ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതനകാലത്ത് പയ്യോര്‍മലനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കാലാന്തരത്തില്‍ പേരാമ്പ്രയായി മാറിയത്. പാടിപ്പതിഞ്ഞ വടക്കന്‍ പാട്ടുകളില്‍ പഴയ കുറുമ്പ്രനാട്ടിലെ പയ്യോര്‍മലനാടിനെക്കുറിച്ച് എമ്പാടും പരാമര്‍ശങ്ങളുണ്ട്. കുറുമ്പ്രനാടിന്റെ കീഴില്‍ വരുന്ന ഭൂവിഭാഗങ്ങളായ ചെറുവണ്ണൂര്‍, മേപ്പയൂര്‍, പേരാമ്പ്ര, കായണ്ണ, പാലേരി തുടങ്ങിയ അംശങ്ങള്‍ ഭരിച്ചിരുന്നത് പയ്യോര്‍മല നായന്മാര്‍ എന്ന സ്വതന്ത്രരായ നാടുവാഴികളായിരുന്നുവെന്ന് വില്യംലോഗന്റെ മലബാര്‍ മാന്വലില്‍ പരാമര്‍ശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാരോടും സാമൂതിരിയോടും അവര്‍ക്ക് ഭരണബന്ധങ്ങളുണ്ടായിരുന്നു. “ആനക്കോലാല്‍ മുക്കാല്‍ വഴിയും, വാളും, വാള്‍മുനമേല്‍ നീരും പകര്‍ന്നുകൊടുത്ത് നിങ്ങള്‍ ചത്തും കൊന്നും അടക്കിക്കൊള്ളുക” എന്ന് രാജാക്കന്മാരാല്‍ അനുഗ്രഹിക്കപ്പെട്ടവരായിരുന്നു അക്കാലത്ത് നാടുവാഴികള്‍. ഇത്തരം നാടുവാഴി-ജന്മി കുടുംബങ്ങളുടെ അധീനതയിലായിരുന്നു ഇന്നത്തെ പേരാമ്പ്രയും സമീപസ്ഥലങ്ങളും. കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്ന ദേശം നാടുവാഴികള്‍ക്ക് നടുവിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നികുതി നിഷേധമുള്‍പ്പെടെ കാര്‍ഷിക കലാപങ്ങള്‍ സംഘടിപ്പിച്ചും കുറിച്യപ്പടയുണ്ടാക്കി ഗറില്ലാ മോഡല്‍ ഒളിയുദ്ധങ്ങള്‍ നടത്തിയും വീരമൃത്യു വരിച്ച പഴശ്ശിരാജാവിനെ, ഒളിവില്‍ സഹായിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട അവിഞ്ഞാട് നായര്‍ ഈ നാടുവാഴി പരമ്പരയിലെ കണ്ണിയായിരുന്നു. അവര്‍ണ്ണരും ഹരിജനങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും ജാതി-ജന്മി നാടുവാഴിത്തത്തിന്റെ കൊടിയ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായി ജീവിച്ചുപോന്നു. നൂറ്റാണ്ടുകളുടെ ചരിത്രപ്പെരുമ പേറുന്നവയാണ് ബാണത്തൂരില്ലം, വാണിയമഠം, കാടുമാടം, കായണ്ണയിലെയും കൂത്താളിയിലെയും മഠങ്ങള്‍ എന്നിവയെല്ലാം കേരളപ്പഴമയുടെ ചെപ്പേടുകള്‍ തുറക്കുന്നു. വലിയ ചിറകള്‍, കുളങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ ആദ്യകാല ബ്രാഹ്മണ കുടിയേറ്റമേഖലകളില്‍ പെട്ടതായിരുന്നു പേരാമ്പ്രയും പരിസരപ്രദേശങ്ങളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂത്താളിയില്‍ ഇന്ന് കൂത്ത് പതിവില്ല; ആളിമാരും. ഒരുകാലത്തിവിടെ പതിവായി കൂത്ത് അരങ്ങേറിയിരുന്നതും സുന്ദരികളുണ്ടായിരുന്നതുമായ പ്രദേശമായിരുന്നിരിക്കാം.  സവര്‍ണ്ണനാടുവാഴികള്‍ കൂത്ത് എന്ന കല ഒരു ന്യൂനപക്ഷത്തിന്റെ കുത്തകയാക്കി നിലനിര്‍ത്തിപ്പോരുകയാണുണ്ടായത്. സവര്‍ണ്ണഹിന്ദുക്കളും ഉയര്‍ന്ന വര്‍ഗ്ഗക്കാരുമായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ കലയായിരുന്നു കൂത്ത്. എന്നാല്‍ മറുവശത്ത് സാധാരണ ജനങ്ങളുടെ കലയായി നിലനിന്നത് നാടോടിപ്പാട്ടുകളും തോറ്റംപാട്ടുകളും മറ്റുമായിരുന്നു. അവിഞ്ഞാട്-കൂത്താളി നായന്മാരുടെ ശീതസമരം ഒരു തുറന്ന യുദ്ധമായി പരിണമിച്ചപ്പോള്‍ രക്തസാക്ഷിയായി മാറിയത് ഹരിജനങ്ങളാണ്. കൂളിത്തിറകള്‍ ആ വീരസ്മരണകള്‍ അയവിറക്കുന്ന ചടങ്ങുകളായി ഇന്നും തുടരുന്നു. “ഏറങ്ങോട്ട് തിറ”യും, “ചെമ്പ്രനട”യും അതിനുള്ള ഉദാഹരണമാണ്. കരിയാത്തന്‍-കുട്ടിച്ചാത്തന്‍-ചാമുണ്ഡിത്തിറകള്‍ നാടുവാഴിത്തശക്തികളോട് പരോക്ഷമായി അമര്‍ഷം പ്രകടിപ്പിക്കുന്നതിനുള്ള കീഴാളവര്‍ഗ്ഗത്തിന്റെ അനുഷ്ഠാനങ്ങളായിരുന്നു. കല്പത്തൂരിലെ ചുമര്‍ചിത്രങ്ങള്‍ ഇന്നും ചരിത്രകുതുകികളുടെ മനം കവരുന്നു. രാമായണം കഥ അവിടെ കൊത്തിവെച്ചിരിക്കുന്നതായി കാണാം. കേരളത്തിലെ ഏറ്റവും പ്രാചീനമായ ഒരു ജൈന ക്ഷേത്രം നൊച്ചാട് പ്രദേശത്തുള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. 1920-കളില്‍ തന്നെ ഇവിടേക്ക് കുടിയേറ്റ കൃഷിക്കാര്‍ വന്‍തോതില്‍ കടന്നുവരാന്‍ തുടങ്ങി. പേരാമ്പ്രയുടെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിനും കാര്‍ഷിക സമ്പദ്ഘടനക്കും ഇവര്‍ ചെയ്ത സംഭാവനകള്‍ ചെറുതല്ല. മേടുകിളച്ചും വയലുകള്‍ വിരിയിച്ചും അവര്‍ മുന്നറി. മലമ്പ്രദേശങ്ങളില്‍ മുളകും കമുകും തെങ്ങും കവുങ്ങും തെരുവപ്പുല്ലുകളും മരച്ചീനിയും കൃഷി ചെയ്ത് അവര്‍ ഈ മണ്ണില്‍ കനകം വിരിയിച്ചു. കാട്ടുമൃഗങ്ങളോടും മലമ്പനിയോടും മല്ലിട്ട് മലയോരമേഖലകളില്‍ റബ്ബര്‍ കൃഷി തുടങ്ങി. കുരുമുളക് കൃഷി വ്യാപകമാക്കിയതും അവര്‍ തന്നെ. മലഞ്ചെരിവില്‍ നിന്ന് ഒഴുകിയെത്താന്‍ തുടങ്ങിയ വനവിഭവങ്ങള്‍, മലഞ്ചെരക്കുകള്‍, അറബി വണിക്കുകളുടെ വ്യാപാരപാരമ്പര്യം പിന്‍പറ്റിയെത്തിയ മുസ്ളീം കച്ചവടക്കാര്‍ എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ പേരാമ്പ്ര അതിന്റെ ആദ്യകാല ബാലാരിഷ്ടതകളില്‍ നിന്ന് വളരാന്‍ തുടങ്ങുകയായിരുന്നു. ഉള്‍നാടുകളില്‍ ചെറിയ പട്ടണങ്ങള്‍ തലപൊക്കി. കോഴിക്കോട് ജില്ലയില്‍ ഫറോക്ക്, കൊയിലാണ്ടി, വടകര എന്നിവക്കൊപ്പം പേരാമ്പ്രയും ഒരു വാണിജ്യകേന്ദ്രമായി അറിയപ്പെടുന്നു. മരുമക്കത്തായ നിയമമനുസരിച്ച് അനന്തരാവകാശി ഇല്ലാതായതിനെ തുടര്‍ന്ന് കൂത്താളി മൂപ്പില്‍ നായരുടെ ഭൂമി മുഴുവനും അറ്റാലടുക്ക നിയമപ്രകാരം 1932-ല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു. പഴയ കുറുമ്പ്രനാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഉള്‍ച്ചേര്‍ന്ന “കൂത്താളി എഞ്ചീറ്റ്” വയനാട് വരെ വ്യാപിച്ചുകിടന്നിരുന്നു. “ചത്താലും ചെത്തും കൂത്താളി” എന്ന കാര്‍ഷിക സമരത്തിന്റെ ഇടിമുഴക്കം ഈ മണ്ണില്‍ നിന്നാണ് ഉയര്‍ന്നുപൊങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് നാട്ടിലെമ്പാടും പട്ടിണിയും പരിവട്ടവും പൂഴ്ത്തിവെപ്പും കിരാതനൃത്തമാടാന്‍ തുടങ്ങിയപ്പോള്‍ ഗ്രോമോര്‍ ഫുഡ് ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു സമരം തുടങ്ങിയത്. കൂത്താളി സമരത്തിന്റെ നേട്ടങ്ങളിലൊന്ന് പൂനം കൃഷി കേരളത്തിന്റെ കാര്‍ഷികസമ്പദ്ഘടനക്ക് പേരാമ്പ്രയുടെ മഹത്തായ സംഭാവനയായി എന്നതാണ്. ആഗോളപ്രശസ്തനായ ഭാരതീയന്‍ വി.കെ.കൃഷ്ണമേനോന്റെ സഹോദരിയുടെ പേരുമായി ബന്ധപ്പെട്ട ജാനകീവയല്‍ ഈ ബ്ളോക്കതിര്‍ത്തിയിലാണ്. ബ്രാഹ്മണര്‍, ജന്മി, ദേവസ്വം, കോവിലകങ്ങള്‍ എന്നീ കൂട്ടരായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ കൈയ്യടക്കിവച്ചിരുന്നത്. ദേശം നാടുവാഴികള്‍ നേരിട്ട് കൃഷി ചെയ്യാത്തവരാണ്. അതുകൊണ്ട് കൃഷി ചെയ്യുന്നവര്‍ക്ക് വിളയിലൊരംശം കൊടുക്കുക എന്ന പതിവുണ്ടായിരുന്നു. നാടുവാഴികള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം വലുതാകാന്‍ തുടങ്ങിയതോടെ അവര്‍ക്ക് കിട്ടുന്ന വിളയുടെ അംശവും വര്‍ദ്ധിക്കാന്‍ തുടങ്ങി. ജാതി-ജന്മി-നാടുവാഴിത്ത സമ്പദ്വ്യവസ്ഥയുടെ അടിത്തറ ബഹുഭൂരിപക്ഷം വരുന്ന കീഴാളജനതയുടെ അടിമത്തത്തിലും കഷ്ടപ്പാടുകളിലുമാണ്. കൊളോണിയല്‍ ഭരണത്തിന്റെ കാലഘട്ടത്തില്‍ തന്നെ പേരാമ്പ്രയിലും ചുറ്റുവട്ടത്തും ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ധ്വനികള്‍ ഉയര്‍ന്നുവന്നതായി കാണാം. കോളനിവാഴ്ച അടിച്ചേല്‍പ്പിച്ച ദുരിതങ്ങള്‍ക്കെതിരെയും നാടുവാഴിത്ത ചൂഷണങ്ങള്‍, അയിത്തം, അന്ധവിശ്വാസം, ഹരിജനമര്‍ദ്ദനം എന്നിവക്കെല്ലാമെതിരെയും ജനങ്ങള്‍ ഉണര്‍ന്നുപോരാടന്‍ തുടങ്ങി. കുളത്തില്‍ കുളിക്കാനുള്ള അവകാശം, പൊതുവഴിയില്‍ സഞ്ചരിക്കാനുള്ള അവകാശം, ക്ഷേത്രപ്രവേശനം, ഗ്രന്ഥശാലകള്‍, വയോജനവിദ്യാഭ്യാസം, ഹരിജനവിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് അയക്കല്‍, സിവില്‍ നിയമലംഘനം, ഉപ്പുസത്യാഗ്രഹ പ്രചരണം, വിദേശവസ്ത്രബഹിഷ്ക്കരണം, ഹിന്ദിപഠനം, കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ വ്യത്യസ്ത രൂപഭാവങ്ങളില്‍ ഉയര്‍ത്തെഴുന്നല്‍ക്കുക തന്നെ ചെയ്തു. വി.വി.ഗിരി 1939-ല്‍ പ്രസംഗിച്ചതിനാല്‍ “ഗിരി മൈതാനം” എന്ന പേര്‍ വീണ പേരാമ്പ്ര യു.പി.സ്കൂള്‍ പരിസരത്ത് ജയപ്രകാശ് നാരായണനും ഒരു ചടങ്ങിള്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. വിനോബാഭാവെ വന്നു ചക്കിട്ടപാറയില്‍ ഒരു ഭൂദാനഗ്രാമം സ്ഥാപിക്കുകയുണ്ടായി.
വിദ്യാഭ്യാസചരിത്രം
സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍, മിഷനറി പ്രവര്‍ത്തനം, കുടിപ്പള്ളിക്കൂടങ്ങള്‍, നിലത്തെഴുത്താശാന്‍മാരുടെ സേവനം തുടങ്ങിയവയൊക്കെ ആദ്യകാലഘട്ടങ്ങളില്‍ പേരാമ്പ്ര ബ്ളോക്കിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ ഘടകങ്ങളാണ്. പേരാമ്പ്രയില്‍ ആദ്യമായി ഒരു ബോര്‍ഡ് സ്കൂള്‍ സ്ഥാപിതമാകുന്നത് ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ചെറുവണ്ണൂര്‍, നൊച്ചാട്, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളില്‍ നിലത്തെഴുത്തു കളരികളും പള്ളികൂടങ്ങളും ഏകാധ്യാപക വിദ്യാലയങ്ങളും നിലനിന്നിരുന്നു. പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ നാട്ടുവൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം, മൃഗചികിത്സ, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളില്‍ കൂടി വളര്‍ന്നുവന്ന അനൌപചാരിക വിദ്യാഭ്യാസം സാമൂഹ്യപുരോഗതിയ്ക്കു സഹായകമായിരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം വ്യാപകമാവാന്‍ തുടങ്ങിയതോടെ അനൌപചാരികവും പരമ്പരാഗതവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. മലബാര്‍ ഡിസ്ട്രിക്ട്  ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. ബ്ളോക്കിലെ ഏറ്റവും പഴക്കമുള്ള സ്കൂള്‍ ചെറുവണ്ണൂരിലെ മുയിപ്പോത്ത് 1860-ല്‍ സ്ഥാപിച്ച മുയിപ്പോത്ത് എ.എല്‍.പി സ്കൂളാണ്. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന കാലഘട്ടത്തില്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍ ഗ്രാമങ്ങളില്‍ ഹരിജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം സ്ഥാപിച്ചിരുന്ന പഞ്ചമസ്കൂളുകള്‍ സാമൂഹ്യമായ പല കാരണങ്ങളാല്‍ അധികകാലം പ്രവര്‍ത്തിച്ചില്ല. ജാതിവ്യവസ്ഥയ്ക്കെതിരെയും തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെയും നടന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായിട്ടു കൂടിയാണ് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് പൊതു സ്കൂളുകളില്‍ പ്രവേശനം ലഭിച്ചത്. കുടിയേറ്റ പ്രദേശമായ ചക്കിട്ടപ്പാറയില്‍ 1944 മുതല്‍ക്കാണ് സ്കൂളുകള്‍ ആരംഭിക്കുന്നത്. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ബ്ളോക്കിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനി കെ.ടി.കുഞ്ഞിരാമന്‍ നായര്‍, റവ.ഫാദര്‍.സി.ജെ.വര്‍ക്കി, ഡോ.കെ.ജി.അടിയോടി, കെ.ടി.അപ്പനായര്‍, സെയ്താലിക്കുട്ടി മൌലവി, ചാത്തന്‍ വൈദ്യര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. പ്രശസ്ത സാഹിത്യകാരന്‍ ആവള ടി.കുഞ്ഞിരാമക്കുറുപ്പ്, കവിയും അദ്ധ്യാപകനുമായിരുന്ന ചെറുവണ്ണൂര്‍ പി.നാരായണന്‍ നായര്‍, കെ.ആര്‍.കേരളവര്‍മ്മ, കുഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നിവര്‍ അദ്ധ്യാപന സേവനരംഗത്തെ പ്രഗത്ഭരായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ 50 എല്‍.പി സ്കൂളുകളും 22 യു.പി.സ്കൂളുകളും 9 ഹൈസ്കൂളുമാണുള്ളത്. 1975-ല്‍ സ്ഥാപിതമായ സി.കെ.ജി.എം.ഗവണ്‍മെന്റ് കോളേജില്‍ ബിരുദ പഠനത്തിനുള്ള സൌകര്യമുണ്ട്.  പേരാമ്പ്ര ഹൈസ്കൂള്‍ 1991 മുതല്‍ ഹയര്‍ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.