 ആശാരിക്കോല്‍ നീളവും ഇവയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലം വരെയും കോരുവല ഉപയോഗിച്ചായിരുന്നു മത്സ്യബന്ധനം. പിന്നീട് വട്ടവല ഉപയോഗിച്ചുതുടങ്ങി. അഞ്ചുപേരടങ്ങുന്ന സംഘത്തില്‍ നാലുപേര്‍ തണ്ടുവലിച്ചും അമരക്കാരന്‍ എന്ന അഞ്ചാമന്‍ പങ്കായംകൊണ്ടു തുഴഞ്ഞും വഞ്ചി നിയന്ത്രിച്ചുകൊണ്ടുപോകുന്ന രീതിയായിരുന്നു കൂടുതലും. 1950-കളോടു കൂടി കമ്പവലി എന്നരീതി നിലവില്‍ വന്നു. കരയില്‍ നിന്ന് വളഞ്ഞ് പടിഞ്ഞാറോട്ടു പോയി വല വെള്ളത്തില്‍ തള്ളിയിട്ട് രണ്ടുതലയും കരയിലേക്ക് വലിച്ചുകയറ്റുകയാണ് ചെയ്യുക. 1970-കളോടെ കോട്ടണ്‍നൂലിനുപകരം നൈലോണ്‍ നൂലുപയോഗിച്ചുള്ള വലകള്‍ വ്യാപകമായി. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, തഴപ്പായ, നെയ്ത്ത്, ബീഡിനിര്‍മ്മാണം, കള്ളുചെത്ത് എന്നിവയിലാണ് കൂടുതല്‍ ആളുകള്‍ ഏര്‍പ്പെട്ടിരുന്നത്. പഴയകാലത്ത് ഹൈന്ദവേതര ആരാധനാലയങ്ങളെ പള്ളികള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇത്തരം പള്ളികളോട് ചേര്‍ന്നാണ് ആദ്യമായി അക്ഷരവിദ്യ അഭ്യസിപ്പിച്ചിരുന്നത്. അതുവഴി വിദ്യാലയങ്ങള്‍ പള്ളിക്കൂടങ്ങള്‍ എന്ന പേരിലറിയപ്പെട്ടു. കളരിഗുരുക്കന്മാരുടേയും എഴുത്താശാന്‍മാരുടേയും ശിക്ഷണത്തില്‍ ധാരാളം എഴുത്തുപള്ളിക്കൂടങ്ങള്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നു. 1905-ല്‍ തറയില്‍ കുഞ്ഞാമന്‍ മാസ്റ്റ്റാല്‍ സ്ഥാപിതമായ സ്ഥാപനമാണ് ഇന്നത്തെ ഗവ.യു.പി.സ്കൂള്‍. ഈ സ്കൂളിന്റെ സ്ഥാപനത്തോടെയാണ് പെരിഞ്ഞനം ആധുനിക വിദ്യാഭ്യാസരംഗത്തേക്ക് പ്രവേശിക്കുന്നത്. 1943-ല്‍ പെരിഞ്ഞനത്ത് മാമചോഹന്‍ ആദ്യത്തെ ഹൈസ്കൂള്‍ സ്ഥാപിച്ചു. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ മാമചോഹന്റെ സ്ഥാനം അതുല്യമാണ്. 1916-ല്‍ വെസ്റ് എല്‍.പി.സ്കൂളും അധികം വൈകാതെ എസ്സ്.എന്‍.ജി.എം.എല്‍.പി. സ്കൂളും സ്ഥാപിതമായി. കൊല്ലങ്ങള്‍ക്കുശേഷം ഈസ്റ്റ് യു.പി.സ്കൂള്‍, സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍, എസ്സ്.എന്‍.എസ്സ്.യു.പി.സ്കൂള്‍, അയ്യപ്പന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍, ഈസ്റ്റ് എ.എം.എല്‍.പി.സ്കൂള്‍ എന്നിവയും സ്ഥാപിക്കപ്പെട്ടു. ഇവയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിവര്‍ തുടര്‍വിദ്യാഭ്യാസത്തിനായി കാട്ടൂര്‍, വലപ്പാട്, കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കൂട എന്നിവിടങ്ങളിലെ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. 1943-ല്‍ മാമന്‍ചോഹന്‍ കുറ്റിലക്കടവില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിച്ചതോടെ വിദ്യാഭ്യാസരംഗത്ത് പെരിഞ്ഞനത്ത് ഒരു കുതിച്ചുചാട്ടം തന്നെയാണുണ്ടായത്. വയോജനവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ പഞ്ചായത്തിന്റെ പല ഭാഗത്തും നിശാപാഠശാലകള്‍ സ്ഥാപിതമായിരുന്നുവെങ്കിലും അവയും അധികകാലം പ്രവര്‍ത്തിക്കുകയുണ്ടായില്ല. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി എടുത്തുപറയത്തക്ക സമരങ്ങളോ സംഭവങ്ങളോ ഒന്നുമുണ്ടായിട്ടില്ലെങ്കിലും 1937-ല്‍തന്നെ ഈ പ്രദേശത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബഹുജനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാര ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ തന്നെയായിരുന്നു. ഈ ബഹുജനപ്രക്ഷോഭങ്ങളുടെ ഫലമായി 1957 മുതല്‍ 1971 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഭൂപരിഷ്ക്കരണനിയമങ്ങള്‍ രൂപംകൊണ്ടു. ബഹുജനപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ഭൂപരിഷ്കരണവും നാടിന്റെ മുഖഛായ തന്നെ മാറ്റി. അതോടുകൂടി ഫ്യൂഡല്‍ ജന്മിത്വം അപ്രത്യക്ഷമായി. 1.9 കി.മീ കടല്‍തീരം പഞ്ചായത്തിനുണ്ട്. കൊടുങ്ങല്ലൂര്‍ കായലിനെയും ചേറ്റുവ അഴിമുഖത്തെയും ബന്ധിപ്പിക്കുന്ന കനോലി കനാലിന്റെ 4.5 കിലോമീറ്റര്‍ പഞ്ചായത്തിന്റെ കിഴക്കേ അതിരിലൂടെ  ഒഴുകുന്നു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ബ്രീട്ടിഷുകാരുടെ ഭരണകാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ആദ്യകാലങ്ങളില്‍ ചരക്കുഗതാഗതത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതിനെയായിരുന്നു. പഞ്ചായത്ത് മുഴുവനായും തീരസമതലവിഭാഗത്തില്‍ പെടുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 7.5 മീറ്ററില്‍ താഴെയാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍മണ്ണാണ് ഇവിടെ പൊതുവേ കാണപ്പെടുന്നത്. ഗ്രാമത്തിന്റെ അതിര്‍ത്തിപ്രദേശമായി കാക്കാത്തുരുത്തിയെയും തൃക്കണ്ണമതിലകത്തേയും(തൃപ്പേക്കുളം) സംബന്ധിച്ച് കോകസന്ദേശത്തിലെ 45-ാം ശ്ളോകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പ്രദേശത്ത് നിലവിലിരുന്ന അനാചാരങ്ങളായിരുന്ന കെട്ടുകല്യാണം, തെരണ്ടു കല്ല്യാണം എന്നിവ ഈ അടുത്തകാലം വരെ നിലനിന്നിരുന്നു. വസൂരി, കുഷ്ഠം, കോളറ (നടപ്പുദീനം) തുടങ്ങിയ രോഗങ്ങള്‍ ദൈവകോപത്തിന്റെ ഫലമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. ആരാധനാലയങ്ങളോടനുബന്ധിച്ചാണ് അനുഷ്ഠാനകലകളുടെ ഉത്ഭവം. കളമെഴുത്തുപാട്ട്, തോറ്റംപാട്ട്, ശാസ്താംപാട്ട്, ചിന്തുപാട്ട്, പാനകളി, പുത്തന്‍പാന എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. വിവാഹചടങ്ങളുകളോടനുബന്ധിച്ച് അമ്മാനാട്ടം, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവ നടന്നിരുന്നു. തിരുവാതിരക്കളി, കുമ്മി, കോലാട്ടം, തുമ്പിതുള്ളല്‍, കുടമൂത്ത്, പെണ്ണിരന്നുകളി, പശുവും പുലിയും, ഐവര്‍കളി, തോടുംപിടിത്തം തുടങ്ങിയ നാടന്‍കളികളും മേല്‍പറഞ്ഞ അനുഷ്ഠാനകലകളും ഇന്നു അന്യംനിന്നുകൊണ്ടിരിക്കുന്നു. അതിപുരാതനക്ഷേത്രങ്ങളിലൊന്നായ പള്ളിയില്‍ഭഗവതിക്ഷേത്രോത്സവം കുംഭമാസത്തില്‍ 7 ദിവസങ്ങളിലായി ക്ഷേത്രകലകള്‍ക്ക് പ്രധാന്യം നല്‍കികൊണ്ട് നടത്തപ്പെടുന്നു. മൂന്ന് മുസ്ളീം ദേവാലയങ്ങളും ഈ ഗ്രാമത്തിലുണ്ട്. വിശേഷപ്പെട്ട ക്രിസ്ത്യന്‍ ദേവാലയമായ കപ്പേളയിലെ വിശേഷാല്‍ പ്രാര്‍ത്ഥനയും അമ്പുപെരുന്നാളും പ്രസിദ്ധമാണ്.