ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
സംഘകാല ചരിത്രവുമായും, കോലത്തിരി രാജാക്കന്മാരുടെ ഭരണചരിത്രവുമായും അഭേദ്യമായി ബന്ധമുള്ള പ്രദേശമാണ് പയ്യന്നൂര്‍. മഹാശിലായുഗ സാംസ്ക്കാര കാലം മുതലുള്ള നിരവധി മാനവസംസ്കൃതികളുടെ ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ ചിതറിക്കിടക്കുന്നു. ചരിത്രാതീതകാലം മുതല്‍ മാനവ സമൂഹം കടന്നുവന്ന വിവിധ ജീവിതഘട്ടങ്ങളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത സാംസ്കാരികമുദ്രകള്‍, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതചര്യകളിലും ഇന്നും കാത്തുസൂക്ഷിക്കുന്ന ജനാവലിയാണ് ഇവിടെയുള്ളത്. ആര്യ-ദ്രാവിഡ സംസ്ക്കാരങ്ങളുടെ സങ്കലനത്തില്‍ നിന്നും ഉയിര്‍കൊണ്ട ഒരു സങ്കരസംസ്കാരമാണ് ഇവിടെയുള്ളത്. ക്ഷേത്രങ്ങളും അവയോട് ബന്ധപ്പെട്ട് വളര്‍ന്നുവന്ന സവര്‍ണ്ണസംസ്കാരവും അവ വളര്‍ത്തിയെടുത്ത കഥകളി, കൂത്ത് മുതലായ സവര്‍ണ്ണകലകളും, സവര്‍ണ്ണന്‍ ചുക്കാന്‍ പിടിക്കുന്ന ക്ഷേത്രോത്സവങ്ങളും ഒരു ഭാഗത്തും, അടിസ്ഥാനവര്‍ഗ്ഗ ജീവിതവുമായി ബന്ധപ്പെട്ട് കീഴാളജനത വളര്‍ത്തിയെടുത്ത തെയ്യം, പൂരക്കളി, കോല്‍ക്കളി, ആടിവേടന്‍, കോതാമൂരി, ഓണത്താറ്, കര്‍ക്കിടോത്തി തുടങ്ങിയവ മറുഭാഗത്തും പ്രധിനിധാനം ചെയ്യുന്ന സാംസ്കാരികധാരകളായിരുന്നു പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറി വന്ന വര്‍ഗ്ഗങ്ങളോട് ഏറ്റുമുട്ടി പരാജിതരായ ഒരു വിഭാഗം കാടുകളില്‍ അഭയം പ്രാപിച്ച് അവിടെ സ്വതന്ത്രരായി ജീവിച്ച് തങ്ങളുടെ ഗോത്രസ്വഭാവം നിലനിര്‍ത്തിയവരാണ് ആദിമനിവാസികളായ ഗിരിവര്‍ഗ്ഗക്കാര്‍. അവര്‍ ആരുടെയും അടിമകളായിരുന്നില്ല. തൊട്ടുകൂടാത്തവര്‍ എന്ന് പാതിത്യവും അവര്‍ക്കുണ്ടായിരുന്നില്ല. ആദിവാസി കലകളെന്ന് പറയാവുന്ന മംഗലക്കളി, ചിമ്മാനക്കളി തുടങ്ങിയവ വേറൊരു ഭാഗത്ത്. രാമന്തളി ഗ്രാമത്തില്‍ വടക്കുമ്പാട്ടുള്ള 17 ശുഹദാക്കളുടെ മഖാമും തൊട്ടടുത്ത കുറുവന്തട്ട ഭഗവതീക്ഷേത്രവും ഇവിടുത്തെ മതമൈത്രിയെ സൂചിപ്പിക്കുന്നു. കുഞ്ഞിമംഗലത്തെ മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം സൌജന്യമായി നല്‍കിയത് കുളങ്ങരത്തുള്ളൊരു ഹിന്ദുകുടുംബമാണ്. എരമം-കൂറ്റൂര്‍ പ്രദേശത്തെ മുസ്ലീം  പ്രാര്‍ത്ഥനാലയമായ കടയക്കര പള്ളിയിലെ ചില പ്രത്യേക ആചാരങ്ങളും മതമൈത്രിയുടെ പ്രതീകമായി ചൂണ്ടിക്കാണിക്കാം. നെയ്യ് വിളക്ക് കത്തിക്കുക എന്നത് ഇവിടുത്തെ ഒരു ആചാരമാണ്. പയ്യന്നൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പഞ്ചസാര കാണിക്ക മതമൈത്രിയുടെ മറ്റൊരു മഹോന്നത മാതൃകയാണ്. കാങ്കോല്‍ ശിവക്ഷേത്രത്തിലെ ആചാരങ്ങളുമായി മുസ്ലീം  കുടുംബങ്ങള്‍ക്ക് ഉണ്ടായിരുന്ന ബന്ധവും ഇത്തരത്തിലുള്ള ഉദാഹരണം തന്നെ. ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ മതമൈത്രിക്ക് പേരു കേട്ട പുളിങ്ങോം മഖാം ഉറൂസ് ഈ ബ്ലോക്കിലെ പെരിങ്ങോം-വയക്കര പഞ്ചായത്തിലാണ്. ഗ്രാമീണ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ചൈതന്യം തുടിക്കുന്ന അനവധി നാടന്‍ കലാരൂപങ്ങളും നാടന്‍ പാട്ടുകളും ഒരുകാലത്ത് ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗമായിരുന്നു. തെയ്യം എന്ന അനുഷ്ഠാനകലയാണ് അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത്. തെയ്യം കലയുടെ മഹത്വം ഉന്നതങ്ങളിലെത്തിച്ച നിരവധി കലാകാരന്മാര്‍ക്ക് ജന്മംകൊടുത്ത പ്രദേശമാണ് പയ്യന്നൂര്‍. പൂരക്കളിയും, കോല്‍ക്കളിയും ഇവിടുത്തെ ഗ്രാമങ്ങളെ സജീവമാക്കിയിരുന്നു. കുറത്തിയാട്ടം, ഗന്ധര്‍വ്വന്‍ പാട്ട്, കണ്ണേറ് പാട്ട്, വടക്കന്‍പാട്ട്, തച്ചുമന്ത്രം, കളംപാട്ട് തുടങ്ങി ഒട്ടനേകം നാടന്‍പാട്ടുകളും ഇവിടങ്ങളില്‍ നിലനിന്നിരുന്നു. കഥകളിക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത പയ്യന്നൂര്‍കാരായ അനേകം കഥകളി ആചാര്യന്മാരുണ്ട്. കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ഗുരു ചന്തുപണിക്കര്‍, അമ്പു പണിക്കര്‍, കാനാ കണ്ണനാശാന്‍ എന്നിവര്‍ അക്കൂട്ടരില്‍ ചിലര്‍ മാത്രം. നൃത്തകലാരംഗത്ത് അന്താരാഷ്ട്ര പ്രശസ്തനായ വി.പി.ധനഞ്ജയന്‍, നൃത്തകലാ വിശാരദ് നടനം ശിവപാലന്‍, ഓട്ടന്‍ തുള്ളലില്‍ പ്രശസ്തരായ അപ്പാടെ ആശാന്‍, പി.കെ.പൊതുവാള്‍, കരിവെള്ളൂര്‍ കുമാരനാശാന്‍ എന്നിവര്‍ പയ്യന്നൂരിന്റെ പുകള്‍പെറ്റ പുത്രന്മാരാണ്. ആദ്യമലയാള കാവ്യമായ പയ്യന്നൂര്‍ പാട്ടും, ആദ്യമലയാള കഥയായ വാസനാ വികൃതിയും രചിക്കപ്പെട്ടതിവിടെയാണ്. അതുപോലെ തന്നെ പഴയകാലം തൊട്ട് സംസ്കൃത ഭാഷയുടെയും സാഹിത്യത്തിന്റെയും കേന്ദ്രമായിരുന്നു പയ്യന്നൂര്‍. കുമാരവിലാസിനി സംസ്കൃത വിദ്യാലയം ഈ രംഗത്ത് അനേകം പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. സംസ്കൃതസാഹിത്യത്തോടൊപ്പം, ആയൂര്‍വ്വേദത്തിന്റെയും ജ്യോതിഷത്തിന്റെയും ഈറ്റില്ലമായി പയ്യന്നൂര്‍ അറിയപ്പെട്ടിരുന്നു. ലാഹോര്‍ സിംഹം എന്ന പേരില്‍ അറിയപ്പെടുന്ന പഞ്ചാബിലെ രഞ്ജിത് സിംഗിന്റെ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായിരുന്ന വങ്ങാട് ശങ്കരനാഥ ജ്യോത്സ്യര്‍ കരിവെള്ളൂരിന്റെ ഉത്തമ സന്താനമാണ്. ജ്യോതിഷത്തിന്റെ പ്രൌഢമായ പാരമ്പര്യം ഇന്നും കൊണ്ടുനടക്കുന്ന പയ്യന്നൂര്‍ ജ്യോതി സദനത്തിന്റെയും, ഗണിത ജ്യോതിഷ് ചക്രവര്‍ത്തി വി.പി.കെ.പൊതുവാളിന്റെയും നാമം അഖിലേന്ത്യതലത്തില്‍ പ്രശസ്തമാണ്. ആയൂര്‍വ്വേദ വൈദ്യരംഗത്ത് ഇടവലത്ത് കണ്ണന്‍ വൈദ്യരെപ്പോലെ പ്രശസ്തരായ നിരവധി ആയൂര്‍വ്വേദ ആചാര്യന്മാരെയും, നാട്ടുവൈദ്യന്മാരെയും സംഭാവന ചെയ്ത പ്രദേശമാണിവിടം. മഹാത്മജിയുടെയും മറ്റനേകം ദേശീയ നേതാക്കളുടെയും പാദസ്പര്‍ശമേറ്റ പയ്യന്നൂര്‍ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു. എ.കെ.ജിയുടെ നേതൃത്വത്തില്‍ ജാതിവിരുദ്ധ സമരത്തിന് തിരികൊളുത്തപ്പെട്ടതും പയ്യന്നൂരിലായിരുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തോടൊപ്പം കിരാതമായ ജന്മിത്വ - ദുഷ്പ്രഭുത്വങ്ങള്‍ക്കെതിരെ രൂപം കൊണ്ട സമരങ്ങളിലും ഈ നാട്ടില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വീരോജ്ജ്വലമായ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഈ രംഗത്തെ പടനായകന്മാരായിരുന്ന എ.വി.കുഞ്ഞമ്പു, കെ.എ.കേരളീയന്‍, വിഷ്ണുഭാരതീയന്‍, സുബ്രഹ്മണ്യഷേണായി തുടങ്ങിയവര്‍ പയ്യന്നൂരിന്റെ ധീര സന്താനങ്ങളാണ്. വിദ്യാഭ്യാസം സാര്‍വ്വത്രികമായിത്തുടങ്ങിയതോടു കൂടിയാണ് നാടിന്റെ നാനാഭാഗത്തും വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയവ വന്നുതുടങ്ങിയത്. ദേശീയബോധം വളര്‍ത്തുന്നതിനും സാമൂഹ്യ പരിവര്‍ത്തനത്തിനും കാര്യമായ പങ്ക് വഹിച്ച്, സംസ്ഥാനതലത്തില്‍ അംഗീകാരം നേടിയ ഗ്രന്ഥശാലകള്‍ പയ്യന്നൂരിന്റെ പ്രത്യേകതയാണ്. ഇതേ കാലഘട്ടത്തില്‍ പല സ്ഥലങ്ങളിലും കലാസമിതികളും നാടക സമിതികളും ഉയര്‍ന്നുവരാന്‍ തുടങ്ങി. ആദ്യകാലത്ത് വെള്ളരിനാടകങ്ങളും പുരാണ സംഗീതനാടകങ്ങളും പിന്നീട് സാമൂഹ്യനാടകങ്ങളും ഈ സമിതികളുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് പ്രദര്‍ശിപ്പിക്കപ്പെട്ട സാമൂഹ്യനാടകങ്ങള്‍, സാമൂഹ്യമാറ്റം കൊണ്ടുവരുന്നതിലും ജനങ്ങളില്‍ ദേശീയബോധവും പുരോഗമന ചിന്താഗതിയും വളര്‍ത്തുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സമ്പന്നമായൊരു കായികപാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂര്‍ ബ്ലോക്ക്. ക്ഷേത്രങ്ങള്‍, കാവുകള്‍ തുടങ്ങിയവയോട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കളരികളാണ് ആദ്യകാലത്തെ കായികാഭ്യാസകേന്ദ്രങ്ങള്‍. നിരന്തരമായ മെയ് അഭ്യാസത്തിലൂടെ അന്നത്തെ തലമുറയെ ആരോഗ്യമുള്ളവരാക്കി തീര്‍ത്തതില്‍ കളരികള്‍ക്കും കളരി ഗുരുക്കന്മാര്‍ക്കുമുള്ള പങ്ക് വളരെ വലുതായിരുന്നു. കടത്തനാട്ട് കളരിയില്‍ നിന്നും പരിശീലനം നേടി തിരിച്ചുവന്ന താഴക്കാട്ട് മനയില്‍ കുഞ്ഞമ്പു തിരുമുമ്പ് ആയിരുന്നു പയ്യന്നൂരിലെ ആദ്യത്തെ കളരി ഗുരുക്കള്‍. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനിയായ കുന്നരു കാരന്താട് പാലക്കീല്‍ വാദ്ധ്യാന്‍ നമ്പൂതിരിയുടെ ശിഷ്യഗണങ്ങളില്‍ അദ്വിതീയരായ കണ്ടങ്കാടി കൊട്ടന്‍ ഗുരുക്കള്‍, അന്നൂര് കേളോത്ത് അവറോന്‍ ഗുരുക്കള്‍, നിക്കുന്നാന്‍ ഗുരുക്കന്മാര്‍ എന്നിവര്‍ അക്കാലത്ത് വീരേതിഹാസം രചിച്ചവരായിരുന്നു. അവറൊന്നാന്‍ ഗുരുക്കളുടെ ശിഷ്യരായ ചുവാട്ട ഗുരുക്കളെക്കുറിച്ച് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ചുവാട്ട ഗുരുക്കളുടെ ശിഷ്യനായ ആനിടില്‍ ഗുരുക്കന്മാരുടെ ശിഷ്യന്മാര്‍ പില്‍ക്കാലത്ത് പയ്യന്നൂരിന്റെ കലാ-കായിക രംഗത്ത് നിറഞ്ഞുനിന്നവരായിരുന്നു. മാടായികളരി, എടാട്ട് കളരി, ചുവാട്ട കളരി തുടങ്ങിയവയായിരുന്നു ആദ്യത്തെ കളരികള്‍. ഗ്രാമപ്രദേശങ്ങളില്‍ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കളരികള്‍ ചടുകുടു രാമന്റെ കോട്ട, കോട്ടയില്‍ കുത്ത്, കട്ടിയും കോലും, ഷോഡി തുടങ്ങിയവയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റേയും കര്‍ഷകസമരങ്ങളുടേയും ഉജ്ജ്വലഗാഥകള്‍ ഏറെ പറയാനുള്ള പ്രദേശമാണ് പയ്യന്നൂര്‍. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ വീരേതിഹാസം രചിച്ച കരിവെള്ളൂര്‍, മുനയന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഈ ബ്ലോക്കിലാണ് സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധന്യമുഹൂര്‍ത്തങ്ങളിലൊന്നായ പൂര്‍ണ്ണ സ്വരാജ് പ്രമേയം പാസ്സാക്കിയത് 1928-ല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഈ മണ്ണില്‍ വെച്ചാണ്. 1930-ല്‍ കേളപ്പജിയുടേയും കൃഷ്ണപിള്ളയുടേയും നേതൃത്വത്തില്‍ കോഴിക്കോട്ടു നിന്നും പുറപ്പെട്ട കാല്‍നടജാഥ പയ്യന്നൂരില്‍ വന്ന് ഉളിയത്തുകടവിലേക്ക് മാര്‍ച്ചു ചെയ്ത് സാമ്രാജ്യവാദികളുടെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ഉപ്പുകുറുക്കിയ ചരിത്രം ഏതൊരു ദേശാഭിമാനിയുടേയും മനസ്സില്‍ ഒളിമങ്ങാതെ കിടക്കും. എ.കെ.ജി.യുടെയും സ്വാമി ആനന്ദതീര്‍ത്ഥന്റെയും നേതൃത്വത്തില്‍ ജാതിചിന്തയ്ക്കും അയിത്തത്തിനും എതിരെ നടന്ന നിരവധി രക്തപങ്കിലമായ പോരാട്ടങ്ങളുടെ സമരമുഖങ്ങള്‍ തുറന്നത് പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമാണ്. മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ് പവിത്രമായ ഈ മണ്ണ് ഉത്തരകേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. കൃഷിയാണ് ബ്ലോക്കിലെ മുഖ്യസാമ്പത്തിക മേഖല. ആദ്യകാലത്ത് നെല്‍കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ നെല്‍കൃഷി അനാദായകരമായതിനാല്‍ അത് തെങ്ങുകൃഷികള്‍ക്കും നാണ്യവിളകള്‍ക്കും വഴിമാറിക്കൊടുത്തു. ബ്ലോക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ പുനംകൃഷി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുന്നിന്‍ പ്രദേശങ്ങളിലെ നെല്‍കൃഷി, തദ്ദേശവാസികളുടെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിരുന്നു. പ്രസിദ്ധമായ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണെന്നുള്ളതിനാലാണ് സ്ഥലനാമം പയ്യന്റെ ഊര് എന്നര്‍ത്ഥം വരുന്ന പയ്യന്നൂര്‍ ആയിമാറിയത്. വടക്കുംമ്പാട്ടു ജുമാമസ്ജിദ്, മാടായിക്കാവ്, മല്ലിയോട്ടുകാവ്, കടാങ്ങ്കോട്ട്, മാക്കം ഭഗവതിക്ഷേത്രം, കരിവെള്ളൂര്‍ മുച്ചിലോട്ട് കാവ്, മീന്‍കുളം ശ്രീകൃഷ്ണക്ഷേത്രം, ശങ്കരനാരായണക്ഷേത്രം, രാമന്തളി, തവിടിശ്ശേരിക്കാവ്, ശ്രീരാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം), വടുകുന്ന് ശിവക്ഷേത്രം, പുളിങ്ങോം ജൂമാ മസ്ജിദ്, ഉളിയത്ത് കടവ്, കുറുവന്തട്ട ഭഗവതിക്ഷേത്രം, കുഞ്ഞിമംഗലം മുസ്ലീം പള്ളി, എരമം-കുറ്റൂര്‍ മുസ്ലീം പള്ളി, പയ്യന്നൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്.