പഞ്ചായത്തിലൂടെ

കരിവെള്ളൂര്‍ പെരളം - 2010

ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ തിളക്കമാര്‍ന്ന ഒരു സ്ഥലനാമമാണ് കരിവെള്ളൂര്‍. ഈ കൊച്ചുഗ്രാമത്തിന്റെ സാംസ്കാരിക രംഗത്തിന് നൂറ്റാണ്ടുകളുടെ സമൃദ്ധമായ ചരിത്രമുണ്ട്. ലാഹോര്‍ സിംഹം എന്നറിയപ്പെടുന്ന പഞ്ചാബിലെ റാണാ രഞ്ജിത്ത് സിംഹിന്റെ മുഖ്യഉപദേഷ്ടാവും പ്രധാനമന്ത്രിയുമായിരുന്ന ശങ്കരനാഥ ജ്യോത്സ്യര്‍, അദ്ദേഹത്തിന്റെ ഗുരുവും പണ്ഡിതനുമായിരുന്ന പലിയേരി എഴുത്തച്ഛന്‍, വടക്കേ മലബാറിലെ തെയ്യം കലകള്‍ക്ക് രൂപകല്‍പ്പന ചെയ്ത് ചിറക്കല്‍ രാജാവില്‍ നിന്ന് പട്ടും വളയും ഏറ്റുവാങ്ങിയ മണക്കാടന്‍ ഗുരുക്കള്‍, വിജ്ഞാന സ്രോതസ്സായിരുന്ന പുതിയടവന്‍ ഗുരുക്കള്‍ എന്നിവരുടെ അഭിജാതമായ സാംസ്കാരിക മഹിമ ഈ ഗ്രാമത്തിന്റെ മദ്ധ്യകാല ചരിത്രമാണ്. കിരാതമൂര്‍ത്തിയായ ശിവനുമായി (കരിവെള്ളന്‍) ബന്ധപ്പെടുത്തിയാണ് കരിവെള്ളൂര്‍ (കരിവെള്ളന്റെ ഊര്) എന്ന സ്ഥലനാമമുണ്ടായതെന്ന് അഭിപ്രായമുണ്ട് 17-ാം നൂറ്റാണ്ടില്‍ ചിറക്കല്‍ രാജ്യം ആക്രമിച്ച വിജയനഗരസാമ്രാജ്യപടയെ ചിറക്കല്‍ രാജാവിന്റെ ഭടന്‍മാര്‍ തടുത്ത് യുദ്ധം ചെയ്ത സ്ഥലമാണ് തടുത്തിട്ട കൊവ്വല്‍. റവന്യൂ രേഖകളിലും ഓണക്കുന്ന് തടുത്തിട്ടകൊവ്വല്‍ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കരിവെള്ളൂരിലെ ഏറ്റവും വലിയ വനമായിരുന്നു പുത്തൂരിലെ രാങ്കാട് .ചിലര്‍ അതിനെ രാമന്‍കാട് എന്നും വിളിക്കാറുണ്ട് രാങ്കാടിന് താഴെയുള്ള വറ്റാത്ത നീരുറവയായ ക്ടാമ്പ് ഇന്നും നിലനില്‍ക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോടും കിരാതമായ ജന്മി നാടുവാഴിത്തത്തോടും ധീരമായി പൊരുതി വീരമൃത്യു വരിച്ച തിടില്‍ കണ്ണന്‍ കീനേരി കുഞ്ഞമ്പു, മാവിലാ ചിണ്ടന്‍ നമ്പ്യാര്‍, പുന്നക്കോടന്‍ കുഞ്ഞമ്പു എന്നിവര്‍ മഹത് വ്യക്തിത്വങ്ങളാണ്. കേരളരാഷ്ട്രീയചരിത്രത്തില്‍ പുതിയമാനങ്ങള്‍ നല്‍കി ജന മനസ്സുകളില്‍ ജീവിക്കുന്ന ഏ.വി.കുഞ്ഞമ്പു, വി.വി.കുഞ്ഞമ്പു, കെ.കൃഷ്ണന്‍ മാസ്റ്റര്‍, പികുഞ്ഞിരാമന്‍, കോളിയാടന്‍ നാരായണന്‍ മാസ്റ്റര്‍, കടിഞ്ഞിയില്‍ നാരായണന്‍ മാസ്റ്റര്‍ എന്നീ മണ്‍മറഞ്ഞവരും തിളക്കമാര്‍ന്ന മറ്റൊരദ്ധ്യായമാണ് കരിവെള്ളൂരില്‍ എഴുതിച്ചേര്‍ത്തത്. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് കേരളത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ ബീജാവാപം ചെയ്ത അഭിനവ ഭാരത യുവക് സംഘം എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരിലെ മണക്കാട്ട് വച്ചാണ് രൂപം കൊണ്ടത്. നിശാപാഠശാല, ഹിന്ദി വിദ്യാഭ്യാസം ഉച്ചനീചത്തങ്ങള്‍ക്കെതിരായ സമരം എന്നിവയിലൂടെ ജനങ്ങളെ ബോധവല്‍ക്കരിച്ച് സംഘബോധത്തിന്റെ നൂതന സങ്കല്‍പം ഇവര്‍ കെട്ടിപ്പടുത്തു. മത സൌഹാര്‍ദ്ദത്തിന്റെ പ്രകാശപൂര്‍ണ്ണിമ കരിവെള്ളൂരിന്റെ സവിശേഷതയാണ്. നിരവധി ഹിന്ദു ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കരിവള്ളൂര്‍ എന്ന പേരിനാധാരമായ ശിവ(കരിവെള്ളോന്‍)ക്ഷേത്രം, ആദിമുച്ചിലോട,് കുണിയന്‍പറമ്പത്തറ, പെരളം ഭഗവതീക്ഷത്രം, കൊഴുമ്മല്‍ മുണ്ട്യേക്കാവ് എന്നിവയ്ക്ക് പുറമേ മൂന്ന് മുസ്ളീം പള്ളികളും ഇവിടെയുണ്ട്. പുരാതനമായ ജുമാമസ്ജിദിന്റെ നിര്‍മ്മിതിക്ക് ധനസഹായം നല്‍കിയത് ചിറക്കല്‍ രാജാവും ധനാഢനായ ഒരു ഹിന്ദുവുമാണ്. കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍ തുലാമാസത്തില്‍ നടത്തിവരാറുള്ള വിരുത്തികുത്ത്, മത്തവിലാസം കുത്ത്, എന്നിവ ഏറെ പ്രസിദ്ധമാണ്. നെയ്യമൃത് കോട്ടത്തിലെ മകരമാസ ആരാധനാക്രമങ്ങള്‍, വാണില്യം ക്ഷേത്രത്തിലെ കരിഞ്ചാമുണ്ഡി, മഠപള്ളി സോമേശ്വരി ക്ഷേത്രത്തിലെ മൂവാളന്‍കുഴിചാമുണ്ടി എന്നിവ അപൂര്‍വ്വങ്ങളാണ് . ഗോത്രസ്മൃതികളുണര്‍ത്തുന്ന കാലിച്ചാന്‍ തെയ്യത്തിന്റെ ഉല്പത്തി പാലക്കുന്ന് തറയിലാണെന്ന് തോറ്റംപാട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് കീഴാള വര്‍ഗ്ഗത്തിന്റെ കാര്‍ഷിക ഉര്‍വ്വരതാ പൂജയുടെ പ്രാചീനതയെ സ്വാധീനിക്കുന്നു. കരിവെള്ളൂര്‍ ശ്രീസോമേശ്വരീ ക്ഷേത്രത്തിലെ കര്‍ക്കിടകം 18-ന്റെ മാരിമാറ്റല്‍, കേരളീയസംസ്ക്കാരവുമായി രൂപകല്‍പന ചെയ്തെടുത്ത ശാലീയപൊറാട്ട് എന്നിവ നരവംശ ശാസ്ത്രപഠനങ്ങള്‍ക്ക് പോലും പ്രയോജനപ്പെടുന്നവയാണ്. കലാസാംസ്കാരിക രംഗത്തെ സദ്പാരമ്പര്യം സ്വാതന്ത്ര്യാനന്തരവും നിലനിര്‍ത്തിയ ഒരുപ്രദേശവുമാണ് കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് .കരിവെള്ളൂര്‍ ജനശക്തിയുടെ ചൊല്‍ക്കാഴ്ചയും നാടകങ്ങളും ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റി. കരിവെള്ളൂരിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങളും പഠനപ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആംസ്റ്റര്‍ഡാം യൂണിവേഴ്സിറ്റി (നെതര്‍ലാന്റ്) ജൂപ്പ ഡിവിറ്റിന്റെ കരിവെള്ളൂരിലെ കര്‍ഷക പ്രസ്ഥാനം എന്ന ഗവേഷണ പ്രബന്ധം, സി.വി.ബാലകൃഷ്ണന്റെ വിളക്കുമാടം എന്ന നോവല്‍, എം.എന്‍.കുറുപ്പ് രചിച്ച കുഞ്ഞമ്പുവിന്റെ കഥ എന്ന ജീവചരിത്ര ഗ്രന്ഥം തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. കരിവെള്ളൂരിന്റെ സാംസ്കാരിക പൈതൃകം (ഡോ.എന്‍.വി.പി.ഉണിത്തിരി), കരിവെള്ളൂരിന്റെ രാഷ്രീയചരിത്രം (ഡോ.വി.വി.കുഞ്ഞികൃഷ്ണന്‍) എന്നിവ പഠനപ്രബന്ധങ്ങളാണ്. വിശ്വവിജ്ഞാനകോശത്തിലും കരിവെള്ളൂരിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മഹത് വ്യക്തികള്‍
യോഗീവര്യനും ഇന്ദ്രജാലം, വൈദ്യം തുടങ്ങിയ കാര്യങ്ങളില്‍ നിപുണനുമായിരുന്ന പണ്ഡിതശ്രേഷ്ഠന്‍ പലിയേരി എഴുത്തച്ഛന്‍ കരിവെള്ളൂരിന്റെ സന്താനമാണ്. പലിയേരി വീട്ടില്‍ രയരപ്പനാണ് പലിയേരി എഴുത്തച്ഛനായി അറിയപ്പെടുന്നതെന്ന് പറയപ്പെടുന്നു. വേദാന്തത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. പലിയേരിയിലെ തടുപ്പക്കുളം കാവിലെ മൂകാംബികാ ക്ഷേത്രം നിര്‍മ്മിച്ചത് പലിയേരി എഴുത്തച്ഛനാണ്. എഴുത്തച്ഛനെ ചൂഴ്ന്ന് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ലാഹോര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന പഞ്ചാബ് രാജാവ് റാണാ രഞ്ജിത് സിങ്ങിന്റെ പ്രധാനമന്ത്രി ശങ്കരനാഥ ജ്യോത്സ്യര്‍ പിറന്നത് കരിവെള്ളൂരിലാണ്. വങ്ങാട്ട് തറവാട്ടിലെ അംഗമായ അദ്ദേഹം പ്രഗത്ഭനായ ഭരണതന്ത്രജ്ഞനായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളിന്റെ ക്ഷണമനുസരിച്ച് സദര്‍കോടതി ജഡ്ജി, കൊട്ടാരത്തില്‍ ചൌസദാരി കമ്മീഷണര്‍ എന്നീ നിലകളിലും ഉന്നതപദവികള്‍ അലങ്കരിച്ച് വ്യക്തിയാണ് ശങ്കരനാഥ ജ്യോത്സര്‍. അദ്ദേഹം സ്വാതിതിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച് ദേവീഭാഗവതം കിളിപ്പാട്ട് രചിച്ചതായി വിശ്വസിക്കപ്പെടുന്നു. പ്രാചീനകൃതികളിലെന്നായ ഉത്തരരാമായണം ഗദ്യത്തിന്റെ കര്‍ത്താവ് കരിവെള്ളൂര്‍ വങ്ങാട്ട് മഠത്തില്‍ ഒരു പണ്ഡിതനായിരുന്നു. (അവലംബം ഉള്ളൂരിന്റെ സാഹിത്യചരിത്രം -രണ്ടാം വാള്യം -പുറം 701).കോട്ടൂര്‍ നമ്പ്യാര്‍ എന്നറിയപ്പെടുന്ന കോട്ടൂരധികാരി കുടുംബത്തിലെ ഒരു വിശിഷ്ടകവി (18-ാം നൂറ്റാണ്ട്) കുചേലകഥ (പത്തുവൃത്തം), സുഭദ്രാഹരണം എന്നീ കൈകൊട്ടി കളിപ്പാട്ടുകളും നളചരിതം കോല്‍കളിപ്പാട്ടും രചിച്ചിട്ടുണ്ട് . ഐതിഹ്യങ്ങള്‍ക്കും ചരിത്രത്തിനും മദ്ധ്യേയുള്ള അസാധാരണവ്യക്തിത്വത്തിനുടമയായ മണക്കാടന്‍ ഗുരുക്കള്‍ കരിവെള്ളൂരിന്റെ മകനാണ്. തെയ്യം കലയുടെ പരിഷ്കര്‍ത്താവായ മണക്കാടന്‍ ഗുരുക്കള്‍ പണ്ഡിതനും ഐന്ദ്രജാലികനുമായിരുന്നു. ഒന്നുകുറവ് നാല്‍പ്പത് തെയ്യങ്ങള്‍ ഒറ്റരാത്രി കൊണ്ട് കോട്ടിയാടി ചിറക്കല്‍ രാജാവിന്റെ പട്ടും വളയും വാങ്ങിയ കലാകാരനുമാണ് ഗുരുക്കള്‍ എന്ന് പഴമക്കാര്‍ പറയുന്നു. ചിറക്കല്‍ രാജാവിന്റെ ആജ്ഞയനുസരിച്ച് കൊട്ടാരത്തിലേക്ക് പോയ മണക്കാടന്‍ ഗുരുക്കള്‍ തന്റെ മന്ത്രശക്തി കൊണ്ട് വാഴയിലയില്‍ പുഴകടന്നുവെന്നും കവുങ്ങ് വളച്ച് കോട്ടമതില്‍ കടന്നുവെന്നുമുള്ള ഐതിഹ്യമുണ്ട്. കുമ്പളത്തിന്റെ ഇലയില്‍ ചോറു വാങ്ങി വെന്ത ഇല തിന്ന് രാജാവിന്റെ പരീക്ഷണത്തെ അതിജീവിച്ച ഗുരുക്കളെക്കുറിച്ചുള്ള കഥ ഗ്രാമീണമനസുകളില്‍ ഇന്നും തത്തിക്കളിക്കുന്നു. കളരി അഭ്യാസിയായ പുതിയടവന്‍ ഗുരുക്കളെ എന്നും അനുസ്മരിക്കേണ്ടതുണ്ട്. വണ്ണാന്‍ സമുദായത്തില്‍ പിറന്ന മണക്കാടന്‍ ഗുരുക്കളുടെ ശിഷ്യരില്‍ പ്രസിദ്ധനായ ഒരാളായിരുന്നു ജാതിയില്‍ നായരായ പുതിയടവന്‍ ഗുരുക്കള്‍. അവര്‍ണ്ണനായ ഒരാള്‍ക്ക് സവര്‍ണ്ണനായ ശിഷ്യനുണ്ടായി എന്ന വസ്തുത സവിശേഷശ്രദ്ധ അര്‍ഹിക്കുന്നതാണ്. രാമന്‍ മണക്കാടന്‍, കുട്ട്യമ്പുമണക്കാടന്‍, വണ്ണാന്‍ കണ്ണന്‍, അമ്പു മണക്കാടന്‍, അമ്പു പെരുമലയന്‍ എന്നിവര്‍ പില്‍ക്കാലത്ത് പ്രസിദ്ധരായ തെയ്യം കലാകാരന്‍മാരാണ്. പുലയരുടെ തെയ്യമായ കാലിച്ചാന്‍ ദൈവത്തിന്റെ ആസ്ഥാനം കരിവെള്ളൂര്‍ തറയാണെന്ന് (പാലക്കുന്നിനടുത്ത്) തോറ്റംപാട്ടുകളില്‍ പറയുന്നുണ്ട്. കന്നുകാലി വളര്‍ത്തലും നായാട്ടുമായി നടന്ന അതിപ്രാചീനമനുഷ്യന്റെ സംസ്ക്കാരത്തോളം പഴക്കമുണ്ട് കാലിച്ചാന്‍ തെയ്യമെന്ന സങ്കല്‍പ്പത്തിന്. വടക്കേ മലബാറിലെ ജനകീയകലയായ പൂരക്കളിയുടെ പ്രധാനകളിത്തട്ടാണ് കരിവെള്ളൂര്‍- പെരളം പഞ്ചായത്ത്. പൂരക്കളി പണിക്കന്‍മാര്‍ക്ക് സംസ്കൃതം പഠിക്കുന്നതിനായി കുണിയന്‍ പ്ടാരന്റെ വളപ്പില്‍ ഒരു സംസ്കൃതവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. സംസ്കൃത പണ്ഡിതനായിരുന്ന കള്ളാര്‍മേക്കാട്ട് മാധവന്‍ നമ്പൂതിരിയാണ് അവിടുത്തെ പ്രധാന ഗുരു. കാമ്പ്രത്ത് എഴുത്തച്ഛന്‍, പോത്തേര എഴുത്തച്ഛന്‍, കുറുന്തില്‍ എഴുത്തച്ഛന്‍, കരിപ്പത്ത് കുഞ്ഞിരാമപൊതുവാള്‍ എഴുത്തച്ഛന്‍ എന്നിവര്‍ കരിവെള്ളൂരിലെ പ്രധാന സംസ്കൃത പണ്ഡിതന്‍മാരായിരുന്നു.വടക്കന്‍ പാട്ടുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പടനായകനായ മുരിക്കാഞ്ചരി കേളു ചിറക്കല്‍ രാജാവിനെതിരെ സമരം നയിച്ചത് ഈ പഞ്ചായത്തിലെ പുത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നുവത്രേ. സമരത്തിനൊടുവില്‍ പീരങ്കിയില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയേറ്റ പാട് പുത്തൂര്‍ അമ്പല മതിലിലുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. മുരിക്കാഞ്ചരി കേളുവിനെക്കുറിച്ചുള്ള നാടന്‍പാട്ട് ഈ ഭാഗത്തുള്ള പഴമക്കാര്‍ ഇപ്പോഴും പാടാറുണ്ട്.