പഴയന്നൂര്‍

തൃശ്ശൂര്‍ ജില്ലയില്‍ തലപ്പള്ളി താലൂക്കിലാണ് പഴയന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേലക്കര, വള്ളത്തോള്‍നഗര്‍, കൊണ്ടാഴി, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഗ്രാമപഞ്ചായത്തുകളാണ് പഴയന്നൂര്‍ ബ്ളോക്കിലുള്‍പ്പെടുന്നത്. പഴയന്നൂര്‍, ചേലക്കര, നെടുമ്പുര, മായന്നൂര്‍, പാഞ്ഞാള്‍, തിരുവില്വാമല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഴയന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 236.95 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് പ്ളാഴിപ്പുഴയും, തെക്കുഭാഗത്ത് മച്ചാട് റിസര്‍വ്വ് മലനിരകളും, പടിഞ്ഞാറുഭാഗത്ത് അകമല, മച്ചാട് മലനിരകളുമാണ്. വനഭൂമികളും, മലനിരകളും, സമതലങ്ങളും നിറഞ്ഞതാണ് ഈ ബ്ളോക്ക് പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 30 മുതല്‍ 225 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളിവിടെയുണ്ട്. പാറ, ചെങ്കല്ല്, ചെമ്മണ്ണ്, കറുത്ത മണ്ണ്, കളിമണ്ണ്, മണല്‍ മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്‍തരങ്ങള്‍. 1956 ആഗസ്റ് മാസം 28-ാം തീയതിയാണ് പഴയന്നൂര്‍ ബ്ളോക്ക് രൂപീകൃതമായത്. പഴയന്നൂര്‍ ബ്ളോക്ക് രൂപീകൃതമായ സന്ദര്‍ഭത്തില്‍ ബ്ളോക്കിന്റെ അധികാരപരിധിയില്‍ മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, പഴയന്നൂര്‍, തിരുവില്വാമല എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്നു. വില്വാദ്രി പോലുള്ള മലകള്‍, ചീരക്കുഴി പോലുള്ള ജലപ്രവാഹങ്ങള്‍, രാക്ഷസപ്പാറകള്‍, മലയുടെയും നദിയുടെയും ഇടയ്ക്കുള്ള വിശാലമായ പാടശേഖരങ്ങള്‍, ഒലിച്ചിയും കണ്ടംചിറയും പോലെയുള്ള വിസ്തൃത തടാകങ്ങള്‍, തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍, ഇളംകാറ്റിലാടുന്ന തെങ്ങിന്‍തോപ്പുകള്‍, ഫലവൃക്ഷസമൂഹങ്ങള്‍, കാവുകള്‍, കുളങ്ങള്‍, ദേവാലയങ്ങള്‍, കൃഷിയിടങ്ങള്‍ ഒക്കെ കൂടി അടിമുടി പ്രകൃതിഭംഗി നിറഞ്ഞുനില്‍ക്കുന്ന വിശാലമായ പ്രദേശമാണ് പഴയന്നൂര്‍ ബ്ളോക്ക്.