പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കൊച്ചു കൊച്ചു മലകളും, തോടുകളും, കാവുകളും, നീരുറവകളും കൊണ്ട് സമ്പന്നമായ ഈ ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍:- വടക്ക്-കല്ലടയാറ്, പടിഞ്ഞാറ്-കല്ലടയാറ്, ഈസ്റ്റ്കല്ലട ഗ്രാമപഞ്ചായത്ത്, തെക്ക്-എഴുകോണ്‍-കുണ്ടറ ഗ്രാമ പഞ്ചായത്തുകള്‍ , കിഴക്ക് -കുളക്കട, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. കുളത്തൂപ്പുഴ, ചെന്തുരുണി എന്നീ സ്ഥലങ്ങളില്‍ നിന്നും ഉല്‍ഭവിക്കുന്ന കല്ലടയാര്‍ കുന്നത്തൂര്‍ പഞ്ചായത്തിനെയും, പവിത്രേശ്വരം പഞ്ചായത്തിനെയും വേര്‍തിരിച്ചുകൊണ്ട് വടക്ക് പടിഞ്ഞാറ് വശം തൊട്ടുരുമ്മി ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ വിഭജിച്ചിരിക്കുന്ന മൂന്നു മേഖലകളിലൊന്നായ ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉള്‍ക്കൊണ്ടിരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും വലിയകുന്ന് 9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്ളാക്കാട് കുന്നാണ്. പൊതുവെ മൂന്ന് തരം മണ്ണുകളാണ് ഈ പഞ്ചായത്തില്‍ കാണപ്പെടുന്നത്. കുന്നിന്‍മുകളിലും ചരിവുകളിലും ചെങ്കല്‍മണ്ണും താഴ്വരകളില്‍ പശിമരാശി എക്കല്‍ മണ്ണുമാണ് പരക്കെ കാണപ്പെടുന്നത്. കല്ലടയാറിനോട് ചേര്‍ന്ന് കിടക്കുന്ന നദീതടങ്ങളില്‍ മണല്‍കലര്‍ന്ന പശിമരാശി മണ്ണാണുള്ളത്. മാറനാട്, കൈതക്കോട് എന്നീ വാര്‍ഡുകളില്‍ സുലഭമായും താഴം, കാരിക്കല്‍, എസ് എന്‍ പുരം, പവിത്രേശ്വരം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും പാറ കാണപ്പെടുന്നു. വിസ്തൃതിയില്‍ ഏറ്റവും കുറവുളള ഈ പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഉയരം കൂടിയ സ്ഥലങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 60 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങള്‍ ചരിവുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. റബര്‍ കൃഷിയാണ് ഈ പ്രദേശങ്ങളില്‍ മുഖ്യമായി നിലവിലുളളതെങ്കിലും തെങ്ങും മറ്റും ചേര്‍ന്ന മിശ്രകൃഷിയാണ് പരക്കെ കാണപ്പെടുന്നത്. ഈ മേഖലയില്‍പ്പെടുന്ന പ്രദേശങ്ങള്‍ മാറനാട്, നെല്ലിയാര്‍ മുകള്‍, കല്ലുവിളഭാഗം, പകുതിപ്പാറ, കൈതക്കോട് എന്നിവയാണ്. മൊത്തം വിസ്തൃതിയില്‍ 53% ത്തോളം മിതമായ ചരിവുകളാണ്. ഇവ പൊതുവേ താഴ്വരകളോട് ചേര്‍ന്നു കിടക്കുന്നതും ചരിവു കുറഞ്ഞതുമായ പ്രദേശങ്ങളാണ്. എന്നാല്‍ സമതലത്തോടും കുന്നിന്‍ മുകളിനോടും ചേര്‍ന്നു കിടക്കുന്ന വലിയ ചരിവുകള്‍ വിസ്തൃതിയില്‍ കുറവാണെങ്കിലും (3%) മണ്ണൊലിപ്പിന് സാദ്ധ്യത ഏറിയവയാണ്, ഇവിടെ മിക്കവാറും മിശ്രിത കൃഷിയും റബര്‍ കൃഷിയുമാണ് കണ്ടുവരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററില്‍ താഴെ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളില്‍ സമീപത്തുളള കുന്നില്‍ നിന്നും ചരിവുകളില്‍ നിന്നും മണ്ണും ജലവും ഒലിച്ചിറങ്ങുന്നു. ഇങ്ങനെ ഒലിച്ചിറങ്ങുന്ന മണ്ണ് ശേഖരിക്കപ്പെടുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ കാണപ്പെടുന്നത് ‘അലുവിയം’ അഥവാ പശിമരാശി എക്കല്‍മണ്ണാണ്. മഴവെളളത്തിലൂടെ ഒഴുകിവരുന്ന എക്കല്‍മണ്ണ് അടിയുന്നതിനാല്‍ ഈ ഭൂവിഭാഗങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠമാണ്. കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളില്‍ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു. പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 91/2 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകള്‍ വല്ലഭന്‍കരതോട്, പുത്തന്‍വീട്ടില്‍ വെട്ടിമൂട്ടില്‍ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തില്‍ ഏകദേശം 17.5. കി. മീ നീളത്തില്‍ ഈ പഞ്ചായത്തിലൂടെ തോടുകള്‍ കടന്നുപോകുന്നു. ഏതാനും കുളങ്ങളാണ് പഞ്ചായത്തിലെ മറ്റൊരു ജലസ്രോതസ്. പഞ്ചായത്തിലെ വടക്കേ അറ്റമായ ഒന്നാം വാര്‍ഡിലെ ജലവണ്ണാംകുഴിയില്‍ ഒരു വറ്റാത്ത നീരുറവ ഉണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ മൂലം വൈവിദ്ധ്യമാര്‍ന്ന വിളകളാണ് പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുടനീളം കാണുന്നത്. ഫലഭൂയിഷ്ഠമായ പുഴയോരവും, സമതലങ്ങളും, താരതമ്യേന വളക്കൂറുമുളള കുന്നിന്‍പുറങ്ങളും, ചരിവു പ്രദേശങ്ങളും നിലനില്‍ക്കുന്നു. പഞ്ചായത്തില്‍ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങള്‍ കൈതക്കോട് വാര്‍ഡിലെ വെളളാവിള, കിഴക്കേ മാറാനാട് എന്നിവയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രധാനമായും കശുമാവ്, റബ്ബര്‍, കുരുമുളക് ഇവ ധാരാളമായി കൃഷി ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ തെങ്ങ്, നെല്ല്, പയര്‍വര്‍ഗങ്ങള്‍, വാഴ, മരച്ചീനി, മറ്റ് കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കര്‍ഷകരാണ്.

കൃഷി

അതിപുരാതന കാലം മുതല്‍ക്കേ കൃഷിയെ ആശ്രയിച്ചുളള ജീവിതരീതിയാണ് ഉണ്ടായിരുന്നത്. തെങ്ങ്, നെല്ല്, വാഴ, മരച്ചീനി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇവയായിരുന്നു മുഖ്യ വിളകള്‍. കൃഷിഭൂമിയുടെ മുഴുവന്‍ ഉടമസ്ഥാവകാശം ചുരുക്കം ചില ജന്മികള്‍ക്കായിരുന്നു. കുടിയായ്മയും പാട്ടവ്യവസ്ഥയും നിലനിന്നിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമിയില്‍ ഉടമസ്ഥാവകാശം ഇല്ലാതിരുന്നതിനാല്‍ കാര്‍ഷികമേഖലയില്‍ ഉല്‍പാദനക്കുറവ് നിലനിന്നിരുന്നു. ഭൂപരിഷ്കരണനിയമം നടപ്പില്‍ വന്നതോടെ ഈ സ്ഥിതിക്ക് ഏറെ മാറ്റം വന്നു. പഴയ കാലത്ത് കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത് നെല്‍കൃഷിക്കാണ്. ആകെ ഭൂമിയുടെ 14% നെല്‍വയലുകള്‍ ആയിരുന്നു. ചേറാടി, അതിക്കരാഴി, മുണ്ടകന്‍, കറുത്തമുണ്ടകന്‍, തവളക്കണ്ണന്‍, എന്നീ ഇനങ്ങളില്‍പ്പെട്ട വിത്തുകളാണ്. മുഖ്യമായും ഉപയോഗിച്ചിരുന്നത്. പാടങ്ങളില്‍ വേനല്‍ക്കാലത്ത് വാഴ, പയറുവര്‍ഗ്ഗങ്ങള്‍, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ വ്യാപകമായി കൃഷി ചെയ്തിരുന്നു. കീടനിയന്ത്രണത്തിന് നാടന്‍ രീതികളാണ് ഉപയോഗിച്ചിരുന്നത്. പഞ്ചായത്തില്‍ ആകെ ഉണ്ടായിരുന്ന പാടശേഖരത്തിന്റെ 15%ത്തോളം ചെളിഎടുത്ത് വെളളം കെട്ടി കിടക്കുകയാണ്. വയല്‍ നികത്തി വീടുവയ്ക്കുന്നതും നെല്‍പാടങ്ങളുടെ വിസ്തീര്‍ണ്ണം അനുദിനം കുറഞ്ഞുവരാന്‍ കാരണമായി. ഏകദേശം 470 ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്തു വരുന്നു. തെങ്ങ് കൃഷി ഉപേക്ഷിച്ച് കര്‍ഷകന്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിയുന്നുണ്ട്. പഞ്ചായത്തില്‍ മുഖ്യമായും വാഴ, മരച്ചീനി, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, കുരുമുളക് എന്നിവയാണ് ഇടവിളയായി കൃഷി ചെയ്തുവരുന്നത്. പവിത്രേശ്വരം പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷിയാണ്. കൃഷിയുടെ ഒരവിഭാജ്യ ഘടകമെന്ന നിലയിലും അടുത്ത വരുമാന മാര്‍ഗ്ഗമായും പരമ്പരാഗതമായി കന്നുകാലി വളര്‍ത്തലും ഉണ്ടായിരുന്നു. കാര്‍ഷിക വിളകളുടെ ഉത്പാദനത്തിന് വളമായും നിലം ഉഴുന്നതിനും കാലികളുടെ സേവനം ഉപയോഗപ്പെടുത്തുകയും അവയ്ക്ക് ആഹാരമായി കാര്‍ഷികവിളാവശിഷ്ടങ്ങളും ഉപോല്പന്നങ്ങളും നല്‍കി പരസ്പര പൂരകങ്ങളായി കൃഷിയേയും കന്നുകാലി വളര്‍ത്തലിനേയും നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഭൂപരിഷ്കരണം നടപ്പിലായതും ജനപ്പെരുപ്പം ഉണ്ടായതും കാരണം ഓരോ കുടുംബത്തിനും ലഭ്യമായ കൃഷിഭൂമിയുടെ വലിപ്പം കുറഞ്ഞു. എഴുപതുകളില്‍ ഉണ്ടായ കൃഷി വികസനം മേച്ചില്‍ സ്ഥലങ്ങള്‍ ഇല്ലാതാക്കി. വിളരീതിയില്‍ മാറ്റം ഉണ്ടായതിനാല്‍ വയ്ക്കോല്‍ ഉദ്പാദനം കുറഞ്ഞു. അറുപതുകളുടെ ആരംഭം വരെ വീടുകളില്‍ നാടന്‍ പശുക്കളെ പ്രധാനമായും അതാതു വീട്ടില്‍ പാലിന്റെ ആവശ്യത്തിനു മാത്രമായി വളര്‍ത്തിയിരുന്നു.

വ്യവസായം

പഞ്ചായത്തിലെ ആദ്യവ്യവസായങ്ങള്‍ എന്ന രീതിയില്‍ പരിഗണിക്കാവുന്നത് പരമ്പരാഗത വ്യവസായങ്ങളും കൈത്തറിയുമാണ്. ‘കൈത്തറി നെയ്ത്ത്’ മുന്‍ കാലത്ത് ഒരു സമുദായത്തിന്റെ തൊഴില്‍ എന്ന രീതിയില്‍ നടന്നു വന്നിരുന്നു. മിക്ക വീടുകളിലും, കുഴിത്തറിയും മേല്‍ത്തറിയും ഉണ്ടായിരുന്നു. കശുവണ്ടി വ്യവസായത്തിന്റെ വരവോടെ പഞ്ചായത്തിലെ ഏറ്റവും വലിയ വ്യവസായ യൂണിറ്റുകളായി കശുവണ്ടി മാറിയിരിക്കുന്നു. കശുവണ്ടി വ്യവസായം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടിക വ്യവസായത്തിലാണ്. കൂടാതെ ഖാദി, ഈര്‍ച്ചമില്‍, ബീഡി, കൊപ്ര സംസ്കരണം, എഞ്ചിനീയറിംഗ്, ഫര്‍ണിച്ചര്‍, ഗാര്‍മെന്‍സ്, പാറപൊട്ടിക്കല്‍ തുടങ്ങി ചെറുവ്യവസായങ്ങളും നില നില്‍ക്കുന്നു. പഞ്ചായത്തില്‍ വളരെ പ്രാമുഖ്യമുണ്ടായിരുന്ന കൈത്തറി വ്യവസായം ഇന്ന് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

അടിസ്ഥാന സൌകര്യങ്ങള്‍

റോഡ് ഗതാഗത സൌകര്യമല്ലാതെ മറ്റു ഗതാഗത സൌകര്യങ്ങള്‍ പഞ്ചായത്തില്‍ ഇല്ല. പഞ്ചായത്തില്‍ 23.37 കി.മീ. പി ഡബ്ള്യൂ ഡി റോഡും, 114.960 കി.മീ. പഞ്ചായത്ത് റോഡുമാണ് ഉളളത്. പി ഡബ്ള്യൂ ഡി റോഡ് ഉള്‍പ്പെടെ 29.22 കി.മീ. റോഡ് ടാര്‍/കോണ്‍ക്രീറ്റ് ചെയ്തതും, 4.75 കി.മീ. മെറ്റല്‍ റോഡും, 104.36 ല്‍ കി.മീ. മണ്‍റോഡുമാണ്. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളുമായി ബന്ധപ്പെടുത്തി ബസ് യാത്രാസൌകര്യം ഉണ്ട്. പ്രധാനമായി 4 ആശുപത്രികളാണ് പഞ്ചായത്തിലുളളത്. കുഴിക്കലിടവക ആയുര്‍വ്വേദ ഡിസ്പെന്‍സറി, ശ്രീനാരായണപുരം പ്രാഥമികാരോഗ്യ കേന്ദ്രം, പുത്തൂര്‍ ഇ എസ് ഐ ആശുപത്രി, പവിത്രേശ്വരം ഹോമിയോ ഡിസ്പെന്‍സറി, ഇത് കൂടാതെ കിടത്തി ചികിത്സിക്കുവാന്‍ സൌകര്യമുളള സ്വകാര്യ ആശുപത്രികളുമുണ്ട്. ഇതില്‍ നാലെണ്ണം ആയുര്‍വ്വേദ ആശുപത്രികളാണ്. പഞ്ചായത്തില്‍ ശ്രീനാരായണപുരം വാര്‍ഡില്‍ 1973 ല്‍ ഒരു ഗവണ്‍മെന്റ് ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചു. 1988 ല്‍ ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ 5 സബ്സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം ഇല്ല. സബ്സെന്ററുകള്‍ ഉള്‍പ്പെടെയുളള പൊതു സ്ഥാപനങ്ങള്‍ 9 ആണ്. പഞ്ചായത്ത് പ്രദേശത്ത് രണ്ട് മാര്‍ക്കറ്റുകള്‍ ഉണ്ട്. ഒരെണ്ണം പൊതുമാര്‍ക്കറ്റും ഒരെണ്ണം സ്വകാര്യ മാര്‍ക്കറ്റുമാണ്.

വിദ്യാഭ്യാസം

വീടുകളിലും കുടിപ്പളളിക്കൂടങ്ങളിലുമായി പിച്ചവച്ചിരുന്ന ഈ പ്രദേശത്തെ വിദ്യാഭ്യാസം ഔപചാരിക തലത്തിലേക്ക് ഉയര്‍ന്നത് 1917 - ല്‍ ആണ്. തോട്ടത്തില്‍ പത്മനാഭപിളള പെണ്‍കുട്ടികള്‍ക്കുവേണ്ടി മാറനാട് സ്ഥാപിച്ച വിദ്യാലയമാണ് ഈ പ്രദേശത്തെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം. ഈ സ്ഥാപനം 1943 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1925 ല്‍ കുഴിക്കലിടവകയില്‍ വാറൂര്‍ കെ. ഗോവിന്ദന്‍ പാങ്ങോട് സ്ഥാപിച്ച ജ്ഞാനാമൃതവര്‍ഷിണി അപ്പര്‍ പ്രൈമറി സംസ്കൃത സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസചരിത്രത്തിലെ ഒരു നാഴികക്കല്ലായി. ഈ സ്ഥാപനവും 1948 ല്‍ നിലവില്‍ വന്ന കുഴിക്കലിടവക ഹൈസ്കൂളും ഈ നാട്ടില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. പഞ്ചായത്തില്‍ 11 പ്രൈമറി സ്കൂളുകളും, 2 അപ്പര്‍ പ്രൈമറി സ്കൂളുകളും 3 ഹൈസ്കൂളുകളും 2 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ 9 പ്രൈമറി സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും, ബാക്കി എല്ലാ സ്കൂളുകളും സ്വകാര്യ മേഖലയിലുമാണ്.

സംസ്കാരം

കേരളത്തില്‍ കൂത്തമ്പലത്തിനു വെളിയില്‍ വച്ച് ആദ്യമായി കൂത്ത് അവതരിപ്പിച്ചത് പഞ്ചായത്തിലെ ചെറുപൊയ്ക തെക്കേക്കര മഠത്തില്‍ വച്ച് പ്രശസ്തനായ രാമന്‍ചാക്യാരായിരുന്നു. പാക്കനാര്‍ കളി, കമ്പടിക്കളി, ഭരതംകളി (കുറവരുകളി) എന്നിവയായിരുന്നു ഈ പ്രദേശത്ത് നിലനിന്നിരുന്ന പ്രധാന കലകള്‍. പവിത്രേശ്വരം മലനട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇപ്പോഴും കുറവരുകളി പ്രചാരത്തിലുണ്ട്. പണ്ടുകാലത്ത് പട്ടികജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിരോധിച്ചിരുന്ന കാലയളവില്‍ ചെറുപൊയ്ക ശ്രീനാരായണപുരം വാര്‍ഡിലുളള ഏലായുടെ മദ്ധ്യഭാഗത്തുളള കാവ്, ടി വിഭാഗത്തിന് ആരാധന നടത്തുന്നതിനായി നിര്‍മ്മിച്ചിട്ടുളളതണ്. ടി കാവ് ‘പുലക്കാവ്’ എന്ന പേരില്‍ അറിയപ്പെടുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇട കലര്‍ന്നു താമസിക്കുന്ന ഈ പഞ്ചായത്തില്‍ ഹിന്ദുക്കളാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും. ഈഴവ നായര്‍ സമുദായങ്ങളും പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവരുമാണ് ഹിന്ദുക്കളില്‍ ഭൂരിപക്ഷവും. ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും സിറിയന്‍ യാക്കോബയും മര്‍ത്തോമ വിഭാഗങ്ങളിലുംപെടുന്നു. പഞ്ചായത്തിലെ പ്രമുഖ ആരാധനാലയങ്ങള്‍ കുഴിക്കലിടവക ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, പാങ്ങോട് ദേവീക്ഷേത്രം, തിരു ആദിശമംഗലം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ചേരിയില്‍ ദേവീക്ഷേത്രം, പവിത്രേശ്വരം മലനട, പവിത്രേശ്വരം മഹാദേവര്‍ ക്ഷേത്രം, ഇടവട്ടം ഉടയന്‍കാവ് ക്ഷേത്രം, മാറനാട് കടലായ്മഠം ക്ഷേത്രം, മാറനാട് പുലമണ്‍കാവ് ക്ഷേത്രം, പുലക്കാവ്, കൈതക്കോട് ക്ഷേത്രം, ചെറുപൊയ്ക ക്ഷേത്രം, കാരിക്കല്‍ പള്ളി, സെന്റ് തോമസ് പള്ളി ഇടവട്ടം, കൈതക്കോട് പള്ളി ഇവയാണ്. ഉത്സവങ്ങളോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികളില്‍ ജാതി പരിഗണനകള്‍ക്കതീതമായി പങ്കെടുക്കാറുണ്ട്. ചെറുപൊയ്ക ശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ രണ്ട് കൊടിമരങ്ങള്‍ സ്ഥാപിച്ച് കൊടി കയറ്റുന്നുണ്ട്. ഒന്ന് തന്ത്രിയും മറ്റൊന്ന് കരക്കാരുമാണ് കയറ്റുന്നത്. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും പതിവില്ലാത്തതാണിത്. നാടക സമിതികള്‍ ഇവിടെ സജീവമായിരുന്നു. മലയാളനാടക സിനിമാവേദിയിലെ അതുല്യ പ്രതിഭയായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ നാടക കളരി ഈ പ്രദേശത്തിലെ പാങ്ങോട്ടായിരുന്നു. ഉണ്ണുനീലി സന്ദേശത്തിലെ “പുത്തൂരിക്കോ പുടവ” എന്ന പരമാര്‍ശം പുത്തൂരിനെപ്പറ്റിയാണെന്ന് (പുത്തൂര്‍ - കൊല്ലത്തിനടുത്ത പ്രശസ്തമായ നെയ്തു കേന്ദ്രം) ജി പി ദാമോദരന്‍ പിളളയുടെ ഉണ്ണുനീലി സന്ദേശ വ്യാഖ്യാനത്തില്‍ പറയുന്നു.

സഹകരണം

പഞ്ചായത്തില്‍ 1945 ലാണ് ആദ്യ സഹകരണബാങ്ക് രൂപീകൃതമായത്. പവിത്രേശ്വരം കേന്ദ്രമാക്കി ആരംഭിച്ച സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രവര്‍ത്തന മേഖല പവിത്രേശ്വരം, കൈതക്കോട്, ഇടവട്ടം, മാറനാട് പടിഞ്ഞാറ്, മാറനാട് കിഴക്ക്, എന്നീ വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു. ഈ ബാങ്ക് വഴി വായ്പകള്‍ നല്‍കുന്നത് കൃഷി, സ്വയം തൊഴില്‍, വിദ്യാഭ്യാസം, മറ്റു കാര്‍ഷികേതര മേഖലകള്‍ എന്നിവയ്ക്കാണ്. കര്‍ഷകര്‍ക്ക് ന്യായവിലക്ക് കാര്‍ഷികോപകരണങ്ങള്‍, വളം, തുടങ്ങിയവയും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ഒരു കണ്‍സ്യൂമര്‍ സ്റ്റോറും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 1968 -ല്‍ ചെറുപൊയ്ക ആസ്ഥാനമാക്കി ചെറുപൊയ്ക സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ താഴം-കരിമ്പിന്‍, കാരിക്കല്‍, ചെറുമങ്ങാട്, തെക്കുചേരി, ശ്രീനാരായണപുരം, ചെറുപൊയ്ക, ചെറുപൊയ്ക തെക്ക്, കൈതക്കോട് വടക്ക് എന്നീ വാര്‍ഡുകള്‍ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയാണ്. 1955 ല്‍ ഇടവട്ടം വാര്‍ഡില്‍ പവിത്രേശ്വരം ഹാന്‍ഡ് ലൂം വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചു. പാങ്ങോട്ട് ഒരു വനിതാ സഹകരണസംഘവും, പവിത്രേശ്വരം ഭജനമഠം ജംഗ്ഷന് സമീപം ഒരു കൈത്തറി നെയ്ത്ത് സഹകരണ സംഘവും ഉണ്ട്.