ചരിത്രം

പഞ്ചായത്തുള്‍പ്പെട്ട കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ കീഴിലായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊച്ചി രാജ്യം ആക്രമിക്കുകയും സന്ധിയുടെയടിസ്ഥാനത്തില്‍ കരപ്പുറം തിരുവിതാംകൂര്‍ രാജാവിന് വിട്ടുകൊടുക്കുകയുമുണ്ടായി. കൊച്ചി രാജാവ് ഭരണത്തിലിരിക്കവെയാണ് പഞ്ചായത്തിന്റെ മൂന്നിലൊന്നു പ്രദേശത്തോളം വരുന്ന ഫലഭൂയിഷ്ഠമായ വെട്ടയ്ക്കല്‍ പ്രദേശം ജൂതവംശജരായ കോച്ചായ്ക്ക് പാരിതോഷികമായി പതിച്ചുകൊടുക്കാനിടയായത്. കോച്ചായ്ക്ക് പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടവുമായി ബന്ധപ്പെടുത്തി “വെട്ടയ്ക്കല്‍” എന്ന പേരില്‍ അറിയപ്പെടുന്നത്. രാജവാഴ്ച നിലനിന്നിരുന്നകാലം ജന്മിത്തത്തിന്റേയും നാടുവാഴികളുടേയും ചവിട്ടടിയിലായിരുന്നു പഞ്ചായത്തുപ്രദേശമാകെ. പ്രധാന ജന്മികള്‍ വെട്ടയ്ക്കല്‍ കോച്ചാ, തിരുമല ദേവസ്വം, പാലിയം ആനക്കോട്, പാറായി എന്നിവരായിരുന്നു. മാന്യമായ കൂലിവ്യവസ്ഥകളും, മാനമായി ജീവിക്കുവാനോ, മാറുമറയ്ക്കാന്‍ പോലുമോ അവകാശവും നിഷേധിക്കപ്പെട്ട അവശരായ പിന്നോക്കക്കാരെ കൂലിഅടിമകളായി നിലനിര്‍ത്താന്‍ നാടുവാഴിത്തവും ജന്മിത്വവും ശ്രമിച്ചിരുന്നു. നവോത്ഥാനപ്രസ്ഥാനം വഴിയും നിവര്‍ത്തന പ്രക്ഷോഭങ്ങള്‍ വഴിയും ഇതിനെതിരെയുള്ള പോരാട്ടം ക്രമേണ ആരംഭിക്കുകയുണ്ടായി. ശ്രീനാരാണഗുരുവിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്ക്കരണനവോത്ഥാന പ്രസ്ഥാനമാണ് ഈ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തിയത്. വിദ്യാഭ്യാസംകൊണ്ട് സ്വതന്ത്രരാകുവാനുളള ഗുരുവിന്റെ ആഹ്വാനമാണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ വിദ്യാലയമായ പാറയില്‍ ഭാരതിവിലാസം എല്‍ പി സ്ക്കൂളിന്റെ സ്ഥാപനത്തിന് പാറയില്‍ കുടുംബ കാരണവരായ കൊച്ചുരാമന്‍ വൈദ്യന് പ്രേരണയായി ഭവിച്ചത്.

ഭരണചരിത്രം

വില്ലേജ് യൂണിയനുകള്‍ നിലവില്‍ വന്ന കാലഘട്ടത്തില്‍ ആരംഭിച്ച ഉഴുവ വില്ലേജ് യൂണിയന്റെ തുടര്‍ച്ചയാണ് ഇന്ന് നിലവിലുള്ള പട്ടണക്കാട് പഞ്ചായത്ത്. വാദ്യാട്ട്  എ ശങ്കരനായിരുന്നു വില്ലേജ് യൂണിയന്റെ ആദ്യകാല പ്രസിഡന്റ്. 1951 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 8 വാര്‍ഡും 9 അംഗങ്ങളുമാണ് പഞ്ചായത്തിന് ആദ്യം ഉണ്ടായിരുന്നത്. പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഭാസ്ക്കരപ്പണിക്കരും വൈസ് പ്രസിഡന്റ് വി.എ.ബാലകൃഷ്ണനുമായിരുന്നു. വില്ലേജ് യൂണിയനിലും തുടര്‍ന്ന് പഞ്ചായത്തിലും അക്കാലത്ത് കേവലം രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. കേരളസംസ്ഥാനം രൂപം കൊണ്ടതിനുശേഷം 1960 ലെ കേരളാപഞ്ചായത്ത് നിയമം പ്രാബല്യത്തില്‍ വരികയും 1993 ഏപ്രില്‍ 23 ന് നടപ്പായ കേരളാപഞ്ചായത്തുരാജ് നിയമത്തിന് വിധേയമായി ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പുന:സംവിധാനം ചെയ്യുകയും ചെയ്തു. 1991 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 12 വാര്‍ഡുകള്‍ നിലവില്‍ വരികയും 4 വാര്‍ഡുകള്‍ വനിതകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതിക്കാര്‍ക്കുമായി റിസര്‍വ്വ് ചെയ്യുകയുമുണ്ടായി. മണല്‍ക്കൂനയായ കോതകുളങ്ങര നാലേക്കറോളം വരുന്ന പുറംപോക്ക് പഞ്ചായത്തിന്റെ പൊതുതോടായി കുഴിക്കുവാനും അതില്‍ കൈവഴികള്‍ വച്ച് സമീപത്തെ പൊങ്ങിയ പ്രദേശങ്ങളാകെ താഴ്ത്തി തെങ്ങിന്‍ തോപ്പുകളാക്കി മാറ്റാനും പഞ്ചായത്ത് സ്വീകരിച്ച നടപടി പല വര്‍ഷങ്ങളിലായി പരശ്ശതം കര്‍ഷകതൊഴിലാളികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കി. പടിഞ്ഞാറന്‍ ചതുപ്പ് പ്രദേശങ്ങളിലേക്ക് ആവശ്യമായ മണ്ണ് എത്തിച്ചു. പൊങ്ങിയ പ്രദേശങ്ങള്‍ താഴ്ത്താനിതുപകരിച്ചു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വീടുകള്‍ വയ്ക്കാനുള്ള ഉപകരണങ്ങള്‍ എത്തിക്കുവാന്‍ വമ്പിച്ച ബുദ്ധിമുട്ടും വ്യയവും ഉണ്ടായിരുന്നത് ഈ പൊതുതോടും കൈവഴികളും മൂലം വലിയൊരളവില്‍ ഒഴിവായി. കോതകുളങ്ങര തോടിനിരുവശവുമായി നൂറുകണക്കിന് തെങ്ങിന്‍തൈ വച്ചുപിടിപ്പിക്കുവാനുളള ബൃഹത്തായ നടപടി യൂനിസെഫിന്റെ “ജോലിക്ക് ഭക്ഷണം” എന്ന പദ്ധതിയില്‍ അസംഖ്യം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ശ്രമദാനംകൂടി ഉപയോഗിച്ച് പഞ്ചായത്ത് നടപ്പാക്കി ഒരുത്സവത്തിന്റെ പ്രതീതിയാണ് ഗ്രാമത്തിലന്ന് ഉണ്ടാക്കിയത്.