പഞ്ചായത്തിലൂടെ

പായം - 2010

1954 നവംബര്‍ 10-ാം തീയതിയാണ് പായം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ ഇരിട്ടി ബ്ളോക്കിലാണ് പായം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 31.21 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിനെ 14 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. 27,536 വരുന്ന ജനസംഖ്യയില്‍ 13,444 പേര്‍ പുരുഷന്മാരും, 14,092 പേര്‍ സ്ത്രീകളുമാണ്. 97.5% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് പായം. പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ.് 60 പൊതുകിണറുകളേയും, 12 പൊതുകുടിവെള്ള ടാപ്പുകളേയും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പ്രസിദ്ധമായ സെന്റ് ജൂഡ് തീര്‍ത്ഥാലയം പായം പഞ്ചായത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആനപ്പന്തിക്കവല, വള്ളിത്തോട് എന്നീ സ്ഥലങ്ങളും പായം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. പെരുവമ്പറമ്പ് ഗാന്ധി പാര്‍ക്ക് പഞ്ചായത്തിലെ പ്രധാന പാര്‍ക്കാണ്. പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ 9 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. 287 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളിലൂടെയുള്ള സഞ്ചാരം രാത്രികാലങ്ങളിലും സുഗമമാക്കുന്നു.ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പായം പഞ്ചായത്തിനെ കുന്നിന്‍ ചെരുവുകള്‍, കുന്നിന്‍ മുകളിലെ സമതലങ്ങള്‍, താഴ്വരകള്‍, സമതലപ്രദേശം എന്നിങ്ങനെ നാലായി തരംതിരിക്കാം. വടക്ക് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്, അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത്, കര്‍ണ്ണാടക സംസ്ഥാനം, കിഴക്ക് അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത്, തെക്ക് കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്, പടിയൂര്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പടിയൂര്‍ ഗ്രാമപഞ്ചായത്ത്, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ് പായം ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍. ഇരിട്ടികുന്ന്, നാരായണിത്തട്ട്, മട്ടിണി, നെരങ്ങംചിറ്റ, കോണ്ടമ്പ്രത്തട്ട്, കുരിശുമല, നരിമട, കുന്നാത്ത് മിച്ചഭൂമി, വാര്‍മല, കടത്തുംകടവ് തട്ട്, ഉദയഗിരി, കുര്യാട്ടുകുന്ന് എന്നിവ പഞ്ചായത്തിലെ കുന്നിന്‍ പ്രദേശങ്ങളാണ്. ചെമ്മണ്ണ്, ചെങ്കല്‍, പൂഴികലര്‍ന്ന എക്കല്‍ മണ്ണ്, കരിങ്കല്‍പ്പാറ മുതലായവയാണ് പായം ഗ്രാമത്തിലെ പ്രധാന മണ്‍തരങ്ങള്‍. നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയാണ് പഞ്ചായത്തിലെ മുഖ്യ കൃഷിയിനങ്ങള്‍. കൂടാതെ ക്ഷീരോത്പാദനവും പഞ്ചായത്തിലുണ്ട്. ബാരാപുഴ, പായംപുഴ, വട്ട്യറപുഴ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. 20 പൊതുകുളങ്ങളും പഞ്ചായത്തിലെ മറ്റു ജലസ്രോതസ്സുകളാണ്. ഈ ജലസ്രോതസ്സുകള്‍ നല്ലരീതിയില്‍ പരിപാലിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് പഞ്ചായത്തിലെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും.എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും നിരവധി ഇടത്തരം ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ജൈവവളം ഉത്പാദനം, പേപ്പര്‍ പ്ളേറ്റ്/ പേപ്പര്‍ കപ്പ് നിര്‍മ്മാണം, കുട്ട നെയ്ത്ത്, ഹോളോബ്രിക്്സ് നിര്‍മ്മാണം, സോഡ നിര്‍മ്മാണം മുതലായ വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 2 പെട്രോള്‍ പമ്പുകളും പഞ്ചായത്തിലുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് പായം.ആദ്യകാലങ്ങളില്‍ നിലത്തെഴുത്തു പള്ളിക്കൂടങ്ങളും എഴുത്താശാന്‍മാരുമായിരുന്നു പായം ഗ്രാമത്തിന്റെ വിദ്യാഭ്യാസമേഖലയിലെ സജീവ സാന്നിദ്ധ്യം. 1929-ലാണ് പഞ്ചായത്തിലെ ആദ്യത്തെ ആധുനിക വിദ്യാലയം സ്ഥാപിതമായത്. നിലവില്‍ 3 സര്‍ക്കാര്‍ സ്ക്കൂളുകളും, 8 സ്വകാര്യ സ്ക്കൂളുകളും, മൂന്ന് സ്വകാര്യ മാനേജ്മെന്റ് കോളേജുകളും, സ്വകാര്യമേഖലയില്‍ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമാണ് പായം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഒരു ബധിര-മൂക വിദ്യാലയവും, പഞ്ചായത്ത് വക ശിശുമന്ദിരവും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പെരിങ്കരി, മലപ്പൊട്ട്, കാളിക്കടവ് എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണവകുപ്പിനു കീഴില്‍ ഒരു വെറ്റിനറി ഡിസ്പെന്‍സറി കൂട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഐ.സി.ഡി.പി.യുടെ സബ്സെന്ററുകള്‍ പഞ്ചായത്തിലെ വള്ളിത്തോട്, പായം, വിളമന എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ്, ബി.എസ്.എന്‍.എല്‍. ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, 4-തപാല്‍ ഓഫീസുകള്‍, 2-വില്ലേജ് ഓഫീസുകള്‍, മത്സ്യഭവന്‍, പോലീസ് സ്റ്റേഷന്‍, 3-ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നിവയാണ് പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. ഫെഡറല്‍ ബാങ്ക്, കിളിയന്തറ സഹകരണ ബാങ്കിന്റെ വള്ളിത്തോട്, വിളമന ശാഖകള്‍, പാളയം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എമൂര്‍, ഇരിട്ടി ശാഖകള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍.കീഴ്പ്പള്ളി-മാടത്തില്‍ റോഡ്, തലശ്ശേരി-മൈസൂര്‍ റോഡ് (സ്റ്റേറ്റ്ഹൈവേ), തളിപ്പറമ്പ്-ഇരിട്ടി റോഡ് (സ്റ്റേറ്റ്ഹൈവേ) തുടങ്ങിയ പാതകള്‍ പായം പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഇരിട്ടി ബസ് സ്റ്റാന്റാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥലം. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് പഞ്ചായത്തിലെ പാലങ്ങള്‍. ഇരിട്ടി പാലം, കോളിക്കടവ് പാലം, വള്ളിത്തോട് പാലം, കച്ചേരിക്കടവ് പാലം, കൂട്ടുപുഴ പാലം, ആനപ്പന്തി പാലം എന്നിവ പായം പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്.പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് ഇരിട്ടി, വള്ളിത്തോട്, കൂട്ടുപുഴ എന്നീ സ്ഥലങ്ങള്‍. പഞ്ചായത്തിലെ വള്ളിത്തോട്ടിലെ പഞ്ചായത്ത് ബില്‍ഡിംഗില്‍ ഒരു ഷോപ്പിംങ് കോംപ്ളക്സ് പ്രവര്‍ത്തിക്കുന്നു. കൂടാതെ വള്ളിത്തോടില്‍ ഒരു മാര്‍ക്കറ്റും, ചന്തയും സ്ഥിതി ചെയ്യുന്നു.നിരവധി ആരാധനാലയങ്ങള്‍ പായം പഞ്ചായത്തിലുണ്ട്. 13-ക്ഷേത്രങ്ങളും, 15-ക്രിസ്ത്യന്‍ ദേവാലയങ്ങളും, 5-മുസ്ളീംപള്ളികളും പഞ്ചായത്തിലെ പലയിടങ്ങളിലായി നിലകൊള്ളുന്നു. എടവൂര്‍ ശിവക്ഷേത്ര മഹോത്സവം, പൂവത്തിന്‍കീഴില്‍ ഭഗവതിക്കാവ് ഉത്സവം, സെന്റ് ജൂഡ് യൂദാശ്ളീഹയുടെ പെരുന്നാള്‍, കുന്നാത്ത് പുതിയ ഭഗവതി ക്ഷേത്രോത്സവം, എന്നിവ പ്രദേശത്തെ മുഖ്യ ആഘോഷങ്ങളാണ്. ജാതി-മത ഭേദമെന്യേ പഞ്ചായത്ത് നിവാസികള്‍ എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കുന്നു. സിനിമാ- നാടകനടനും, രാഷ്ട്രീയ പ്രമുഖനുമായിരുന്ന കക്കാട്ട് സെബാസ്റ്റ്യന്‍ പായം പഞ്ചായത്തില്‍ ജീവിച്ചിരുന്ന പ്രമുഖനായിരുന്നു. ആരാധന, പ്രതിഭ, നവഭാവന, ഭാവന എന്നീ സ്ഥാപനങ്ങള്‍ പഞ്ചായത്തിലെ കലാരംഗത്തെ പരിപോഷിപ്പിക്കുന്നവയാണ്. സര്‍ഗ്ഗധാര, ഉദയ, ഗ്രാമദീപം, റെഡ് സ്റ്റാര്‍, കോണ്ടമ്പ്ര തട്ടില്‍ബ്രദേഴ്സ്, കടത്തുംകടവ് ബ്രദേഴ്സ് എന്നീ സ്പോര്‍ട്സ് ക്ളബ്ബുകള്‍ പഞ്ചായത്തിലെ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. കൈരളി സാംസ്കാരിക വേദി, ഇ.എം.എസ് സാംസ്കാരിക വേദി, സമന്വയ, വള്ളിത്തോട് ജനകീയ കലാ-സാംസ്കാരിക സമിതി, പ്രതിഭ തീയേറ്റേഴ്സ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളും പായം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.ഇ.കെ.നായനാര്‍ സ്മാരക ഗ്രന്ഥാലയം, നവനളന്ദ ഗ്രന്ഥാലയം, ഗ്രാമീണ വായനശാല, ലോക്കല്‍ ലൈബ്രറി അതോറിറ്റി ഗ്രന്ഥാലയം, പെരുവമ്പറമ്പ് പൊതുജനവായനശാല, സഹൃദയ വായനശാല, തരംഗിണി വായനശാല, പട്ടാളക്കരി വായനശാല, എ.കെ.ജി. വായനശാല എന്നിവ ഉള്‍പ്പെടെ 7 ഗ്രന്ഥശാലകളും, 10 വായനശാലകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 2 കല്ല്യാണമണ്ഡപങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. കോളിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ഡിസ്പെന്‍സറി ഹോമിയോ ഡിസ്പെന്‍സറി വളളിക്കോട് പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. നസ്രത്ത് പ്രകൃതി-യോഗ ചികിത്സാ കേന്ദ്രം കുന്നാത്ത്, തീപൊള്ളല്‍ പാരമ്പര്യ ചികിത്സാകേന്ദ്രം കോളിക്കടവ് മുതലായവ ആരോഗ്യപരിപാലന മേഖലയിലെ മറ്റു സ്ഥാപനങ്ങളാണ്. ഇരിട്ടിയിലുള്ള അമല ഹോസ്പിറ്റലിന്റെ ആംബുലന്‍സ് സൌകര്യം പഞ്ചായത്തില്‍ ലഭ്യമാണ്.