പവിത്രേശ്വരം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല ബ്ളോക്കുപരിധിയില്‍ നെടുവത്തൂര്‍ അസംബ്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് പവിത്രേശ്വരം. 23.62 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പവിത്രേശ്വരം പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കല്ലടയാറും പടിഞ്ഞാറുഭാഗത്ത് കല്ലടയാറും ഈസ്റ്റ് കല്ലട, കുണ്ടറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് എഴുകോണ്‍, കുണ്ടറ ഗ്രാമപ്പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കുളക്കട, നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളും ആണ്. സമീപപ്രദേശങ്ങളിലുളള പഞ്ചായത്തുകളെ അപേക്ഷിച്ച് പവിത്രേശ്വരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കാവുകള്‍ നിലനില്‍ക്കുന്നത്. ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്ന ചില ചരിത്രാവശിഷ്ടങ്ങള്‍ പല വാര്‍ഡുകളില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നുണ്ട്. മഹാഭാരതകഥാപാത്രങ്ങളുടെ പേരില്‍ നിരവധി ക്ഷേത്രങ്ങളുള്ള നാടാണിത്. ഐവര്‍കാല എന്ന അഞ്ചുപേരുടെ നാടും, കീചകന്റെ പേരുള്ള കീചകപ്പളളിയും, ദുര്യോധനക്ഷേത്രമായ പെരുവിരുത്തി മലനടയും, ദുഃശ്ശാസനക്ഷേത്രമായ എണ്ണശ്ശേരി മലനടയും പഞ്ചായത്തിലെ തന്നെ ശകുനിക്ഷേത്രമായ മായങ്കോട്ട് മലനടയും ഈ സവിശേഷതകള്‍ക്കു ദൃഷ്ടാന്തമായി വര്‍ത്തിക്കുന്നു. ബുദ്ധമതത്തിന് നിര്‍ണ്ണായകമായ സ്വധീനമുളള ഒരു പ്രദേശമായിരുന്നു ഇവിടം. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് എട്ടുവീട്ടില്‍ പിളളമാരേയും തമ്പിമാരേയും ഭയന്ന് ഓടിയിരുന്ന കാലത്ത് ഒരിക്കല്‍ കുഴിക്കല്‍ മാടമ്പിമാരുടെ കൊട്ടാരത്തില്‍ അഭയം തേടി. അവര്‍ രാജാവിന് അഭയം നല്‍കി സംരക്ഷിച്ചു. ഒടുവില്‍ അദ്ദേഹത്തെ കുന്നത്തൂര്‍ കടവിലൂടെ കല്ലടയാറിന് പടിഞ്ഞാറെ കരയിലാക്കുകയും നദിക്ക് കുറുകെ ഉണ്ടായിരുന്ന കല്ലുപാലം തളളിക്കളയുകയും ചെയ്തു. 1942-43 കാലയളവില്‍ പ്രദേശത്ത് ഗ്രാമോദ്ധാരണസമിതി രൂപം കൊണ്ടിരുന്നു. ഇതിന്റെ കേന്ദ്രം പാങ്ങോടായിരുന്നു. ഈ സമിതിയുടെ പരിണാമഘട്ടത്തിലാണ് പഞ്ചായത്ത് സമിതിയുടെ രൂപീകരണം എന്നു പറയാം. പവിത്രേശ്വരം പഞ്ചായത്തിന്റെ ആസ്ഥാനം പാങ്ങോട്ടാകാന്‍ ഇതൊരു കാരണമായി. തിരുകൊച്ചിആക്ട്പ്രകാരം20-8-53ല്‍ രൂപം കൊണ്ട പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. എന്‍. ഗോപാലനുണ്ണിത്താനായിരുന്നു. താഴം, കാരിക്കല്‍, ചെറുമങ്ങാട്, എസ്. എന്‍. പുരം, പവിത്രേശ്വരം കൈതക്കോട്, ഇടവട്ടം, മാറനാട് എന്നീ വാര്‍ഡുകള്‍ അന്നത്തെ പഞ്ചായത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. 1960 ലെ കേരള പഞ്ചായത്ത് ആക്ട്പ്രകാരം 21-12-1961 171/191 ഡി ഡി നമ്പര്‍ ഉത്തരവ് പ്രകാരം പഞ്ചായത്ത് നിലവില്‍ വന്നു. പഞ്ചായത്താഫീസ് ഇന്നും ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പാങ്ങോട്ട് സ്ഥിതി ചെയ്യുന്നു. പഴയ ഓഫീസ് കെട്ടിടത്തിന് പുറമേ ഇരുപതിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പുതിയ ഓഫീസ് കെട്ടിടം 1991 ല്‍ നിര്‍മ്മിച്ചു.