ചരിത്രം

ജന്മനാടിനെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പടവാള്‍ കൊണ്ട് വീരേതിഹാസം രചിച്ച കുഞ്ഞാലി മരയ്ക്കാന്മാരുടെ ആസ്ഥാനമായ കോട്ടയ്ക്കല്‍ ഉള്‍പ്പെടുന്ന പയ്യോളി പഞ്ചായത്ത് ഇന്ത്യാചരിത്രത്തില്‍  തന്നെ അതുല്യമായ ഒരു സ്ഥാനം വഹിക്കുന്നു. കേരളത്തിന്റെ വീരപുളകമായിരുന്ന മരയ്ക്കാര്‍ കുടുംബത്തിന്റെ  ജന്മദേശം അറേബിയ ആണെന്നും ക്രിസ്തുവര്‍ഷം 7-ാം നൂറ്റാണ്ടില്‍ അവര്‍ വ്യാപാരാര്‍ത്ഥം കേരളത്തിന്റെ പശ്ചിമതീരത്തു കുടിയേറിപാര്‍ത്തതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമൂതിരിയുടെ നാവിക സൈന്യാധിപത്യം മരയ്ക്കാര്‍ കുടുംബത്തിന് അര്‍പ്പിച്ചതോടുകൂടിയാണ് കുഞ്ഞാലി എന്ന സ്ഥാനപ്പേര്‍ നല്‍കിയത്. വാസ്കോഡഗാമ കേരളത്തില്‍ കാലുകുത്തിയതു മുതല്‍  കുഞ്ഞാലി നാലാമന്‍ രക്തസാക്ഷിത്വം വരിച്ചത് വരെ ചെറുതും വലുതുമായ 26 യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ചില യുദ്ധങ്ങളില്‍ പരാജയം സംഭവിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മരയ്ക്കാന്മാര്‍ പറങ്കികള്‍ക്ക് കീഴടങ്ങിയിട്ടില്ലെന്നുമാണ് പ്രശസ്ത ചരിത്രകാരനായ സര്‍ദാര്‍ കെ.എന്‍.പണിയ്ക്കര്‍ പറഞ്ഞിട്ടുള്ളത്. മതവിദ്വേഷത്തിന്റെ കളങ്കമേല്‍ക്കാത്ത അതിസുന്ദരമായ ഒരു ജീവിതഘടന അവര്‍ കേരളത്തില്‍ പടുത്തുയര്‍ത്തി എന്നും പണിക്കര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. ഇരിങ്ങല്‍ പാറയ്ക്ക് പടിഞ്ഞാറ് മുരാട് പുഴക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് കുഞ്ഞാലി മൂന്നാമന്‍ ഒരു സുശക്തമായ കോട്ട നിര്‍മ്മിച്ചത്. ഇതിന് ശേഷമാണ് ഈ സ്ഥലത്തിന്  കോട്ടയ്ക്കല്‍ എന്ന പേര് ലഭിച്ചത്. മരയ്ക്കാര്‍ കുടുംബത്തില്‍ ഏറെ പ്രശസ്തന്‍ കുഞ്ഞാലി  നാലാമനായിരുന്നു. കുഞ്ഞാലി നാലാമന്റെ നേതൃത്വം ഉള്ള കാലം വരെ തങ്ങളുടെ ലക്ഷ്യം കരഗതമാവുകയില്ലെന്നു മനസ്സിലാക്കിയ പറങ്കികള്‍ കുഞ്ഞാലിയെ നാമാവശേഷമാക്കാന്‍ ദീര്‍ഘകാലം കരയിലും കടലിലും യുദ്ധം ചെയ്യുകയുമുണ്ടായി. ഇതിനിടയില്‍ സാമൂതിരി രാജാവിന്റെ മുമ്പില്‍ കീഴടങ്ങാമെന്ന് കുഞ്ഞാലി ഒരു ദൂതന്‍ മുഖേന അദ്ദേഹത്തെ അറിയിച്ചു. സാമൂതിരിയുടെ മുമ്പില്‍ കീഴടങ്ങിയ കുഞ്ഞാലിയെ അദ്ദേഹത്തിന്റെ മുമ്പില്‍ വച്ച് തന്നെ പറങ്കിപ്പടയുടെ ക്യാപ്റ്റനായ ഫുര്‍ടോസോവും അനുചരന്മാരും ബന്ധനസ്ഥനാക്കുകയും ഭൂലോക നരകമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഗോവയിലെ ട്രോങ്കോ എന്ന കാരാഗൃഹത്തില്‍ തുറുങ്കിലിടുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ചതിയായിരുന്നു ഇത്. 1599 ജൂണ്‍ 5-ന് വമ്പിച്ച ഒരു ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഈ വീരസിംഹത്തിന്റെ ശിരസ്സ് വെട്ടുകയും ശരീരഭാഗങ്ങള്‍ തുണ്ടംതുണ്ടമായി വെട്ടി നുറുക്കുകയുമുണ്ടായി. മാത്രമല്ല ശിരസ്സ് കണ്ണൂരില്‍ പ്രദര്‍ശനത്തിന് വെക്കുകയും ചെയ്തു. അതോടെ ഇന്ത്യാചരിത്രത്തിലെ എക്കാലത്തേയും വീരപുളകമായിരുന്ന മരയ്ക്കാരുടെ അന്ത്യമായി. കോട്ടയ്ക്കല്‍ കോട്ട പൂര്‍ണ്ണമായും നശിപ്പിച്ചു തരിപ്പണമാക്കി. വിണ്ണും കടലും വിറപ്പിച്ച കുഞ്ഞാലിയുടെ പേറ്റില്ലവും പറങ്കികളില്‍ നിന്ന് പിടിച്ചെടുത്ത സിംഹാസനവും കുഞ്ഞാലിനാലാമന്‍ ഉപയോഗിച്ച വാളും പരിചയും പലപ്പോഴായി കുഴിച്ചെടുക്കപ്പെട്ട പീരങ്കി ഉണ്ടകളും പഴയ യുദ്ധോപകരണങ്ങളും മാത്രമാണ് ചരിത്രാവശിഷ്ടമായി കോട്ടയ്ക്കലില്‍ ഇന്ന് നിലവിലുള്ളത്. ഇവ കാണുന്നതിന് നിത്യവും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചരിത്രകുതുകികള്‍ കോട്ടക്കല്‍ സന്ദര്‍ശിച്ചുവരുന്നു. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ ആത്മമിത്രമായിരുന്നു കടത്തനാടിന്റെ വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പ്. ഉത്സവകാലത്ത് ലോകനാര്‍ ക്ഷേത്രത്തില്‍ വിദേശാധിപത്യത്തിനെതിരായി പടപൊരുതി വീരമൃത്യു വരിച്ച മരയ്ക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടമുണ്ടായിരുന്നു. പയ്യോളി പഞ്ചായത്തിലെ ഏറ്റവും പൌരാണികമായ ക്ഷേത്രമാണ് കീഴൂര്‍ ശിവക്ഷേത്രം. താറോത്താഴ കുടുംബത്തിലെ കാരണവര്‍ ഉത്സവത്തോടനുബന്ധിച്ച് ഒരു മാസം വ്രതം അനുഷ്ഠിക്കുകയും ഉത്സവദിവസം ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്തു പുറപ്പെടുന്നതു മുതല്‍ കീഴൂര്‍ ചൊവ്വവയലില്‍ കൂടി കടന്നുപോകുന്നതുവരെ കിഴക്കേചൊവ്വയില്‍ അമ്പലനടയില്‍ നിന്നും വളരെ അകലെയായി പട്ടുടുത്ത് വാള്‍ കയ്യിലേന്തി ഒറ്റക്കാലില്‍ നില്‍ക്കണം. വ്രതം എടുക്കുന്ന ഒരു മാസം ഇദ്ദേഹത്തിനുള്ള ഭക്ഷണം കീഴൂരിലെ 32 കുടിയില്‍ നിന്നും (കീഴൂരില്‍ 32 പുലയവീടുകളാണ് അന്നുണ്ടായിരുന്നത്) കൊടുത്തയക്കുകയാണ് പതിവ്. ഇന്നും ഈ സമ്പ്രദായം നിലനിന്നുപോരുന്നു. കീഴൂര്‍ ശിവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി മലബാറിലെ പ്രശസ്തമായ കന്നുകാലിച്ചന്ത നടത്തപ്പെടുന്നു. ഉത്സവത്തോടനുബന്ധിച്ച് എല്ലാമതവിഭാഗത്തില്‍ പെട്ടവരും  വ്രതമനുഷ്ഠിക്കാറുണ്ടെന്നതും പ്രസ്താവ്യമാണ്. അയിനിക്കാട് കളരിപ്പടി ക്ഷേത്രവും ചരിത്രപ്രാധാന്യമുള്ള ക്ഷേത്രമാണ്. മുന്‍കാലങ്ങളില്‍ പേവിഷബാധയ്ക്കുള്ള പച്ചമരുന്ന് ഇവിടുത്തെ കാവുകളില്‍ നിന്നും ലഭ്യമായിരുന്നു. അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന വാക്ഭടാന്ദഗുരുദേവരുടെ ആദ്യകാലപ്രവര്‍ത്തനമേഖല പയ്യോളി പഞ്ചായത്തിലായിരുന്നു. 40-ല്‍ പരം കലാസാംസ്കാരിക കായിക സംഘടനകള്‍ പഞ്ചായത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്നു. നര്‍ത്തനകലാലയം, രംഗഭാഷ, ഗുരു എന്റര്‍ടെയിനേഴ്സ് എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ നാടകവേദികളാണ്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്ന് മദ്യവിരുദ്ധ സമിതികളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചെണ്ടവാദ്യങ്ങള്‍ ഒരു സമൂഹത്തിന്റെ കുലത്തൊഴിലായിരുന്നു പണ്ട് എങ്കില്‍ ഇന്ന് യുവാക്കളില്‍ പലരും വാദ്യസംഗീതം ഒരു കലാരൂപമെന്നനിലയ്ക്കു പഠിച്ചുവരുന്നുണ്ട്. കളമെഴുത്ത്, മാറ്റല്‍, ബലിക്കള തുടങ്ങിയ പഴയ അനാചാരങ്ങള്‍ വിരലിലെണ്ണാവുന്ന ആളുകളെ ഇന്നും സ്വാധീനിക്കുന്നുണ്ട്.