പഞ്ചായത്തിലൂടെ

പെരിഞ്ഞനം - 2010

1962-ലാണ് തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 9.3 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഭാഗത്ത് കൈപ്പമംഗലം ഗ്രാമപഞ്ചായത്തും, തെക്ക് മതിലകം ഗ്രാമപഞ്ചായത്തും, കിഴക്ക് കനോലി കനാലും, പടിഞ്ഞാറ് അറബിക്കടലുമാണ്. 10965 സ്ത്രീകളും 9375 പുരുഷന്മാരും ഉള്‍പ്പെടെ പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 20340 ആണ്. 95 ശതമാനം ആളുകളും സാക്ഷരരാണ്. ഭൂപ്രകൃതി അനുസരിച്ച് തീരദേശമേഖലയിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോസ്റ്റല്‍ സാന്‍ഡി എന്ന കാര്‍ഷികമേഖലയില്‍പെട്ട ഇവിടെ നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, മരച്ചീനി, വാഴ എന്നിവ കൃഷി ചെയ്യുന്നുണ്ട്. കനോലി കനാലും 2 കുളങ്ങളും ഉപരിതല ജലസ്രോതസ്സുകളാണ്. പഞ്ചായത്തില്‍ ശുദ്ധജല ലഭ്യതയ്ക്കായി 21 കിണറുകളും, 247 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. പഞ്ചായത്തില്‍ രാത്രികാലങ്ങളിലെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി 682 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്‍.എച്ച്.17 പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ്, വെസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മതിലകം ബസ്സ്റ്റാന്റുകളെ കേന്ദ്രീകരിച്ചാണ് പഞ്ചായത്തിലെ റോഡുഗതാഗതം പ്രധാനമായും നടക്കുന്നത്. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പഞ്ചായത്തിന് അടുത്തുള്ള തുറമുഖം കൊച്ചിയാണ്. കാക്കാത്തുരുത്തി പാലം ഇവിടുത്തെ പ്രാദേശിക പുരോഗതിക്ക് സഹായകമാകുന്നു. കനോലി കനാല്‍ പഴയ കാലത്തെ ഒരു പ്രധാന ജലഗതാഗതകേന്ദ്രമായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു ബങ്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഗ്യാസ് ഏജന്‍സിയും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 10 റേഷന്‍ കടകളും, ഒരു നീതിസ്റ്റോറും ഒരു മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുപീടിക പഞ്ചായത്തിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ്. ഇവിടുത്തെ മാര്‍ക്കറ്റും, ആഴ്ചചന്തയുമൊക്കെ വളരെ സജീവങ്ങളായ വിപണനകേന്ദ്രങ്ങളാണ്. ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, അതിന്റെ നാല് ഉപകേന്ദ്രങ്ങള്‍, ഒരു ആയുര്‍വേദ ആശുപത്രി, ഒരു ഹോമിയോ ആശുപത്രി എന്നിവയാണ് പഞ്ചായത്തിന്റെ ആരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ വക ആംബുലന്‍സ് സേവനവും ഇവിടെ  ലഭിക്കുന്നു. ഒരു വെറ്റിനറി ആശുപത്രിയും, ഒരു മൃഗസംരക്ഷണകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളിലായി 9 സ്കൂളുകളും ഒരു ടെക്നിക്കല്‍ കോളേജും  പ്രവര്‍ത്തിക്കുന്നുണ്ട്. 22 അംഗന്‍ വാടികളും പഞ്ചായത്തിലുണ്ട്. ദേശസാല്‍കൃതബാങ്കായ എച്ച്.ഡി.എഫ്.സി.യുടെ ഒരു ശാഖ മൂന്നുപീടികയില്‍ പ്രവര്‍ത്തിക്കുന്നു. തൃശ്ശൂര്‍ ജില്ല കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഒരു ശാഖ, പെരിഞ്ഞനം സഹകരണബാങ്ക് എന്നിവയാണ് സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രധാന സ്ഥാപനങ്ങള്‍.  കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഒരു ശാഖയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.  പഞ്ചായത്തിന്റെ സാംസ്കാരിക പുരോഗതിക്കായി പഞ്ചായത്ത് വക ഒരു ഗ്രന്ഥശാലയും നാല് വായനശാലകളുമുണ്ട്. വിവാഹം മറ്റു പൊതുചടങ്ങുകള്‍ എന്നിവയ്ക്കായി പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാളും, രണ്ട് കല്ല്യാണമണ്ഡപങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും പഞ്ചായത്തിലുണ്ട്. വില്ലേജ് ഓഫീസ്, കൃഷിഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച്, വൈദ്യുതി ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ പെരിഞ്ഞനം പഞ്ചായത്ത് പരിധിയിലുണ്ട്. പെരിഞ്ഞനത്ത് ഒരു ഹെഡ്പോസ്റ്റോഫീസും രണ്ട് ബ്രാഞ്ച് ഓഫീസുകളുമുണ്ട്. മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെരിഞ്ഞനം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.