പേരാമ്പ്ര

കോഴിക്കോട് ജില്ലയില്‍, കൊയിലാണ്ടി താലൂക്കിലാണ് പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത്. ചെറുവണ്ണൂര്‍, നൊച്ചാട്, ചെങ്ങരോത്ത്, കൂരാച്ചുണ്ട്, കൂതാളി, മേഞ്ഞാണ്യം, ചക്കിട്ടപ്പാറ, കായണ്ണ, പേരാമ്പ്ര, ഏറവട്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്തിന് 275.02 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് കുന്നുമ്മല്‍ ബ്ളോക്ക് പഞ്ചായത്തും, കിഴക്കുഭാഗത്ത് കല്‍പ്പറ്റ, ബാലുശ്ശേരി ബ്ളോക്കുകളും, തെക്കുഭാഗത്ത് ബാലുശ്ശേരി, പന്തലായിനി, മേലടി ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് തോടന്നൂര്‍ ബ്ളോക്കുമാണ് പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച്, പേരാമ്പ്ര ബ്ളോക്കിനെ കുന്നിന്‍പ്രദേശങ്ങള്‍, ചെരിവുകള്‍, സമതലങ്ങള്‍, പാടശേഖരങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം. കുന്നിന്‍ പ്രദേശങ്ങളില്‍ ലാറ്ററൈറ്റ് മണ്ണും ചരിവുകളില്‍ കളിമണ്ണും ചെമ്മണ്ണും സമതലങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശിയുള്ള മണ്ണും കാണപ്പെടുന്നു. ചക്കിട്ടപ്പാറ പൂര്‍ണ്ണമായും കായണ്ണ, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകള്‍ ഭാഗികമായും മലയോരമേഖലയിലുള്‍പ്പെടുന്നു. ഫലഭൂയിഷ്ഠമായ കരിമണ്ണ് ഈ പ്രദേശങ്ങളുടെ ഒരു പ്രത്യേകതയാണ്. സമുദ്രനിരപ്പില്‍ നിന്ന് 47 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചക്കിട്ടപ്പാറയുടെ ഒരു ഭാഗം നിത്യഹരിതവനമാണ്. ചക്കിട്ടപ്പാറ പഞ്ചായത്ത് തോട്ടവിളകള്‍ക്ക് പ്രധാന്യമുള്ള പ്രദേശമാണ്. കുറ്റ്യാടിപ്പുഴയും അതിന്റെ കൈവഴികളായ കടന്തറപ്പുഴ, ഓനിപ്പുഴ, ചെമ്പ്രപ്പുഴ, നെടുവാല്‍പ്പുഴ, ചെറുപുഴ എന്നിവയും ഒട്ടനവധി തോടുകളും ജലസ്രോതസ്സുകളും ഈ ബ്ളോക്കിലുണ്ട്. പേരാമ്പ്ര ബ്ളോക്ക് രൂപീകരിച്ച കാലഘട്ടത്തില്‍ പേരാമ്പ്ര, കൂത്താളി, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, നൊച്ചാട്, വേളം എന്നീ പഞ്ചായത്തുകള്‍ ഈ ബ്ളോക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. പുനഃസംഘടനയുടെ ഫലമായി മേപ്പയ്യൂര്‍, വേളം പഞ്ചായത്തുകള്‍ മേലടി, കുന്നുമ്മല്‍ എന്നീ ബ്ളോക്കുകളുമായി കൂട്ടിച്ചേര്‍ക്കുകയും, ബാലുശ്ശേരി ബ്ളോക്കിന്റെ ഭാഗമായിരുന്ന കായണ്ണ പേരാമ്പ്രയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 1964 വരെ ബ്ളോക്കിന്റെ ഭരണകാര്യപ്രവര്‍ത്തനങ്ങള്‍ ഉപദേശകസമിതിയും പിന്നീട് ബ്ളോക്ക് വികസന സമിതിയും കൈകാര്യം ചെയ്തുപോന്നു.