പഞ്ചായത്തിലൂടെ

പാട്യം - 2010

1961 ഡിസംബര്‍ 28-നാണ് കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 1963 ഡിസംബര്‍ 17-ന് ഒന്നാമത്തെ ഭരണസമിതി അധികാരമേറ്റു. 27.88 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് കോലയാട്, കണിച്ചാര്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തുകളും, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയും കിഴക്ക് വയനാട് ജില്ലയിലെ തവിഞ്ഞാല്‍ ,തൊണ്ടര്‍നാട് പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തും തെക്ക് മൊകേരി, കുന്നത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തും പടിഞ്ഞാറ് കതിരൂര്‍, ചിറ്റാരിപ്പറമ്പ്, കോട്ടയം എന്നീ പഞ്ചായത്തുകളും കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയുമാണ്. 29003 വരുന്ന ജനസംഖ്യയില്‍ 15485 പേര്‍ സ്ത്രീകളും 13518 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 95 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍പ്പെടുന്ന പ്രദേശമാണ് പാട്യം പഞ്ചായത്ത്. പഞ്ചായത്തിന്റെ പൂര്‍വ്വമേഖല മലനാടിന്റെ ഭൂപ്രകൃതിയുള്ളതാണ്. തെങ്ങ്, കവുങ്ങ്, നെല്ല്, കശുമാവ് എന്നിവ പഞ്ചായത്തിലെ പ്രധാന കൃഷികളാണ്. റബ്ബര്‍, വാഴ, മരച്ചീനി, പച്ചക്കറികള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. ഇളമാങ്കല്‍ കുന്നില്‍ നിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ പഞ്ചായത്തിലൂടെ ഏകദേശം 14 കിലോമീറ്റര്‍ ദൂരം ഒഴുകുന്നു. അമ്പലപ്പുഴയാണ് പഞ്ചായത്തിലൂടൊഴുകുന്ന മറ്റൊരു പുഴ. നീര്‍ത്തടങ്ങളും ഇവിടെയുണ്ട്. പൂഴിയോട,് ചെറുവാഞ്ചരി, കുറ്റ്യേരിപ്പൊയില്‍, വേളായി, മുതിയങ്ങ നീര്‍ത്തടങ്ങളാണ് പഞ്ചായത്തിലുള്ളത്. കോങ്ങാറ്റ വയല്‍കുളമാണ് മറ്റൊരു പ്രധാന ജലസ്രോതസ്സ്. പഴശ്ശി ജലസേചന പദ്ധതിയുടെ ബ്രാഞ്ച് കനാലും, ഫീല്‍ഡ് ബൂത്ത് തോടുകളും ജലസേചനത്തിന് പ്രയോജനപ്പെടുന്നു. കൊങ്കച്ചികുന്ന്, കുളംകുന്ന്, ചീമ്മാലിമൊട്ട, കാലൂന്നിമൊട്ട എന്നിവയാണ് പഞ്ചായത്തിലുള്ള കുന്നുകള്‍. മൊത്തം വിസ്തൃതിയുടെ 5 ശതമാനം വനപ്രദേശമാണ്. പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്താണ് കണ്ണവം റിസര്‍വ്വ് വനം. ഇവിടുത്തെ മുഖ്യ കുടിനീര്‍സ്രോതസ്സ് കിണറുകളാണ്. 30 പൊതു കിണറുകളും 67 പൊതു കുടിവെള്ളടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന 841 വഴിവിളക്കുകള്‍ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിനോദസഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളാണ് കണ്ണവം വനപ്രദേശം, അത്യാറക്കാവ് ക്ഷേത്രം, വെളുമ്പത്ത് മഖാം എന്നിവ. വ്യോമഗതാഗതരംഗത്ത് പഞ്ചായത്തിനടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളം കരിപ്പൂര്‍ വിമാനത്താവളമാണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ പഞ്ചായത്തിനടുത്ത് സ്ഥിതിചെയ്യുന്നു. കൂത്തുപറമ്പ്, തലശ്ശേരി ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പഴയകാലത്ത് പഞ്ചായത്തിലുണ്ടായിരുന്ന പ്രധാന ജലഗതാഗതകേന്ദ്രമായിരുന്നു മമ്പറം പുഴ. മോന്താല്‍ ആണ് മറ്റൊരു ജലഗതാഗത കേന്ദ്രം. ഈസ്റ്റ് ഇന്ത്യാ കമ്പനി പണിത തലശ്ശേരി-കൂര്‍ഗ് റോഡ് പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയിലൂടെ കടന്നു പോകുന്നു. ഇവിടെയുള്ള മറ്റു പ്രധാന റോഡുകളാണ് പാനൂര്‍-പൂക്കോട് റോഡ്, ചെറുവാഞ്ചരി-കൊട്ടയോടി റോഡ്, പത്തായക്കുന്ന്-വേകുമ്മല്‍ റോഡ്, ഓട്ടച്ചിമാക്കൂര്‍-ആറാം മൈല്‍, കണ്ണവം-കണ്ണങ്കോട് റോഡ് എന്നിവ. ചെറുവാഞ്ചരി അമ്പലപ്പുഴ പാലം, ചാടാലപ്പുഴ പാലം എന്നീ പാലങ്ങളും പഞ്ചായത്തിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളുമാണിവിടെ നിലനില്‍ക്കുന്നത്. ചെറുകിട വ്യവസായരംഗത്ത് മരമില്‍, ഫര്‍ണിച്ചര്‍ യൂണിറ്റ്, എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ബീഡി തെറുപ്പ്, കൈത്തറി എന്നിവ പരമ്പരാഗതമേഖലയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്. കരിങ്കല്‍, ചെങ്കല്‍കൊത്ത് ജോലിയില്‍ ഏര്‍പ്പെടുന്നവരും പഞ്ചായത്തിലുണ്ട്. ചെറുവാഞ്ചരിയില്‍ ഒരു ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 12 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലിസ്റ്റോറും, രണ്ട് നീതി സ്റ്റോറുകളും പൊതുവിതരണ മേഖലയില്‍ പഞ്ചായത്തിലുള്ള മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ് കൊട്ടയോടി, ചെറുവാഞ്ചരി, കാര്യട്ടുപുറം, മുതിയങ്ങ, ചീരാറ്റ, പൂക്കോട്, പത്തായക്കുന്ന് എന്നീ സ്ഥലങ്ങള്‍. കൊട്ടയോടി, ചീരാറ്റ എന്നിവിടങ്ങളിലാണ് ഷോപ്പിംഗ് കോംപ്ളക്സുകള്‍ സ്ഥിതി ചെയ്യുന്നത്. ഹിന്ദു-മുസ്ളീം മതവിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണ് പാട്യം പഞ്ചായത്ത്. ക്രൈസ്തവരും കുറവല്ല. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. കോങ്ങാറ്റ വിഷ്ണുക്ഷേത്രം, ഓട്ടച്ചിമാക്കൂല്‍ മഹാവിഷ്ണു ക്ഷേത്രം, പുതിയതെരു ഗണപതിക്ഷേത്രം, അത്യാറക്കാവ് ഭഗവതി ക്ഷേത്രം, വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം, കോങ്ങാറ്റ മടപ്പുര എന്നിവയാണ് പ്രധാന ഹൈന്ദവക്ഷേത്രങ്ങള്‍. കിഴക്കേ കതിരൂര്‍, മുതിയങ്ങ, കാര്യാട്ടുപുറം, ചെറുവഞ്ചരി ജുമാമസ്ജിദ് തുടങ്ങി 9 മുസ്ളീം പള്ളികള്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ഹിന്ദുക്കളുടെ അമ്പലങ്ങളില്‍ ഉത്സവങ്ങളും, കാവുകളില്‍ തിറയാഘോഷങ്ങളും നടത്തുന്നു. വെളുമ്പത്ത് മഖാം ഉറൂസ്സും പഞ്ചായത്തില്‍ ആഘോഷിക്കപ്പെടുന്നു. ദാര്‍ശനികനും, ആദ്ധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വാഗ്ഭടാനന്ദനില്‍ നിന്നാണ് ഇവിടുത്തെ ആധുനിക സാംസ്കാരിക പൈതൃകം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥി യുവജന സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന പാട്യം ഗോപാലന്‍ ലോകസഭാംഗമായും, നിയമസഭാംഗമായും പ്രവര്‍ത്തിച്ചു. പ്രഗല്‍ഭ പാര്‍ലമെന്റേറിയനും കവിയും വാഗ്മിയുമായ അദ്ദേഹം അന്തരിക്കുമ്പോള്‍ തലശ്ശേരി എം.എല്‍.എ ആയിരുന്നു. സാഹിത്യരംഗത്തും നാടകരംഗത്തും പ്രാഗത്ഭ്യം തെളിയിച്ച കെ.ബാലചന്ദ്രന്‍ മാസ്റ്ററും പാട്യം സ്വദേശിയാണ്. സിനിമാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീനിവാസന്‍, സാഹിത്യ രംഗത്തെ ഡോ. ഒ.കൃഷ്ണന്‍, പ്രശസ്ത ശില്പിയും ചിത്രകാരനുമായ വത്സന്‍ കൊല്ലേരി, ശാസ്ത്രജ്ഞന്‍ കെ.പി.വിജയന്‍, സിനിമാരംഗത്തെ മോഹനന്‍ മങ്ങോടി എന്നിവരും പാട്യം നിവാസികളാണ്. കലാകായിക രംഗത്ത് പഞ്ചായത്തിലുള്ള സമിതികളാണ് കൊട്ടയോടി പാട്യം ഗോപാലന്‍ സ്മാരക ക്ളബ്ബ്, പുതിയതെരു യുവകലാ സാംസ്കാരിക വേദി, കുറ്റേരിപൊയില്‍ ഉപാസന എന്നിവ. ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ചെറുവാഞ്ചരിയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രമാണ് അലോപ്പതിരംഗത്തുള്ളത്. ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറികള്‍ പാട്യത്തും, കണ്ണവം കോളനിയിലും പ്രവര്‍ത്തിക്കുന്നു. പാട്യത്ത് സ്ഥിതിചെയ്യുന്ന ഹോമിയോ ഡിസ്പെന്‍സറിയും ആതുരശുശ്രൂഷാരംഗത്ത് പഞ്ചായത്തിലുണ്ട്. കൂത്തുപറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നിന്നാണ് പാട്യം പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാകുന്നത്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ചെറുവാഞ്ചരിയില്‍ ഒരു മൃഗാശുപത്രിയും, പത്തായക്കുന്നില്‍ ഐ.സി.ഡി.പി. സബ്സെന്ററും പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തില്‍ ജവഹര്‍ നവോദയ വിദ്യാലയം ഉള്‍പ്പെടെ 22 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പാട്യം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചെറുവാഞ്ചരി പാട്യം ഗോപാലന്‍ മെമ്മോറിയല്‍ പഞ്ചായത്ത് ഹൈസ്കൂള്‍, കണ്ണവം ട്രൈബല്‍ യു.പി.സ്കൂള്‍, ജവഹര്‍ നവോദയ വിദ്യാലയം എന്നിവയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. സ്വകാര്യ മേഖലയില്‍ 12 എല്‍.പി.സ്ക്കൂളുകളും, 5 യു.പി.സ്ക്കൂളുകളും, ഒരു നഴ്സറി സ്ക്കൂളും പ്രവര്‍ത്തിക്കുന്നു. എസ്.ബി.ഐ.യുടെ ശാഖ പാട്യം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖകള്‍ പൂക്കോടും ചെറുവാഞ്ചരിയിലും പ്രവര്‍ത്തിച്ചു വരുന്നു. പാട്യം സര്‍വ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിന്റെ ശാഖ, പൂക്കോട് വനിതാ സഹകരണ സംഘം, പാട്യം വനിതാ സഹകരണ സംഘം എന്നിവ പഞ്ചായത്തില്‍ സഹകരണമേഖലയിലെ സ്ഥാപനങ്ങളാണ്. ചെറുവാഞ്ചരി, പൂക്കോട്, എന്നിവിടങ്ങളില്‍ പാട്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖകള്‍ ഉണ്ട്. പാട്യം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഗ്രന്ഥശാലയാണ് ചെറുവാഞ്ചരിയിലുള്ള പാട്യം ഗോപാലന്‍ സ്മാരക വായനശാല & ഗ്രന്ഥാലയം. പത്തായക്കുന്നില്‍ വാഗ്ഭടാനന്ദ ഗുരുദേവ സ്മാരക വായനശാലയും, പുതിയ തെരുവില്‍ പട്ടേല്‍ സ്മാരക വായനശാലയും പ്രവര്‍ത്തിക്കുന്നു. രണ്ട് കമ്മ്യൂണിറ്റി ഹാളുകളും പഞ്ചായത്തിലുണ്ട്. കൊട്ടയോടിയിലാണ് വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൊട്ടയോടിയിലും ചെറുവാഞ്ചരിയിലുമാണ് വില്ലേജ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലുള്ള കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത് കൊട്ടയോടിയിലാണ്. ചെറുവാഞ്ചരി, കണ്ണവം കോളനി, മുതിയങ്ങ, കിഴക്കേ കതിരൂര്‍, പത്തായക്കുന്ന് എന്നിവിടങ്ങളിലായി 5 തപാല്‍ ഓഫീസുകള്‍ പാട്യം പഞ്ചായത്തിലുണ്ട്. ചെറുവാഞ്ചരിയിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 2007-ലെ നിര്‍മ്മല്‍ പുരസ്ക്കാരം ലഭിച്ച പഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്.