ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

പ്രസിദ്ധ പ്രാചീന തമിഴുകവി തിരുവള്ളുവരുടെ തിരുക്കുറളിലും, മലബാര്‍ കളക്ടര്‍ വില്യംലോഗന്റെ മലബാര്‍ മാന്വലിലും പായത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പയദി എന്ന ചെന്തമിഴ് പദത്തിന് ഉപദ്വീപ് എന്നാണര്‍ത്ഥം; ഇത് കാലാന്തരത്തില്‍ പായം ആയി മാറി എന്നാണ് പറയപ്പെടുന്നത്. പായത്തിന്റെ ഭൂമിശാസ്ത്രമറിയുന്നവരെല്ലാം ഈ വാദഗതിയെ അംഗീകരിക്കുന്നുമുണ്ട്. കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിട്ടുകിടക്കുന്ന പ്രദേശമാണെങ്കിലും, ബ്രിട്ടീഷ് ഭരണനാളുകളില്‍ തന്നെ രൂപം നല്‍കിയ തലശ്ശേരി-മൈസൂര്‍ പ്രസിദ്ധമായ ഗതാഗതപാതയുണ്ടായിരുന്നങ്കിലും ഈ പ്രദേശങ്ങള്‍ തമ്മില്‍ സാംസ്കാരിക വിനിമയം ഉണ്ടായിട്ടില്ല. അന്യസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിട്ടുകിടക്കുന്ന പാലക്കാട്, കാസര്‍ഗോഡ്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ഭാഷാസങ്കലനം പോലും ഇവിടെയില്ല. പഞ്ചായത്തിനെ അയല്‍ സംസ്ഥാനവുമായി വേര്‍തിരിക്കുന്ന അതിര്‍ത്തിയിലെ ജനവാസമില്ലാത്ത കുടകുവനങ്ങള്‍ തന്നെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്. ആദിവാസികളായ പണിയര്‍ വിഭാഗം ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരുടെ ദൈവസങ്കല്‍പ്പവും ആരാധനാസമ്പ്രദായങ്ങളും വളരെ വ്യത്യസ്തവും സവിശേഷതയുള്ളതുമാണ്. പ്രത്യേക രൂപമോ ആകൃതിയോ പേരോ ഇല്ലാത്ത ശിലാപാളിയെ കുളിപ്പിച്ചു ശുദ്ധിവരുത്തി, കുറിതൊടുവിച്ച്, പട്ടുടുപ്പിച്ച് ദേവപ്രതിഷ്ഠ ചെയ്തിരിക്കുന്നു. ഇവരുടെ കുടുംബങ്ങളില്‍ നടക്കുന്ന ജനനം, മരണം, വിവാഹം, ആഘോഷങ്ങള്‍ എന്നിവയ്ക്കെല്ലാം കാര്‍മ്മികത്വം വഹിക്കുന്നതിനു ഒരു മൂപ്പന്‍ ഉണ്ടായിരിക്കും. ജന്മിത്തം നിലനിന്നിരുന്ന നാളുകളില്‍ ജന്മി പണിയരുടെ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന് പട്ടും വളയും നല്‍കി മൂപ്പന്‍ സ്ഥാനം നല്‍കുന്നു. മൂപ്പന്റെ കാലശേഷം അടുത്തയാള്‍ സ്ഥാനമേല്‍ക്കുന്നു. ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെ സ്ഥലനാമങ്ങള്‍ക്കു പിന്നില്‍ കൌതുകകരമായ കല്‍പ്പിതകഥയുണ്ട്. തങ്ങള്‍ക്കു അനിഷ്ടം തോന്നുന്നവരെ ഭ്രഷ്ട് കല്‍പ്പിച്ച് യശ്മാന്‍മാര്‍ (യജമാനന്‍മാര്‍=ജന്മികള്‍) ആട്ടിയോടിക്കുന്ന വലിയ പറമ്പാണ് പെരുമ്പറമ്പ് ആയത്. പണ്ടു നിലവിലുണ്ടായിരുന്ന ബ്രാഹ്മണ മനകളെ ഓര്‍മ്മിപ്പിക്കുന്നതാണ് വിളമന. ഒരു വിള മാത്രം എടുക്കാന്‍ കഴിയുന്ന വലിയ (പെരിയ) കരിപ്രദേശമാണ് പെരിങ്കരിയായതെങ്കില്‍, വള്ളികളും തോടുകളും നിറഞ്ഞതെന്ന നിലക്കാണ് വള്ളിത്തോട് അറിയപ്പെടുന്നത്. കിളിയന്‍ എന്നു പേരുണ്ടായിരുന്ന ആദിവാസി മൂപ്പന്റെ തറ (പ്രദേശം)യാണ് കിളിയന്തറ എന്നായതത്രേ. കുന്നുകളാല്‍ ചുറ്റപ്പെട്ടത് കുന്നാത്ത്, പുഴകള്‍ കൂടിച്ചേരുന്നതിനാല്‍ കൂട്ടുപുഴ, വട്ടിയുടെ ആകൃതിയിലുള്ള അറ വട്ട്യറ, നമ്പീശന്‍മാരുടെ മഠങ്ങള്‍ ഉണ്ടായിരുന്ന സ്ഥലം മാടത്തില്‍ എന്നിങ്ങനെയാണ് മറ്റു ചില സ്ഥലനാമങ്ങള്‍. ഇങ്ങനെ ഭൂപ്രകൃതി, ജനജീവിതവുമായി ബന്ധപ്പെട്ടുണ്ടായതാണ് സ്ഥലനാമങ്ങള്‍ എല്ലാം തന്നെ. ഫ്യൂഡല്‍ ജന്മിത്തവാഴ്ചയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് ഇവിടുത്തെ പഴയ തലമുറ. വള്ളിത്തോട്, ആനപ്പന്തിക്കവലയിലുണ്ടായിരുന്ന ഈസ്റ്റിന്ത്യാകമ്പനി വക മരം ഡിപ്പോയുടെ നിയന്ത്രണത്തില്‍, കര്‍ണ്ണാടക ഫോറസ്റ്റിലെ നിലംപുഴ എന്ന സ്ഥലത്തുനിന്നും മരങ്ങള്‍ ട്രാംവേ ലൈന്‍ വഴി എത്തിച്ച്, ചങ്ങാടം കെട്ടി ബാരപ്പുഴയിലൂടെ വളപ്പട്ടണത്തെ മരമില്ലുകളില്‍ എത്തിച്ചിരുന്നു. പ്രസ്തുത ട്രാംവേ ലൈന്‍ 1899-ലെ വെള്ളപ്പൊക്കത്തില്‍ തകരുകയും മരക്കച്ചവടത്തിനു നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ദമ്പതികള്‍, നിലംപുഴയിലുള്ള അവരുടെ ബംഗ്ളാവില്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി എന്നാണ് പറയപ്പെടുന്നത്. ആ ബംഗ്ളാവിന്റെ അവശിഷ്ടം ആ പ്രദേശത്ത് ഇന്നും കാണാന്‍ സാധിക്കും. മാടത്തില്‍ വലിയ നാരായണന്‍ നമ്പീശന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച്, പില്‍ക്കാലത്ത് ചെന്ന കേന്ദ്രമാക്കി ഇന്ത്യ മുഴുവന്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന നമ്പീശന്‍സ് ഡയറിഫാം ബീജാവാപം ചെയ്തത് ഈ പഞ്ചായത്തിലാണ്. സ്വാതന്ത്യ്രസമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരാണ് ഇവിടുത്തെ പഴയ തലമുറ. ജന്മിത്തത്തിനെതിരായുള്ള കര്‍ഷകകലാപത്തിന്റെ മുന്‍നിരയില്‍ നിന്ന കല്ലോറത്ത് സഹോദരന്‍മാരുടെ ജന്മനാടാണിത്. 1948-ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പിടിക്കപ്പെട്ട്, സേലം സെന്‍ട്രല്‍ ജയിലില്‍ വെച്ചുണ്ടായ വെടിവെപ്പില്‍ രക്തസാക്ഷികളായ എം.കെ.കോരന്‍ ഗുരുക്കള്‍, മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍, ഞണ്ടാടി കുഞ്ഞമ്പു, വി.സി.കുഞ്ഞിരാമന്‍ നായര്‍, എ.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറ്റ്യാടന്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവരുടെ പേരുകള്‍ എക്കാലവും സ്മരിക്കപ്പെടും. നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഈ നാട് ജന്മം നല്‍കിയിട്ടുണ്ട്. 1960-കളില്‍ ആരംഭിച്ച കര്‍ഷകകുടിയേറ്റങ്ങളും ക്രിസ്ത്യന്‍മിഷണറിമാരുടെ പ്രവര്‍ത്തനഫലമായുണ്ടായ വിദ്യാഭ്യാസപുരോഗതിയും ഈ നാടിന്റെ സാംസ്കാരികാഭിവൃദ്ധിയില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. കുന്നാത്ത്, കിളിയന്തറ സ്കൂളുകള്‍ ഇപ്രകാരം രൂപം കൊണ്ടവയാണ്. ആദ്യകാലങ്ങളില്‍ അറിവിന്റെ വെളിച്ചം ജനങ്ങളുടെയിടയില്‍ എത്തിച്ചിരുന്നതു നിലത്തെഴുത്താശാന്‍മാരുടെ കുടിപള്ളിക്കൂടങ്ങള്‍ വഴിയായിരുന്നു. ശ്രീനാരായണഗുരു ദര്‍ശനങ്ങളും ഇവയ്ക്ക് പ്രചോദനമേകി. വട്ട്യറ, പെരുമ്പറമ്പ്, പായം സ്കൂളുകളുടെ മുന്‍കാലചരിത്രം ഇതുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങളെല്ലാം. ക്രിസ്ത്യാനികളില്‍ റോമന്‍ കത്തോലിക്കരും മുസ്ളീങ്ങളില്‍ ഷാഫി മദ്ഹബില്‍ പെട്ട സുന്നി വിഭാഗക്കാരുമാണധികവും. ഹിന്ദുമതത്തില്‍ നാല്‍പ്പതോളം ഭിന്നജാതിയില്‍ പെട്ടവരുമുണ്ട്. വ്യാപാര രംഗത്തും സാമൂഹിക രംഗത്തും പ്രശസ്തരായ മന്ദബത്ത് അബ്ദുള്ള ഹാജി, കുനിയില്‍ മമ്മു ഹാജി, പക്ര ഹാജി, മിനിക്കല്‍ കാദര്‍ ഹാജി, കുനിയില്‍ ഈസ്സ ഹാജി എന്നിവരും, സാമൂഹ്യസാംസ്കാരിക രംഗത്ത് പ്രശസ്തരായ വെള്ളുവകണ്ടി പൈതല്‍, മാവിലോടന്‍ കുഞ്ഞിരാമന്‍, വട്ടംതൊട്ടി കുഞ്ഞൂഞ്ഞ്, കുട്ടപ്പന്‍ വൈദ്യര്‍ എന്നിവരും, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തു പ്രശസ്തരായ റവ:ഫാദര്‍ തോമസ് പള്ളത്തുകുഴി, റവ:ഫാദര്‍ മാത്യൂ മണ്ണക്കുശുമ്പില്‍, ജോര്‍ജ് മുണ്ടിയാനിക്കല്‍, അഗസ്തി നടക്കല്‍, മണ്ണനാല്‍ വിന്‍സെന്റ്, ആന്റണി കുന്നപ്പള്ളി, ജോസഫ് മടക്കക്കുഴി തുടങ്ങിയവരും, സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന വട്ടംതൊട്ടിയില്‍ കുര്യാക്കോസ്, സാമൂഹികപ്രവര്‍ത്തകരായ പാടിക്കല്‍ മാത്യൂ, എടൂര്‍ വര്‍ഗ്ഗീസ് റൈട്ടര്‍, നിങ്കിലേരി വലിയ നാരായണന്‍ കുട്ടി നമ്പ്യാര്‍ തുടങ്ങിയവരും ഈ പഞ്ചായത്തിന്റെ ബഹുമുഖമായ രംഗങ്ങളില്‍ ശോഭിച്ചവരില്‍ ചിലര്‍ മാത്രമാണ്. ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനത്തിന്റെ സന്ദേശങ്ങളും പായത്തെ സ്വാധീനിച്ചിട്ടുണ്ട്. ജാതിമതചിന്തകള്‍ക്കതീതമായി വളര്‍ന്നുവരുന്ന സാംസ്കാരിക സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവ തന്നെയാണ് ഈ പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍. നാട്ടിലെ ഗ്രന്ഥാലയങ്ങള്‍, വായനശാലകള്‍ എന്നിവയെല്ലാം പൊതുജനങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊണ്ടവയാണ്. പായം ഗ്രാമീണഗ്രന്ഥാലയം 1951-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്.