പഞ്ചായത്തിലൂടെ

    പട്ടണക്കാട് ഗ്രാമപഞ്ചായത്ത് (ISO 9001-2008 Certified)

    email :pattanakkadgp@gmail.com , Ph : 0478-2592232

ഭൂപ്രകൃതി

കേരളത്തിലെ തീരപ്രദേശം ഉള്‍പ്പെടുന്ന തീരസമതലത്തില്‍പ്പെടുന്ന സമതലപ്രദേശമാണ് പട്ടണക്കാട്. കോസ്റ്റല്‍ സാന്റിസോണ്‍ എന്ന കാര്‍ഷിക കാലാവസ്ഥാ മേഖലയിലാണ് പട്ടണക്കാട് ഉള്‍പ്പെടുന്നത്. തീരസമതലത്തില്‍പ്പെടുന്ന പട്ടണക്കാടിന്റെ ഏതാണ്ട് 60% പ്രദേശവും മണല്‍മണ്ണ് സമതലങ്ങളാണ്. പഞ്ചായത്തിന്റെ ഒന്നും രണ്ടും വാര്‍ഡുകള്‍ കടല്‍തീരത്തോട് ചേര്‍ന്നു കിടക്കുന്നു. സമതലത്തില്‍ അങ്ങിങ്ങായി കാണുന്ന ചാലുകളും നിലങ്ങളുമാണ് മറ്റൊരു പ്രത്യേകത. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് വയലാര്‍ പഞ്ചായത്തും തെക്ക് കടക്കരപ്പള്ളി പഞ്ചായത്തും വടക്ക് തുറവൂര്‍ പഞ്ചായത്തുമാണ്. പഞ്ചായത്തില്‍ ആകമാനം മണ്ണിന്റെ അമ്ളാംശം വളരെ കൂടുതലാണ്. അതിനാല്‍ കുമ്മായം എല്ലാ മേഖലയിലും അത്യന്താപേക്ഷിതമാണ്. പ്രധാന കൃഷികള്‍ തെങ്ങ്, നെല്ല്, പച്ചക്കറികള്‍, ഇടവിളയായ കശുമാവ്, കവുങ്ങ്, വാഴ, കപ്പ, കാച്ചില്‍, ചേമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, കുരുമുളക് എന്നിവയാണ്.

കൃഷിയും ജലസേചനവും

പന്ത്രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 15.34 ചതുരശ്ര കിലോമീറ്ററാണ്. ഇതിന്റെ അതിര്‍ത്തികള്‍ കിഴക്ക് മാലിത്തോടും നാഷണല്‍ ഹൈവേയും പടിഞ്ഞാറ് അറബിക്കടലും വടക്കു കാരാളം തോടും തെക്ക് പതിനാറാം മൈല്‍തോടുമാണ്. മൊത്തം ജനസംഖ്യയുടെ 60% ആള്‍ക്കാരും കൃഷിക്കാരാണ്. ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും അനുസരിച്ച് പഞ്ചായത്തിനെ മൂന്നുതട്ടായി തരംതിരിക്കാവുന്നതാണ്. 1. പൊഴിച്ചാലിന് പടിഞ്ഞാറ് കടപ്പുറം പ്രദേശം. പൊടിമണല്‍ നിറഞ്ഞ ഉപ്പ് കലര്‍ന്ന മണ്ണ് ആണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. മുഖ്യകൃഷി തെങ്ങാണ്. 2. പൊഴിച്ചാലിനു കിഴക്കും മാന്തറതോടിനും (ഉഴുവചാല്‍) ഇടയ്ക്കു കിടക്കുന്ന പ്രധാന പാടശേഖരങ്ങള്‍ ഉള്‍പ്പെടുന്ന കരിനില പ്രദേശങ്ങളും കരംഭൂമിയും ഇടകലര്‍ന്നു കിടക്കുന്ന വെട്ടയ്ക്കല്‍ വീയാത്തറ പ്രദേശങ്ങള്‍. 3. ചെളി അംശം കൂടുതലുള്ള അമ്ളത്ത്വവും ഉപ്പിന്റെ അംശം കൂടുതലുള്ളതുമായ മണ്ണാണ് ഈ പ്രദേശത്തുള്ളത്. സമുദ്രതീരത്തോടും പൊഴിച്ചാലിനോടും ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട് ഒരു മയമുള്ള മണ്ണ് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. തെങ്ങ്, പച്ചക്കറി, നെല്ല് എന്നിവയാണ് പ്രധാന കൃഷികള്‍. 

മത്സ്യബന്ധനം

ആദ്യകാലങ്ങളില്‍ പഞ്ഞിനൂല് പശമുക്കി അഞ്ച് ഇഴചേര്‍ത്ത് മുറുക്കി ഉണക്കിയെടുത്ത് സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് വല കെട്ടിയുണ്ടാക്കും. കയര്‍ ഇഴ ചേര്‍ത്ത് മുറുക്കി ഉണ്ടാക്കുന്ന കമ്പയാണ് വലയുടെ മുകള്‍ഭാഗത്തും അടിഭാഗത്തും ഉപയോഗിച്ചിരുന്നത്. 1975-1976 കാലഘട്ടത്തില്‍ നൈലോണ്‍ നൂല് വിപണിയില്‍ എത്തിയതോടെ വല കെട്ടിയുണ്ടാക്കുക എളുപ്പമായി. അതോടെ എല്ലാത്തരം വലകളും പട്ടുനൂല്‍ നിര്‍മ്മിതമായി തുടങ്ങി. 1978-1979 കാലയളവില്‍ മെഷീന്‍ കെട്ടുവലകള്‍ എത്തി തുടങ്ങി. മാത്രമല്ല കയര്‍ ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന വടം (കമ്പ) മാറ്റി പ്ളാസ്റ്റിക് നിര്‍മ്മിത റോപ്പുകളും ബക്കറ്റുകളും അലുമിനിയം കൊണ്ട് നിര്‍മ്മിക്കുന്ന പുതിയതരം പൊന്തുകളും ഉപയോഗിച്ചു തുടങ്ങി. ഇതോടെ പരമ്പരാഗത മത്സ്യബന്ധനരീതിയില്‍ വലിയ മാറ്റം വന്നുതുടങ്ങി. 1980 കളില്‍ 15 കുതിര ശക്തിയുള്ള ജപ്പാന്‍ നിര്‍മ്മിതമായ യമഹ ഔട്ട് ബോര്‍ഡ് എന്‍ജിന്‍ രംഗപ്രവേശം ചെയ്തതോടെ ഈ രംഗത്ത് സുപ്രധാനമായ മാറ്റത്തിന് നാന്ദി കുറിച്ചു. കോരുവള്ളത്തിന്റെ മത്സ്യബന്ധനരീതിയില്‍ തന്നെ ആദ്യകാലഘട്ടത്തില്‍ 10-12 തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. തീരെ ചെറിയ കണ്ണികള്‍ ഉള്ള വലയാണ് ഉപയോഗിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ പഞ്ഞിനൂല്‍ ആണ് ഉപയോഗിച്ചിരുന്നത്. അന്ന് ചൂടവല എന്നാണ് അറിയപ്പെട്ടിരുന്നത്. നൈലോണ്‍ വലയുടെ ആരംഭം മുതലാണ് ഡിസ്ക്കോ വല എന്നറിയപ്പെട്ടു തുടങ്ങിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1986 ജനുവരി 26-ാം തീയതി നിലവില്‍ വന്നു. ഈ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ 1-9-1988-ല്‍ ആരംഭിച്ച തൈക്കല്‍ ഫിഷറീസ് ആഫീസിന്റെ അധികാരപരിധിയിലാണ്. ഇപ്പോള്‍ ഈ ആഫീസ് ഈ പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ അധികമുള്ള പഞ്ചായത്താണ് ഇത്. ഈ മത്സ്യബന്ധനത്തിന് മുഖ്യമായും ചീനവല, വീച്ചുവല, വട്ടവല, കൊരുട്ടുംവല എന്നീ ഉപകരണങ്ങാണ് ഉപയോഗിച്ചു പോന്നിരുന്നത്. സ്ത്രീകളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടും. വട്ടവല ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് മുഖ്യമായും സ്ത്രീകള്‍ നടത്തുന്നത്. ഇപ്പോള്‍ നൈലോണ്‍ വലയാണ് ഉള്‍നാടന്‍ മത്സ്യബന്ധനത്തിനുപയോഗിക്കുന്നത്.

വ്യവസായം

പട്ടണക്കാട് പഞ്ചായത്ത് എന്നും ഒരു കാര്‍ഷിക ഗ്രാമമായിരുന്നു. തെങ്ങ്, നെല്ല്, ഇടവിളകള്‍ എന്നിവയായിരുന്നു ഇവിടുത്തെ കൃഷി. 4 കിലോമീറ്ററോളം നീളം വരുന്ന സമുദ്രതീരത്തെ ഏതാണ്ട് 4000 ത്തോളം ആളുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്പാദനവും അനുബന്ധചെറുകിടവ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നു. 13-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്ത് കപ്പല്‍ നിര്‍മ്മാണത്തിന് കയര്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ലോകപ്രസിദ്ധ ചരിത്രകാരന്‍ മാര്‍ക്കോ പോളോ അറബ് രാജ്യങ്ങളില്‍ കയര്‍ തടുക്ക് ഉപയോഗിച്ചിരുന്നതായി വിവരിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം അറബ് രാഷ്ട്രങ്ങള്‍ കയര്‍ വാങ്ങുന്നത് എവിടെനിന്നാണെന്ന് മനസിലാക്കുകയും നാളികേര തൊണ്ടിന്റെ ചകിരികൊണ്ട് കയര്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ആലപ്പുഴയില്‍ കയര്‍ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ചുതുടങ്ങിയത് 1859 ല്‍ ജയിംസ് ഡാറ എന്ന വിദേശിയായിരുന്നു. ബ്രിട്ടണിലേയും പശ്ചിമ ഉപഭൂഖണ്ഡത്തിലേയും തണുപ്പുള്ള സാഹചര്യത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ അല്പം സുഖകരമായ തറവിരിപ്പ് നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. തുടര്‍ന്ന് വിദേശികളും സ്വദേശികളുമായ കുറച്ചുപേര്‍ ഈ വ്യവസായത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയുണ്ടായി. 1912 ല്‍ ചേര്‍ത്തല താലൂക്കില്‍ കയര്‍ വ്യവസായം ആരംഭിച്ചു.

സംസ്കാരം

സാംസ്കാരിക മുന്നേറ്റത്തിനടിത്തറപാകിയ വിദ്യാനികേതനാണ് പഴയ വിജ്ഞാനോദയം ഗ്രന്ഥശാല. 1951 സെപ്തംബറിലാണതു സ്ഥാപിച്ചത്. ആദ്യ പ്രസിഡന്റ് ഡോ. കെ ഭാസ്ക്കരന്‍ നായരും സെക്രട്ടറി പി പി രഘുനാഥും ആയിരുന്നു. വെട്ടയ്ക്കല്‍ ശ്രീ ചിത്രോദയം ഗ്രന്ഥശാല, വീയാത്തറ ദേശാഭിമാനി എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോരുന്ന ഗ്രന്ഥശാലകളാണ്. രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായതുള്‍പ്പെടെ 25 ഓളം കലാസമിതികള്‍ പഞ്ചായത്തുപ്രദേശത്തുണ്ട്. സംഗീതത്തില്‍ അസാധാരണമായ നൈസര്‍ഗികസിദ്ധി പ്രകടിപ്പിച്ചിരുന്ന കുഞ്ഞന്‍ ഭാഗവതര്‍ ഈ നാട്ടിലെ ഒട്ടേറെ സംഗീതജ്ഞര്‍ക്ക് ഗുരുസ്ഥാനീയനാണ്. കഥകളിസംഗീതം, ഹരികഥ എന്നിവയില്‍ അനേകം ആസ്വാദക സദസ്സുകളെ ആനന്ദിപ്പിച്ചിട്ടുള്ള എം ആര്‍ ബി കുറുപ്പ്, പ്രശസ്ത വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദന്‍, കഥകളി സംഗീതജ്ഞന്‍ പൂപ്പാത്ത് സുകുമാരമേനോന്‍, പ്രശസ്ത ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്‍, സിനിമാനടി  പുന്നശ്ശേരില്‍ കാഞ്ചന, അനുഗൃഹീത നാടകനടന്‍ ചേര്‍ത്തല രാമന്‍ നായര്‍, ക്ളാരനറ്റ് വിദ്വാന്‍ പട്ടണക്കാട് കുട്ടപ്പന്‍, നാഗസ്വര വിദ്വാന്‍ പാല്യംചിറ പത്മനാഭന്‍ എന്നിവര്‍ നാടിന്റെ അഭിമാനഭാജനങ്ങളാണ്.